കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, ലൈംഗികാതിക്രമങ്ങൾ, മാനസിക-ശാരീരിക പീഡനങ്ങൾ തുടങ്ങി കുഞ്ഞുങ്ങൾക്കെതിരായ അതിക്രമങ്ങൾ രാജ്യത്ത് സകലസീമയും ലംഘിച്ച് വർധിച്ച ഒരു ദശകമാണിത്. വികസിതമെന്നും പരിഷ്കൃതമെന്നും അവകാശപ്പെടുന്ന രാജ്യങ്ങളെല്ലാം കുഞ്ഞുങ്ങൾക്കെതിരായ കുറ്റകൃത്യങ്ങൾ കുറച്ചുകൊണ്ടുവരാനുള്ള പദ്ധതികൾ ഏറ്റെടുത്ത് നടപ്പാക്കുമ്പോഴാണ് പിഞ്ചുപെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ, രാജ്യം ഭരിക്കുന്ന പാർട്ടിയുടെ നേതാവുൾപ്പെടെയുള്ള അക്രമികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് റാലി നടത്തുന്ന നാട് എന്ന നിലയിൽ ലോകത്തിനു മുന്നിൽ ഇന്ത്യ നാണംകെട്ട് നിന്നത്. നിയമങ്ങളുടെയോ ചട്ടങ്ങളുടെയോ ഉത്തരവാദിത്തപ്പെട്ട സംവിധാനങ്ങളുടെ അഭാവത്താലല്ല കുഞ്ഞുങ്ങൾക്കെതിരായ അതിക്രമങ്ങൾ കുതിച്ചുയർന്നത്. കുട്ടികളെ ജീവനും ആത്മാവും അന്തസ്സുമുള്ള പൗരരായി കാണാൻ തയാറല്ലാത്ത ഭരണകൂടവും കുഞ്ഞുങ്ങളുടെ അവകാശ സംരക്ഷണത്തിനുപരി ഭരണകൂടത്തിന്റെ ഒത്താശപ്പണിക്കാരായി അധഃപതിച്ച ദേശീയ ബാലാവകാശ കമീഷനുമാണ് ബാലമരണങ്ങളുടെ നാടായി ഇന്ത്യയെ മാറ്റിയത്.
നരേന്ദ്ര മോദിയുടെ നേതൃത്വത്തിലെ സംഘ്പരിവാർ നിയന്ത്രിക്കുന്ന ബി.ജെ.പി സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വന്ന ശേഷം നിയോഗിക്കപ്പെട്ട ദേശീയ ബാലാവകാശ കമീഷനിൽ 2015 നവംബർ മുതൽ 2018 ഒക്ടോബർ വരെ അംഗമായും 2018 ഒക്ടോബർ മുതൽ രണ്ട് ടേമുകളിൽ ചെയർപേഴ്സനായും പ്രവർത്തിക്കുന്ന പ്രിയങ്ക് കാനൂൻഗോ സ്ഥാനമൊഴിയാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, ഹിന്ദുത്വ ഫാഷിസ്റ്റ് സർക്കാറിന്റെ ഒരു അജണ്ട കൂടി നടപ്പാക്കാൻ തുനിഞ്ഞിറങ്ങിയിരിക്കുന്നു. നിയമാവലിയിലെ പഴുതുപയോഗിച്ച് കമീഷൻ നേതൃപദവി ഒന്നിലേറെത്തവണ സമ്മാനിച്ച യജമാനന്മാർക്കുവേണ്ടി കാനൂൻഗോ കളത്തിലിറങ്ങിക്കളിക്കുന്നത് ഇതാദ്യമായല്ല. ബാലാവകാശങ്ങളെ ഹനിക്കുന്നുവെന്ന പേരിൽ മദ്റസകൾക്കും മദ്റസ ബോർഡുകൾക്കുമുള്ള സർക്കാർ ധനസഹായം നിർത്തണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കമീഷൻ സംസ്ഥാനങ്ങൾക്ക് അയച്ച കത്ത് സംഘ്പരിവാർ കേന്ദ്രങ്ങളും ഹിമന്ദ ബിശ്വ ശർമയെയും ആദിത്യനാഥിനെയും പോലുള്ള വിദ്വേഷ ഭാഷികളും കുറെക്കാലമായി പടർത്തിവിട്ടുകൊണ്ടിരിക്കുന്ന മുസ്ലിം വിരുദ്ധ പ്രൊപഗാൻഡയുടെ സങ്കലനം തന്നെയാണ്.
ദാരിദ്ര്യവും പട്ടിണിയുമടക്കം സാമൂഹിക പിന്നാക്കാവസ്ഥയിൽ നട്ടംതിരിയുന്ന ഉത്തരേന്ത്യൻ മുസ്ലിം മേഖലകളിലെ കുഞ്ഞുങ്ങൾ മാതൃഭാഷയിലെങ്കിലും പേരെഴുതാൻ പഠിച്ചതിന് തകരഷെഡ്ഡുകൾക്ക് കീഴിൽ പുൽപ്പായ വിരിച്ച് പ്രവർത്തിക്കുന്ന മദ്റസകളോടാണ് കടപ്പെട്ടിരിക്കുന്നത്. ഇന്നാടുകളിലെ കുഞ്ഞുങ്ങളെ ബാലവേല എന്ന കൊടിയ മനുഷ്യാവകാശ ലംഘനത്തിൽ നിന്ന് രക്ഷിച്ചുനിർത്തുന്നതിലും ഈ വിദ്യാകേന്ദ്രങ്ങൾ വഹിക്കുന്ന പങ്ക് വലുതാണ്. മുസ്ലിംകൾക്ക് മാത്രമല്ല, കിലോമീറ്ററുകൾ താണ്ടിയാലും സ്കൂളുകളിലെത്തിപ്പെടാൻ കഴിയാത്ത യു.പിയും ബിഹാറും പോലുള്ള സംസ്ഥാനങ്ങളിലെ പിന്നാക്ക മേഖലകളിൽ പലയിടത്തും മതജാതി േഭദമെന്യേ ഏതു മക്കൾക്കും അക്ഷരവും അടിസ്ഥാന വിദ്യാഭ്യാസവും നേടാനുള്ള ആശ്രയവും മദ്റസകളാണ്. അവയെ ആധുനികവത്കരിച്ച് കുഞ്ഞുങ്ങൾക്ക് കൂടുതൽ ഉപകാരപ്രദമാക്കാൻ സമുദായ സംഘടനകളും സന്നദ്ധ പ്രവർത്തകരും കുറച്ചുകാലങ്ങളായി നിരന്തരശ്രമങ്ങൾ നടത്തുന്നു. സിവിൽ സർവിസ് പരീക്ഷ പരിശീലനം ഉൾപ്പെടെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയ മദ്റസകൾ പോലും ഇന്ന് രാജ്യത്തുണ്ട്. അവയുടെ സാമൂഹിക പ്രസക്തി മനസ്സിലാക്കി പല സംസ്ഥാന സർക്കാറുകളും ഈ ഉദ്യമത്തിന് പിന്തുണയും നൽകുന്നുണ്ട്. കുഞ്ഞുങ്ങളുടെ അവകാശ സംരക്ഷണത്തിലും വിദ്യാഭ്യാസം സാർവത്രികമാക്കുന്നതിലും തരിമ്പ് താൽപര്യം അവശേഷിച്ചിരുന്നുവെങ്കിൽ മദ്റസകൾ ഉൾപ്പെടെയുള്ള സമാന്തര-ബദൽ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ശാക്തീകരിക്കാനാണ് ബാലാവകാശ കമീഷൻ മുന്നോട്ടുവരേണ്ടിയിരുന്നത്. നിർഭാഗ്യവശാൽ മാധ്യമ-സമൂഹമാധ്യമ പിന്തുണയോടെ സംഘ്പരിവാർ നടത്തിക്കൊണ്ടിരിക്കുന്ന വിഷപ്രചാരണത്തിന്റെ മൊത്തവിതരണമാണ് കമീഷൻ ഏറ്റെടുത്തിരിക്കുന്നത്.
രാജ്യത്ത് ഏറ്റവും മികച്ച രീതിയിൽ മദ്റസകൾ പ്രവർത്തിക്കുന്ന സംസ്ഥാനമാണ് കേരളം. മഹല്ല് കമ്മിറ്റികളും വിവിധ മത-സാമൂഹിക കൂട്ടായ്മകളുമാണ് ഇവിടത്തെ മദ്റസകളുടെ പരിപാലനവും മദ്റസാധ്യാപകരുടെ ശമ്പളവും ഒരുക്കുന്നതെന്നത് ഏവർക്കും അറിയുന്ന സത്യവുമാണ്. എന്നിട്ടും സർക്കാറാണ് മദ്റസകളുടെ ചെലവ് വഹിക്കുന്നതെന്നും കാൽലക്ഷം രൂപ വീതം മദ്റസാധ്യാപകർക്ക് ശമ്പളം നൽകുന്നതെന്നുമെല്ലാമുള്ള പെരുംനുണ ഏറെക്കാലമായി സംഘ്പരിവാർ പ്രചരിപ്പിച്ചുപോരുന്നുണ്ട്. അത്തരം നുണക്കഥകൾ കൂട്ടിക്കെട്ടി തയാറാക്കിയ വിശദപഠനം എന്ന് പേരിട്ട റിപ്പോർട്ടും കൈയിലേന്തിയാണ് പ്രിയങ്ക് കാനൂൻഗോ കേരളത്തെ പ്രതിക്കൂട്ടിൽ നിർത്താൻ ശ്രമിക്കുന്നത്.
കലാപം സൃഷ്ടിച്ചും കള്ളക്കഥകൾ പരത്തിയും ന്യൂനപക്ഷ സമുദായത്തെ മുഖ്യധാരയിൽ നിന്നും മുന്നേറ്റങ്ങളിൽ നിന്നും അകറ്റാൻ 99 വർഷമായി പണിപ്പെട്ടുകൊണ്ടിരിക്കുന്ന വർഗീയ വിചാരധാരയുടെ ഒടുവിലത്തെ അടവാണ് വിദ്യാഭ്യാസ രംഗത്തുനിന്ന് മുസ്ലിംകളെ ആട്ടിപ്പായിക്കുകയെന്നത്. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ അജണ്ടകൾ സെറ്റ് ചെയ്തും ഹിജാബ് നിരോധിച്ചും അധ്യാപകരെ കള്ളക്കേസിൽ കുടുക്കിയും വിദ്യാർഥി നേതാക്കളെ ജയിലിലടച്ചും മാർക്ക്, യു.പി.എസ്.സി ജിഹാദ് പോലുള്ള കള്ളക്കഥകൾ മെനഞ്ഞുമെല്ലാം ശ്രമിച്ചിട്ടും വിജ്ഞാന സമ്പാദനത്തിനായുള്ള ഈ സമുദായത്തിന്റെ തേട്ടത്തെ തടുക്കാൻ കഴിഞ്ഞിട്ടില്ല. ന്യൂനപക്ഷ അവകാശത്തിനും, വിദ്യാഭ്യാസ അവകാശത്തിനും വെല്ലുവിളിയുയർത്തിക്കൊണ്ട് മദ്റസകൾക്ക് നേരെ കൈവെക്കാനുള്ള നീക്കം ചെറുക്കപ്പെടണം. അറിവിന്റെ പാതയിൽ മുന്നേറാൻ അക്ഷീണം യത്നിക്കുന്ന സമുദായത്തിന്റെ മുന്നോട്ടുള്ള കുതിപ്പിന് സഹായിച്ചില്ലെങ്കിലും തടയിടാതിരിക്കാനെങ്കിലും വകതിരിവ് കാണിക്കുക. എങ്കിൽ മികവിലെത്തുന്നത് ഒരു സമുദായം മാത്രമാവില്ല, ഈ രാജ്യം തന്നെയായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.