ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിെൻറയും വിവിധ സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പിെൻറയും ഫലങ്ങളിൽ അപ്രതീക്ഷിതമോ ആകസ്മികമോ ആയ ഒന്നും ഉണ്ടായിരുന്നില്ല. ബിഹാറിൽ തെരഞ്ഞെടുപ്പിനു മൂന്നു നാൾമുമ്പു ഒക്ടോബർ 25 ന് പുറത്തുവന്ന അഭിപ്രായസർവേകളെല്ലാം പ്രവചിച്ചത് നിതീഷ്കുമാറിെൻറ നാലാമൂഴമാണ്. മൂന്നു ഘട്ടം തെരഞ്ഞെടുപ്പ് കഴിഞ്ഞതിൽ പിന്നെ നടന്ന എക്സിറ്റ്പോൾ ഫലങ്ങളാണ് തേജസ്വിയുടെ അപ്രതീക്ഷിത മുന്നേറ്റത്തെക്കുറിച്ച ആകാംക്ഷയുണർത്തിയത്. മൂന്നു ടേമിലായി 15കൊല്ലം പൂർത്തീകരിച്ചിട്ടും സംസ്ഥാനത്തെ തൊഴിലില്ലായ്മ പരിഹരിക്കാൻ സാധിക്കാത്ത നിതീഷിെൻറ ദുർബല വൃദ്ധനേതൃത്വത്തിനെതിരെ ബിഹാറിെൻറ തലങ്ങുംവിലങ്ങും പറന്നുനടന്ന് 200ലേറെ പൊതുയോഗങ്ങളെ അഭിസംബോധന ചെയ്ത് തേജസ്വി എന്ന ഇളമുറനേതാവ് ഉയർത്തിവിട്ട തരംഗം പോളിങ് ബൂത്തുകളിലെത്തിയെന്ന കണ്ടെത്തലായിരുന്നു അത്തരമൊരു പ്രവചനത്തിന് ഹേതുവായത്. അതിൽ ഒെട്ടാക്കെ ശരിയുണ്ടെന്നു അവസാനനിമിഷം വരെ സംഘ്പരിവാർ എൻ.ഡി.എ മുന്നണിയെ മുൾമുനയിൽ നിർത്തി അടിയറവ് പറഞ്ഞ തേജസ്വി യാദവിെൻറ മുന്നേറ്റം തെളിയിക്കുകയും ചെയ്തു.
എന്നാൽ, കഴിഞ്ഞ വർഷത്തെ ലോക്സഭ തെരഞ്ഞെടുപ്പിലൂടെ, രാജ്യം നേരിടുന്ന ജീവൽപ്രശ്നങ്ങളെയൊക്കെ അവഗണിച്ചുതന്നെ, ബി.ജെ.പി നരേന്ദ്ര മോദിയെ മുന്നിൽ നിർത്തി നേടിയെടുത്ത അപ്രമാദിത്വം അപ്രതിരോധ്യമായി തുടരുന്നുവെന്നാണ് ഇപ്പോഴത്തെ ഫലങ്ങളും തെളിയിക്കുന്നത്. നോട്ടുനിരോധനവും ജി.എസ്.ടിയുമൊക്കെ ഇന്ത്യൻ സമ്പദ്ഘടനയുടെ സർവതോമുഖമായ ക്ഷയത്തിനിടയാക്കുകയും കർഷകരും കൂലിത്തൊഴിലാളികളുമടക്കം സമൂഹത്തിൽ ബഹുഭൂരിപക്ഷത്തെ ഗുരുതരമായി ബാധിക്കുകയും ചെയ്തിട്ടും ചില്ലറ ചെപ്പടിവിദ്യകളിലൂടെ അതിനെ മറികടന്നെന്നു വരുത്തിത്തീർത്ത് അതിദേശീയത വികാരവും അതിനൊരു അതികായൻനേതാവുമെന്ന -ഫാഷിസ്റ്റ് ലൈനിലേക്ക് ജനഹിതം മാറ്റിയെടുക്കുന്നതിൽ സംഘ്പരിവാർ വിജയിച്ചു. കോവിഡ് മഹാമാരിക്കു മുന്നിൽ അേമ്പ പരാജയപ്പെടുകയും രാജ്യം മുഴൂവൻ അടച്ചുപൂട്ടി ജനലക്ഷങ്ങളെ വഴിയാധാരമാക്കുകയും ചെയ്തതിെൻറ കെടുതികൾ അനുഭവിച്ചു തീരും മുേമ്പ വന്ന നിയമസഭ തെരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പുകളിലും ദൃശ്യമാകുന്നതും അതിെൻറ തുടർച്ചയാണ്. രാജ്യത്തെ ഇക്കണ്ട ദുരിതങ്ങളിലേക്കെല്ലാം വലിച്ചിഴച്ച വില്ലനായ ബി.ജെ.പി പരിക്കൊന്നുമേൽക്കാതെ നായകനായി നടുനിവർത്തി നിൽക്കുന്നു. ബിഹാറിൽ വോട്ടുവിഹിതത്തിെൻറ 20 ശതമാനവും 74 സീറ്റുകളും നേടി ബി.ജെ.പി ഭരണമുന്നണിയുടെ അമരം പിടിച്ചിരിക്കുന്നു. മധ്യപ്രദേശിൽ മത്സരിച്ച 28 സീറ്റുകളിൽ അവർ 19 എണ്ണം നേടി. ഗുജറാത്തിലെ എട്ടുസീറ്റുകളും അടിച്ചെടുത്തു. യു.പിയിൽ വോെട്ടടുപ്പ് നടന്ന ഏഴിൽ ആറും കർണാടകയിൽ രണ്ടും നേടിയ പാർട്ടി ടി.ആർ.എസിെൻറ ഒരു സീറ്റ് പിടിച്ചെടുത്തു തെലങ്കാനയിൽ കാലുറപ്പിച്ചിരിക്കുന്നു. അങ്ങനെ നോട്ടുനിരോധനത്തിെൻറ ദുരിതത്തിൽ മുങ്ങിനിന്നു മോദിക്കു വോട്ടുചെയ്ത ജനം ലോക്ഡൗണിനും അതുണ്ടാക്കിയ വിഭജനശേഷമുള്ള ഏറ്റവും ഭീകരമായ പലായനത്തിനും ശേഷവും മോദിയിലും ബി.െജ.പിയിലും വിശ്വാസം തുടരുന്നു എന്നാണ് തെരഞ്ഞടുപ്പ് ഫലങ്ങൾ നൽകുന്ന സൂചന.
ഒന്നര പതിറ്റാണ്ടായി ഭരണത്തിൽ തുടരുന്ന നിതീഷ്കുമാറിനെതിരായ ജനവികാരത്തിനു വേണ്ടതെല്ലാം ബിഹാറിൽ ഉണ്ടായിരുന്നു. ജനക്ഷേമപരിപാടികളുമായി ഭരണം തുടങ്ങിയ നിതീഷ് മൂന്നാം വട്ടം പിന്നിടുന്നതോടെ അഴിമതിയുടെയും അകർമണ്യതയുടെയും ജരാനര ബാധിച്ച നിലയിലായിരുന്നു. കോവിഡ് ദുരിതം കൂടിയായതോടെ ഭരണത്തിെൻറ കെടുതികൾ ഏതു സാധാരണക്കാരനും നേരിൽ അനുഭവിക്കുന്ന സ്ഥിതിവിശേഷമെത്തി. എന്നാൽ, നിതീഷിനെതിരായ ജനവികാരത്തിൽനിന്നു മുതലെടുക്കാൻ പ്രതിപക്ഷത്തേക്കാൾ സാധിച്ചത് തോളിലിരുന്നു ഭരിച്ച ബി.ജെ.പിക്കുതന്നെ. നിതീഷ് തളർന്നിടത്ത് അവർ മോദിയെ ഉയർത്തിക്കാണിച്ചു. നിതീഷിനെതിരായ ഭരണവിരുദ്ധ വികാരം മോദിപ്രഭാവത്തിൽ മറികടക്കാൻ എൻ.ഡി.എക്കായി. ഒപ്പം ബിഹാർവട്ടത്തിൽ വല്യേട്ടൻ ചമയുന്ന നിതീഷിെൻറ ചിറകരിയാനുള്ള അടവുകളുമെടുത്തു. അതിെൻറ ഫലമാണ് ചിരാഗ് പാസ്വാെൻറ എൽ.ജെ.പിയുടെ തനിച്ചുള്ള മത്സരം എന്നു ഫലങ്ങൾ തെളിയിക്കുന്നു. ഒരുവെടിക്ക് പാസ്വാൻപുത്രനെ പുറത്തുനിർത്താനും അതിലൂടെ ജെ.ഡി -യുവിെൻറ അംഗബലം കുറച്ച് മുന്നണിയുടെ സാരഥ്യം പിടിക്കാനും ബി.ജെ.പിക്ക് കഴിഞ്ഞു.
രാജ്യമെന്തായാലെന്ത്, രാജാവ് കേമൻ തന്നെ എന്ന വിനീതവിധേയത്വത്തിലേക്ക് ഇന്ത്യ എത്തിപ്പെട്ടിരിക്കുന്നു എന്നു വിളിച്ചറിയിക്കുക കൂടിയാണ് ബിഹാർ ഫലം. ഇതൊരു രാജ്യവ്യാപക പ്രതിഭാസമാണെന്ന് സൂചന നേരത്തേ പുറത്തുവന്നതാണ്. കോവിഡ് അടച്ചുപൂട്ടലിെൻറയും പലായനത്തിെൻറയും ദുരിതം കത്തിനിൽക്കുന്ന മേയ് മുതൽ ജൂലൈ വരെയുള്ള മാസങ്ങളിൽ ഗാവ് കണക്ഷനും സി.എസ്.ഡി.എസും നടത്തിയ സർവേഫലം ഉദാഹരണം. 23 സംസ്ഥാനങ്ങളിലെ 179 ജില്ലകളിലെ 25,371 ഗ്രാമീണർക്കിടയിൽ നടത്തിയ സർവേയിൽ 78 ശതമാനം പേരും കോവിഡ് കെടുതികളെ നേരിടാൻ മോദി സർക്കാർ നടത്തിയ നീക്കങ്ങളിൽ സംതൃപ്തരായിരുന്നു. വികസനപ്രശ്നങ്ങളേക്കാൾ നെഞ്ചുവിരിച്ചു നായകവേഷം കെട്ടാനുള്ള കെൽപിന് ജനവിശ്വാസമാർജിക്കാനാവുന്നതാണ് നിലവിലെ ഇന്ത്യൻ സാഹചര്യം. അതറിഞ്ഞു നീങ്ങിയതുകൊണ്ടാണ് ബിഹാറിൽ എൻ.ഡി.എയുടെ മുന്നേറ്റത്തെ ഇഞ്ചോടിഞ്ചു പ്രതിരോധിക്കാൻ തേജസ്വിക്ക് കഴിഞ്ഞതും. അതേ, ജനാധിപത്യത്തിെൻറ ഇൗ വിധിവിപര്യയങ്ങളെ യാഥാർഥ്യബോധത്തോടെ സമീപിക്കുന്നവർക്കു മാത്രമേ രാജ്യത്ത് രാഷ്ട്രീയഭാവിയുള്ളൂ എന്നു ഒാർമപ്പെടുത്തുകയാണ് ബിഹാർ ഫലം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.