പല്ലുകൊഴിയുന്ന വിവരാവകാശ നിയമം

ഇന്ത്യയിൽ അഭയം തേടിയ മുസ്‍ലിം ഇതര ഹിന്ദു, ക്രൈസ്തവ, ബുദ്ധ, പാഴ്സി, ജൈന, സിഖ് മതസ്ഥർക്ക് എളുപ്പത്തിൽ പൗരത്വം നൽകുന്ന പൗരത്വ ഭേദഗതി ബിൽ നിയമമായത് 2019 ഡിസംബറിലായിരുന്നു. നാലു വർഷത്തിനുശേഷം ഈ വർഷം മാർച്ച് 11 നാണ് അതിന്‍റെ ചട്ടങ്ങൾ പ്രസിദ്ധീകരിച്ച്‌ പൗരത്വം അനുവദിച്ചുതുടങ്ങിയത്. ഒട്ടേറെ പേർ അതുവഴി ഇന്ത്യൻ പൗരരാവുകയും ചെയ്തു. പൗരത്വം അനുവദിക്കുന്നതിനുള്ള ഔദ്യോഗിക നടപടികൾ, പ്രമാണ പരിശോധന, അവയുടെ രജിസ്റ്റർ എന്നിവ ആധുനിക സാങ്കേതിക സംവിധാനങ്ങളിലുള്ള രേഖകളോടെ തന്നെയാവണം നടന്നത്. ഇത് സംബന്ധമായ വിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാകേണ്ടതുമാണ്.

ഇപ്പറഞ്ഞത് തത്ത്വം; എന്നാൽ ഫലത്തിൽ അങ്ങനെയല്ല. വിവരാവകാശ നിയമമനുസരിച്ച് പൊതു വിവരാവകാശ ഓഫിസർ വഴി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് എത്രപേർ പൗരത്വത്തിന് അപേക്ഷിച്ചു, എത്രപേർക്ക് പൗരത്വം നൽകി, എത്രപേരുടേത് പരിഗണനയിലിരിക്കുന്നു എന്ന 'ദ ഹിന്ദു' ദിന പത്രത്തിന്‍റെ ചോദ്യത്തിന് ലഭിച്ച മറുപടി തങ്ങൾക്ക് സമാഹരിച്ച് വെച്ച വിവരങ്ങൾ നൽകാനേ ബാധ്യതയുള്ളൂവെന്നും അത് തയാറാക്കാനോ സമാഹരിക്കാനോ ബാധ്യതയില്ല എന്നുമായിരുന്നു. ഏപ്രിലിൽ മഹാരാഷ്ട്രയിലെ ഒരു അപേക്ഷകന്‍റെ സമാനമായ അപേക്ഷക്ക് കിട്ടിയ മറുപടിയാവട്ടെ, പൗരത്വത്തിനുള്ള അപേക്ഷകളുടെ വിവരങ്ങൾ സൂക്ഷിച്ചുവെക്കാൻ വകുപ്പില്ല എന്നായിരുന്നു. 1955ലെ പൗരത്വ നിയമമോ, 2019ലെ പൗരത്വ ഭേദഗതിനിയമമോ അതിലെ ചട്ടങ്ങളോ അനുസരിച്ച് രേഖകൾ വെക്കാൻ സംവിധാനമില്ല; വിവരങ്ങൾ തയാറാക്കി നൽകാൻ വിവരാവകാശ ഉദ്യോഗസ്ഥന് ബാധ്യതയുമില്ലത്രെ.

വിവരങ്ങളുടെ കമ്പ്യൂട്ടർവത്കൃത ശേഖരണവും ഓൺലൈൻ ലഭ്യതയും ക്ഷിപ്രസാധ്യമായ ഈ യുഗത്തിൽ മറുപടി നൽകുന്നതിലെ ഈ വിസമ്മതം വിവരാവകാശം എന്ന പൗരാവകാശത്തെ ഞെക്കിക്കൊല്ലാനും സുതാര്യതയുടെ വാതിലുകൾ കൊട്ടിയടക്കാനും ഭരണകൂടം എത്രമാത്രം ബദ്ധശ്രദ്ധരാണെന്നതിന്‍റെ ഏറ്റവും ഒടുവിലത്തെ നിദർശനമാണ്. മൻമോഹൻ സിങ്ങിന്‍റെ നേതൃത്വത്തിലെ ഒന്നാം യു.പി.എ ഭരണകാലത്തെ ശ്രദ്ധേയമായ ഒരു നിയമ നിർമാണമായിരുന്നു 2005ലെ വിവരാവകാശ നിയമം.

ഒട്ടേറെ നിർണായകമായ വിവരങ്ങൾ പൊതു മണ്ഡലത്തിലേക്ക് കൊണ്ടുവരാനും സർക്കാറുകളെ തിരുത്താനും ഉതകിയ ഈ നിയമം 2014ൽ നരേന്ദ്ര മോദി ഭരണം ഏറ്റെടുത്തതിൽ പിന്നെ കൂടുതൽ കൂടുതൽ ദുർബലമായതായാണ് അനുഭവം. ബി.ജെ.പി ഇതര സർക്കാറുകളും ഇക്കാര്യത്തിൽ അത്ര മെച്ചമൊന്നുമല്ലെങ്കിലും. ചോദ്യങ്ങൾ ചോദിക്കേണ്ട, വിവരങ്ങൾ ഞങ്ങൾ അറിഞ്ഞാൽ മതി, പൗരർ അനുസരിച്ചുകൊള്ളുക എന്ന സർവാധിപത്യ ഭരണവർഗസമീപനത്തിൽ ജനാധിപത്യത്തിനും പൗരാവകാശങ്ങൾക്കും ശക്തിക്ഷയം സംഭവിക്കുന്നത് അധികാരി വർഗത്തിന് ആനന്ദകരമാവുകയേ ഉള്ളൂ.

പ്രസ്തുത നിയമത്തെ പല്ലില്ലാത്തതാക്കാനുള്ള വിദ്യകളാണ് അധികാരിവർഗം പ്രയോഗിക്കാറ്‌. വിവരങ്ങൾ ശേഖരിച്ചുനൽകേണ്ട ഇൻഫർമേഷൻ കമീഷനുകളിലേക്ക് അംഗങ്ങളെ നിയമിക്കുന്നതിൽ തന്നെ കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങൾ അമാന്തം കാണിക്കുന്നു. അതുവഴി അപേക്ഷകളുടെ ആധിക്യം കൊണ്ട് അവ നിഷ്ക്രിയമാവും. ഭരണനിർവഹണത്തിലെ സുതാര്യതക്കുവേണ്ടി നിലകൊള്ളുന്ന സതർക്ക് നാഗരിക് സംഘടൻ എന്ന പൗരജന കൂട്ടായ്മ നടത്തിയ പഠനമനുസരിച്ച് 2023-2024 വർഷത്തിൽ രാജ്യത്തെ 29 ഇൻഫർമേഷൻ കമീഷനുകളിൽ ഏഴെണ്ണം വ്യത്യസ്ത കാലദൈർഘ്യങ്ങളിൽ തികച്ചും പ്രവർത്തനരഹിതമായിരുന്നു. ഝാർഖണ്ഡിൽ കമീഷൻ നാലുവർഷം നിലവിലില്ലായിരുന്നെങ്കിൽ ത്രിപുരയിൽ അത് മൂന്നു വർഷവും തെലങ്കാനയിൽ ഒന്നര വർഷവും നിഷ്ക്രിയമായിരുന്നു. പല സംസ്ഥാനങ്ങളിലും തലവന്മാർ തന്നെയില്ല. മഹാരാഷ്ട്രയിൽ അപ്പീലുകളുൾപ്പെടെ ഒരു ലക്ഷം അപേക്ഷകൾ നടപടി കാത്തുകഴിയുകയാണ്.

കേന്ദ്രസർക്കാറിന്റെ മനോഭാവമാണ് അതിഭയാനകം. 2015നു ശേഷം പൗരജനങ്ങൾ കോടതികളെ സമീപിച്ചപ്പോഴല്ലാതെ ഒരിക്കൽ പോലും കമീഷണർമാരെ കേന്ദ്രം നിയമിച്ചിട്ടില്ലത്രെ. 11 അംഗങ്ങൾ വേണ്ടിടത്ത് മൂന്നുപേരേ ഇപ്പോഴുള്ളൂ. രാജ്യത്ത് മൊത്തം നാലുലക്ഷത്തോളം അപേക്ഷകൾ കെട്ടിക്കിടക്കുകയാണ്. ഈ വിളംബം കാരണം 14 കമീഷനുകളിൽ നിന്ന് വിവരം ലഭിക്കാൻ ഒരു വർഷത്തിലധികമെടുക്കുന്നു. ഒരു ഏകദേശ കണക്കനുസരിച്ച് ഛത്തിസ്ഗഢിലും ബിഹാറിലും ഒരു പുതിയ അപ്പീൽ നൽകിയാൽ അത് തീർപ്പാവാൻ 2029 വരെ കാത്തിരിക്കണം. കമീഷൻ അംഗങ്ങളുടെ നിയമനങ്ങളിലാണ് കൂടുതൽ പ്രശ്നങ്ങൾ. മിക്കവാറും റിട്ടയേഡ് ഉദ്യോഗസ്ഥരോ രാഷ്ട്രീയബന്ധങ്ങളുള്ളവരോ ആണ് നിയമിക്കപ്പെടാറ് എന്നതിനാൽ അവർ ഭരണപക്ഷത്തോട് ആനുകൂല്യം കാണിക്കാൻ സാധ്യത കൂടുതലാണ്. അതനുസരിച്ച് ഉദ്യോഗസ്ഥരുടെ ലാഘവ സമീപനവും കൂടുന്നു.

കഴിഞ്ഞ അഞ്ചുവർഷത്തെ നിയമാവകാശത്തിലെ ഭേദഗതികൾ അവയെ കൂടുതൽ ദുർബലപ്പെടുത്തിയിരിക്കുന്നു. അംഗങ്ങളുടെ സേവന വേതന വ്യവസ്ഥകൾ താഴ്ത്തിയതും നിയമത്തിൽ പറഞ്ഞവ മാറ്റി അതിനുള്ള അധികാരം കേന്ദ്ര സർക്കാറിൽ നിക്ഷിപ്തമാക്കിയതും അംഗങ്ങളുടെ സ്വാതന്ത്ര്യവും അധികാരവും ഗണ്യമായി വെട്ടിക്കുറച്ചു. ഇതിനു പുറമെ, 2023ലെ വ്യക്തിവിവര സംരക്ഷണനിയമവും മാറ്റങ്ങൾ വരുത്തി. നേരത്തെ വിവരാവകാശത്തിൽ വ്യക്തിപരമായ വിവരങ്ങൾ നൽകാതിരിക്കാൻ ചില കൃത്യമായ നിബന്ധനകൾ നിശ്ചയിച്ചിരുന്നു. എന്നാൽ, ഈ ഭേദഗതിയിലൂടെ വ്യക്തിപരമെന്ന് കല്പിക്കപ്പെടുന്ന ഒരു വിവരവും നൽകേണ്ടതില്ല എന്നായി. മാത്രമല്ല, എം.പി-എം.എൽ.എമാരെ പോലെ തന്നെ ഏതൊരു ഇന്ത്യക്കാരനും വിവരം ലഭിക്കാനുള്ള നിർണായകമായ അവകാശവും ഇപ്പോൾ എടുത്തുകളഞ്ഞിരിക്കുന്നു.

മൊത്തത്തിൽ മിക്ക സംസ്ഥാനങ്ങളും-അതിൽ വലിയ രാഷ്ട്രീയവ്യത്യാസങ്ങളില്ല-നിയമം തന്നെ നിർണയിക്കുന്ന കേന്ദ്ര സർക്കാറുകളും കാരണം പൗരാവകാശത്തിനുള്ള ശക്തമായ ആയുധത്തിന്‍റെ മൂർച്ച തേഞ്ഞുപോയിരിക്കുന്നു. എക്സിക്യൂട്ടിവിനെ സുതാര്യസംവിധാനങ്ങളിൽ നിന്ന് സംരക്ഷിച്ച് നിർത്താനാണ് എവിടെയും ശ്രമം. ജാഗ്രത്തായ ഒരു പൗരസഞ്ചയം തന്നെ ഉണർന്നിരുന്നാലേ പൗരാവകാശങ്ങൾക്ക് പുനരുജ്ജീവനവും തുടർച്ചയുമുണ്ടാവൂ.

Tags:    
News Summary - Toothless Freedom of Information Act

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.