സി.എ.എ കേസുകളും സർക്കാറിൻെറ ആത്മാർഥതയും



കേന്ദ്ര സർക്കാർ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ (സി.എ.എ) ഉയർന്നുവന്ന സമരങ്ങൾ സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും ബൃഹത്തായ ജനകീയ മുന്നേറ്റങ്ങളിലൊന്നാണ്. സാർവദേശീയതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ട ആ ഉയിർത്തെഴുന്നേൽപിെൻറ പ്രധാന ശക്തികേന്ദ്രങ്ങളിലൊന്നായിരുന്നു കേരളം. സംഘ്​പരിവാർ ഒഴികെയുള്ള മുഴുവൻ പ്രസ്​ഥാനങ്ങളും പൗരത്വ വിവേചനത്തിനെതിരെ കേരളത്തിൽ രംഗത്തുവന്നു. സംഘ്​പരിവാർ സംഘടനകൾ സി.എ.എയെ ന്യായീകരിക്കാൻ പരിപാടികൾ നടത്തുമ്പോൾ പ്രദേശത്തെ കടകളടച്ചിട്ടാണ് നാട്ടുകാർ അതിനോട് പ്രതികരിച്ചത്. കേരള സർക്കാറും ഭരണകക്ഷിയായ സി.പി.എമ്മും സി.എ.എ വിരുദ്ധ മുന്നേറ്റത്തിനോടൊപ്പം നിലകൊണ്ടു. നിയമസഭ സി.എ.എക്കെതിരെ പ്രമേയം പാസാക്കി. സംസ്​ഥാനത്ത് സി.എ.എ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി അസന്ദിഗ്​ധമായി പ്രഖ്യാപിച്ചു.

സി.എ.എക്കെതിരെ സി.പി.എം കൃത്യതയുള്ള രാഷ്​​ട്രീയ നിലപാട് സ്വീകരിക്കുമ്പോഴും കേരളത്തിലെ ആഭ്യന്തര വകുപ്പ് സി.എ.എ വിരുദ്ധ സമരത്തെ അത്ര നല്ല രീതിയിലല്ല അഭിമുഖീകരിച്ചത്. സി.പി.എമ്മുകാരല്ലാത്ത സി.എ.എ വിരുദ്ധ പ്രക്ഷോഭകർക്കെതിരെ വ്യാപകമായി കേസെടുക്കുന്നതിൽ സംസ്​ഥാന പൊലീസ്​ പ്രത്യേക ശുഷ്കാന്തി പുലർത്തുകയുണ്ടായി. 2021 ആഗസ്​റ്റ്​ നാലിന് തിരൂർ എം.എൽ.എ കുറുക്കോളി മൊയ്തീെൻറ ചോദ്യത്തിന് മുഖ്യമന്ത്രി നൽകിയ മറുപടിയിൽ സംസ്​ഥാനത്താകെ 835 കേസുകൾ സി.എ.എ വിരുദ്ധ പ്രക്ഷോഭകർക്കെതിരെ രജിസ്​റ്റർ ചെയ്തതായി അറിയിക്കുന്നു. 159 കേസുകളുമായി കോഴിക്കോട് ജില്ലയാണ് ഇതിൽ മുന്നിൽ. കോഴിക്കോട് കുറ്റ്യാടിയിൽ സംഘ്​പരിവാറിെൻറ സി.എ.എ അനുകൂല പരിപാടി നടക്കുമ്പോൾ കടകൾ അടക്കാൻ ആഹ്വാനം ചെയ്തവർക്കെതിരെ പൊലീസ്​ കർശന വകുപ്പുകൾ ചേർത്താണ്​ കേസെടുത്തത്. കടകൾ അടച്ചതിൽ രോഷം പൂണ്ട ആർ.എസ്​.എസുകാർ 'ഗുജറാത്ത് ആവർത്തിക്കും' എന്നതടക്കമുള്ള പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കി പ്രകടനം നടത്തിയിട്ട് അവർക്കെതിരെ കേസെടുക്കാൻ തുടക്കത്തിൽ കൂട്ടാക്കിയതേയില്ല. വ്യാപക വിമർശനങ്ങൾ വന്ന ശേഷം ദിവസങ്ങൾ കഴിഞ്ഞാണ് ആർ.എസ്​.എസുകാർക്കെതിരെ കേസെടുത്തത്.

സി.എ.എ വിരുദ്ധ സമരത്തിെൻറ മുന്നണിപ്പോരാളികൾ തങ്ങളാണ് എന്ന പ്രതീതി സൃഷ്​ടിക്കാൻ സി.പി.എമ്മും പിണറായി വിജയൻ സർക്കാറും എപ്പോഴും ശ്രമിച്ചിരുന്നു. സി.എ.എ വിരുദ്ധ റാലികളിൽ മുഖ്യമന്ത്രി തന്നെ നേരിട്ട് പങ്കെടുത്ത്​ ഈ ആഖ്യാനത്തെ ഉറപ്പിച്ചെടുത്തു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഈ നിലപാട് അവർക്ക് രാഷ്​ട്രീയമായി ഗുണം ചെയ്തിട്ടുമുണ്ട്. ശബരിമല പ്രക്ഷോഭം, സി.എ.എ പ്രക്ഷോഭം എന്നിവയുമായി ബന്ധപ്പെട്ട് രജിസ്​റ്റർ ചെയ്യപ്പെട്ട ഗുരുതര ക്രിമിനൽ സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കുമെന്ന് തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പായി സർക്കാർ പ്രഖ്യാപിക്കുകയും ചെയ്തു. അങ്ങേയറ്റം അക്രമാസക്​തമായ ശബരിമല പ്രക്ഷോഭത്തെയും ഒരിക്കൽപോലും അക്രമസ്വഭാവം കാണിച്ചിട്ടില്ലാത്ത സി.എ.എ വിരുദ്ധ പ്രക്ഷോഭത്തെയും ഒരേ ത്രാസിൽ ഇടുന്നതിലെ യുക്​തിരാഹിത്യം അന്നേ പലരും ചൂണ്ടിക്കാണിച്ചിരുന്നു. പക്ഷേ, തെരഞ്ഞെടുപ്പ് തന്ത്രശാസ്​ത്രത്തിൽ അത്തരം ചോദ്യങ്ങൾക്ക് പ്രസക്​തിയുണ്ടായിരുന്നില്ല.

സി.എ.എ, ശബരിമല സമരക്കാർക്കെതിരായ കേസുകൾ പിൻവലിക്കുമെന്ന ഉത്തരവു വരുന്നത് 2021 ഫെബ്രുവരി 24നാണ്. അതിനുശേഷവും സി.എ.എ സമരത്തിെൻറ ഭാഗമായ നിരവധി സാംസ്​കാരിക പ്രവർത്തകർക്കും എഴുത്തുകാർക്കും വാറൻറുകൾ വരുന്ന അനുഭവങ്ങളുണ്ടായിട്ടുണ്ട്. കേസുകൾ പിൻവലിക്കുമെന്ന പ്രഖ്യാപനത്തിെൻറ യഥാർഥ അവസ്​ഥ എന്തെന്ന് ഇപ്പോൾ പരിശോധിക്കുന്നത് നന്നാവും. കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ തദ്വിഷയകമായി ഉന്നയിക്കപ്പെട്ട ചോദ്യവും ഉത്തരവും ഇപ്പോൾ ലഭ്യമായിരിക്കുകയാണ്. സി.എ.എ സമരക്കാർക്കെതിരായ എത്ര കേസുകൾ പിൻവലിച്ചുവെന്ന ചോദ്യത്തിനുള്ള ഉത്തരത്തിൽ മുഖ്യമന്ത്രി പറഞ്ഞത് വെറും രണ്ടു കേസുകൾ മാത്രമേ പിൻവലിച്ചിട്ടുള്ളൂ എന്നാണ്. തെരഞ്ഞെടുപ്പു കാലത്ത്, ന്യൂനപക്ഷങ്ങൾക്കിടയിൽ സർക്കാറിെൻറ രാഷ്​​ട്രീയ ഇച്ഛാശക്തിയുടെ നിദർശനമായി ഇടതുപക്ഷം ഉയർത്തിയ ഒരു കാര്യത്തിെൻറ യഥാർഥ അവസ്​ഥയാണിത്. നിശ്ചയമായും കേസുകൾ പിൻവലിക്കുന്നതിന് അതിെൻറ നടപടിക്രമങ്ങൾ ഉണ്ടാവും. പക്ഷേ, ഇത്രയും കാലം കൊണ്ട് കണ്ണൂർ സിറ്റി പരിധിയിലെ രണ്ടു കേസുകൾ മാത്രമേ പിൻവലിച്ചുള്ളൂ എന്നത് വിഷയത്തിലുള്ള സർക്കാറിെൻറ സത്യസന്ധതയില്ലായ്മയെയാണ് തുറന്നു കാട്ടുന്നത്.

എൻ.ഡി.എ ഘടകകക്ഷിയായ തമിഴ്നാട്ടിലെ എ.ഐ.എ.ഡി.എം.കെ സർക്കാർ സി.എ.എ സമരക്കാർക്കെതിരായ കേസുകൾ പിൻവലിച്ച ശേഷമാണ് കേസുകൾ പിൻവലിക്കുമെന്ന പിണറായി വിജയ​െൻറ പ്രഖ്യാപനമുണ്ടായത് എന്നുകൂടി ഓർക്കണം. ഒരുവശത്ത് സി.എ.എ പ്രക്ഷോഭത്തിന് ഒപ്പമാണെന്ന്​ പറയുകയും മറുവശത്ത് സമാധാനപരമായി സമരം ചെയ്തവർക്കെതിരെ വ്യാപകമായി കേസ്​ എടുക്കുകയും ചെയ്ത നടപടി നേരത്തേതന്നെ വിമർശനവിധേയമായതാണ്. ഇടതുപക്ഷ നേതൃത്വത്തിലല്ലാതെ നടക്കുന്ന പൗരത്വ സമരങ്ങളെ അടിച്ചമർത്തുന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചിരുന്നത്. ആ സമീപനത്തിെൻറ തുടർച്ചയിൽ തന്നെയാണ് വ്യാപകമായി കേസുകൾ എടുത്തത്. കേസുകൾ പിൻവലിക്കുമെന്ന പ്രഖ്യാപനം ഇതുവരെയും നടപ്പാക്കിയില്ല എന്നത് സർക്കാറിെൻറ വിശ്വാസ്യതക്കുമേൽ വീണ്ടും ചോദ്യങ്ങൾ ഉയർത്തുന്നതാണ്.

Tags:    
News Summary - CAA cases and the sincerity of the government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.