യുക്രെയ്നിന്‍റെ പേരിൽ തുറക്കുന്ന യുദ്ധമുഖം

റഷ്യൻ ആക്രമണത്തെക്കുറിച്ച്​ അമേരിക്ക ആവർത്തിച്ചു മുന്നറിയിപ്പു നൽകുകയും തലസ്ഥാനമായ കിയവിലെ യു.എസ്​ നയതന്ത്ര കാര്യാലയം ജീവനക്കാരോട്​ നാട്ടിൽ തിരിച്ചെത്താൻ ആവശ്യപ്പെടുകയും ചെയ്തതോടെ കിഴക്കൻ യൂറോപ്പിൽ കരിങ്കടൽതീരത്തെ വലിയ രാജ്യങ്ങളിലൊന്നായ യുക്രെയ്നിൽ യുദ്ധകാർമേഘങ്ങൾ ഉരുണ്ടുകൂടുകയാണ്​. പഴയ സോവിയറ്റ്​ യൂനിയനിൽനിന്നു പിരിഞ്ഞുപോയി സ്വതന്ത്ര റിപ്പബ്ലിക്കായി മാറിയ യുക്രെയ്ൻ പാശ്ചാത്യമുന്നണിയിൽ ചേരുന്നത്​ ഭയക്കുന്ന റഷ്യ, രാജ്യത്തെ അരക്ഷിതാവസ്ഥ മുതലെടുത്ത്​ അധിനിവേശത്തിനു തയാറെടുക്കുകയാണെന്ന്​​ അമേരിക്കയും നാറ്റോ സഖ്യവും ആരോപിക്കുന്നു. ​

യുക്രെയ്ൻ നാ​റ്റോയിൽ അംഗത്വമെടുക്കുന്നതിനെ വിലക്കുന്ന ​റഷ്യ, വിഘടിത തീവ്രവാദികളുടെ ആക്രമണം ചെറുക്കാനെന്ന പേരിൽ നടത്തുന്ന വമ്പിച്ച സൈനികവിന്യാസമാണ്​ അമേരിക്ക തെളിവായി ഉയർത്തിക്കാട്ടുന്നത്​. നാളെ, ബുധനാഴ്ചക്കകം റഷ്യ അധിനിവേശത്തിന് ഉത്തരവിടുമെന്നാണ്​ വാഷിങ്​ടണിനെ ഉദ്ധരിച്ച്​ പാശ്ചാത്യമാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്യുന്നത്​. അതു സ്ഥിരീകരിക്കാവുന്ന തെളിവുകളൊന്നും അവർ ഉന്നയിച്ചിട്ടില്ല. നാളും നിമിഷവും കൃത്യപ്പെടുത്തുന്നില്ലെങ്കിലും യുക്രെയ്ൻ ഭരണകൂടവും റഷ്യൻ അധിനിവേശത്തിന്‍റെ സാധ്യത തള്ളിക്കളയുന്നില്ല.

കഴിഞ്ഞ ഒരു ദശകത്തോളമായി റഷ്യൻ അനുകൂലികളായ കലാപകാരികൾക്കെതിരെ ആക്രമണമഴിച്ചുവിടുകയും അതിന്‍റെ പഴിയും പിഴയും യുക്രെയ്നിന്‍റെ തലയിൽ വെച്ചുകെട്ടുകയും ചെയ്യുന്ന വ്യാജ ഓപറേഷന്​ റഷ്യ വട്ടംകൂട്ടുന്നതായാണ്​ അമേരിക്കയുടെ ആരോപണം. ദോണസ്ക്​​, ലൂഹാൻസ്ക്​ റിപ്പബ്ലിക്കുകൾക്കായി പൊരുതുന്ന വിഘടിതർ യുക്രെയ്ൻ സർക്കാർ അവരുടെ ശക്തികേന്ദ്രമായ കിഴക്കൻ മേഖലയിലെ ദോൻബാസിൽ വൻതോതിൽ സൈന്യസജ്ജീകരണം നടത്തുന്നതായി ആരോപിക്കുന്നു.

1,30,000 സൈനികരെ റഷ്യ അതിർത്തിയിൽ വിന്യസിച്ചിട്ടുണ്ടെന്നാണ്​ ഔദ്യോഗിക റിപ്പോർട്ട്​. അധിനിവേശം ആസന്നമാണെന്നാണ്​ പ്രസിഡന്‍റ്​ വ്ലാദിമിർ സെലൻസ്കി മുന്നറിയിപ്പ്​ നൽകുന്നത്​. അതിനെതിരെ നാറ്റോ, അമേരിക്കൻ പാശ്ചാത്യസഖ്യത്തിന്‍റെ സഹായം തേടുന്നുണ്ട്​ അദ്ദേഹം. അതിനു മറുപടിയായി നയതന്ത്രദൗത്യവും ആക്രമണ പ്രതിരോധവും ഒന്നിച്ചുകൊണ്ടുപോകാം എന്നാണ്​ ബൈഡൻ അമ്പത്​ മിനിറ്റ്​ ഫോൺ സംഭാഷണത്തിൽ സെലൻസ്കിയെ ബോധ്യപ്പെടുത്തിയത്​. യുക്രെയ്നു നേരെ ആക്രമണം നടത്തിയാൽ സഖ്യകക്ഷികളുമായി ചേർന്നു മിന്നൽ മറുപടി നൽകുമെന്ന്​ ബൈഡൻ പ്രസ്താവിച്ചിട്ടുണ്ട്​.

സോവിയറ്റ്​ യൂനിയന്‍റെ തിരോധാനത്തോടെ അസ്​തമിച്ച കമ്യൂണിസ്റ്റ്​ സമഗ്രാധിപത്യം വിപുലപ്പെടുത്തി വേറിട്ടുപോയ റിപ്പബ്ലിക്കുകളെ റഷ്യയോട്​ കൂട്ടിച്ചേർക്കാനുള്ള വിശാല പദ്ധതിയാണ്​ പ്രസിഡന്‍റ്​ പുടിന്‍റെ യുക്രെയ്ൻ അധിനിവേശത്തിന്‍റെ പിന്നി​ലെന്നാണ്​ നിരീക്ഷകമതം. യു​ക്രെയ്നു പുറമെ ജോർജിയ, എസ്​തോണിയ, ലാത്​വിയ, ലിത്വേനിയ, ​ബെലറൂസ്​ തുടങ്ങിയ സ്വതന്ത്ര രാഷ്ട്രങ്ങളെകൂടി ചേർത്തുപിടിച്ചുള്ള വിശാല റഷ്യയാണ്​ അദ്ദേഹത്തിന്‍റെ സ്വപ്നം. റഷ്യയുടെ അവിഭാജ്യഘടകമായിരുന്ന യുക്രെയ്ൻ വേറിട്ടു​പോയി നാറ്റോയിലേക്കും യൂറോപ്യൻ യൂനിയനിലേക്കും ചേർന്നുകഴിയുന്നതോടെ പഴയ ശീതയുദ്ധകാലത്തെ ബലാബലത്തിന്‍റെ പ്രതീകമാണ്​ നഷ്ടമാകാൻ പോവുന്നത്​.

ആണവശക്തി​യിലും ഭൂമിശാസ്ത്രപരമായും ഇടത്തരം നിലയിലാണെങ്കിലും തങ്ങളുടെ വൻശക്തിപ്രഭാവത്തിന്​ കോട്ടമൊന്നും തട്ടിയില്ലെന്നു ലോകത്തിനു കാണിച്ചുകൊടുക്കണം. എല്ലാം തുറന്ന ജനാധിപത്യരീതിയിൽ തീരുമാനിക്കുന്ന, മാധ്യമ, ആവിഷ്കാര സ്വാതന്ത്ര്യം നിലനിൽക്കുന്ന യുക്രെയ്നിലെ കാറ്റും ​വെളിച്ചവും മേഖലയിൽ വ്യാപിച്ച്​ റഷ്യൻ ഇരുമ്പുമറ ഭേദിക്കുമോ എന്ന ഭയത്തിനും അറുതി കാണണം. അതിന്​ യുക്രെയ്നെ നിലക്കുനിർത്താൻ പറ്റിയ സന്ദർഭം അഫ്​ഗാനിൽ പരാജയപ്പെട്ടു പിന്മാറിയ അമേരിക്കയുടെയും നാറ്റോയുടെയുമൊക്കെ പരിക്ഷീണകാലമാണ്​ എന്നു കണ്ടാണ്​ പുടിന്‍റെ നീക്കം. 2014ലെ ക്രീമിയൻ കടന്നുകയറ്റത്തിന്‍റെ പേരിൽ നേരിടുന്ന പാശ്ചാത്യ ഉപരോധത്തിന്‍റെ കെടുതികളെ ന്യായീകരിക്കാനും ഭരണകൂട അഴിമതിക്കു മറയിടാനും ഈ സൈനികനീക്കം സഹായിക്കും എന്നും പുടിൻ കണക്കുകൂട്ടുന്നു.

അതിനായി ​യുക്രെയ്നു മേൽ കൈയേറ്റത്തിന്‍റെ കൊടുവാൾ തൂക്കിയിട്ട്​ കിയവുമായും പടിഞ്ഞാറുമായും ഒരേസമയം വില​പേശുകയാണ്​ റഷ്യ. നാറ്റോയിൽ ചേരാനുള്ള യുക്രെയ്ൻ ആവശ്യം നിരാകരിച്ചാൽ പോരാ. പോളണ്ട്​, റുമേനിയ, ബൾഗേറിയ തുടങ്ങിയ സമീപരാജ്യങ്ങളിൽനിന്നു നാറ്റോസഖ്യം കരുതൽ സേനയെ പിൻവലിക്കണം. ദോൻബാസ്​ മേഖലക്ക്​ സ്വയംഭരണം നൽകണം, പൂർവ, ദക്ഷിണ യൂറോപ്യൻ രാജ്യങ്ങളിൽ അമേരിക്ക ഇടത്തരം മിസൈലുകൾ വിന്യസിക്കുന്നത്​ അവസാനിപ്പിക്കുകയോ കുറക്കുകയോ വേണം... ഇങ്ങനെ പോകുന്നു മോസ്​കോയുടെ ആവശ്യങ്ങൾ. യൂറോപ്പിന്‍റെ 'സുരക്ഷാ രൂപകൽപന' തന്നെ മാറ്റിപ്പണിയണമെന്നുമുണ്ട്​ പുടിന്​.

അങ്ങനെ എല്ലാം മാറ്റിവരച്ച്​ റഷ്യയുടെ കൈമോശം വന്ന സ്വാധീനം പുനഃസ്ഥാപിക്കാനും അധിനിവേശത്തിന്‍റെ വ്യാപ്തി വർധിപ്പിക്കാനും ഇടം കൊടുക്കില്ല എന്ന തീർപ്പിലാണ്​ അമേരിക്ക. ഇങ്ങനെ ഇരു വൻശക്തികളും മുഖാമുഖം നിൽക്കുന്ന യുദ്ധമുഖമാണിപ്പോൾ കിഴക്കൻ യൂറോപ്പിൽ തുറന്നിരിക്കുന്നത്​. ബലപ്രയോഗത്തിലൂടെയും അധിനിവേശം ഉറപ്പിച്ച് റഷ്യ സൈനികവിന്യാസം വിപുലപ്പെടുത്തുകയും അമേരിക്ക തിരിച്ചടി ഭീഷണി മുഴക്കുകയും ചെയ്യുമ്പോൾ ഈ യുദ്ധമേഘം എങ്ങനെയെങ്കിലും ദുർബലപ്പെടട്ടെ എന്ന പ്രാർഥനയിലും പ്രതീക്ഷയിലുമാണ്​ ലോകം.

Tags:    
News Summary - Battlefield opening in the name of Ukraine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.