വൈകിയുദിച്ച തിരിച്ചറിവ് കശ്മീരിനെ രക്ഷിക്കട്ടെ

വിഘടനവാദികളടക്കം എല്ലാ വിഭാഗം ജനങ്ങളുമായും സംഭാഷണം നടത്താനും കര്‍മസമിതി രൂപവത്കരിച്ച് ജനവിശ്വാസം ആര്‍ജിക്കാനുള്ള പോംവഴികള്‍ ആരായാനും നിര്‍ദേശിച്ചുള്ള സര്‍വകക്ഷി പ്രതിനിധികളുടെ പ്രമേയം ജമ്മു-കശ്മീരിന്‍െറ കാര്യത്തില്‍ വൈകിയുദിച്ച തിരിച്ചറിവിലൂടെയുള്ള നല്ളൊരു ചുവടുവെപ്പാണ്. ജൂലൈ എട്ടിനു ഹിസ്ബുല്‍ മുജാഹിദീന്‍ നേതാവ് ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട പ്രക്ഷുബ്ധത മൂന്നാം മാസത്തിലേക്ക് കടന്നിട്ടും സമാധാനം വീണ്ടെടുക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ഭാഗത്തുനിന്ന് ഊര്‍ജിതമായ ഒരു നീക്കവും ഉണ്ടാവാത്ത സാഹചര്യത്തില്‍, ചര്‍ച്ചയിലൂടെ അല്ലാതെ പ്രശ്നപരിഹാരം സാധ്യമല്ളെന്ന് കണ്ടത്തെിയത്, അടിസ്ഥാന യാഥാര്‍ഥ്യങ്ങളെ അംഗീകരിക്കാന്‍ എല്ലാറ്റിനുമൊടുവില്‍ നരേന്ദ്ര മോദി സര്‍ക്കാറും നിര്‍ബന്ധിതരായിരിക്കുന്നു എന്നതിന്‍െറ തെളിവുകൂടിയാണ്. ‘ആസാദി’ മുദ്രാവാക്യം മുഴക്കുകയും താഴ്വര സന്ദര്‍ശിച്ച സര്‍വകക്ഷിസംഘത്തിലെ നേതാക്കളോട് സംസാരിക്കാന്‍പോലും കൂട്ടാക്കാതിരിക്കുകയും ചെയ്ത ഹുര്‍റിയത് കോണ്‍ഫറന്‍സ് നേതൃത്വത്തോട് അടക്കം സംഭാഷണത്തിന് തയാറാകണമെന്ന ബി.ജെ.പിയിതര രാഷ്ട്രീയപാര്‍ട്ടികളുടെ നിലപാടാണ് ഇതോടെ അംഗീകരിക്കപ്പെട്ടത്.  വിഘടനവാദികളുമായി ഒരുതരത്തിലുള്ള ചര്‍ച്ചക്കും സന്നദ്ധമല്ല എന്ന് തുടക്കം മുതല്‍ ശാഠ്യം പിടിച്ച മോദിസര്‍ക്കാറിനു ഒടുവില്‍ തങ്ങളുടെ നിലപാട് തിരുത്തേണ്ടിവന്നിരിക്കുന്നുവെന്ന് ചുരുക്കം.

സര്‍വകക്ഷിസംഘത്തിന്‍െറ കശ്മീര്‍ സന്ദര്‍ശനം പാഴ്വേലയായിരുന്നുവെന്ന് മുന്‍മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയെ പോലുള്ളവര്‍ ആവര്‍ത്തിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ വിട്ടുവീഴ്ചയില്ലാത്ത നയനിലപാടുകളുമായി മുന്നോട്ടുപോകുമ്പോള്‍ രാഷ്ട്രീയപരിഹാരത്തിനുള്ള വാതായനങ്ങളൊന്നും തുറക്കപ്പെടില്ല എന്ന കണക്കുകൂട്ടലിന്‍െറ അടിസ്ഥാനത്തിലാവണം. താഴ്വരയുടെ യഥാര്‍ഥചിത്രം എന്താണെന്ന് മനസ്സിലാക്കാന്‍ കക്ഷിനേതാക്കളുടെ പര്യടനം പ്രയോജനപ്പെട്ടിട്ടുണ്ടെന്നതില്‍ സംശയമില്ല. സ്വാതന്ത്ര്യലബ്ധിക്കു ശേഷം ഇതുപോലെ കശ്മീര്‍ ജനത അന്യവത്കരിക്കപ്പെട്ട ഒരു കാലസന്ധി ഉണ്ടായിട്ടില്ല എന്നാണ് സംസ്ഥാനത്തുനിന്ന് തിരിച്ചുവന്നവര്‍ പറഞ്ഞത്. സുരക്ഷാസേനയുടെ കിരാതവാഴ്ചയോട്  ഉള്ളില്‍ നുരഞ്ഞുപൊങ്ങുന്ന രോഷം ബുര്‍ഹാന്‍ വാനിയുടെ കൊലയോടെ തെരുവുകളിലേക്ക് അണപൊട്ടിയൊഴുകുകയായിരുന്നുവത്രെ. സ്ഥിതിഗതികള്‍ ഇത്രകണ്ട് വഷളാവുമെന്ന് മുന്‍കൂട്ടി കാണാന്‍ രഹസ്യാന്വേഷണ വിഭാഗത്തിനോ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കോ സാധിച്ചിട്ടില്ളെന്നാണ് വിഷയം നിഷ്പക്ഷബുദ്ധ്യാ പഠിക്കാന്‍ ശ്രമിച്ച പ്രതിനിധികള്‍ ചൂണ്ടിക്കാട്ടുന്നത്. ജയിലുകളിലോ വീട്ടുതടങ്കലിലോ കഴിയുന്ന വിഘടനവാദി നേതാക്കളാണ് കുഴപ്പങ്ങളുടെയെല്ലാം പ്രഭവകേന്ദ്രം എന്ന സര്‍ക്കാര്‍ ഭാഷ്യം അപ്പടി സ്വീകരിക്കാന്‍ പല നേതാക്കളും കൂട്ടാക്കാതിരുന്നത് പ്രശ്നത്തിന്‍െറ മര്‍മം കിടക്കുന്നത് മറ്റെവിടെയൊക്കെയോ ആണ് എന്ന ബോധ്യത്തിലാണ്. ഇപ്പോഴത്തെ പ്രക്ഷുബ്ധാവസ്ഥക്ക് ഏതെങ്കിലും ഒരു രാജ്യത്തെയോ സംഘടനയെയോ നേതാവിനെയോ മാത്രം കുറ്റപ്പെടുത്തുന്നതില്‍ അര്‍ഥമില്ല എന്ന തരത്തിലാണ് കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ കക്ഷിനേതാക്കള്‍ തങ്ങളുടെ കണ്ടത്തെലുകള്‍ നിരത്തിയത്. അതുകൊണ്ടാവണം, ‘കശ്മീരിയത്തി’ന്‍െറയും ‘ജംഹൂരിയ’ത്തിന്‍െറയും അന്തസ്സത്ത ഉള്‍ക്കൊണ്ട്  തങ്ങളോട് സംവദിക്കാന്‍ എത്തിയ കക്ഷിനേതാക്കള്‍ക്ക് മുന്നില്‍ വാതിലുകള്‍ കൊട്ടിയടച്ചവര്‍ക്കെതിരെ കൂടുതല്‍ കര്‍ക്കശമായ നടപടികളുണ്ടാവുമെന്ന് ഭീഷണി മുഴക്കിയ ആഭ്യന്തരമന്ത്രി അത്തരമൊരു നീക്കമില്ളെന്ന മയപ്പെടുത്തുന്ന സമീപനം സ്വീകരിക്കാന്‍ നിര്‍ബന്ധിതനായത്.

കശ്മീരിലെ എല്ലാ വിഭാഗം ജനങ്ങളുമായും സംഭാഷണത്തിനു തുടക്കം കുറിക്കുന്നതോടൊപ്പം പാകിസ്താനുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ പുനരാരംഭിക്കാനും സര്‍വകക്ഷി യോഗം അംഗീകരിച്ച പ്രമേയത്തില്‍ ആവശ്യപ്പെടുന്നുണ്ട്. അതോടൊപ്പം തന്നെ, രണ്ടുമാസമായി അടഞ്ഞുകിടക്കുന്ന വിദ്യാഭ്യാസ-വാണിജ്യ സ്ഥാപനങ്ങള്‍ വീണ്ടും തുറന്നുപ്രവര്‍ത്തിക്കാനുള്ള സാഹചര്യം എത്രയും പെട്ടെന്ന്  സാധ്യമാക്കണമെന്ന നിര്‍ദേശവും വെക്കുന്നു. താഴ്വരയെ സമാധാനത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്ന വിഷയത്തില്‍ മഹ്ബൂബ മുഫ്തി ഗവണ്‍മെന്‍റിനെമാത്രം ആശ്രയിക്കുന്നതില്‍ അര്‍ഥമില്ളെന്ന് എല്ലാവര്‍ക്കും ബോധ്യപ്പെട്ടിട്ടുണ്ട്. രണ്ടുമാസത്തിനിടയിലുണ്ടായ അനിഷ്ട സംഭവങ്ങളില്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് മഹ്ബൂബയുടെ സ്വന്തം ജില്ലയായ അനന്ത്നാഗിലാണെന്ന് ഒൗദ്യോഗിക കേന്ദ്രങ്ങള്‍തന്നെ സമ്മതിക്കുന്നു. കേന്ദ്രസര്‍ക്കാറിന്‍െറ തീട്ടൂരങ്ങള്‍ അതേപടി നടപ്പാക്കുന്ന അല്ളെങ്കില്‍ എന്‍.ഡി.എയുടെ ഹിന്ദുത്വ അജണ്ടകള്‍ക്ക് കാവലാളാവുന്ന, ആര്‍ജവം തൊട്ടുതീണ്ടാത്ത  നീക്കമാണ് ഇതുവരെ അവരില്‍നിന്ന് കാണാന്‍ കഴിഞ്ഞതത്രെ. മുഖ്യമന്ത്രിക്കസേര തെറിക്കുമോ എന്ന ഭീതിയില്‍ കശ്മീരിന്‍െറ അടിസ്ഥാനപ്രശ്നങ്ങളോടുപോലും അവര്‍ മുഖം തിരിച്ചുനില്‍ക്കുന്ന ദയാര്‍ഹമായ കാഴ്ച വരച്ചുകാട്ടിയ പ്രതിനിധികള്‍ ബദല്‍ ബലതന്ത്രം രൂപപ്പെടുത്തേണ്ടതിന്‍െറ ആവശ്യകത ഊന്നിപ്പറയുന്നുണ്ട്.  അതുകൊണ്ടുതന്നെയാണ്, സംസ്ഥാനത്ത് സമാധാനം പുന$സ്ഥാപിക്കാനും കശ്മീരികളുടെ വിശ്വാസം തിരിച്ചുപിടിക്കാനും ബഹുമുഖമായ പരിപാടികള്‍ ആവിഷ്കരിക്കേണ്ടതുണ്ടെന്ന് നേതാക്കള്‍ ഓര്‍മപ്പെടുത്തുന്നത്. 2010ല്‍ മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ അയച്ച സര്‍വകക്ഷിസംഘം താഴ്വരയില്‍ സമാധാനം പുന$സ്ഥാപിക്കാന്‍ വിവിധ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചെങ്കിലും അതില്‍ പലതും ഇപ്പോഴും കടലാസില്‍ ഉറങ്ങുകയാണ്. കശ്മീരികളെ മനസ്സുകൊണ്ട് നമ്മോട് അടുപ്പിക്കാന്‍ എന്താണ് പോംവഴി എന്നതിനെക്കുറിച്ചാവട്ടെ ആദ്യത്തെ കൂടിയാലോചനകള്‍. അതിനു മുന്നില്‍ മോദിസര്‍ക്കാറിന്‍െറ പ്രത്യയശാസ്ത്ര ശാഠ്യങ്ങള്‍ തടസ്സമാവാതിരുന്നാല്‍ മതി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-16 00:45 GMT