സ്വാതന്ത്ര്യലബ്ധി മുതൽ ഏഴു പതിറ്റാണ്ട് ഇന്ത്യൻ മാധ്യമരംഗത്ത് നിറഞ്ഞുനിന്ന അപൂർവ വ്യക്തിത്വം; ജവഹർലാൽ നെഹ്റു മുതൽ മൻമോഹൻ സിങ് വരെയുള്ള പ്രധാനമന്ത്രിമാേരാട് സംവദിക്കാൻ അവസരം ലഭിച്ച തലയെടുപ്പുള്ള പത്രപ്രവർത്തകൻ, കോർപറേറ്റുകൾക്കും സർക്കാറുകൾക്കും മുന്നിൽ മുട്ടുമടക്കാതെ അപ്രിയസത്യങ്ങൾ തുറന്നെഴുതിയ തൂലികകാരൻ, സർവോപരി മതനിരപേക്ഷ ജനാധിപത്യത്തിനുവേണ്ടിയും ഏകാധിപത്യ പ്രവണതകൾക്കെതിരെയും ഇടതടവില്ലാതെ ശബ്ദമുയർത്തിയ പോരാളി- ഇതെല്ലാമായിരുന്നു കഴിഞ്ഞ ദിവസം തൊണ്ണൂറ്റി അഞ്ചാം വയസ്സിൽ വിടപറഞ്ഞ കുൽദീപ് നയാർ. പത്തുലക്ഷം പേരെ കുരുതി കൊടുത്ത രാഷ്ട്രവിഭജനത്തിെൻറ കെടുതികൾ നേരിട്ടനുഭവിച്ച നയാർ ജന്മേദശമായ സിയാൽകോട്ടിൽനിന്ന് ഡൽഹിയിലേക്ക് കുടിയേറിയതുമുതൽ തന്നെ മറ്റ് അഭയാർഥികളിൽനിന്ന് വ്യത്യസ്തമായി മതാധിഷ്ഠിത വിഭജനത്തിെൻറ മുറിവുകളുണക്കാനും ഉപഭൂഖണ്ഡത്തിലെ ഇരുരാജ്യങ്ങൾക്കുമിടയിൽ സൗഹൃദവും സാധാരണബന്ധങ്ങളും പുനഃസ്ഥാപിക്കാനുമാണ് നിരന്തരം തൂലിക ചലിപ്പിച്ചത്. ഇന്ത്യ-പാക് സംഘർഷങ്ങളിലും യുദ്ധങ്ങളിലും അദ്ദേഹം അങ്ങേയറ്റം ദുഃഖിച്ചു. സമാധാന പുനഃസ്ഥാപന ചർച്ചകളും ഉഭയകക്ഷി കരാറുകളിൽ ഒപ്പുവെക്കലും നടന്നപ്പോഴൊക്കെ നയാർ സേന്താഷഭരിതനായി. ഇന്ത്യക്കകത്തും പുറത്തുമുള്ള എൺപതോളം പത്രങ്ങൾ പങ്കിടുന്ന ‘വരികൾക്കിടയിൽ’ എന്ന നയാർ കോളം സ്ഥിരമായി വായിക്കുന്നവരൊക്കെ ഇന്ത്യ-പാക് സൗഹൃദത്തോടുള്ള അദ്ദേഹത്തിെൻറ
ഗൃഹാതുരത്വം ശ്രദ്ധിച്ചിരിക്കും. ഇരുരാജ്യങ്ങളിലുമുള്ള സമാധാന ശത്രുക്കളായ തീവ്രചിന്താഗതിക്കാരെ അദ്ദേഹം പുച്ഛിച്ചു തള്ളി.
ജനാധിപത്യത്തോടും മതനിരപേക്ഷതയോടും ഇത്രമേൽ പ്രതിബദ്ധതപുലർത്തിയ മറ്റൊരു പത്രപ്രവർത്തകനെ കെണ്ടത്തുക പ്രയാസമാണ്. 1975 ജൂൺ നാലിന് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഇന്ദിര ഗാന്ധിയുടെ സെൻസർഷിപ് നടപടിയെ അദ്ദേഹം നിശിതമായി വിമർശിച്ചു. സ്വാഭാവികമായും അവർക്കത് രസിച്ചില്ല. എതിർക്കുന്നവരുടെ മുഴുവൻ വായ മൂടിക്കെട്ടുകയായിരുന്നല്ലോ അവരുടെ രീതി. ജയപ്രകാശ് നാരായണൻ, മൊറാർജി ദേശായി, രാജ്നാരായണൻ, ജോർജ് ഫെർണാണ്ടസ് തുടങ്ങിയ അനേകശ്ശതം പ്രതിപക്ഷ നേതാക്കളെയെന്നപോലെ നയാറെയും ഇന്ദിര ഗാന്ധി കാരാഗൃഹത്തിലടച്ചു. പക്ഷേ, പ്രത്യാഘാതം ഗുണകരമല്ലെന്ന് ബോധ്യപ്പെട്ടപ്പോൾ ഏതാനും ദിവസങ്ങൾക്കകം അദ്ദേഹത്തെ വിട്ടയക്കേണ്ടിവന്നു. അടിയന്തരാവസ്ഥയുടെ തണലിൽ ഇന്ദിരയും മകൻ സഞ്ജയും അടിച്ചേൽപിച്ച ഏകപക്ഷീയ നടപടികളെ അപലപിച്ച നയാർ 44ാം ഭരണഘടന ഭേദഗതിയെയും നിശിതമായെതിർത്തു. 1977ലെ പൊതുതെരഞ്ഞെടുപ്പിൽ അടിയന്തരാവസ്ഥക്കെതിരെ പ്രതിപക്ഷെഎക്യം കെട്ടിപ്പടുക്കുന്നതിലും തുടർന്ന് ഇന്ദിര കോൺഗ്രസിെൻറ പരാജയത്തിലും തേൻറതായ പങ്ക് അദ്ദേഹം വഹിച്ചിട്ടുണ്ട്്. ജനത സർക്കാർ അദ്ദേഹത്തെ ബ്രിട്ടനിലെ ഹൈകമീഷണറായി നിയമിക്കുകയും ചെയ്തു. അടിയന്തരാവസ്ഥയുടെ പശ്ചാത്തലവും അക്കാലത്ത് നടന്ന സംഭവങ്ങളും രാഷ്ട്രീയ അടിയൊഴുക്കുകളും സമഗ്രമായി പ്രതിപാദിക്കുന്ന നയാർ കൃതിയാണ് ‘ദ ജഡ്ജ്മെൻറ്: ഇൻസൈഡ് സ്റ്റോറി ഒാഫ് ദ എമർജൻസി ഇൻ ഇന്ത്യ’.
മാധ്യമ രംഗത്തെയാെക വിഴുങ്ങിയിരിക്കുന്ന ജീർണതകളെയും വിധേയത്വ മനോഭാവത്തെയും ഇൗ തലയെടുപ്പുള്ള പത്രപ്രവർത്തകൻ തുറന്നുകാട്ടാൻ മടിച്ചിട്ടില്ല. അടിയന്തരാവസ്ഥക്കാലത്താണ് ഇന്ത്യൻ പത്രലോകം ആദ്യമായി സർക്കാറിനോടുള്ള അടിയറവ് നഗ്നമായി പ്രകടിപ്പിച്ചത്. അടിയന്തരാവസ്ഥയെ ജനം അറബിക്കടലിലെറിഞ്ഞപ്പോൾ അതും പത്രങ്ങൾ ആഘോഷിച്ചെങ്കിലും കോർപറേറ്റുകൾക്കും ഭരണാധികാരികൾക്കും അഹിതകരമായ സത്യങ്ങൾ മൂടിവെക്കാനും അവരുടെ നിക്ഷിപ്ത താൽപര്യങ്ങൾക്കുവേണ്ടി വാർത്തകൾ പൂഴ്ത്തുകയോ വളച്ചൊടിക്കുകയോ അപ്രധാനമായി പ്രസിദ്ധീകരിക്കുകയോ ചെയ്യാനും മാധ്യമങ്ങൾക്ക് മടിയില്ലെന്ന കാര്യം അദ്ദേഹം സോദാഹരണം ചൂണ്ടിക്കാണിച്ചിരുന്നു.
‘പെയ്ഡ് ന്യൂസ്’ എന്ന പേരിൽ കുപ്രസിദ്ധമായ പ്രതിഭാസം അവസാനിപ്പിക്കാൻ ഇന്ത്യൻ പ്രസ് കൗൺസിലിന് സാധ്യമായിട്ടില്ലെന്നു മാത്രമല്ല, മോദി യുഗത്തിൽ അത് സകല പരിധിയും ഭേദിച്ച് മുന്നേറുകയുമാണ്. തെൻറ ആത്മകഥയിൽ അതേപ്പറ്റിയും നയാർ പരാമർശിക്കുന്നുണ്ട്. മാധ്യമം പ്രഥമ ലക്കത്തിെൻറ പ്രകാശനകർമം മുപ്പത്തൊന്ന് വർഷങ്ങൾക്കുമുമ്പ് നിർവഹിച്ച കുൽദീപ് നയാർ ഇൗ പത്രവുമായി പുലർത്തിയ ആത്മബന്ധത്തെ ഇൗയവസരത്തിൽ അനുസ്മരിക്കാതിരിക്കാനാവില്ല. ‘വരികൾക്കിടയിൽ’ എന്ന തെൻറ കോളം ജീവിതാവസാനം വരെ മാധ്യമത്തിൽ തുടരുന്നതിൽ സന്തുഷ്ടനായിരുന്നു അദ്ദേഹം.
1993ൽ ബാബരി മസ്ജിദ് ധ്വംസനത്തെ തുടർന്ന് രാജ്യത്തെ കലുഷമായ വർഗീയാന്തരീക്ഷത്തിൽ ജനാധിപത്യത്തിനും സാമുദായിക സൗഹാർദത്തിനും വേണ്ടി ഫോറം ഫോർ ഡെമോക്രസി ആൻഡ് കമ്യൂണൽ അമിറ്റി (എഫ്.ഡി.സി.എ) എന്ന േവദി രൂപം നൽകുന്നതിൽ ജസ്റ്റിസ് രജീന്ദർ സച്ചാർ, ജ. വി.ആർ. കൃഷ്ണയ്യർ, മുചുകുന്ദ് ദുബെ തുടങ്ങിയ മനുഷ്യാവകാശ പോരാളികളോടൊപ്പം നിർണായകപങ്ക് വഹിച്ച വ്യക്തികൂടിയായിരുന്നു കുൽദീപ് നയാർ. മൂല്യാധിഷ്ഠിത പത്രപ്രവർത്തനത്തിന് വെളിച്ചവും ശക്തിയും പകർന്ന ആ മനുഷ്യസ്നേഹിയുടെ േവർപാടിൽ ഞങ്ങൾക്കുള്ള അഗാധമായ ദുഃഖം രേഖപ്പെടുത്തെട്ട.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.