ഇസ്രായേലിന് ശത്രു ലോകം മുഴുവനുമാണ്


മദം പൊട്ടിയ ആനയെപ്പോലെ നാനാഭാഗത്തും നാശനഷ്ടങ്ങൾ വിതച്ച് കലിതുള്ളിപ്പായുന്ന ഇസ്രായേൽ എല്ലാ യുദ്ധമര്യാദകളും മാനുഷികമൂല്യങ്ങളും ലംഘിച്ചുകൊണ്ടിരിക്കുന്നു. ഇപ്പോൾ അത് ഐക്യരാഷ്ട്രസഭയെയും അതിന്റെ ശാന്തിസേനകളെയും വരെ ആക്രമിക്കാൻ തുടങ്ങിയിരിക്കുന്നു. ഗസ്സ വംശഹത്യക്കിടെ അവിടത്തെ അവശ്യസേവനസംഘമായ യു.എൻ റിലീഫ് ആൻഡ് വർക്സ് ഏജൻസി (UNRWA) ക്കെതിരെ വ്യാജ ആരോപണമുയർത്തി, അവരുടെ പ്രവർത്തനം മുടങ്ങുന്നതരത്തിൽ വൻശക്തി രാജ്യങ്ങൾക്കുമേൽ സമ്മർദം ചെലുത്തി-ചില രാജ്യങ്ങൾ ആ ഏജൻസിക്കുള്ള ധനസഹായം പിൻവലിക്കുകവരെ ചെയ്തു.

ലബനാനിലേക്ക് യുദ്ധം വ്യാപിപ്പിച്ചശേഷം അവിടത്തെ യു.എൻ ഇന്ററിം ഫോഴ്സ് ഇൻ ലബനാൻ (UNIFIL) എന്ന സമാധാനസേനക്കുനേരെ മൂന്നിടങ്ങളിൽ ഇസ്രായേൽ സേന വെടിയുതിർത്തു. യു.എൻ സേനയോട് സ്ഥലം വിടാൻ ആവശ്യപ്പെട്ടു. ഇസ്രായേലി സൈനിക വാഹനങ്ങൾ യു.എൻ താവളത്തെ ഭീഷണി രൂപത്തിൽ വളഞ്ഞു. അവരുടെ വെടിയിൽ യു.എൻ നിരീക്ഷണ കാമറകൾ തകർന്നു; രണ്ടുപേർക്ക് വീണ് പരിക്കുപറ്റി. ഇത്രയൊക്കെ ഭീഷണിയും പ്രകോപനവുമുണ്ടായിട്ടും യു.എൻ സമാധാനസേന സ്ഥലംവിടാൻ വിസമ്മതിക്കുകയായിരുന്നു.

പലതരത്തിലും ഇസ്രായേൽ ഐക്യരാഷ്ട്രസഭയെ ശത്രുപക്ഷത്ത് നിർത്തുന്നുണ്ട്. വലിയ രാജ്യങ്ങൾ ഇസ്രായേലിന്റെ എല്ലാ ചെയ്തിക്കും സാമ്പത്തിക-സൈനിക-നയത​ന്ത്ര പിന്തുണ നൽകുകയും യു.എൻ രക്ഷാസമിതിയിൽവരെ സമാധാന​ ശ്രമങ്ങൾ അട്ടിമറിക്കുകയും ചെയ്തിട്ടും, യു.എൻ ഏറെക്കുറെ നിസ്സഹായമായിട്ടും, ചില നടപടികൾ തുടങ്ങിവെച്ചത് ഇസ്രായേലിനെ വല്ലാതെ അസ്വസ്ഥമാക്കുന്നുണ്ട്. അധിനിവിഷ്ട ഫലസ്തീൻ പ്രദേശങ്ങളിൽനിന്ന് ഇസ്രായേൽ പിൻവാങ്ങണമെന്ന പ്രമേയം യു.എൻ പൊതുസഭ പാസാക്കി. ഇസ്രായേലിനെതിരെ യുദ്ധക്കുറ്റങ്ങൾക്കും വംശഹത്യക്കും മനുഷ്യരാശിക്കെതിരായ കുറ്റങ്ങൾക്കും കേസെടുക്കാൻ ലോക നീതിന്യായ കോടതിയും ലോക ക്രിമിനൽ കോടതിയും നടപടി തുടങ്ങിയിട്ടുമുണ്ട്.

എല്ലാ നിയമങ്ങൾക്കും അതീതമാണ് തങ്ങളെന്ന അഹന്തയാണ് ഇസ്രായേലിനെ ധൃഷ്ടരാക്കുന്നത്. ഗസ്സയിൽ അവർ മറ്റേത് സംഘർഷമേഖലയിലേക്കാളും എത്രയോ ഇരട്ടി ആരോഗ്യ പ്രവർത്തകരെയും മാധ്യമ പ്രവർത്തകരെയും യു.എൻ സന്നദ്ധ സേവകരെയും വധിച്ചു. അതും കരുതിക്കൂട്ടി. കുട്ടികളെ നെഞ്ചിനും തലക്കും വെടിവെച്ച സംഭവങ്ങൾ നിത്യേനയെന്നോണം കേൾക്കുന്നു. മസ്ജിദുകളിലും ചർച്ചുകളിലും അനാഥാലയങ്ങളിലും ആശുപത്രികളിലും ജനവാസകേന്ദ്രങ്ങളിലും അഭയസ്ഥാനങ്ങളിലുമെല്ലാം ബോംബിടുന്നു. ഇസ്രായേലിന്റെ ഉറ്റ സുഹൃദ് രാജ്യങ്ങൾവരെ വിയോജിപ്പ് പ്രകടിപ്പിക്കുവോളം അതിന്റെ നിയമലംഘനം എല്ലാ അതിരും ലംഘിക്കുന്നു.

വംശഹത്യ കേസിൽ ഇസ്രായേലി നേതാക്കൾക്കെതിരെ അറസ്റ്റ് വാറന്റ് ഇറക്കുന്നതിനെ എതിർക്കില്ലെന്ന് പറഞ്ഞത് എല്ലാതരത്തിലും സയണിസ്റ്റ് ദാസ്യം പുലർത്തിപ്പോന്ന​ ബ്രിട്ടനാണ്. ഇനി ഇസ്രായേലിന് ആയുധം നൽകില്ലെന്നും മറ്റാരും നൽകരുതെന്നും പറയാൻ ഫ്രാൻസ് പോലും നിർബന്ധിതരായി. ലബനാനിൽ യു.എൻ ശാന്തിസേനക്കുനേരെ വെടിവെക്കരുതെന്ന് മുന്നറിയിപ്പ് നൽകുക വഴി അമേരിക്കവരെ ഇസ്രായേലിനുമേൽ വ്യംഗ്യമായെങ്കിലും യുദ്ധക്കുറ്റമാരോപിക്കുന്നു. ഇസ്രായേൽ എല്ലാ നിയമങ്ങൾക്കും അതീതമാണെന്ന സ്ഥിതി പലരും ചൂണ്ടിക്കാട്ടുന്നു. മാനുഷിക നിയമങ്ങളുടെയും ആദർശങ്ങളുടെയും ശവപ്പറമ്പാക്കി ഗസ്സയെ ആ രാജ്യം മാറ്റിയെന്നാരോപിക്കുന്നത് ഇസ്രായേലിനോട് ഇതുവരെ ചേർന്നുനിന്ന യൂറോപ്യൻ യൂനിയന്റെ നയതന്ത്ര മേധാവി ജോസഫ് ബോറേൽ ആണ്.

യുദ്ധവിരാമത്തിനും സമാധാനത്തിനും വേണ്ടി മറ്റുള്ളവർ നടത്തുന്ന എല്ലാ ശ്രമങ്ങളെയും ധിക്കരിച്ചാണ് ഇസ്രായേലിന്റെ പ്രയാണം. പ്രാദേശിക സംഘർഷം ലോകയുദ്ധത്തിലേക്ക് വളരാവുന്ന സാഹചര്യം. മറ്റു പരമാധികാര രാജ്യങ്ങളിലേക്ക് ആക്രമണം നടത്തിയാണ് ഹമാസ്, ഹിസ്ബുല്ല നേതാക്കളെ ഇസ്രായേൽ വധിച്ചത്. ഇറാൻ പ്രത്യാക്രമണം നടത്തുമ്പോൾ അമേരിക്ക എതിർക്കുന്നു. റഷ്യ മറുപക്ഷം ചേരുന്നു; ആണവായുധ പ്രയോ​ഗത്തെപ്പറ്റി മുന്നറിയിപ്പ് നൽകുന്നു. ഗസ്സയിൽ അരലക്ഷം മുതൽ ഒന്നേമുക്കാൽ ലക്ഷംപേരെ ഇസ്രായേൽ കൊന്നതായാണ് വിവിധ കണക്കുകൾ. ലബനാനിലേക്ക് കൂടി കുരുതി വ്യാപിപ്പിച്ചു.

വെസ്റ്റ് ബാങ്കിലും ഇറാഖിലും സിറിയയിലും യമനിലുമെല്ലാം അശാന്തിയാണ്. ഇസ്രാ​യേൽ തുറന്നു സമ്മതിച്ചിട്ടില്ലാത്ത പേജർ കൊലകൾ ഇതിനുപുറമെ. എല്ലാതരത്തിലും മനുഷ്യരാശിക്കെതിരായ കുറ്റങ്ങൾ. ഇതിനെല്ലാം പിന്നിൽ ഒരേയൊരു തെമ്മാടി രാഷ്ട്രം. അടിസ്ഥാന കാരണമായി മുക്കാൽ നൂറ്റാണ്ടുകാലത്തെ ഫലസ്തീൻ അധിനിവേശം. ലോകത്തെ മുഴുവൻ കുരുതിക്കളമാക്കാൻ ഇറങ്ങിയ രാജ്യത്തെ പിടിച്ചുകെട്ടാൻ അർധമനസ്സോടെ ശ്രമം നടത്തുന്ന ഐക്യരാഷ്ട്ര സഭയാണ് ഒടുവിലത്തെ ഇര. ലോകത്തെയും നിയമവാഴ്ചയെയും ​ ശത്രുവാക്കിയ ഈ രാജ്യത്തെ ഇനിയും ഇങ്ങനെ കയറൂരി വിടാമോ എന്ന ചോദ്യം എല്ലാം രാജ്യങ്ങൾക്കുമുള്ളതാണ്.

Tags:    
News Summary - Israel's enemy is the whole world

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.