സായുധസേനാ പ്രത്യേകാധികാരനിയമത്തിന്‍െറ (അഫ്സ്പ) മറവില്‍ നടക്കുന്ന വ്യാപകമായ മനുഷ്യാവകാശ-ജനാധിപത്യ ധ്വംസനങ്ങള്‍ക്കെതിരായ ശക്തമായ താക്കീതാണ് പരമോന്നതകോടതി കഴിഞ്ഞദിവസം പുറപ്പെടുവിച്ച ഉത്തരവ്. വടക്കുകിഴക്കന്‍ സംസ്ഥാനമായ മണിപ്പൂരില്‍ സൈന്യവും പൊലീസും നടത്തിയ 1528 വ്യാജ ഏറ്റുമുട്ടല്‍ക്കൊലകളെപ്പറ്റി പ്രത്യേകസംഘം അന്വേഷിക്കണമെന്ന അനേകം കുടുംബങ്ങളുടെ ഹരജിയിലാണ് സുപ്രീംകോടതി സൈന്യത്തിന്‍െറ അപ്രമാദിത്വത്തെ ചോദ്യം ചെയ്തത്. ‘അഫ്സ്പ’ നിലവിലുള്ള പ്രദേശങ്ങളിലെല്ലാം സൈനികരുടെയും അര്‍ധസൈനികരുടെയും കടുംകൈകളെക്കുറിച്ച് ധാരാളം പരാതികള്‍ ഉയരാറുണ്ട്. എന്നാല്‍, കുറ്റവാളികളായ സൈനികരെല്ലാം ‘അഫ്സ്പ’യുടെ മറവില്‍ ശിക്ഷാമുക്തി (ഇംപ്യൂണിറ്റി) അനുഭവിക്കുന്നു. എത്ര കൊടുംപാതകവും നിയമ-മനുഷ്യാവകാശ ലംഘനങ്ങളും ചെയ്താലും സൈനികര്‍ക്കെതിരെ അന്വേഷണമോ കേസോ ശിക്ഷയോ ഇല്ളെന്ന അവസ്ഥയാണ് കോടതി ഇപ്പോള്‍ അവസാനിപ്പിച്ചിരിക്കുന്നത്. ‘ഇര സാധാരണക്കാരനോ കലാപകാരിയോ ഭീകരനോ ആരുമാകട്ടെ, അക്രമം ചെയ്യുന്നത് സാധാരണക്കാരനോ ഭരണകൂടമോ ആകട്ടെ, നിയമം എല്ലാവര്‍ക്കും ഒരുപോലെയാണ്. ജനാധിപത്യത്തിന്‍െറ, നിയമവാഴ്ചയുടെ, വ്യക്തിസ്വാതന്ത്ര്യ സംരക്ഷണത്തിന്‍െറ താല്‍പര്യമാണിത്’ -ജസ്റ്റിസുമാരായ മദന്‍ ബി ലോകുറും യു.യു. ലളിതും വിധിന്യായത്തില്‍ പ്രഖ്യാപിച്ചു. അമിത ബലപ്രയോഗം അനുവദിച്ചുകൂടെന്നും കോടതി വ്യക്തമാക്കി. അസ്വസ്ഥ പ്രദേശത്ത് വിലക്ക് ലംഘിക്കുന്നവരെല്ലാം ശത്രുവാണെന്ന് കരുതാനാകില്ല; കുറ്റം ചെയ്യുന്ന സൈനികന് പൂര്‍ണമായ ശിക്ഷാമുക്തി ഇല്ല. അസ്വസ്ഥ പ്രദേശത്തെ ഓരോ മരണവും -കൊല്ലപ്പെട്ടത് സാധാരണക്കാരനായാലും കലാപകാരിയായാലും- നിശിതമായി അന്വേഷിക്കണമെന്ന് കോടതി കല്‍പിച്ചു. കൊല്ലപ്പെട്ടയാള്‍ ശത്രുവാണെങ്കില്‍പ്പോലും സൈന്യം അമിത ബലപ്രയോഗം നടത്തിയോ എന്ന് പരിശോധിക്കണം. ഏറ്റുമുട്ടല്‍ കൊലകളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം -കാരണം കൊല്ലപ്പെടുന്നത് ഭരണഘടന പ്രകാരം പൂര്‍ണമായ മൗലികാവകാശങ്ങള്‍ ഉള്ളയാളാണ്.
‘അഫ്സ്പ’ രാജ്യത്ത് നിലവില്‍ വന്നിട്ട് 60 വര്‍ഷമായി. ഇതിനിടക്ക് അത് വ്യത്യസ്ത സ്ഥലങ്ങളില്‍ ബാധകമാക്കിക്കൊണ്ടിരുന്നിട്ടുണ്ട്. വാസ്തവത്തില്‍ സ്വാതന്ത്ര്യ സമരത്തിലെ നിര്‍ണായക മുന്നേറ്റമായിരുന്ന ‘ക്വിറ്റ് ഇന്ത്യ’ പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ 1942ല്‍ പ്രാബല്യത്തില്‍ വരുത്തിയ കരിനിയമമാണത്. ഇപ്പോള്‍ പ്രാബല്യത്തിലുള്ള നിയമമനുസരിച്ച് ‘അഫ്സ്പ’ നിലവിലുള്ള ഇടങ്ങളില്‍, ‘അസ്വസ്ഥപ്രദേശ’മെന്ന് പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ സൈനികര്‍ക്കുള്ള അധികാരം ഏതെങ്കിലും നിയമത്തിനോ കീഴ്വഴക്കങ്ങള്‍ക്കോ വിധേയമല്ല. ഒരാള്‍ കുറ്റം ചെയ്യാന്‍ സാധ്യതയുണ്ടെന്ന് തോന്നിയാല്‍ അയാളെ വാറന്‍റില്ലാതെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യാം. സൈനികര്‍ക്ക് എവിടെയും കയറിച്ചെന്ന് ആരെയും പിടികൂടാം. ഒന്നിനും സൈനികര്‍ പ്രോസിക്യൂഷന്‍ നേരിടേണ്ടതില്ല; നിയമനടപടികളുണ്ടാകില്ല; ഒരു പ്രദേശത്തെ അസ്വസ്ഥമെന്നു പ്രഖ്യാപിച്ച സര്‍ക്കാര്‍ നടപടിയും കോടതിയില്‍ ചോദ്യം ചെയ്യാനാവില്ല. ജനാധിപത്യത്തിനുമേല്‍ പട്ടാളത്തെയും മൗലികാവകാശങ്ങള്‍ക്കുമേല്‍ ഭരണകൂടഭീകരതയെയും സ്ഥാപിക്കാന്‍ സൗകര്യം നല്‍കുന്നു എന്നതാണ് ഈ നിയമത്തിന്‍െറ ഏറ്റവും വലിയ ദോഷം. സുപ്രീംകോടതി വിധി അതുകൊണ്ട് മര്‍മത്തുതന്നെയാണ് പ്രഹരിച്ചിരിക്കുന്നത്.
‘അഫ്സ്പ’ സ്വതന്ത്ര ഇന്ത്യക്കും ഇന്ത്യന്‍ ജനാധിപത്യത്തിനും വരുത്തിയിട്ടുള്ള പേരുദോഷം ചെറുതല്ല. മണിപ്പൂരില്‍ സൈനികരുടെ അതിക്രമങ്ങള്‍ക്കും പീഡനങ്ങള്‍ക്കും ഇരയായി സഹികെട്ട വനിതകള്‍ നടത്തിയ നഗ്ന പ്രതിഷേധം വ്യാപകമായി ശ്രദ്ധിക്കപ്പെട്ടു. ‘അഫ്സ്പ’ നിലവിലുള്ള സ്ഥലങ്ങളിലെല്ലാം അതിന്‍െറ ദുരുപയോഗവും അതിനെതിരായ പ്രക്ഷോഭങ്ങളും നടക്കുന്നു. ചോദ്യം ചെയ്യപ്പെടാത്ത ഭരണകൂട അതിക്രമത്തിന്‍െറ ഏറ്റവും വലിയ ഉപകരണങ്ങളിലൊന്നാണ് ‘അഫ്സ്പ’യെന്ന് ആംനസ്റ്റി ഇന്‍റര്‍നാഷനല്‍ കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. അതിനുകീഴിലെ മനുഷ്യാവകാശ ലംഘനങ്ങളെപ്പറ്റി സ്വതന്ത്ര അന്വേഷണം വേണമെന്നും അവര്‍ ആവശ്യപ്പെട്ടു. മനുഷ്യാവകാശങ്ങള്‍ സംബന്ധിച്ച അന്താരാഷ്ട്ര പ്രമാണത്തില്‍ ഒപ്പുവെക്കുന്നതിന് നമുക്ക് മുന്നിലുള്ള മുഖ്യതടസ്സം ‘അഫ്സ്പ’യാണ്. വനിതകള്‍ക്കെതിരായ അതിക്രമങ്ങള്‍ അന്വേഷിച്ച് നിയമപരിഷ്കാരങ്ങള്‍ നിര്‍ദേശിച്ച ജസ്റ്റിസ് വര്‍മ കമ്മിറ്റിയും ‘അഫ്സ്പ’യെ വിമര്‍ശിച്ചു. സൈനികര്‍ക്ക് ശിക്ഷ പേടിക്കാതെ സ്ത്രീകളെ പീഡിപ്പിക്കാവുന്ന അവസ്ഥയുണ്ടെന്നും അത് മാറണമെന്നും കമ്മിറ്റി ശിപാര്‍ശ ചെയ്തു. യു.എസ് വിദേശകാര്യ വകുപ്പ് കഴിഞ്ഞവര്‍ഷം ഇറക്കിയ ഒരു റിപ്പോര്‍ട്ടില്‍ ഇന്ത്യയെ പ്രത്യേകമായി കുറ്റപ്പെടുത്തിക്കൊണ്ട് പറഞ്ഞത്, കുറ്റവാളികളായ സൈനികര്‍ക്ക് രക്ഷപ്പെടാനാണ് ‘അഫ്സ്പ’യിലെ വകുപ്പുകള്‍ ഉപയോഗിക്കുന്നത് എന്നാണ്. പരിഷ്കൃത ജനാധിപത്യ സമൂഹത്തിന് ചേരാത്ത ഈ നിയമത്തിന്‍െറ ദുരുപയോഗം തടയുകയല്ല, അതിനപ്പുറം കടന്ന് അത് പാടേ എടുത്തുകളയുകയാണ് വേണ്ടതെന്ന് ഇന്ത്യയിലും പുറത്തുമുള്ള മനുഷ്യാവകാശ പ്രസ്ഥാനങ്ങള്‍ പലകുറി ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ ജനാധിപത്യത്തിന്മേല്‍ പതിച്ച ഈ കളങ്കം തുടച്ചുമാറ്റാന്‍ ലഭിച്ച അവസരമായി സുപ്രീംകോടതി വിധിയെ കേന്ദ്ര സര്‍ക്കാര്‍ കാണണം. കുറ്റം ചെയ്യുന്നതിന് മുമ്പ് ഒരാളെയും കുറ്റവാളിയായി കാണരുതെന്നും സൈനികരായാലും പൗരന്മാര്‍ക്കെതിരെ അമിതാധികാരം പ്രയോഗിച്ചാല്‍ അന്വേഷിച്ച് നടപടിയെടുക്കണമെന്നുമുള്ള കോടതി കല്‍പനയുടെ അന്തസ്സത്ത ഉള്‍ക്കൊണ്ടു കൊണ്ട് മോദി സര്‍ക്കാറിന് ചെയ്യാവുന്നത് അടിയന്തരമായി ‘അഫ്സ്പ’ തന്നെ ഇല്ലാതാക്കാന്‍ നടപടി തുടങ്ങുക എന്നതാണ്. ഉത്തരവാദിത്തമില്ലാതുള്ള അധികാരം ജനാധിപത്യത്തിന്‍െറ മരണമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.