പ്രവാസി ദുരിതത്തിന് മുട്ടുശാന്തി ശുശ്രൂഷ പോരാ

സൗദി അറേബ്യയില്‍ നിര്‍മാണ കമ്പനികള്‍ സാമ്പത്തികപ്രതിസന്ധിമൂലം പ്രവര്‍ത്തനം നിര്‍ത്തിവെച്ചത് ആയിരക്കണക്കിന് ഇന്ത്യന്‍ തൊഴിലാളികളെ കഷ്ടത്തിലാക്കിയിരിക്കുകയാണ്. ഗവണ്‍മെന്‍റില്‍നിന്ന് കരാറുകളും ഫണ്ടും നിലച്ചതിനു പുറമെ സാമ്പത്തികമാന്ദ്യം സ്വകാര്യ കരാറുകളും കുറച്ചതോടെ സൗദി ഓജര്‍, ബിന്‍ലാദിന്‍ തുടങ്ങിയ വന്‍കിട കമ്പനികളുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിലച്ച മട്ടാണ്. ഇതുമൂലം പല പ്രമുഖ കമ്പനികളും വിദേശ തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിടുന്നു. രണ്ടും മൂന്നും പതിറ്റാണ്ടുകള്‍ കമ്പനിക്കുവേണ്ടി പണിയെടുത്ത് ഒരു പ്രഭാതത്തില്‍ മാസങ്ങളുടെ ശമ്പള കുടിശ്ശികയും ആനുകൂല്യങ്ങളും  ലഭിക്കാതെ കുടിയിറങ്ങേണ്ട ദുരിതത്തിലാണ് മലയാളികളടക്കമുള്ള ആയിരക്കണക്കിന് ഇന്ത്യന്‍ തൊഴിലാളികള്‍. അര ലക്ഷത്തോളം പേര്‍ പണിയെടുക്കുന്ന സൗദി ഓജര്‍ കമ്പനി കഴിഞ്ഞ ഏഴു മാസമായി ശമ്പളം നല്‍കിയിട്ടില്ല. നാലായിരത്തോളം ഇന്ത്യക്കാര്‍ പണിയെടുക്കുന്ന ഈ കമ്പനിയില്‍ ആയിരത്തോളം മലയാളികളുണ്ട്. ഇവരുടെ ജിദ്ദയിലെ ക്യാമ്പുകളില്‍ 2450 ഇന്ത്യക്കാരുണ്ടെന്ന് കോണ്‍സല്‍ ജനറല്‍ പറയുന്നു. പത്തു നാള്‍ മുമ്പ്  ഭക്ഷണശാല പ്രവര്‍ത്തനം നിര്‍ത്തിയതോടെ ശമ്പളമില്ലാത്ത തൊഴിലാളികള്‍ പട്ടിണിയിലുമായി. കമ്പനി പണമടക്കാതെ വന്നപ്പോള്‍ ജിദ്ദ ക്യാമ്പുകളില്‍ വൈദ്യുതിയും വെള്ളവും മുടങ്ങി. ഗതികെട്ട തൊഴിലാളികള്‍ തെരുവിലിറങ്ങി ഗതാഗതം മുടക്കി പ്രക്ഷോഭത്തിനൊരുങ്ങിയതോടെയാണ് വിഷയം പുറംലോകമറിയുന്നതും അധികൃതരുടെ ഇടപെടലുണ്ടാകുന്നതും. ഇപ്പോള്‍ പ്രവാസി സന്നദ്ധസംഘടനകളാണ് ഇവരെ പട്ടിണിക്കിടാതെ നോക്കുന്നത്. സഹായപദ്ധതി ഇന്ത്യന്‍ അധികൃതര്‍ ഏറ്റെടുക്കണമെന്നും ആനുകൂല്യങ്ങള്‍ കമ്പനിയില്‍നിന്നു വാങ്ങി നല്‍കാന്‍ ധാരണയുണ്ടാക്കി ഇന്ത്യക്കാരെ നാട്ടിലത്തെിക്കണമെന്നുമാണ് പ്രവാസികളുടെ ആവശ്യം.

ഇന്ത്യക്കാര്‍ക്ക് ഭക്ഷ്യസഹായമത്തെിക്കാന്‍ പ്രവാസി സഹജീവികളോട് അഭ്യര്‍ഥിച്ച വിദേശമന്ത്രി സുഷമ സ്വരാജ് അവരെ സുരക്ഷിതമായി നാട്ടിലത്തെിക്കാന്‍ വേണ്ടതൊക്കെ ചെയ്യുമെന്ന് തിങ്കളാഴ്ച പാര്‍ലമെന്‍റിനെ അറിയിച്ചു. ഇതിനായി സഹമന്ത്രിമാരായ വി.കെ സിങ്, എം.ജെ.  അക്ബര്‍ എന്നിവര്‍ അടുത്ത ദിവസങ്ങളില്‍ സൗദിയും സമാനപ്രശ്നമുള്ള കുവൈത്തും സന്ദര്‍ശിക്കും. സൗദിയില്‍ ‘കുടുങ്ങിയവരെ’ ഹജ്ജ് വിമാനങ്ങള്‍ തിരിച്ചുവരുമ്പോള്‍ കൊണ്ടുവരാന്‍ ആലോചിക്കുന്നതായി സൂചനകളുണ്ട്. ഇന്ത്യക്കാരടക്കമുള്ള തൊഴിലാളികളുടെ പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തി, മൂന്നോ അതിലധികമോ മാസം ശമ്പളം മുടങ്ങിക്കിടക്കുന്നവര്‍ക്ക് സോഷ്യല്‍ ഇന്‍ഷുറന്‍സിനും മറ്റ് ആനുകൂല്യങ്ങള്‍ക്കും ‘സാനിദ്’ ജാലകം വഴി തൊഴില്‍മന്ത്രാലയത്തെ സമീപിക്കാമെന്ന് തൊഴില്‍ സാമൂഹികവികസന മന്ത്രി മുഫ്രിജ് അല്‍ഹഖ്ബാനി കഴിഞ്ഞ ദിവസം അറിയിച്ചതായി വാര്‍ത്തയുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ സൗദി അധികൃതരുമായി ധാരണയിലത്തൊന്‍ ഇന്ത്യ നടത്തുന്ന നീക്കങ്ങള്‍ നിര്‍ണായകമായിരിക്കും.

ഗള്‍ഫ് പ്രവാസികളെക്കുറിച്ച ഇന്ത്യന്‍ സമീപനത്തില്‍ ചില പ്രശ്നങ്ങളുണ്ട്. വിദേശത്തേക്ക് മാനവ വിഭവശേഷി കയറ്റുമതിയില്ളെന്നും ഉപജീവനത്തിനായി കടല്‍ കടക്കുന്നവര്‍ പ്രതിസന്ധിയിലകപ്പെടുമ്പോള്‍ ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തുക മാത്രമാണ് ഇന്ത്യന്‍ മിഷനുകളുടെ ദൗത്യമെന്നുമാണ് അധികൃതരുടെ നിലപാട്. ഗള്‍ഫ് രാജ്യങ്ങളുമായി തൊഴില്‍ കരാറിലേര്‍പ്പെടുമ്പോഴും ഇത്ര മാത്രമേ ഗവണ്‍മെന്‍റിനു മുന്നിലുള്ളൂ. സൗദി അറേബ്യയുമായി ഗാര്‍ഹിക തൊഴിലാളികളുടെ വിഷയത്തില്‍ ഇന്ത്യയുണ്ടാക്കിയ ധാരണ നല്ല ഉദാഹരണമാണ്. ഇതേ കാലയളവില്‍ സൗദിയുമായി ഗാര്‍ഹിക തൊഴില്‍ കരാര്‍ ഉണ്ടാക്കിയ രാജ്യങ്ങള്‍ തൊഴിലാളികള്‍ക്കു പരിശീലനപരിപാടികളും തൊഴില്‍ദാതാക്കളുമായി പ്രത്യേക ധാരണപത്രങ്ങളും സംഘടിപ്പിച്ചു. സ്വന്തം പൗരന്മാര്‍ തട്ടിപ്പിന് ഇരയാകുന്നില്ളെന്ന് ഉറപ്പുവരുത്താന്‍ അരക്ഷിത സ്ഥാപനങ്ങളുടെ കരിമ്പട്ടിക തയാറാക്കി. ഇങ്ങനെ കാര്യക്ഷമമായ ഇടപെടല്‍ നടത്തുന്ന ഫിലിപ്പീന്‍സ് ഹിറ്റ്ലിസ്റ്റില്‍ പെടുത്തിയ കമ്പനികളിലൊന്നാണ് സൗദി ഓജര്‍. അവരുടെ വിദേശമന്ത്രി നേരിട്ടത്തെി ദശലക്ഷക്കണക്കിന് പെസോയുടെ ദുരിതാശ്വാസപ്രവര്‍ത്തനം നടത്തി. തൊഴിലാളികള്‍ക്ക് ആശ്വാസധനം പോക്കറ്റ്മണിയായി നല്‍കി നാട്ടിലത്തെിക്കാന്‍ ഏര്‍പ്പാടുണ്ടാക്കി. ഇത്തരത്തില്‍ തൊഴില്‍ശക്തി ഇറക്കുമതിചെയ്യുന്ന നാടെന്ന നിലയില്‍ സമ്മര്‍ദമുണ്ടാക്കാന്‍ ഇന്ത്യക്കാവണമെന്നാണ് പ്രവാസികളുടെ ആഗ്രഹം. സൗദി അധികൃതര്‍ ലഭ്യമാക്കുന്ന തൊഴില്‍ പരിരക്ഷ ഉറപ്പുവരുത്താന്‍ തദ്ദേശീയരുടെ നിയമസഹായം ലഭ്യമാക്കാനുള്ള ഇന്ത്യന്‍ പ്രവാസികളുടെ പതിറ്റാണ്ടുകള്‍ പഴക്കമുള്ള ആവശ്യം പോലും ഇതുവരെയും അംഗീകരിക്കപ്പെട്ടിട്ടില്ളെന്നിരിക്കെ ഈ ആഗ്രഹങ്ങള്‍ക്ക് ചിറകുമുളക്കില്ല. അതുകൊണ്ടുതന്നെ ഇടക്കിടെ ഉയരുന്ന മുറവിളികള്‍ അപ്പപ്പോഴുള്ള മുട്ടുശാന്തി ശുശ്രൂഷകള്‍ക്കല്ല, പഴുതടച്ച പ്രവാസിനയത്തിനും കര്‍മപരിപാടിക്കുമാണ് അധികൃതരെ വിളിച്ചുണര്‍ത്തേണ്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.