ഉത്തർപ്രദേശിൽ റായ്ബറേലിക്കു സമീപം ഗദാഗഞ്ച് പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ പെടുന്ന സുദാംപൂരിൽ കഴിഞ്ഞ വ്യാഴാഴ്ച ഒരു ദലിത് കുടുംബത്തിലെ പിഞ്ചുകുഞ്ഞുങ്ങളടക്കം നാലുപേർ വീട്ടിനകത്ത് വെടിയേറ്റുമരിച്ച സംഭവം അവശവിഭാഗങ്ങളുടെ നില രാജ്യത്ത് അത്യധികം അപകടകരമായ സ്ഥിതിയിലെത്തിയിരിക്കുകയാണെന്ന ആശങ്കക്ക് അടിവരയിടുന്നതാണ്. സ്കൂൾ അധ്യാപകനായ മുപ്പത്തഞ്ചുകാരൻ സുനിൽകുമാറിനെയും ഭാര്യ പൂനത്തെയും അഞ്ചും രണ്ടും വയസ്സുള്ള പിഞ്ചുകുഞ്ഞുങ്ങളെയും വീട്ടിൽ കയറി വെടിവെച്ചു കൊല്ലുകയായിരുന്നു അക്രമി. ചന്ദൻ വർമ എന്നു പേരായ കുറ്റാരോപിതൻ പിറ്റേന്നാൾ തന്നെ പൊലീസ് പിടിയിലായി. വർമയുടെ ശല്യം സഹിക്കവയ്യാതെ സുനിൽ കുമാറിന്റെ ഭാര്യ പൂനം പരാതി നൽകിയതിനെ തുടർന്ന് പൊലീസ് കേസെടുത്തതിലുള്ള പകവീട്ടലാണ് കൂട്ടക്കൊലയെന്നാണ് പ്രാഥമിക റിപ്പോർട്ട്. വാട്സ്ആപ്പിൽ ഭീഷണി സ്റ്റാറ്റസ് മെസേജ് ആയി നൽകിയ ശേഷമായിരുന്നു പ്രതിയുടെ ക്രൂരകൃത്യം. പൊലീസിൽ പരാതിപ്പെട്ടതിൽ പിന്നെ പൂനം പലപ്പോഴും മരണപ്പേടി പ്രകടിപ്പിച്ചിരുന്നു. തങ്ങൾക്ക് വല്ലതും സംഭവിച്ചാൽ അയാളായിരിക്കും ഉത്തരവാദിയെന്ന് തുറന്നുപറയുകയും ചെയ്തു. ഈ മുന്നറിയിപ്പുകളൊക്കെ ഇരിക്കെയാണ് സെപ്റ്റംബർ 30ന് ഇവർ അറുകൊല ചെയ്യപ്പെടുന്നത്. കുറ്റവാളികളെ തൽക്ഷണം കൈകാര്യം ചെയ്യുന്നയാളെന്ന് വാഴ്ത്തപ്പെടുന്ന ഹിന്ദുത്വ ഹൃദയസാമ്രാട്ട് യോഗി ആദിത്യനാഥ് വാണരുളുന്ന നാട്ടിൽ ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. പതിനെട്ടും പതിനഞ്ചും വയസ്സുള്ള രണ്ട് ദലിത് പെൺകുട്ടികൾ യു.പിയിലെ ഫാറൂഖാബാദിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിന്റെ പ്രതിഷേധ കോളിളക്കം കെട്ടടങ്ങും മുമ്പാണ് പുതിയ അതിക്രമ വാർത്ത. മുസ്ലിം ന്യൂനപക്ഷത്തിന്റെ ജീവനും സ്വത്തിനും നിരന്തരം ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന യു.പിയിൽ വംശീയ വെറിയുടെയും ജാതിചൂഷണത്തിന്റെയും ഇരകളായി ദലിതരും അവശവിഭാഗങ്ങളും കൂടി കണ്ണിചേർക്കപ്പെടുന്നു എന്നതാണ് അനുഭവസത്യം.
ദലിത് വിഭാഗങ്ങൾ നേരിടുന്ന അതിക്രമങ്ങളെക്കുറിച്ച് കേന്ദ്രസർക്കാറിന്റെ സാമൂഹികനീതി, ശാക്തീകരണ മന്ത്രാലയം ഈയിടെ പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതൽ അക്രമങ്ങൾ രേഖപ്പെട്ടത് ഉത്തർപ്രദേശിലാണ്. ബി.ജെ.പി തന്നെ ഭരിക്കുന്ന രാജസ്ഥാൻ, മധ്യപ്രദേശ് സംസ്ഥാനങ്ങളാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ. 2022ലെ കണക്കാണ് കഴിഞ്ഞ മാസം പുറത്തുവന്നത്. 1989ലെ പട്ടികജാതി, പട്ടികവർഗ (അതിക്രമം തടയൽ) നിയമം അനുസരിച്ച് രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത 51,656 കേസുകളിൽ 12,287 കേസുകളും ഉത്തർപ്രദേശിലാണ്; രാജ്യത്താകമാനമുണ്ടായ അതിക്രമക്കേസുകളുടെ 23.78 ശതമാനം വരുമിത്. 8,651 കേസുകൾ (16.75 ശതമാനം) ആണ് രാജസ്ഥാനിൽ. മധ്യപ്രദേശിൽ 7,732 ഉം (14.97 ശതമാനം). ബിഹാറും (6509) ഒഡിഷയും (2902) മഹാരാഷ്ട്രയും (2276) പിറകിലുണ്ട്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ സർക്കാറിന്റെ ഒത്താശയിലും മൗനാനുമതിയിലും ഔദ്യോഗികവും അനൗദ്യോഗികവുമായ രീതികളിൽ മുസ്ലിംകൾക്കെതിരായ അതിക്രമങ്ങൾ വർധിച്ചുവരുന്നത് ഇപ്പോൾ വാർത്തയേ അല്ല. എന്നാൽ, മുസ്ലിംകൾ മാത്രമല്ല, രാജ്യത്തെങ്ങും ദലിതരും ഇതുപോലെ അടിച്ചൊതുക്കലിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ പുറത്തുവന്ന കേന്ദ്രസർക്കാർ റിപ്പോർട്ട് ഗവൺമെന്റുകളുടെ ഗുരുതര അനാസ്ഥയും അനാവരണം ചെയ്യുന്നുണ്ട്. 2022 വർഷാവസാനത്തിൽ പട്ടികജാതി അതിക്രമത്തിൽ 17,166 കേസുകളും പട്ടികവർഗക്കാർക്കെതിരായി 2,702 കേസുകളും ഇപ്പോഴും പെൻഡിങ്ങിലാണ്. കേസുകൾ പലതും അത്യസാധാരണമായി ഇഴഞ്ഞുനീങ്ങുകയും ഒടുവിൽ പലവിധ കാരണങ്ങളാൽ തള്ളിപ്പോകലുമാണ് രീതി. ദലിത് വിരുദ്ധ അതിക്രമങ്ങൾ മാത്രം കൈകാര്യം ചെയ്യാൻ പ്രത്യേക കോടതികൾ സ്ഥാപിക്കണമെന്ന് 1989 ലെ നിയമം അനുശാസിച്ചിരുന്നു. എന്നാൽ, 498 ജില്ലകളുള്ള ഇന്ത്യയിൽ 194 കോടതികൾ മാത്രമാണുള്ളത്. പ്രത്യേക പൊലീസ് സ്റ്റേഷനുകളുടെ എണ്ണവും തുലോം കുറവാണ്. കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങൾക്ക് ഇക്കാര്യത്തിൽ എത്ര താൽപര്യമുണ്ടെന്ന് ഈ കണക്കുകൾ സൂചിപ്പിക്കുന്നു. യു.പിയിലെ ബദായുനിൽ കഴിഞ്ഞ വർഷം നവംബർ 27നാണ് മകൻ പൊതുടാപ്പിൽ നിന്ന് വെള്ളം കുടിച്ചതിന് പിതാവ് കമലേഷിനെ പട്ടാപ്പകൽ ആളുകൾ അടിച്ചുകൊന്നത്. ക്രൂരമായ കൊലപാതകം മാത്രമല്ല, അത് നോക്കിനിന്ന ഗ്രാമീണരുടെ നിന്ദ്യമായ നിസ്സംഗതയിലായിരുന്നു അവരുടെ പറഞ്ഞറിയിക്കാനാകാത്ത സങ്കടം. ഇക്കഴിഞ്ഞ ലൈംഗികാതിക്രമം സംബന്ധിച്ച പരാതിയിൽ പൊലീസ് എഫ്.ഐ.ആർ ഇടാതിരിക്കുകയും പരാതി പിൻവലിക്കാൻ നിർബന്ധിക്കുകയും ചെയ്തതിന്റെ പേരിലാണ് ആഗസ്റ്റ് 18ന് യു.പിയിലെ അംബേദ്കർ നഗറിൽ 21 വയസ്സുള്ള അതിജീവിത കയറിൽ കെട്ടിത്തൂങ്ങിയത്.
ന്യൂനപക്ഷ സമുദായങ്ങളെ എന്ന പോലെ ദലിതുകളെയും പിന്നാക്ക ജാതികളെയും തല്ലിക്കൊല്ലാനും അയിത്തം കൽപിച്ച് വഴിയാധാരമാക്കാനും വ്യവസ്ഥാപിതമായി ശ്രമങ്ങൾ നടക്കുന്ന, സംഘ്പരിവാർ തനിച്ചും മുന്നണിയായും ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്നുള്ള അതിക്രമങ്ങൾ വായ്ത്താരിക്കപ്പുറം പ്രയോഗത്തിൽ ഹിന്ദുത്വകക്ഷികൾ എവിടെ നിൽക്കുന്നെന്ന് വ്യക്തമാക്കുന്നു. ദലിത് അതിക്രമങ്ങൾ തടയുമെന്നും മാനവവിഭവശേഷിയിൽ ഇതര വിഭാഗങ്ങളുമായുള്ള വ്യത്യാസം ഗണ്യമായി കുറക്കുമെന്നുമായിരുന്നു ബി.ജെ.പിയുടെ 2014 ലെ വാഗ്ദാനം. അവിടെയും മതിയാക്കാതെ, വിദ്യാഭ്യാസത്തിലും സംരംഭകത്വത്തിലുമൊക്കെ ഊന്നി അവരുടെ സാമൂഹിക, സാമ്പത്തിക ശാക്തീകരണത്തിന് ശ്രമിക്കുമെന്നും എഴുതിപ്പിടിപ്പിച്ചിരുന്നു. മോദി രണ്ടാമൂഴം കഴിഞ്ഞ് മൂന്നാം വട്ടം ഭരണത്തിലേറിയിട്ടും ബി.ജെ.പിയുടെ സ്വന്തം സംസ്ഥാനങ്ങളിൽ സാമൂഹിക അഭ്യുദയം പോകട്ടെ, ജീവനും അന്തസ്സാർന്ന ജീവിതത്തിനും വേണ്ടി പോലും ദലിത് ജനവിഭാഗങ്ങൾക്ക് നിലവിളിക്കേണ്ടിവരുന്നു എന്നത് എന്തുമാത്രം ലജ്ജാകരമാണ്!
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.