നീതിയില്ല, ന്യായമില്ല, മനുഷ്യത്വം തീരെയില്ല

ഛത്തിസ്ഗഢിലെ ആദിവാസി നേതാവും പൗരാവകാശപ്രവര്‍ത്തകയും ആം ആദ്മി പാര്‍ട്ടി കോഓഡിനേറ്ററുമായ സോണി സോറിക്കുനേരെ നടന്ന ആക്രമണം ഇന്നത്തെ ഇന്ത്യയുടെ മറ്റൊരു ദിശാസൂചികയാണ്. പീഡിതരായ സാധാരണ ജനങ്ങളുടെ പക്ഷംചേരുന്നതുപോലും ജനദ്രോഹമായി ചിത്രീകരിക്കപ്പെടുകയും നീതിന്യായ വ്യവസ്ഥിതിക്കുമേല്‍ ആള്‍ക്കൂട്ടനീതി അടിച്ചേല്‍പിക്കപ്പെടുകയും ചെയ്യുന്ന ഇന്ത്യനവസ്ഥയുടെ കൊച്ചുപതിപ്പുകളാണ് ഛത്തിസ്ഗഢും ബസ്താര്‍, ജഗദല്‍പുര്‍ തുടങ്ങിയ സ്ഥലങ്ങളും. ഭരണകൂട ഭീകരതക്കു മുന്നില്‍ നിസ്സഹായരാകുന്ന സാമാന്യ ജനങ്ങള്‍ക്കുവേണ്ടി ശബ്ദിക്കാന്‍ ധൈര്യപ്പെട്ട മാധ്യമപ്രവര്‍ത്തകരും അഭിഭാഷക ഗ്രൂപ്പും ബസ്താറില്‍നിന്ന് അടിച്ചോടിക്കപ്പെട്ട അനുഭവങ്ങളുടെ തുടര്‍ച്ചയാണ് ആക്രമികള്‍ ആസിഡ് ചേര്‍ത്ത കരിഓയില്‍ സോണി സോറിയുടെ മുഖത്തെറിഞ്ഞ സംഭവം. നക്സല്‍വിരുദ്ധ നടപടികളുടെ ഭാഗമെന്ന നാട്യത്തില്‍ ബസ്താറില്‍ കുറച്ചുകാലമായി അരങ്ങേറുന്ന പൊലീസ് തേര്‍വാഴ്ച അടുത്തകാലത്തായി അതിക്രൂരമായിട്ടുണ്ട്. 2015 നവംബറില്‍ സുരക്ഷാസൈനികര്‍ ഗ്രാമങ്ങളില്‍ കടന്നുചെന്ന് സ്ത്രീകളെ മര്‍ദിക്കുകയും കൂട്ടമാനഭംഗത്തിനിരയാക്കുകയും ചെയ്തു. വറുതിക്കാലത്തേക്ക് കരുതിവെച്ച ഭക്ഷ്യശേഖരം നശിപ്പിച്ചു. മൂന്നു മാസങ്ങള്‍ക്കിടെ ഇത്തരത്തിലുള്ള മൂന്നു സംഭവങ്ങള്‍ നടന്നു. വ്യാജ ഏറ്റുമുട്ടലുകള്‍ കൂടി. പലരെയും ‘കാണാതായി’. അതില്‍ ചിലരുടെ പേര് പിന്നീട് നക്സലൈറ്റുകളുടെ പട്ടികയിലുള്‍പ്പെടുത്തി. ചിലര്‍ ‘ഏറ്റുമുട്ടലില്‍’ കൊല്ലപ്പെട്ടു. ബസ്താര്‍ ഐ.ജി എസ്.ആര്‍.പി. കല്ലൂരി ഇതിനെല്ലാം പൊലീസിന് അനുവാദം മാത്രമല്ല, നേതൃത്വവും നല്‍കുന്നു എന്നാണ് ആരോപണം. അടുത്ത കാലത്ത് ബസ്താറിലെ മാര്‍ദുമില്‍ ഹിദ്മെ എന്ന ആദിവാസിയെ ഏറ്റുമുട്ടലില്‍ കൊന്നതായി അധികൃതര്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍, നക്സല്‍ ബന്ധം ഒന്നുംതന്നെയില്ലാത്ത ആ പാവത്തെ വീട്ടില്‍നിന്ന് പൊലീസ് പിടിച്ചുകൊണ്ടുപോവുകയായിരുന്നെന്ന് പറയുന്ന വീട്ടുകാര്‍, അദ്ദേഹത്തെ വിളിച്ചിറക്കിയ പൊലീസുകാരന്‍െറ പേരും പരസ്യപ്പെടുത്തിയിട്ടുണ്ട്. ഇതിനെപ്പറ്റിയെല്ലാം മാധ്യമങ്ങള്‍ക്ക് വിവരം നല്‍കുകയും ചെറുത്തുനില്‍പിന് ശ്രമിക്കുകയും ചെയ്ത സോണി സോറിയെ ഒതുക്കാന്‍ കല്ലൂരി മുതിര്‍ന്നു. അയാള്‍ക്കെതിരെ പ്രഥമ വിവര റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാന്‍ അവര്‍ ശ്രമം നടത്തി. ഇതിനു പിന്നാലെയാണ് സോണി സോറിക്കെതിരെ ആക്രമണമുണ്ടായത്. ഈ ആക്രമണത്തിന് ഒരു മണിക്കൂര്‍ മുമ്പ് ‘ജഗദല്‍പുര്‍ ലീഗല്‍ എയ്ഡ് ഗ്രൂപ്’ (ജഗ്ലാഗ്) എന്ന അഭിഭാഷകസംഘത്തിലെ അംഗങ്ങളെ വിരട്ടിയോടിച്ചിരുന്നു. അവര്‍ താമസിച്ചിരുന്ന വീടിന്‍െറ ഉടമയെ പൊലീസ് സ്റ്റേഷനില്‍ വരുത്തി ഭീഷണിപ്പെടുത്തിയാണ് ഇത് സാധിച്ചത്. മാധ്യമപ്രവര്‍ത്തക മാലിനി സുബ്രഹ്മണ്യത്തെയും സ്ഥലംവിടാന്‍ നിര്‍ബന്ധിച്ചു- അവരുടെ വീട്ടുവേലക്കാരിയെ പലതവണ സ്റ്റേഷനില്‍ പിടിച്ചുവെച്ച് പേടിപ്പിച്ചിരുന്നു. കള്ളക്കേസില്‍ കുടുക്കപ്പെട്ട ആദിവാസികള്‍ക്കുവേണ്ടി നിലകൊണ്ട മിക്കവാറും എല്ലാവരെയും ഇങ്ങനെ ഓടിച്ചെങ്കിലും ആദിവാസിയായ സോണി സോറിയെ അങ്ങനെ പുറത്താക്കാന്‍ കഴിയില്ലായിരുന്നു. ഈ അവസ്ഥയിലാണ് അവരെ ശാരീരികമായി നേരിടുന്നത്. കല്ലൂരിക്കെതിരെ പരാതിപ്പെടുന്നത് നിര്‍ത്തുക, മാര്‍ദും വ്യാജ ഏറ്റുമുട്ടല്‍ പ്രശ്നം ഉന്നയിക്കാതിരിക്കുക എന്നൊക്കെയായിരുന്നു ആക്രമികളുടെ കല്‍പന. അനുസരിച്ചില്ളെങ്കില്‍ മകളോടും ഇതുചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അഫ്സ്പ എന്ന അമിതാധികാരത്തോടെ പാവങ്ങളെ എല്ലാനിലക്കും പീഡിപ്പിക്കുന്ന മണിപ്പൂരിലെയും മറ്റും ‘സുരക്ഷാ’ സൈനികരെ ഓര്‍മിപ്പിക്കുന്നു ഛത്തിസ്ഗഢിലെ കല്ലൂരിയെപ്പോലുള്ളവര്‍. ഭരണകൂടമാകട്ടെ പീഡിതര്‍ക്കെതിരെ മര്‍ദകരെ പിന്തുണക്കുകയും ചെയ്യുന്നു. മര്‍ദകര്‍ക്കാണ് ‘സുരക്ഷ’ ലഭ്യമാകുന്നത്.
പൗരാവകാശലംഘനങ്ങള്‍ക്ക് നിയമംവഴി പരിരക്ഷ നല്‍കാനുള്ള നീക്കങ്ങളും അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്നുണ്ട്. രമണ്‍സിങ് നേതൃത്വം നല്‍കുന്ന ഛത്തിസ്ഗഢിലെ ബി.ജെ.പി സര്‍ക്കാര്‍ കഴിഞ്ഞയാഴ്ചയാണ് ആദിവാസികളായ ഗോത്രവര്‍ഗക്കാരുടെ വനഭൂമിയിലുള്ള അവകാശം ഇല്ലാതാക്കുന്ന ഉത്തരവ് പാസാക്കിയത്. വനാവകാശ നിയമപ്രകാരം വനഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഏറ്റെടുക്കണമെങ്കില്‍ അവിടെ വസിക്കുന്ന ഗോത്രക്കാരുടെ സമ്മതം നിര്‍ബന്ധമാണ്. എന്നാല്‍, ഈ നിബന്ധന എടുത്തുമാറ്റുന്നതാണ് ഇപ്പോള്‍ ഇറക്കിയിട്ടുള്ള ഉത്തരവ്. ഈ ഉത്തരവിന്‍െറ ഗുണഭോക്താക്കള്‍, വനഭൂമിയില്‍ കല്‍ക്കരി ഖനനം നടത്താനുദ്ദേശിക്കുന്ന രണ്ട് കമ്പനികളാണ്. അവയില്‍ ഒന്ന്, അദാനിയുടേതും. ജനങ്ങളുടെ ജീവനോ സ്വത്തിനോ അന്തസ്സിനോ വിലകല്‍പിക്കാത്ത ഈ സമീപനത്തെ ചെറുക്കുന്നവരില്‍ സോണി സോറിയെപ്പോലുള്ള ആദിവാസി നേതാക്കളുണ്ട്. ചില മേഖലകളില്‍ ഏതാനും എന്‍.ജി.ഒകളും ചെറുത്തുനില്‍പിലുണ്ട്. മറുവശത്ത് ചെറുത്തുനില്‍പുകാരെ വിരട്ടാന്‍ അധികൃതര്‍ ഇറക്കിയ സാമാജിക് ഏക്താ മഞ്ച് പോലുള്ളവ ജനദ്രോഹനടപടികള്‍ക്ക് താങ്ങായിവര്‍ത്തിക്കുന്നുമുണ്ട്. തീവ്രവാദികള്‍, മാവോവാദികള്‍, നക്സലുകള്‍, ഭീകരര്‍ തുടങ്ങിയ മുദ്രകള്‍ പാവങ്ങള്‍ക്കെതിരെ ഉപയോഗിച്ച് അധികൃതര്‍ കോര്‍പറേറ്റ് അജണ്ടയും അടിച്ചമര്‍ത്തലുകളും മുന്നോട്ടുകൊണ്ടുപോകുന്നു. എല്ലാവരും ചേര്‍ന്ന് ജനങ്ങളെ അസ്ഥിരപ്പെടുത്തുമ്പോള്‍, തന്നെയും സര്‍ക്കാറിനെയും അസ്ഥിരപ്പെടുത്താന്‍ എന്‍.ജി.ഒകളും മറ്റും ശ്രമിക്കുന്നു എന്ന പ്രധാനമന്ത്രിയുടെ ആരോപണം കൗതുകകരമായി. മുഖത്ത് ആക്രമണമേറ്റത് സോണി സോറിക്കാണെങ്കിലും മുഖം നഷ്ടപ്പെടുന്നത് സര്‍ക്കാറിനാണെന്ന് അദ്ദേഹം മനസ്സിലാക്കുന്നുണ്ടാവണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.