ഹരിയാന തെരഞ്ഞെടുപ്പ് ഫലത്തിലുണ്ടായ ദുരൂഹതയുളവാക്കുന്ന ചാഞ്ചാട്ടത്തോടെ വോട്ടുയന്ത്രത്തിന്റെ വിശ്വാസ്യത സംബന്ധിച്ച് വീണ്ടും ചോദ്യങ്ങളുയർന്നിരിക്കുന്നു. മെഷീൻ വേണ്ട പഴയ മട്ടിലെ പേപ്പർ ബാലറ്റ് മതിയെന്ന ആവശ്യം വീണ്ടും ഉയരാനും ഈ ചർച്ചകൾ കാരണമായിട്ടുണ്ട്. വോട്ടെണ്ണലിലുണ്ടായ അനിതര സാധാരണമായ ഏറ്റക്കുറച്ചിലുകളും സാങ്കേതിക പ്രശ്നങ്ങളും വോട്ടു ശതമാനത്തിലെ വ്യത്യാസവുമെല്ലാമാണ് വോട്ടുയന്ത്രത്തിന്റെ വിശ്വാസ്യത വീണ്ടും ചർച്ചയിലേക്ക് കൊണ്ടു വന്നിരിക്കുന്നത്. ഹരിയാനയിൽ കടുത്ത ഭരണവിരുദ്ധ വികാരമുണ്ടെന്നും ഭരണമാറ്റ സാധ്യതയുണ്ടെന്നുമാണ് ജനങ്ങൾക്കിടയിൽ നിന്ന് റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകരും സാഹചര്യം ഇഴകീറി പരിശോധിച്ച തെരഞ്ഞെടുപ്പ് വിശാരദരുമെല്ലാം പ്രവചിച്ചിരുന്നത്. അവ ശരിവെക്കുന്ന തരത്തിലായിരുന്നു വോട്ടെണ്ണൽ തുടങ്ങിയ ശേഷമുള്ള ആദ്യ മണിക്കൂറുകളിലെ സ്ഥിതിഗതികളും. തുടക്കത്തിൽ 90 അംഗ നിയമസഭയിൽ പ്രതിപക്ഷമായ കോൺഗ്രസ് 65 ലേറെ സീറ്റുകളിൽ മുന്നേറുകയും ചെയ്തു. 15 നും 20 നും ഇടയിലായിരുന്നു ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടിയുടെ മുന്നേറ്റവും. പൊടുന്നനെയായിരുന്നു അത്ഭുതകരമായ മാറിമറിച്ചിലുകൾ. ലീഡ് നില കീഴ്മേൽ മറിയുകയും ഭരണകക്ഷി മുന്നിലെത്തുകയും ചെയ്തു.

ചില മേഖലകളിൽ, സീറ്റുകളിൽ വ്യത്യാസമുണ്ടാവുന്നതും അട്ടിമറികളുണ്ടാവുന്നതും എല്ലാം തെരഞ്ഞെടുപ്പിൽ പതിവാണ്. പ്രവചനങ്ങൾ മുഴുവൻ അമ്പേ തെറ്റിയ ഫലങ്ങളുമുണ്ടാവാറുണ്ട്. അതേ സമയം ഒരേ സമയം സംസ്ഥാനം മുഴുവൻ ഫലത്തെ ബാധിക്കും വിധം വലിയ തോതിൽ മൊത്തമായി വന്ന മാറ്റം പതിവില്ലാത്തതാണെന്ന് പറയാതെ വയ്യ. വോട്ടുനിലയിലും ഈ മാറ്റമുണ്ട്. ഇരു പാർട്ടികൾക്കും ലഭിച്ച വോട്ടുകളുടെ ശതമാനത്തിലെ വ്യത്യാസം ഒന്നിൽ താഴെ മാത്രമാണ്. എന്നാൽ, സീറ്റുകളുടെ എണ്ണത്തിൽ വലിയ അന്തരമുണ്ട്. ജാട്ട്, ജാട്ടിതര മേഖലകളിലെ വ്യത്യാസം എന്നെല്ലാം ചൂണ്ടിക്കാട്ടാമെങ്കിലും വോട്ട്, സീറ്റ് വ്യത്യാസം ആശ്ചര്യകരമാണെന്നാണ് തെരഞ്ഞെടുപ്പ് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.

ഫലത്തിലെ അപ്രതീക്ഷിത മാറ്റത്തിലും വോട്ടുയന്ത്രങ്ങളിലെ ബാറ്ററി ചാർജ് അടക്കമുള്ള സാങ്കേതിക പ്രശ്നങ്ങളിലും സംശയമുയർത്തി കോൺഗ്രസ് തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചെങ്കിലും തള്ളുകയാണുണ്ടായത്. വോട്ടിങ്ങിന് ഉപയോഗിച്ച മെഷീനിൽ ഡിസ്‍പ്ലേ ബോർഡിൽ 99 ശതമാനം ചാർജ് കാണിക്കുകയില്ലെന്നും 70 ശതമാനമേ ഉണ്ടാകൂവെന്നും 99 ശതമാനം ചാർജുള്ള മെഷീൻ എണ്ണിയ 12 സീറ്റിലെങ്കിലും പരാജയപ്പെട്ടതായും കോൺഗ്രസ് ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ, വോട്ടുയന്ത്രങ്ങളില്‍ ക്രമക്കേടുകളോ കൃത്രിമത്വമോ സാധ്യമല്ലെന്ന പതിവ് മറുപടി ആവർത്തിച്ച തെരഞ്ഞെടുപ്പ് കമീഷൻ ഫലം ചോദ്യം ചെയ്തതിന് കോൺഗ്രസിനെ വിമർശിക്കുകയും ചെയ്തു.

വോട്ടുയന്ത്രത്തിനെച്ചൊല്ലി ആദ്യമായല്ല ആക്ഷേപമുയരുന്നത്. വിഷയം സുപ്രീംകോടതി വരെ എത്തിയതുമാണ്. മുഴുവന്‍ വിവിപാറ്റ് സ്ലിപ്പുകളും ഒത്തുനോക്കണം, വോട്ടെടുപ്പിനുശേഷം ഈ സ്ലിപ് ബാലറ്റുപെട്ടിയില്‍ നിക്ഷേപിക്കാന്‍ വോട്ടര്‍മാരെ അനുവദിക്കണം, പേപ്പർ ബാലറ്റ് അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് കോടതിയിലെത്തിയത്. എന്നാൽ, കോടതിയാകട്ടെ കമീഷൻ വാദഗതികൾ പൂർണമായി അംഗീകരിച്ച് ഹരജികൾ തള്ളുകയായിരുന്നു. ഹരജികൾക്ക് പിന്നിൽ നിക്ഷിപ്ത താൽപര്യക്കാരാണെന്നും രാജ്യ പുരോഗതിയെ ദുർബലപ്പെടുത്താനാണെന്നു പറയുകയും ചെയ്തു.

ഇക്കഴിഞ്ഞ ഒഡിഷ നിയമസഭ തെരഞ്ഞെടുപ്പിൽ 20 സീറ്റുകളിലെ ഫലത്തെ കുറിച്ച് വിമർശനമുയർന്നിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പിലാകട്ടെ, 79 സീറ്റുകളിൽ ചെയ്ത വോട്ടും മെഷീനിലെ വോട്ടും തമ്മിൽ അന്തരമുള്ളതായും വിമർശനമുയർന്നു. 15 സംസ്ഥാനങ്ങളിലെ 79 സീറ്റുകളിലെ വ്യത്യാസം, പോള്‍ ചെയ്ത വോട്ടുകളും എണ്ണിയ വോട്ടുകളും തമ്മിലെ വ്യത്യാസം അഞ്ചുകോടി വരെ ആണെന്നാണ് രാഷ്ട്രീയ, സാമ്പത്തിക വിദഗ്ധനും എഴുത്തുകാരനുമായ പരകാല പ്രഭാകർ ചൂണ്ടിക്കാട്ടിയത്. ഈ കണക്കുകൾ സംബന്ധിച്ച്, വിമർശനം സംബന്ധിച്ച് ഒരു വ്യക്തതയും കമീഷൻ നൽകിയിട്ടുമില്ല. ഈ 79 സീറ്റുകളിൽ കേരളത്തിലെ തൃശൂരും ഉൾപ്പെടും. ഒഡിഷയിലും കേന്ദ്രത്തിലും സർക്കാർ രൂപവത്കരണത്തിൽ ഈ സീറ്റുകളുടെ എണ്ണം നിർണായകമായിരുന്നു.

ഒരു ജനാധിപത്യ രാജ്യത്ത് ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് സുതാര്യവും സ്വതന്ത്രവുമായ തെരഞ്ഞെടുപ്പ്. സംശയമുന്നയിച്ചാലും ഇല്ലെങ്കിലും നേരിയ സംശയം പോലും അവശേഷിക്കാത്ത വിധത്തിൽ സുതാര്യത ഉറപ്പുവരുത്തേണ്ടത് തെരഞ്ഞെടുപ്പ് കമീഷന്റെ ചുമതലയാണ്. കമീഷൻ നടപടികളും വോട്ടെടുപ്പും സംശയ നിഴലിലാവുന്നത് ജനാധിപത്യത്തിന് ഒട്ടും ഭൂഷണമല്ല. അന്തിമ വോട്ടുകളുടെ കണക്ക് നൽകുന്നതിലെയും ഫല പ്രഖ്യാപനത്തിലെയും മെല്ലെപ്പോക്കും ഒഴിവാക്കാനും തെരഞ്ഞെടുപ്പ് പ്രക്രിയയിൽ കൃത്യത ഉറപ്പുവരുത്താനും കമീഷൻ ജാഗ്രത പാലിക്കേണ്ടതുണ്ട്. ഇ.വി.എം കേസിൽ കോടതി നിർദേശിച്ച ചിഹ്നം ചേർക്കുന്ന യൂനിറ്റുകളും മുദ്രവെച്ച് സൂക്ഷിക്കുക, സ്ലിപ് എണ്ണാൻ യന്ത്രം ഏർപ്പെടുത്തുക എന്നീ നിർദേശങ്ങൾ പാലിക്കാനും കമീഷൻ തയാറാവണം. അതേ സമയം ജയിക്കുമ്പോൾ ശരിയും തോൽവിയിൽ വിമർശനവുമെന്ന പ്രതിപക്ഷ നിലപാടും ശരിയല്ല, സമീപ കാലത്ത് പല തെരഞ്ഞെടുപ്പിലും ഈ ആരോപണം പ്രതിപക്ഷം ഉന്നയിക്കുന്നുണ്ട്. ഉന്നയിച്ച് പിൻവാങ്ങുകയല്ല ആരോപണങ്ങൾ ഉപോൽബലകമായ തെളിവുകൾ സഹിതം സാക്ഷ്യപ്പെടുത്തേണ്ട ബാധ്യതയും പ്രതിപക്ഷത്തിനുണ്ട്. ജനങ്ങളുടെ ആശങ്ക മാറ്റുന്നതിന് ഇടപെടേണ്ടതും പ്രതിപക്ഷത്തിന്റെ കടമയാണ്. അടുത്ത തെരഞ്ഞെടുപ്പുകളെങ്കിലും ആരോപണമുക്തമാക്കാൻ കമീഷൻ ശ്രദ്ധ പുലർത്തുമെന്ന് ആശിക്കാം. തെരഞ്ഞെടുപ്പുകൾ നീതിയുക്തമല്ല എന്ന നേരിയ ഒരു ആക്ഷേപം പോലും ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന് തീരാകളങ്കമാണ്.

Tags:    
News Summary - Madhyamam Editorial on EVM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.