ഏതാനും ദിവസംമുമ്പ് കർണാടക നിയമസഭയിൽ തെരഞ്ഞെടുപ്പ് പരിഷ്കരണവുമായി ബന്ധപ്പെട്ടൊരു ചർച്ച നടക്കുകയുണ്ടായി. കുറച്ചുകാലമായി തെരഞ്ഞെടുപ്പ് പ്രക്രിയ സംബന്ധിച്ച് ചർച്ച നടക്കുമ്പോൾ സ്വാഭാവികമായും അതിൽ ഇലക്ട്രോണിക് വോട്ടിങ് മെഷീന്റെ (ഇ.വി.എം) വിശ്വാസ്യതയും ഉയർന്നുവരാറുണ്ട്. വോട്ടിങ് നടപടികൾ കൂടുതൽ സുതാര്യവും വേഗത്തിലുമാക്കുമെന്നാണല്ലൊ ഇ.വി.എമ്മിനെക്കുറിച്ചുള്ള മേന്മയായി തെരഞ്ഞെടുപ്പ് കമീഷനും മറ്റും പറയാറുള്ളത്. എന്നാൽ, തെരഞ്ഞെടുപ്പ് പ്രക്രിയയെ കൂടുതൽ ദുരൂഹവും അവ്യക്തവുമാക്കി മാറ്റുന്നതിൽ ഈ ഉപകരണങ്ങൾ വലിയ പങ്കുവഹിക്കുന്നുവെന്നതാണ് പലപ്പോഴും സാധാരണക്കാരായ വോട്ടർമാരുടെ അനുഭവം. ഇതിനെ സാധൂകരിക്കുംവിധമുള്ള ആരോപണങ്ങൾ ഈ മേഖലയിലെ വിദഗ്ധർ പലതവണ ഉന്നയിച്ചതും വിഷയം പലകുറി കോടതി കയറിയതുമാണ്.
ഈ പശ്ചാത്തലത്തിൽ, രാജ്യത്തെ ഒരു നിയമനിർമാണ സഭയിൽ ഇ.വി.എം ചർച്ചയാകുന്നതിനെ ഏത് അർഥത്തിലും സ്വാഗതം ചെയ്തേ മതിയാകൂ. ആ ദിശയിൽതന്നെയാണ് കർണാടക നിയമസഭയിലെ ചർച്ച മുന്നോട്ടുപോയത്. മുതിർന്ന കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ എച്ച്.കെ. പാട്ടീലാണ് ഇ.വി.എം വിഷയം എടുത്തിട്ടത്. ഇലക്ടറൽ ബോണ്ടുകളിലെ സുതാര്യതയില്ലായ്മയും ഇ.വി.എം ഉയർത്തുന്ന സംശയങ്ങളും ജനാധിപത്യത്തെത്തന്നെ അട്ടിമറിക്കാൻ പര്യാപ്തമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദത്തിന്റെ മർമം. ഇക്കാര്യങ്ങൾ വിശദീകരിക്കാനും സാധാരണക്കാരുടെ സംശയങ്ങൾ ദൂരീകരിക്കാനും തെരഞ്ഞെടുപ്പ് കമീഷന് നോട്ടീസ് നൽകണമെന്ന് പാട്ടീൽ സ്പീക്കറോട് ആവശ്യപ്പെട്ടു. ചർച്ചക്കൊടുവിൽ സ്പീക്കർക്ക് അതിന് വഴങ്ങേണ്ടിവരുകയും ചെയ്തു.
ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ നിർമാണത്തിലും വിതരണത്തിലും മനോരഞ്ജൻ റോയ് എന്ന വിവരാവകാശ പ്രവർത്തകൻ നടത്തിയ അന്വേഷണങ്ങളെയും ഇടപെടലുകളെയും അവലംബിച്ചായിരുന്നു എച്ച്.കെ. പാട്ടീലിന്റെ നിയമസഭ പ്രസംഗം. ഇ.വി.എം നിർമിക്കുന്ന രണ്ട് പൊതുമേഖല സ്ഥാപനങ്ങളാണ് ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡും (ഭെൽ), ഇലക്ട്രോണിക്സ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡും (ഇ.സി.ഐ.എൽ). 1990 മുതൽ 25 വർഷത്തിനിടെ, എത്ര വോട്ടിങ് മെഷീനുകൾ തെരഞ്ഞെടുപ്പ് കമീഷന് നിർമിച്ചുനൽകി എന്ന് 2017ൽ വിവരാവകാശ നിയമപ്രകാരം മനോരഞ്ജൻ ഈ കമ്പനികളോട് ചോദിച്ചു. യഥാക്രമം, 19.6 ലക്ഷവും 19.4 ലക്ഷവുമെന്നായിരുന്നു കമ്പനികളുടെ മറുപടി. ഇതേ ചോദ്യവുമായി തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചപ്പോൾ ലഭിച്ച മറുപടി മറ്റൊന്നായിരുന്നു.
ഭെൽ പത്തര ലക്ഷം മെഷീനുകൾ നൽകിയപ്പോൾ 10.1 ലക്ഷം ഇ.വി.എമ്മാണ് ഇ.സി.ഐ.എല്ലിന്റെ സംഭാവനയെന്നായിരുന്നു കമീഷന്റെ മറുപടി. പ്രത്യക്ഷത്തിൽതന്നെ ഉത്തരത്തിൽ വലിയ അന്തരം കാണാം. മറ്റൊരർഥത്തിൽ, കമ്പനികൾ നിർമിച്ചയച്ചു എന്നു പറയപ്പെടുന്ന 19 ലക്ഷത്തോളം മെഷീനുകൾ തെരഞ്ഞെടുപ്പ് കമീഷനിലെത്തിയിട്ടില്ല. ലോക്സഭ തെരഞ്ഞെടുപ്പ് അട്ടിമറിക്കുപോലും ഈ 'കാണാതായ' ഇ.വി.എം മെഷീനുകൾ മതിയാകും. ഈ തിരിച്ചറിവാണ് ബോംബെ ഹൈകോടതിയിൽ വിഷയം ഉന്നയിക്കാൻ മനോരഞ്ജനെ പ്രേരിപ്പിച്ചത്. 2018 മുതൽ കേസ് നടക്കുന്നു. കേസിൽ ഇതിനകം പത്തിലധികം സിറ്റിങ് നടന്നെങ്കിലും ഇനിയും വ്യക്തമായൊരു മറുപടി തെരഞ്ഞെടുപ്പ് കമീഷന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. ഇതിനിടെ, ലോക്സഭ തെരഞ്ഞെടുപ്പ് അടക്കം നിർണായകമായ എത്രയോ ഇലക്ഷനുകൾക്കും രാജ്യം സാക്ഷ്യംവഹിച്ചു. ഈ നിസ്സംഗത കൂടിയാണ് എച്ച്.കെ. പാട്ടീൽ ചോദ്യം ചെയ്തിരിക്കുന്നത്.
ഇ.വി.എമ്മിന്റെ നിർമാണ-വിതരണങ്ങളിലെ അവ്യക്തതകളും ദുരൂഹതകളുമാണ് മനോരഞ്ജൻ സമൂഹത്തിനുമുന്നിൽ ഉയർത്തിക്കൊണ്ടുവന്നത്. അതോടൊപ്പംതന്നെ ചർച്ച ചെയ്യേണ്ട മറ്റൊന്നാണ് ഇ.വി.എമ്മിന്റെ പ്രയോഗവും. ഉദ്ദേശിച്ച സ്ഥാനാർഥിക്കുതന്നെയാണോ വോട്ട് രേഖപ്പെടുത്തപ്പെട്ടത് എന്ന് തിരിച്ചറിയാൻ സമ്മതിദായകനുപോലും അവസരമില്ല എന്നതാണ്, സുതാര്യമാണെങ്കിൽപോലും ഇ.വി.എമ്മിന്റെ പരിമിതി. സർവം മെഷീനിൽ വിശ്വസിച്ചു വിരലമർത്താനേ വോട്ടർക്ക് സാധിക്കൂ. ഇതൊരു പരാതിയായി ഉയർന്നപ്പോഴാണ് വിവിപാറ്റ് സംവിധാനം ആവിഷ്കരിച്ചത്. എന്നാൽ, ആദ്യത്തേതിനേക്കാൾ ഏറ്റവും വലിയ തട്ടിപ്പാണിതെന്ന്, മോദി സർക്കാറിന്റെ ജനാധിപത്യവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് ഐ.എ.എസ് ഉപേക്ഷിച്ച കണ്ണൻ ഗോപിനാഥനുൾപ്പെടെയുള്ളവർ സമർഥിക്കുകയുണ്ടായി. വോട്ടിങ് യന്ത്രത്തിന് ഒരു ബാഹ്യ ഉപകരണവുമായി ബന്ധമില്ല എന്ന തെരഞ്ഞെടുപ്പ് കമീഷന്റെ അടിസ്ഥാന അവകാശവാദത്തിന് നേർ എതിരാണ് വിവിപാറ്റ്.
സ്ഥാനാർഥിയുടെ പേരും ചിഹ്നവും പ്രിന്റ് ചെയ്യുന്ന വിവിപാറ്റ് മെഷീനുമായി വോട്ടിങ് യന്ത്രത്തിലെ ബാലറ്റ് യൂനിറ്റിനെയും കൺട്രോൾ യൂനിറ്റിനെയും ബന്ധിപ്പിച്ചാൽ മാത്രമേ ഈ സംവിധാനം ശരിയായി പ്രവർത്തിക്കൂ. അപ്പോൾ, സ്ഥാനാർഥിയുടെ പേരും ചിഹ്നങ്ങളും എവിടെയെങ്കിലും സ്റ്റോർ ചെയ്ത് സൂക്ഷിച്ചുവെക്കേണ്ടതായും വരും. അങ്ങനെ സ്റ്റോർ ചെയ്യണമെങ്കിൽ ആരെങ്കിലും ഇത്തരം വിവരങ്ങൾ ഫീഡ് ചെയ്യേണ്ടിവരും.
ഈ വിവരങ്ങൾ അപ് ലോഡ് ചെയ്യുക ഇ.വി.എം നിർമാതാക്കളാണെന്നാണ് കമീഷന്റെ വിശദീകരണം. ഇ.വി.എം നിർമാതാക്കൾ കയറ്റിയയച്ച 19 ലക്ഷം മെഷീനുകൾ കാണാനില്ല എന്നുകൂടി ഇതോടൊപ്പം ചേർത്തുവായിക്കണം. ചുരുക്കത്തിൽ, തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഇ.വി.എമ്മിന്റെ സാന്നിധ്യം പലരൂപത്തിൽ ജനാധിപത്യവാദികളെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്. തീർത്തും ജനാധിപത്യത്തിലധിഷ്ഠിതമായ തെരഞ്ഞെടുപ്പിന്റെ നിറം കെടുത്തുകയാണ് അടിമുടി ദുരൂഹമായ ഈ സാങ്കേതികവിദ്യ. അതുകൊണ്ടുതന്നെ, പലകോണുകളിൽനിന്ന് ചോദ്യങ്ങൾ ഉയർന്നുവരുന്നു. ആ ചോദ്യങ്ങളത്രയും ആവർത്തിക്കപ്പെടുകയായിരുന്നു കർണാടക നിയമസഭയിൽ. ജനാധിപത്യവാദികൾ ഏറ്റെടുക്കേണ്ട ചോദ്യങ്ങൾ തന്നെയാണവ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.