പശുവെന്ന മൃഗത്തിന്‍െറ പേരില്‍ തുറന്നുവിടുന്ന കാട്ടാളത്തം

വളര്‍ത്തുമൃഗങ്ങള്‍ക്ക് കാര്‍ഷികസംസ്കൃതി വകവെച്ചുനല്‍കിയ സാമ്പത്തികമൂല്യം കാലാന്തരേണ ജീവിതാചാരത്തിന്‍െറയും വിശ്വാസപ്രമാണത്തിന്‍െറയും ഭാഗമായതാവാം നമ്മുടെ രാജ്യത്ത് പശുക്കളെ ഒരുവിഭാഗം ഗോമാതാക്കളായും ദൈവമായും കാണുന്നതിന്‍െറ പിന്നിലെ ചേതോവികാരമെന്ന് ചരിത്രകാരന്മാര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാല്‍, ഗോക്കളുടെ പേരില്‍ ജനാധിപത്യത്തെയും നിയമവാഴ്ചയെയും ചോദ്യം ചെയ്യുന്ന തലത്തിലേക്ക് കാട്ടാളത്തം പുറത്തെടുക്കുന്നത് ഇവിടെ പതിവ് സംഭവമായിരിക്കയാണ്. 125 കോടി ജനം അധിവസിക്കുന്ന ഒരു രാജ്യത്തിന്‍െറ സ്വാസ്ഥ്യവും സമാധാനവും കെടുത്തുന്ന ഒരു മൃഗമായി പശുമാറിയത്, ഹിംസാത്കമായ ഒരു പ്രത്യയശാസ്ത്രം വര്‍ഗീയത വളര്‍ത്താന്‍ ആ മൃഗത്തെ ഉപയോഗപ്പെടുത്തുന്നത് കൊണ്ടല്ലാതെ മറ്റൊന്നുമല്ല. ഗുജറാത്തില്‍ ചത്ത പശുക്കളുടെ തോലുരിഞ്ഞതിന് നാല് ദലിത് യുവാക്കളെ ഗോരക്ഷാദള്‍ എന്ന സംഘ്പരിവാര്‍ സംഘടനയുടെ ആള്‍ക്കാര്‍ ക്രൂരമായി മര്‍ദിച്ചതും തുടര്‍ന്നുണ്ടായ രോഷപ്രകടനങ്ങളുമെല്ലാം ആഗോളതലത്തില്‍ ചര്‍ച്ചയായിട്ടും വിഷയത്തിന്‍െറ ഗൗരവം ഉള്‍ക്കൊണ്ട് നടപടിയെടുക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ തയാറായില്ല. അതുകൊണ്ടാവണം സമാനസ്വഭാവമുള്ള സംഭവങ്ങള്‍ രാജ്യത്തിന്‍െറ പല ഭാഗങ്ങളിലും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞദിവസം മധ്യപ്രദേശിലെ മംദ്സൗര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് രണ്ട് മുസ്ലിം യുവതികള്‍  പശുവിറച്ചി കൈയില്‍വെച്ചെന്നാരോപിച്ച് ക്രൂരമായി മര്‍ദിക്കപ്പെട്ട സംഭവം രാജ്യത്തെ വീണ്ടും ഞെട്ടിച്ചിരിക്കുന്നു. സ്ത്രീകളടക്കമുള്ള ഗുണ്ടാസംഘം സ്ത്രീകളെ നിഷ്ഠുരമായി ആക്രമിക്കുന്നത് നോക്കിനിന്ന നിയമപാലകര്‍, ഒടുവില്‍ കേസെടുത്തിരിക്കുന്നത് ഇറച്ചി കൈവശം വെച്ചതിന് ഈ പാവം സ്ത്രീകള്‍ക്കെതിരെയാണ്. അക്രമികള്‍ക്കെതിരെ നിയമത്തിന്‍െറ കരങ്ങള്‍ നീങ്ങില്ളെന്ന് ചുരുക്കം.
ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ആര്‍.എസ്.എസിന്‍െറ വിഭാവനയിലുള്ള ഹിന്ദുരാഷ്ട്രം നിലവില്‍വന്നതിന്‍െറ ലക്ഷണങ്ങളാണ് പശുരക്ഷയുടെ പേരിലുള്ള  കാവലാള്‍ പടയുടെ അഴിഞ്ഞാട്ടവും മനുഷ്യത്വം തൊട്ടുതീണ്ടാത്ത കാപാലികതയും. നമ്മുടെ രാജ്യത്തിന്‍െറ പോക്ക് എങ്ങോട്ടാണെന്ന ഉത്കണ്ഠാകുലമായ ചോദ്യം ഉയര്‍ന്നുകേള്‍ക്കുന്നു. നിയമവാഴ്ച ഒരു കൂട്ടം തെമ്മാടികളുടെ കൈകളിലേക്ക് വെച്ചുകൊടുക്കുന്ന രാഷ്ട്രീയസാഹചര്യം ജനാധിപത്യത്തിന്‍െറ കടക്കാണ് കത്തിവെക്കുന്നത്. ഭരണഘടനയിലെ അനുശാസനങ്ങള്‍ മൃതാക്ഷരങ്ങളായി മാറുന്ന ഭീതിദമായ അവസ്ഥ. ദേശീയപാതകളിലൂടെ കടന്നുപോകുന്ന വാഹനങ്ങളില്‍ ഗോമാംസം കടത്തുന്നുണ്ടോ എന്ന് പരിശോധിക്കാനും തങ്ങള്‍ക്ക് സംശയമുള്ളവരെ പരസ്യമായി ശിക്ഷിക്കാനും ഇക്കൂട്ടര്‍ക്ക് ആരാണ് അധികാരം നല്‍കിയത്? പശുവിനോടുള്ള ആദരവോ കാര്‍ഷികവൃത്തിയോടുള്ള മമതയോ അല്ല, പ്രത്യുത, വിദ്വേഷത്തിന്‍െറ രാഷ്ട്രീയം പ്രചോദിപ്പിച്ച ഹിംസവാസനയും പ്രതികാരബുദ്ധിയുമാണ് ഗോമാതാവിന്‍െറ പേരില്‍ തെരുവ് കൈയിലെടുക്കാനും പേക്കൂത്തുകള്‍ നടത്താനും ഇവര്‍ക്ക് പ്രേരണ നല്‍കുന്നതെന്ന കാര്യത്തില്‍ പക്ഷാന്തരമുണ്ടാവില്ല. യു.പിയിലെ ദാദ്രിയില്‍ മുഹമ്മദ് അഖ്ലാഖ് എന്ന ഗൃഹനാഥനെ ഗോമാംസം ഫ്രിഡ്ജില്‍ സൂക്ഷിച്ചെന്നാരോപിച്ച് ഹിന്ദുത്വവാദികള്‍ അടിച്ചുകൊന്നതിന്‍െറ ഞെട്ടല്‍ ഇതുവരെ മാറിയിട്ടില്ല. ഡല്‍ഹിയില്‍നിന്ന് മേവാത്തിലേക്ക് കുണ്ട്ലിമനേസര്‍-പല്‍വല്‍ എക്സ്പ്രസ്വേ വഴി യാത്രചെയ്യുകയായിരുന്ന രണ്ടു മുസ്ലിം ചെറുപ്പക്കാരുടെ പക്കല്‍ പശുവിറച്ചിയുണ്ടെന്നാരോപിച്ച് വാഹനം തടഞ്ഞുനിര്‍ത്തിയ അക്രമികള്‍ ചാണകവും ഗോമൂത്രവും ചേര്‍ത്തുണ്ടാക്കിയ ‘പഞ്ചഗവ്യ’ നിര്‍ബന്ധിച്ച് കഴിപ്പിച്ച സംഭവം അരങ്ങേറിയത് മാസം മുമ്പാണ്. വര്‍ഗീയ ഫാഷിസം ഇമ്മട്ടില്‍ തിടംവെച്ചാടുമ്പോഴും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നോക്കുകുത്തികളായി നില്‍ക്കുന്നതാണ് അക്രമികള്‍ക്ക് വിളയാടാന്‍ ധൈര്യം ചൊരിയുന്നത്. പെണ്‍കുട്ടികളോടൊപ്പം സെല്‍ഫിയെടുത്ത് സ്ത്രീത്വത്തെ കൊണ്ടാടാന്‍ ആഹ്വാനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി,  തന്‍െറ വാഴ്ചക്കാലത്ത്  ഗോമാതാവിന്‍െറ പേരില്‍ ഇല്ലാത്ത കഥകളുണ്ടാക്കി രണ്ട് നിസ്സഹായരായ യുവതികളെ തല്ലിച്ചതച്ചിട്ടും മൗനം ദീക്ഷിക്കുന്നതില്‍ അദ്ഭുതപ്പെടാനില്ല. മോദിയുടെ അധികാരാരോഹണത്തോടെയാണ് രാജ്യത്തെ സഹസ്രാബ്ദങ്ങള്‍ പിറകോട്ട്് നടത്തിച്ച് ചരിത്രത്തോട് പകരം വീട്ടാന്‍ ഹിന്ദുത്വവാദികള്‍ക്ക് ഊര്‍ജം പകര്‍ന്നുകിട്ടിയത്. പശുവിന്‍െറ പേരില്‍ ദലിതരും മുസ്ലിംകളും മറ്റു ദുര്‍ബലവിഭാഗങ്ങളും പീഡിപ്പിക്കപ്പെടുന്നത് പാരസ്പര്യത്തിലോ മാനവികതയിലോ വിശ്വസിക്കാത്ത ആപല്‍ക്കരമായ ഒരു ജീവിതകാഴ്ചപ്പാടിന്‍െറ കടന്നുവരവിനെയാണ് വിളംബരം ചെയ്യുന്നത്.
ബഹുസ്വരസമൂഹത്തില്‍ സംഭവിക്കാന്‍ പാടില്ലാത്തതാണ് പശുവിന്‍െറ പേരില്‍ രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത്. വിശ്വാസമുള്ളവര്‍ക്ക് പശുവിനെ ദൈവമായോ മാതാവായോ കണ്ട് ആരാധിക്കുകയോ പൂജിക്കുകയോ എന്തുമാവാം. പക്ഷേ, പശുവിനെ കേവലമൊരു മൃഗമായി കാണുന്നവരുടെ മൗലികാവകാശങ്ങളെ ഉല്ലംഘിച്ചോ നിയമവാഴ്ചയെ വെല്ലുവിളിച്ചോ ആവരുത് അത്. അത്തരം വിപത്കരമായ നീക്കങ്ങള്‍ക്കെതിരെ ജനാധിപത്യ മതേതരവിശ്വാസികള്‍ സടകുടഞ്ഞെഴുന്നേറ്റ് ഭരണഘടനാമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ട സമയം  അതിക്രമിച്ചിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.