അടുത്ത രണ്ടു വർഷത്തേക്ക് ഐക്യരാഷ്ട്ര രക്ഷാസമിതിയിലെ താൽക്കാലികാംഗമായി ഇന്ത്യ തെരഞ്ഞെടുക്കപ്പെട്ടതും ആഗസ്റ്റിൽ ചേരുന്ന സെക്യൂരിറ്റി കൗൺസിൽ യോഗാധ്യക്ഷ സ്ഥാനം ഇന്ത്യക്കായിരിക്കുമെന്നതും നയതന്ത്രപരമായി രാജ്യത്തിന് കൈവന്ന മഹാനേട്ടമായി ആരും കരുതാനിടയില്ല. സ്വാഭാവികമായി തുടർന്നുവരുന്ന ഒരു പ്രക്രിയയുടെ ഭാഗം മാത്രമാണത്. പ്രത്യുത ജനസംഖ്യാപരമായി ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ രാജ്യത്തിന് എന്തുകൊണ്ടും അർഹതപ്പെട്ട സ്ഥിരാംഗത്വം നേടിയെടുക്കാൻ നമ്മുടെ സർക്കാറുകൾ ഇതുവരെ നടത്തിയ ശ്രമങ്ങളൊന്നും എവിടെയും എത്തിയില്ല എന്നതാണ് ഖേദകരമായ വസ്തുത.
ഏഷ്യയിലെ രണ്ടാമത്തെ ശക്തിയായ ഇന്ത്യക്ക് നയതന്ത്രപരമായി നേരത്തേ നേടാൻ കഴിഞ്ഞിരുന്ന പ്രാധാന്യവും പ്രസക്തിയും ക്രമേണയായി കുറഞ്ഞുവരുന്നു എന്നതുകൂടിയാണ് ഇതോട് ചേർത്ത് മനസ്സിലാേക്കണ്ടത്. സാമ്പത്തികമായി ഇന്നത്തേതിനേക്കാൾ പരമ ദരിദ്രമായിരുന്ന കാലഘട്ടത്തിൽപോലും ജവഹർലാൽ നെഹ്റുവിെൻറ കീഴിൽ ലോകരാഷ്ട്രങ്ങൾക്കിടയിൽ മുന്തിയ പരിഗണനയും അംഗീകാരവും ഇന്ത്യക്കു ലഭിച്ചിരുന്നു. ചേരിചേരാ രാഷ്ട്രങ്ങളുടെ തലപ്പത്തിരുന്നുകൊണ്ട് അന്താരാഷ്ട്ര അഭിപ്രായ രൂപവത്കരണത്തിൽ നമ്മുടെ രാജ്യം വഹിച്ച പങ്ക് വിസ്മരിക്കാനാവില്ല.
സോവിയറ്റ് യൂനിയെൻറ തിരോധാനത്തോടെ ചേരിചേരാ പ്രസ്ഥാനം തന്നെ അപ്രസക്തമായിത്തീർന്നിട്ടുണ്ടെങ്കിലും അമേരിക്കൻ സാമ്രാജ്യത്വത്തോടൊപ്പം നിൽക്കാതെയും ആ വൻശക്തിയുടെ താളത്തിനൊത്ത് തുള്ളാതെയും ഇന്ത്യ ഒരുവിധം പിടിച്ചുനിന്നിരുന്നു. മൻമോഹൻ സിങ്ങിെൻറ നേതൃത്വത്തിൽ യു.പി.എ വാണ ദശവത്സരക്കാലത്ത് രാജ്യം വലത്തോട്ട് ചാഞ്ഞുതുടങ്ങി. നരേന്ദ്ര മോദി അധികാരത്തിലേറിയതിൽപിന്നെ രാജ്യം അമേരിക്കയുടെയും ഇസ്രായേലിെൻറയും എല്ലാ വലതുപക്ഷ പിന്തിരിപ്പൻ ശക്തികളുടെയും പക്ഷത്ത് നിലയുറപ്പിക്കുന്നതാണ് കണ്ടത്.
അമേരിക്കൻ ജനതതന്നെ കുടഞ്ഞുകളയാൻ കാത്തിരുന്ന ഡോണൾഡ് ട്രംപിെൻറ ഭ്രാന്തൻ നിലപാടുകളോടും നടപടികളോടും ഇന്ത്യ സമരസപ്പെട്ടു. അദ്ദേഹത്തിനുവേണ്ടി ഹ്യൂസ്റ്റനിൽ സംഘടിപ്പിക്കപ്പെട്ട ഇലക്ഷൻ റാലിയിൽ മുഖ്യാതിഥിയായി പങ്കെടുത്തും ട്രംപിനെ അഹ്മദാബാദിൽ കൊണ്ടുവന്ന് ആസന്നമായ പതിനേഴാം ലോക്സഭ തെരഞ്ഞെടുപ്പിൽ മോദിപക്ഷ കാമ്പയിനിെൻറ ഉദ്ഘാടകൻ എന്ന പ്രതീതി സൃഷ്ടിച്ചും ട്രംപിന് രണ്ടാമൂഴം തരപ്പെട്ടാൽ ഇന്ത്യ രക്ഷപ്പെട്ടു എന്ന സ്വപ്നത്തിലായിരുന്നു നമ്മുടെ പ്രധാനമന്ത്രി.
പക്ഷേ, കിട്ടിയ ഒന്നാമത്തെ സന്ദർഭത്തിൽ യു.എസ് ജനത ഡോണൾഡ് ട്രംപിനെ തുരത്തിയതോടെ മോദിയുടെ എല്ലാ കണക്കുകൂട്ടലുകളും പിഴച്ചു. തോണി മറിഞ്ഞാൽ മറുപുറം ശരണം എന്ന മട്ടിൽ ഇപ്പോൾ നിയുക്ത പ്രസിഡൻറ് േജാ ബൈഡനോട് അടുപ്പവും സൗഹൃദവും പ്രഖ്യാപിച്ചിരിക്കുകയാണ് മോദി. മറ്റൊരു മാർഗവും മുന്നിലില്ലാത്തതുകൊണ്ട് മാറിയ പരിതഃസ്ഥിതിയിലെ ശരി അതാണെന്ന് സമ്മതിച്ചുകൊടുക്കാം.
അധികാരത്തിലിരുന്ന ആദ്യമൂഴത്തിൽ 92 വിദേശയാത്രകൾ നടത്തിയ ആദ്യ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. പക്ഷേ, ഇന്ത്യയുടെ വിദേശനയം അതിജീവന ലക്ഷണംപോലും കാണിക്കാത്ത പരുവത്തിലാണ് സ്ഥിതിഗതികൾ എത്തിനിൽക്കുന്നത്. ലോകശക്തികളുടെ മുൻനിരയിലുള്ളതും ഏഷ്യയിലെ ഏറ്റവും വലിയ ശക്തിയുമായ ചൈന കോവിഡ്-19െൻറ പ്രഭവകേന്ദ്രമായിരുന്നിട്ടും എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച് മുന്നേറുകയാണ്. ഈസ്റ്റ് ലഡാക്കിൽ ഇന്ത്യൻ പ്രദേശം കൈയേറിപ്പിടിച്ച ചൈനീസ് പട്ടാളം നിരന്തരമായ കൂടിയാലോചനകൾക്കുശേഷവും പൂർവാധികം സന്നാഹങ്ങളോടെ നിലയുറപ്പിച്ചിരിക്കുകയാണെന്ന വിവരങ്ങൾ പുറത്തുവരുന്നു.
ചൈനയുമായുള്ള വ്യാപാരബന്ധങ്ങളിൽ ഇന്ത്യയുടെ പ്രതികാര നടപടികളും ലക്ഷ്യംകണ്ടിട്ടില്ല. മറുവശത്ത് രാജ്യം മുഖ്യശത്രുവായി കാണുന്ന പാകിസ്താനുമായുള്ള ബന്ധങ്ങൾ ചൈന ശക്തിപ്പെടുത്തുന്നു. യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയുടെ സ്ഥിരാംഗത്വശ്രമം വിഫലമാക്കുന്നതിെൻറ പിന്നിൽ വീറ്റോ അധികാരമുള്ള ചൈനയാണെന്നതും വസ്തുത മാത്രം. സാർക് കൂട്ടായ്മയിൽപെട്ട ശ്രീലങ്കയിലും നേപ്പാളിലും മാലദ്വീപിലും മാത്രമല്ല ബംഗ്ലാദേശിൽപോലും ചൈനക്ക് അനിഷേധ്യമായ സ്വാധീനമുണ്ട്. പശ്ചിമേഷ്യയിൽ നമ്മോട് ഉറ്റസൗഹൃദം പുലർത്തിയ ഇറാൻ, അമേരിക്കയുടെ ഉപരോധത്തോട് ഇന്ത്യ അനുകൂലമായി പ്രതികരിച്ചതോടെ, മുഖംതിരിച്ചുതുടങ്ങി.
നാം അനുസ്യൂതം സഹായിക്കുകയും വികസനത്തിൽ പ്രധാന പങ്കുവഹിക്കുകയും ചെയ്തുവന്ന അയൽരാജ്യമാണ് അഫ്ഗാനിസ്താൻ. സ്വന്തം പടയെ പിൻവലിക്കാനുള്ള ത്വരയിൽ അഫ്ഗാൻ താലിബാനുമായി അമേരിക്കൻ ഭരണകൂടം ദോഹയിൽ ആരംഭിച്ച ഉഭയകക്ഷി ചർച്ചകൾ അന്ത്യത്തിലേക്ക് നീങ്ങവെ കാബൂളിൽ താലിബാെൻറ രണ്ടാമരങ്ങേറ്റം യാഥാർഥ്യമാവുന്ന സൂചനയാണ് ലഭിക്കുന്നത്. താലിബാനുമായി ഒളിച്ചുകളി തുടരുന്ന പാകിസ്താൻ ഈയവസരം എങ്ങനെ പ്രയോജനപ്പെടുത്തുമെന്ന ചോദ്യം ഇന്ത്യയുടെ സുരക്ഷയെപ്പോലും ബാധിക്കുന്നതാണ്.
പ്രതിരോധായുധങ്ങൾക്കുവേണ്ടി ഇന്ത്യ കൂടുതൽ ആശ്രയിക്കുന്ന രാജ്യങ്ങളിലൊന്നായ റഷ്യപോലും അമേരിക്കയുമായുള്ള നമ്മുടെ ബന്ധത്തിെൻറ ഊഷ്മളതയുടെ പേരിൽ അസ്വസ്ഥമാവുന്ന ലക്ഷണമാണ് കാണുന്നത്. ചുരുക്കത്തിൽ, പരമാവധി അവധാനതയും ജാഗ്രതയും ഒപ്പം നയതന്ത്രജ്ഞതയും ആവശ്യപ്പെടുന്നതാണ് ഇന്ത്യയുടെ വിദേശനയം. വംശീയവും ദേശീയവുമായ ശാഠ്യങ്ങളുടെയും മുൻവിധികളുടെയും പേരിൽ സർക്കാർ പിന്തുടരുന്ന നയനിലപാടുകൾ വരുത്തിവെക്കുന്ന കോട്ടങ്ങളും നഷ്ടങ്ങളും കണ്ടില്ലെന്നു നടിച്ചിട്ട് കാര്യമില്ല.
ലോകാരോഗ്യ സംഘടന പുറത്തിറക്കിയ ഭൂപടത്തിൽ ജമ്മു-കശ്മീരിനെയും ലഡാക്കിനെയും ഇന്ത്യയുടെ ഭാഗമായി അടയാളപ്പെടുത്താത്തതിെൻറ പേരിൽ നാം ന്യായമായും പ്രതിഷേധിച്ചു. പക്ഷേ, ജമ്മു-കശ്മീരിെൻറ സംസ്ഥാന പദവി അർധരാത്രിയിൽ റദ്ദാക്കിയ നടപടിക്ക് അന്താരാഷ്ട്രരംഗത്തുണ്ടായ പ്രത്യാഘാതങ്ങൾ കേന്ദ്രസർക്കാർ വിലയിരുത്തിയോ? ഇത്തരം നടപടികൾ പാർലെമൻറിലെ മൃഗീയ ഭൂരിപക്ഷം ഉപയോഗിച്ചും അല്ലാതെയും രാജ്യത്തിെൻറമേൽ അടിച്ചേൽപിക്കുേമ്പാൾ ലോകം അതെങ്ങനെ നോക്കിക്കാണും എന്നുകൂടി ഓർക്കുന്നത് നല്ലതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.