വാക്കുകൾ കൊലക്കത്തിയാകുമ്പോൾ

‘‘ഉ​​പ​​ഹാ​​രം സ​​മ​​ർ​​പ്പി​​ക്കു​​ന്ന ച​​ട​​ങ്ങി​​ൽ ഉ​​ണ്ടാ​​വ​​രു​​തെ​​ന്ന് ഞാ​​ൻ ആ​​ഗ്ര​​ഹി​​ക്കു​​ന്നു​​ണ്ട്. അ​​തി​​ന് കാ​​ര​​ണ​​വു​​മു​​ണ്ട്. അ​​ത് ര​​ണ്ടു ദി​​വ​​സം ക​​ഴി​​ഞ്ഞ് പ​​റ​​യാം. താ​​ങ്ക്യൂ..’’ -പ്രത്യക്ഷത്തിൽ ഈ വാക്കുകളിൽ അധികാര പ്രയോഗത്തിന്റെയോ ഭീഷണിയുടെയോ സ്വരമില്ല. പക്ഷേ, കണ്ണൂർ അസിസ്റ്റന്റ് ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് (എ.ഡി.എം) ​കെ. നവീൻ ബാബുവിനെ മരണത്തിലേക്ക് തള്ളിവിട്ടത് ഈ വാക്കുകളിൽ അവസാനിച്ച ഒരു ഹ്രസ്വപ്രഭാഷണമായിരുന്നു. വിരമിക്കാൻ ഏഴു മാസം മാ​ത്രം അവശേഷിക്കെ, കണ്ണൂരിൽനിന്ന് സ്വന്തം നാട്ടിലേക്ക് സ്ഥലം മാറിപ്പോകുന്ന നവീൻ ബാബുവിന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ കഴിഞ്ഞ ചൊവ്വാഴ്ച ജില്ല കലക്ടറുടെ നേതൃത്വത്തിൽ സഹപ്രവർത്തകർ ഒരുക്കിയ യാത്രയയപ്പ് വേദിയിലായിരുന്നു ജില്ല പഞ്ചായത്ത് പ്രസിഡന്റും സി.പി.എം ജില്ല കമ്മിറ്റി അംഗവുമായ പി.പി. ദിവ്യയുടെ പ്രസംഗം. ആ ചടങ്ങിലേക്ക് അവർ ക്ഷണിക്കപ്പെട്ടിരുന്നില്ല. എന്നിട്ടും, മാധ്യമങ്ങളെ മുൻകൂട്ടി അറിയിച്ച് യോഗം തുടങ്ങി അൽപം കഴിഞ്ഞപ്പോൾ അവരെത്തി. തുടർന്നാണ് നവീൻ ബാബു എന്തോ ഗുരുതര അഴിമതി നടത്തിയെന്നും അത് രണ്ടു ദിവസത്തിനുള്ളിൽ വെളിപ്പെടുത്തുമെന്നുമുള്ള മുനവെച്ച സംസാരം അവർ നടത്തിയത്. മൂന്ന് മിനിറ്റോളമായിരുന്നു പ്രസംഗമെങ്കിലും ഒരാളെ ഇല്ലാതാക്കിക്കളയാൻ അധികാരത്തിന്റെ ധാർഷ്ട്യത്തിലും ഔചിത്യമില്ലായ്മയിലും ചേർത്തുവെച്ച ആ വാക്കുകൾ ധാരാളമായിരുന്നു. ആ സദസ്സിൽ അപമാനഭാരത്താൽ തലകുനിഞ്ഞിരിക്കേണ്ട നവീൻ ബാബു എന്ന ഉദ്യോഗസ്ഥന് ഒടുവിൽ തന്റെ ജീവിതം തന്നെ അവസാനിപ്പിക്കേണ്ടിവന്നു. തൊട്ടടുത്ത ദിവസം, നവീനെ പ്രതീക്ഷിച്ചിച്ച് റെയിൽവേ സ്​റ്റേഷനിൽ കാത്തിരുന്നവരെ തേടിയെത്തിയത് സംസ്ഥാന ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്തൊരു മരണവാർത്തയാണ്.

നവീന്റെ മരണവാർത്ത പുറത്തുവന്നയുടൻ, സ്വാഭാവികമായും തലേന്നാൾ നടന്ന ‘യാത്രയയപ്പ്’ സമ്മേളനവും ചർച്ചയായി. അതോടൊപ്പം, പി.പി. ദിവ്യക്കെതിരെ കടുത്ത പ്രതിഷേധവും ഉയർന്നു. ഇടതുപശ്ചാത്തലമുള്ള നവീന് പിന്തുണയുമായി പ്രതിപക്ഷവും ഇടതുപക്ഷത്തെ തന്നെ ചിലരും രംഗത്തുവന്നെങ്കിലും, പൊതുവിൽ ഈ വിഷയത്തിൽ ദിവ്യയെ പ്രതിരോധിക്കാനാണ് സി.പി.എം നേതൃത്വം തുടക്കത്തിൽ ശ്രമിച്ചത്. ഇടതു സൈബർ പാളയത്തിൽനിന്ന് അതിന് നിർലോഭ പിന്തുണയും ലഭിച്ചു. ഇതിനിടെ, യാത്രയയപ്പ് യോഗത്തിൽ ദിവ്യ സൂചിപ്പിച്ച ഒരു പെട്രോൾ പമ്പിന്റെ അനുമതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ നവീൻ കൈക്കൂലി വാങ്ങിയെന്ന ആരോപണം കൂടി വന്നു. അതോടെ, ദിവ്യ ഒരു വിസിൽബ്ലോവറുടെ ധർമമാണ് ചെയ്തതെന്നും അഴിമതി തുറന്നുകാണിക്കാൻ ഒരു ഔചിത്യവും കാണിക്കേണ്ടതില്ലെന്നുമൊക്കെയുള്ള വിചിത്രമായ വാദങ്ങളും പല കോണുകളിൽനിന്നും മുഴങ്ങിക്കേട്ടു. പ​ക്ഷേ, ഇത്തരം വാദകോലാഹലങ്ങളെല്ലാം കടുത്ത പ്രതിഷേധത്തിൽ മുങ്ങിപ്പോയി. കാരണം ലളിതമാണ്: നവീൻ എന്ന ഉദ്യോഗസ്ഥന്റെ ട്രാക്ക് റെക്കോഡ് അറിയുന്നവരെല്ലാം അദ്ദേഹത്തിനെതിരായ ആരോപണങ്ങൾ തള്ളിക്കളഞ്ഞു; മറുവശത്ത്, ദിവ്യ ഉന്നയിച്ച അഴിമതി ആരോപണത്തിന്റെ നിജസ്ഥിതി സംബന്ധിച്ച ചില സംശയങ്ങളും ഉയർന്നു. ഐ.എ.എസ് ഉദ്യോഗസ്ഥരായ ദിവ്യ എസ്. അയ്യർ, പി.ബി. നൂഹ് തുടങ്ങിയവർ 2018ലെ പ്രളയകാലത്തും മറ്റും നവീൻ ചെയ്ത മാതൃക പ്രവർത്തനങ്ങളെ അനുസ്മരിക്കുന്നുണ്ട്. അവരെല്ലാം തീർത്തുപറയുന്നത് അഴിമതിമുക്തവും മാതൃകപരവുമായിരുന്നു ആ ഉദ്യോഗസ്ഥ​ന്റെ ഔദ്യോഗിക ജീവിതമെന്നാണ്. ​അദ്ദേഹത്തോട് അടുത്തിടപഴകിയ പാർട്ടി നേതൃത്വത്തിലുള്ളവർക്കും ഇതുതന്നെയാണ് അഭിപ്രായം.

ദിവ്യ ഉന്നയിച്ച ആരോപണങ്ങളാകട്ടെ, അതിൽ ചില വ്യക്തിപരമായ താൽപര്യങ്ങളുണ്ടായിരുന്നുവെന്നും വെളിപ്പെട്ടു. ഉദ്യോഗസ്ഥർ അഴിമതി നടത്തിയതിന്റെ തെളിവുണ്ടെങ്കിൽ അത് കൃത്യമായി റിപ്പോർട്ട് ചെയ്ത് നിയമത്തിന്റെ വഴി സ്വീകരിക്കുന്നതിനു പകരം മാധ്യമങ്ങളെ വിളിച്ചുകൂട്ടി പോപ്പുലിസത്തിന്റെ വിലകുറഞ്ഞ പ്രകടനങ്ങൾ നടത്തുന്നത് ഒരു ജനപ്രതിനിധിക്ക് യോജിച്ചതാണോ എന്ന ചോദ്യവും സി.പി.എമ്മിനും സർക്കാറിനും നേരിടേണ്ടിവന്നു. ഈ സാഹചര്യത്തിൽ, ദിവ്യക്കെതിരെ ചില നടപടികൾ സ്വീകരിക്കാൻ പാർട്ടിയും സർക്കാറും തയാറായി. അസ്വാഭാവിക മരണത്തിന് രജിസ്റ്റർ ചെയ്ത കേസിൽ ഇപ്പോൾ ദിവ്യയെ കൂടി പ്രതിചേർത്തിരിക്കുകയാണ്. വിഷയത്തിൽ മനുഷ്യാവകാശ കമീഷനും കേസെടുത്തിട്ടുണ്ട്. 

മേൽ സൂചിപ്പിച്ച നടപടികളിലൂടെ അവസാനിപ്പിക്കാവുന്ന ഒന്നല്ല ​ഇപ്പോഴുണ്ടായിരിക്കുന്ന സംഭവങ്ങൾ. അധികാരത്തിന്റെ ബലത്തിൽ ഒരു ജനപ്രതിനിധി കാണിച്ചുകൂട്ടിയ ധാർഷ്ട്യം കലർന്ന പ്രവർത്തനം എന്നതിനുമപ്പുറം ചില മാനങ്ങൾ ഈ സംഭവങ്ങളിൽ കാണാൻ സാധിക്കും. ഒരു പെട്രോൾ പമ്പിന് നിരാക്ഷേപപത്രം ആദ്യം നൽകിയില്ലെന്നും പിന്നീട് കൈക്കൂലി വാങ്ങി അത് അനുവദിച്ചുവെന്നുമാണല്ലോ നവീനെതിരായ ആരോപണം. ഇതിൽ കൈക്കൂലി വാങ്ങിയ സംഭവം കെട്ടുകഥയാണോ എന്ന് സംശയിക്കാവുന്ന തെളിവുകൾ ഇതിനകം പുറത്തുവന്നുകഴിഞ്ഞു. അതോടൊപ്പം, ആരായിരുന്നു ആ സംരംഭകൻ എന്ന ചോദ്യം ചെന്നെത്തുന്നത് രാഷ്ട്രീയ പാർട്ടികളിലെ ബിനാമികളിലേക്കുതന്നെയാണ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ, ഇത്തര​മൊരു ആരോപണം ഇത്രമേൽ വൈകാരികമായി ഉന്നയിക്കാൻ ദിവ്യയെ പ്രേരിപ്പിച്ചത് സ്വന്തം താൽപര്യങ്ങൾ തന്നെയായിരുന്നുവെന്നതിന്റെ സൂചനകളും വെളിപ്പെട്ടുകൊണ്ടിരിക്കുന്നു. അഥവാ, തങ്ങളുടെ ഇംഗിതങ്ങൾക്കും രാഷ്ട്രീയ ലക്ഷ്യങ്ങൾക്കുമെതിരെ നിയമപരമായി പ്രവർത്തിച്ചാൽ പോലും വാളെടുക്കുന്ന അധികാരവർഗത്തിന്റെ ഭാഗംതന്നെയാണ് ഇപ്പോൾ പ്രതിക്കൂട്ടിൽനിൽക്കുന്ന ദിവ്യയും. നമ്മുടെ ബ്യൂറോക്രസിയിൽ പുഴുക്കുത്തുകളുണ്ടെന്നത് ശരിതന്നെ. അതോടൊപ്പം, മാതൃകപരമായി പ്രവർത്തിക്കുന്നവരുമുണ്ട്. ഇതിൽ ആർക്കൊപ്പമാണ് അധികാരവർഗം നിലയുറപ്പിക്കേണ്ടതെന്ന ചോദ്യത്തിന്, തന്റെ ആദ്യ മന്ത്രിസഭ യോഗത്തിൽതന്നെ മുഖ്യമന്ത്രി പിണറായി വിജയൻ കൃത്യമായ ഉത്തരം നൽകിയിട്ടുണ്ട്. ഓരോ ഫയലും ഓരോ ജീവിതമാണെന്ന് അന്ന് അദ്ദേഹം ഉദ്യോഗസ്ഥരെ ഓർമപ്പെടുത്തി. ഈ ഓർമപ്പെടുത്തൽ ഒരു നയപ്രഖ്യാപനം കൂടിയായിരുന്നു. തീർത്തും ജനകീയമായ ആ നയപ്രഖ്യാപനത്തിനനുസൃതമായി ജനസേവനം നടത്തിയ ഒരുദ്യോഗസ്ഥന്റെ ജീവനാണിപ്പോൾ പൊലിഞ്ഞിരിക്കുന്നത്. അതിനാൽ, ഈ സംഭവം ചട്ടപ്പടി അന്വേഷണത്തിൽ ഒതുക്കുന്നതും കേവലമായ ചില നടപടികളിൽ അവസാനിപ്പിക്കുന്നതും ഒട്ടും ഉചിതമായിരിക്കില്ല. പകരം, ഈ സംഭവത്തിന്റെ രാഷ്ട്രീയ ഗൂഢാലോചനകളിലേക്കുകൂടി വെളിച്ചംവീശുന്ന സമഗ്രമായ അന്വേഷണത്തിന് സർക്കാർ തയാറാകണം. 

Tags:    
News Summary - madhyamam editorial When words are a becoming killing swords

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.