മോഹൻ ഭാഗവതിന്റെ ഹിന്ദുത്വവും മോദി ഭരണത്തിലെ ഹിന്ദുത്വവും

‘എല്ലാ വിശ്വാസങ്ങളെയും ഉൾക്കൊള്ളുന്ന ലോകത്തെ ഏറ്റവും ഉദാരമതികളായ സമൂഹമാണ് ഹിന്ദുക്കൾ. ലോകത്തിന് വിവേകവും ബുദ്ധിയും പകർന്നുനൽകിയവരുടെ പിന്മുറക്കാരാണ്. പരസ്പരം കലഹിക്കരുതെന്ന് ലോകത്തോട് വിളിച്ചുപറഞ്ഞവരാണ്. ജാതി, മത, ഭക്ഷണ ഭേദമന്യേ എല്ലാവരോടും സൗമനസ്യത്തോടെ ഇടപെടുന്നവരുമാണ് ഹിന്ദുക്കൾ എന്നതുകൊണ്ട് അർഥമാക്കുന്നത്’ ആർ.എസ്.എസ് സർസംഘ് ചാലക് മോഹൻ ഭാഗവത് രാജസ്ഥാനിലെ ആൽവറിൽ ഞായറാഴ്ച ആർ.എസ്.എസ് സംഘടിപ്പിച്ച ചടങ്ങിൽ സ്വയം സേവകരെ അഭിമുഖീകരിച്ച് പറഞ്ഞ വാക്കുകളാണിത്. അടുത്തവർഷം ആർ.എസ്.എസ് സംസ്ഥാപനത്തിന്റെ നൂറാം വാർഷികം ആഘോഷിക്കാൻ പോവുകയാണെന്ന കാര്യവും സംഘത്തലവൻ അനുസ്മരിക്കുകയുണ്ടായി.

ഹിന്ദുരാഷ്ട്ര നിർമിതിക്കുവേണ്ടി എന്നുതന്നെ വ്യക്തമാക്കിക്കൊണ്ട് ഹിന്ദുത്വ പാർട്ടി മൂന്നാംതവണയും ഇന്ത്യയിൽ അധികാരമുറപ്പിച്ച പശ്ചാത്തലത്തിലാണ് ഭാഗവതിന്റെ പ്രസംഗം എന്നുകൂടി ഓർക്കണം. അദ്ദേഹത്തിന്റെ ഉപര്യുക്ത വാക്കുകൾക്ക് എന്തെങ്കിലും അർഥവും അടിസ്ഥാനവുമുണ്ടായിരുന്നെങ്കിൽ പിന്നിട്ട പത്തുവർഷക്കാലത്ത് ഹൈന്ദവരിലെതന്നെ അധഃകൃത ജാതികളും മതന്യൂനപക്ഷങ്ങളും കേന്ദ്ര-സംസ്ഥാന സർക്കാറുകളിൽനിന്നും സംഘ്പരിവാറിൽനിന്നും നേരിടേണ്ടിവന്ന അതിക്രൂരമായ പീഡനങ്ങൾക്ക് ലഘൂകരണമെങ്കിലും സംഭവിക്കേണ്ടതായിരുന്നു. യു.പിയിൽനിന്നും ഉത്തരാഖണ്ഡിൽനിന്നും അസമിൽനിന്നും മറ്റു പല സംസ്ഥാനങ്ങളിൽനിന്നും നിരന്തരം നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങൾ മോഹൻ ഭാഗവത് അറിയില്ലെന്നാണോ? പാവപ്പെട്ട ദലിതുകളും മുസ്‍ലിംകളും താമസിക്കുന്ന വീടുകളും ഉപജീവനം കഴിക്കുന്ന കടകളും ആരാധനാലയങ്ങളും നിയമനടപടികൾ പോലും പൂർത്തിയാക്കാതെ സർക്കാറുകൾ ബുൾഡോസർ ഉപയോഗിച്ച് രായ്ക്കുരാമാനം നിലംപരിശാക്കുന്ന അത്യാചാരങ്ങൾക്കെതിരെ പരമോന്നത കോടതിപോലും വിരൽചൂണ്ടേണ്ടിവന്നിരിക്കെ ഹിന്ദുത്വത്തിന്റെ ഉദാരതക്കും സഹിഷ്ണുതക്കും സമഭാവനക്കുള്ള ഉദാഹരണങ്ങളായി വേണമോ ഈ ചെയ്തികളെയും വിലയിരുത്താൻ?

നരേന്ദ്ര മോദി മന്ത്രിസഭ മൂന്നാമതും സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റ് ഒട്ടും വൈകാതെ, മുസ്‍ലിംകൾക്കുമാത്രം അവകാശപ്പെട്ട വഖഫ് സ്വത്തുക്കളുടെ മേൽ കൈവെക്കാനും അവ പിടിച്ചെടുക്കാനും കളമൊരുക്കുന്ന ബിൽ പാർലമെന്റിൽ അവതരിപ്പിച്ചത് ഹിന്ദുത്വ ഉദാരതയുടെ അടയാളമായി കരുതേണമോ? വഖഫ് ഭേദഗതി ബില്ല് പ്രതിപക്ഷത്തിന്റെ സമ്മർദത്തിനൊടുവിൽ പാർലമെന്ററി കമ്മിറ്റിക്ക് വിടേണ്ടിവന്നുവെങ്കിലും എന്ത് വിലകൊടുത്തും അത് പാസാക്കിയെടുക്കും എന്നുതന്നെയാണ് കേന്ദ്ര സർക്കാർ തുറന്നുപറഞ്ഞിരിക്കുന്നത്. എല്ലാവരുടെയും ഭക്ഷണ സമ്പ്രദായങ്ങളോട് ഉദാരമായി പെരുമാറുന്നതാണ് ഹിന്ദുത്വമെന്ന് മോഹൻ ഭാഗവത് അവകാശപ്പെടുമ്പോൾ ഗോക്കളെ കടത്തിക്കൊണ്ടുപോകുന്ന വണ്ടിയിലെ മുസ്‍ലിമെന്ന് തെറ്റിദ്ധരിച്ച, ബ്രാഹ്മണനെ വെടിവെച്ചുകൊന്ന ഹിന്ദുത്വവാദിയുടെ ഖേദപ്രകടനത്തെ ഏതു വീക്ഷണകോണിലൂടെയാണ് നോക്കിക്കാണേണ്ടത്? പശുക്കളുടെ ജീവന്റെ പത്തിലൊന്ന് വിലയെങ്കിലുമുണ്ടോ മുസ്‍ലിമിന്റെ ജീവന്?

അസമിൽ വംശവൈരത്തിന്റെ സർവ റെക്കോഡും ഭേദിച്ച് മുന്നേറുന്ന മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ പതിറ്റാണ്ടുകളായി സംസ്ഥാനത്ത് താമസിക്കുന്ന മുസ്‍ലിം കുടുംബങ്ങളെ സി.എ.എയുടെ മറവിൽ പിടികൂടി കോൺസൺട്രേഷൻ ക്യാമ്പുകളിലേക്ക് വലിച്ചിഴക്കുന്ന കാഴ്ചയും ഭാഗവത് അവകാശപ്പെട്ട വിശ്വോത്തര സംസ്കൃതിയുടെ നിദർശനമായി നാം കണ്ടുകൊള്ളണം. ആവനാഴിയിലെ അവസാനത്തെ അമ്പും അവസാനിച്ച് എന്ന് തോന്നിയപ്പോൾ, ബ്രിട്ടീഷ് ഭരണകാലം മുതൽ മുസ്‍ലിം ഉദ്യോഗസ്ഥർക്ക് അനുവദിച്ചുവന്ന വെള്ളിയാഴ്ച മധ്യാഹ്ന പ്രാർഥന സമയത്തെ ഇളവ് റദ്ദാക്കിക്കൊണ്ടാണ് ശർമയുടെ പുതിയ കോമരംതുള്ളൽ. ഫൈസാബാദിലെ ബാബരി മസ്ജിദ് തരിപ്പണമാക്കി തൽസ്ഥാനത്ത് രാമക്ഷേത്രം പണിയുന്നതോടെ മസ്ജിദ് കൈയേറ്റം അവസാനിപ്പിക്കണമെന്ന സുപ്രീംകോടതി ശാസനക്ക് പുല്ലുവില കൽപിച്ചാണ് വാരാണസിയിലെ ഗ്യാൻവ്യാപിക്കും മഥുരയിലെ ഈദ്ഗാഹിനും ഡൽഹിയിലെ 600 വർഷം പഴക്കമുള്ള പള്ളിക്കുംനേരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതെല്ലാം ഒറ്റപ്പെട്ട സംഭവങ്ങളാണെന്നാണ് ന്യായീകരണമെങ്കിൽ, ഹ്യൂമൻ റൈറ്റ്സ് വാച്ച് കൃത്യമായി അവതരിപ്പിച്ച കണക്കനുസരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭ ഇലക്ഷൻ കാമ്പയിനിൽ നടത്തിയ 110 പ്രസംഗങ്ങളിൽ മുസ്‍ലിംകൾക്കെതിരെ വിഷം വമിച്ചതിനെ ആർ.എസ്.എസ് മേധാവി എങ്ങനെയാണ് നീതീകരിക്കുക? താൻ മുസ്‍ലിംകൾക്കെതിരെയല്ല കോൺഗ്രസിനെതിരെയാണ് പ്രസംഗിച്ചതെന്ന് ന്യായീകരിച്ച മോദി ‘പെറ്റുപെരുകുന്ന, രാജ്യ​ത്തോട് കൂറില്ലാത്തവർക്ക്’ ഹിന്ദു സ്ത്രീകളുടെ കെട്ടുതാലി പൊട്ടിച്ചുകൊടുക്കുന്നവർ എന്ന് കോൺഗ്രസിനെ ആക്ഷേപിച്ചപ്പോൾ ആരെ ഉന്നംവെച്ചായിരുന്നു എന്നുപോലും മനസ്സിലാവാത്ത മൂഢന്മാരാണ് മുസ്‍ലിംകളെന്നുകൂടി അദ്ദേഹം കരുതിയപോലെ. ചുരുക്കത്തിൽ മോഹൻ ഭാഗവത് ഹിന്ദുത്വത്തെക്കുറിച്ച തന്റെ അവകാശവാദത്തിൽ ഉറച്ചുനിൽക്കുന്നുവെങ്കിൽ ഒന്നുകിൽ നരേന്ദ്ര മോദിയും അമിത് ഷായും യോഗി ആദിത്യനാഥും ഹിമന്ത ബിശ്വശർമയും അനുരാഗ് ഠാക്കൂറുമൊന്നും യഥാർഥ ഹിന്ദുത്വത്തെയല്ല പ്രതിനിധാനംചെയ്യുന്ന​തെന്ന് തുറന്നുപറയണം; സഹിഷ്ണുതയുടെയും ഉദാരതയുടെയും സമഭാവനയുടെയും സംസ്കൃതിയായ ഹിന്ദുത്വം അവരെ പുതുതായി പഠിപ്പിക്കണം. അല്ലെങ്കിൽ ഇതുവരെ കണ്ടതുപോലെ ബി.ജെ.പി കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെയും ഭരണകർത്താക്കളുടെയും ചെയ്തികളെ ന്യായീകരിക്കുകയും നീതീകരിക്കുകയും ചെയ്യുന്ന ആർ.എസ്.എസിന്റെ മേധാവിയാ​ണ് താനെന്ന് സ്വയം സമ്മതിച്ച്, ബാക്കിയൊക്കെ കേവലം ജാടയാണെന്ന് വിലയിരുത്താൻ സാമാന്യ ജനത്തെ അനുവദിക്കണം.

Tags:    
News Summary - Madhyamam editorial on Hinduthwa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.