കശ്മീരിനെ ഭീകരമുക്തമാക്കുമെന്നും താഴ്വരയെ സ്വർഗമാക്കാനുള്ള തങ്ങളുടെ ശ്രമത്തെ ആർക്കും തടയാനാവില്ലെന്നുമുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ്സിങ്ങിെൻറ പ്രസ്താവന രാഷ്്ട്രീയനിരീക്ഷകർ തെല്ല് അമ്പരപ്പോടെയാവും ശ്രവിച്ചിട്ടുണ്ടാവുക. നാലുദിവസത്തെ കശ്മീർ സന്ദർശനത്തിനെത്തിയ ആഭ്യന്തരമന്ത്രിയുടെ ചൊല്ലും ചെയ്തിയും സൂക്ഷ്മമായി നിരീക്ഷിക്കുന്നവർക്ക് പ്രതീക്ഷക്ക് വകനൽകുന്ന ഒന്നുംതന്നെ അങ്ങ് വിദൂരതയിൽപോലും കാണാൻ സാധിക്കാത്ത ചുറ്റുപാടിൽ, താഴ്വര ‘ജന്നത്ത്’ ആക്കുമെന്ന് മന്ത്രി തട്ടിവിടുമ്പോൾ യാഥാർഥ്യബോധമുള്ളവർക്ക് ചിരിയടക്കാൻ സാധിക്കണമെന്നില്ല. കാരണം, കഴിഞ്ഞ കുറേ നാളായി ഒരുഭാഗത്ത് തീവ്രവാദപ്രവർത്തനങ്ങൾ പെരുകിവരുകയും സൈനികരും പൊലീസും ദിനേന മരിച്ചുവീഴുകയുമാണവിടെ. മറുഭാഗത്ത് സിവിലിയൻ സമൂഹത്തിെൻറ അന്യവത്കരണം പൂർണമായിക്കൊണ്ടിരിക്കുകയുമാണ്. അതിനിടയിൽ, കേന്ദ്രമന്ത്രി സംസ്ഥാനത്ത് നാലുദിവസം ചെലവഴിക്കാനെത്തിയത് പ്രശ്നപരിഹാരത്തിന് സുവ്യക്തമായ വല്ല അജണ്ടയും കൈയിൽവെച്ചാണോ എന്ന ചോദ്യമാണ് പ്രസക്തമാവുന്നത്. തുറന്നമനസ്സോടെയാണ് താൻ പ്രശ്നപരിഹാരത്തിനായി താഴ്വരയിൽ എത്തിയിരിക്കുന്നതെന്ന് മന്ത്രി പറയുന്നുണ്ടെങ്കിലും സർക്കാറിെൻറ എതിർപക്ഷത്തുള്ള രാഷ്്ട്രീയകക്ഷികളുമായോ ഹുർറിയത്ത് കോൺഫറൻസ് നേതാക്കളുമായോ തുറന്നമനസ്സോടെ മേശക്ക് ചുറ്റുമിരിക്കാൻ അദ്ദേഹം തയാറല്ല എന്നുതന്നെയാണ് വ്യക്തമാവുന്നത്. അതുകൊണ്ടാണല്ലൊ രാജ്നാഥ്സിങ് ശ്രീനഗറിൽ വിമാനമിറങ്ങുന്നതിനുമുമ്പുതന്നെ മീർവാഇസ് ഉമർ ഫാറൂഖ്, സയ്യിദ് അലിഷാ ഗീലാനി, യാസീൻ മാലിക് തുടങ്ങിയ ഹുർറിയത്ത് നേതാക്കളെ തടങ്കലിലാക്കിയത്. ഈ നേതാക്കളാവട്ടെ, ജനം തങ്ങളോടൊപ്പമാണെന്ന് സമർഥിക്കുന്നതിന് തെരുവ് വിജനമാക്കി പ്രതിഷേധം രേഖപ്പെടുത്താൻ ആഹ്വാനം ചെയ്യുകയാണുണ്ടായത്. സ്ഥിതിഗതികളിൽ ഒരു മാറ്റവും ഉണ്ടായിട്ടില്ല എന്ന് പുതിയ സംഭവവികാസങ്ങൾ അടിവരയിടുന്നു. ബി.ജെ.പി–പി.ഡി.പി സഖ്യത്തിെൻറ പ്രഖ്യാപിത അജണ്ടയിൽ വാഗ്ദാനം ചെയ്തത് പോലെ കശ്മീർ പ്രശ്നപരിഹാരത്തിന് ബന്ധപ്പെട്ട മുഴുവനാളുകളുമായും സംഭാഷണത്തിന് തയാറാവണമെന്നാണെത്ര മുഖ്യമന്ത്രി മഹ്ബൂബ മുഫ്തിയുടെ നിലപാട്. എന്നാൽ, ആ ദിശയിലുള്ള ക്രിയാത്മക നീക്കങ്ങൾക്ക് പകരം പൊലീസ്–സൈനിക മേധാവികളുമായും വാണിജ്യ–സാംസ്കാരിക രംഗത്തുള്ള കുറേ കൂട്ടായ്മകളുമായും മറ്റും ചർച്ചകൾ നടത്തി കശ്മീരിനെ ഇന്നും തപിക്കുന്ന സമസ്യയാക്കി നിലനിർത്തുന്ന മുഖ്യ പ്രശ്നങ്ങളെ മറച്ചുവെക്കാനുള്ള വിവേകപൂർണമല്ലാത്ത നീക്കങ്ങളാണ് അരങ്ങത്തും അണിയറയിലും നടന്നത്.
രാഷ്്ട്രീയപരിഹാരങ്ങളിലൂടെയല്ല, ഉരുക്കു മുഷ്ടിയിലൂടെയാവണം കശ്മീർ പ്രശ്നത്തിന് അന്ത്യം കാണേണ്ടത് എന്ന ഹിന്ദുത്വ ശക്തികളുടെ ശാഠ്യങ്ങൾ പ്രയോഗവത്കരിക്കുകയാണ് മോദി സർക്കാർ ഇപ്പോഴും ലക്ഷ്യമിടുന്നത് എന്ന് ആഭ്യന്തരമന്ത്രിയുടെ പുതിയ നീക്കങ്ങളിൽനിന്ന് വായിച്ചെടുക്കാനാവും. അനന്ത്നാഗിൽ സൈനിക^പൊലീസ് മേധാവികളെ അഭിസംബോധന ചെയ്ത് അവരുടെ ത്യാഗങ്ങളെയും ബലിദാനങ്ങളെയും പ്രകീർത്തിച്ച ശേഷമാണ് താഴ്വരയെ സ്വർഗമാക്കാനുള്ള അജണ്ടയാണ് കേന്ദ്രസർക്കാറിെൻറ പക്കലുള്ളതെന്ന് മന്ത്രി വ്യക്തമാക്കിയത്. അതല്ലാതെ, പ്രശ്നപരിഹാരത്തിന് ജനങ്ങളുടെയും മുഴുവൻ രാഷ്്ട്രീയപാർട്ടികളുടെയും മുന്നിൽവെക്കാൻ എന്ത് കർമപദ്ധതിയാണ് എൻ.ഡി.എ സർക്കാറിെൻറ പക്കലുള്ളത്? മുഖ്യമന്ത്രി മഹ്ബൂബ മുഫ്തിയും പ്രതിപക്ഷ പാർട്ടികളുമെല്ലാം ആവശ്യപ്പെടും പോലെ, നിർത്തിവെച്ച ഇന്ത്യ^പാക് സംഭാഷണം പുനരാരംഭിക്കാനോ അതിർത്തിയിൽ മഞ്ഞുരുക്കം സാധ്യമാക്കുന്ന ക്രിയാത്മകമായ ചുവടുവെപ്പുകൾക്കോ മോദി സർക്കാർ സന്നദ്ധമാണോ എന്ന ചോദ്യത്തിന് തൃപ്തികരമായ ഉത്തരം കിട്ടില്ലെന്നുറപ്പ്. മേഖലയുടെ വികസനമോ കേന്ദ്രത്തിെൻറ പ്രത്യേക പാക്കേജോ അല്ല കശ്മീരികളുടെ മുന്നിലുള്ള മുഖ്യ പ്രശ്നം. സ്വാതന്ത്ര്യലബ്ധി തൊട്ട് സ്വയംഭരണവുമായി ബന്ധപ്പെട്ട് അവർ ഉയർത്തുന്ന ചില സമസ്യകളുണ്ട്.
ആ ദിശയിലുള്ള അവരുടെ ആവശ്യങ്ങൾ പരിശോധിക്കുന്നതിനു പകരം, സംസ്ഥാനത്തിന് ഭരണഘടനയിൽ വിഭാവന ചെയ്ത പ്രത്യേക പദവി എടുത്തുകളയുന്നതിനെ കുറിച്ചാണ് അടുത്തകാലം വരെ കേന്ദ്രസർക്കാർ കൂലങ്കഷമായി ചിന്തിച്ചത്. കശ്മീർ കലുഷിതമാകാൻ ഏക കാരണം അതിർത്തിക്കപ്പുറത്തുനിന്നുള്ള ഇടങ്കോലിടലാണ് എന്ന വാദമുയർത്തി, താഴ്വരയിലെ യഥാർഥ സ്ഥിതിഗതികൾക്കുനേരെ കണ്ണടക്കുന്നതാണ് പ്രശ്നങ്ങളെ ഇപ്പോഴും സങ്കീർണമാക്കുന്നത്. പ്രധാനമന്ത്രി പ്രഖ്യാപിച്ച 80,068 കോടിയുടെ പദ്ധതിയിൽ 78 ശതമാനവും നടപ്പാക്കിക്കഴിഞ്ഞുവെന്നാണ് മന്ത്രി അവകാശപ്പെടുന്നത്. 62,599 കോടി രൂപ ചെലവഴിച്ചിട്ടും എന്തുകൊണ്ട് കശ്മീരികളുടെ ഹൃദയം കവരാൻ സാധിക്കുന്നില്ല എന്ന ചോദ്യത്തിനുള്ള ഉത്തരം കണ്ടുപിടിക്കേണ്ടത് മോദി സർക്കാർതന്നെയാണ്. ഡോ. മൻമോഹൻ സിങ്ങിെൻറ നേതൃത്വത്തിലുള്ള കോൺഗ്രസ് സംഘം ഇതിനകം ജമ്മുവിലെത്തി പ്രശ്നം പഠിക്കാൻ തുടങ്ങിയിട്ടുണ്ട് എന്നത് കൗതുകകരമായ മറ്റൊരു വർത്തമാനമാണ്. സ്വാതന്ത്ര്യലബ്ധിക്കു ശേഷം അരനൂറ്റാണ്ടുകാലം രാജ്യം ഭരിക്കുകയും പലഘട്ടങ്ങളായി സംസ്ഥാനത്തിെൻറ ഭരണം കൈയാളുകയും ചെയ്ത ഒരു പാർട്ടിക്ക് ഇതുവരെ കശ്മീർ പ്രശ്നത്തിെൻറ കാതൽ പിടികിട്ടിയിട്ടില്ലെത്ര. ഇത്തരം കാപട്യങ്ങൾ കൈയൊഴിയാൻ രാഷ്്ട്രീയപാർട്ടികൾ കൂട്ടാക്കാത്ത കാലത്തോളം കശ്മീർ ‘നരകമായി’ പുകഞ്ഞുകൊണ്ടേയിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.