നമ്മുടെ നാട്ടിലെ ജീവിതം ശാന്തവും സുഗമവുമാക്കുന്നതിൽ പൊലീസ്സേന വഹിക്കുന്ന പങ്ക് അവിതർക്കിതമാണ്. കേസന്വേഷണത്തിനും ക്രമസമാധാനപാലനത്തിനുമിടയിൽ പല കോണുകളിൽ നിന്ന് വരുന്ന ബഹുവിധ സമ്മർദങ്ങളെ അതിജീവിച്ചാണ് അവർ മുന്നോട്ടുപോകുന്നത്. സേവനവീഥിയിൽ ജീവൻ നഷ്ടപ്പെടുന്ന സംഭവങ്ങളും നിരവധി. കൊലക്കേസ് പ്രതിയെ കണ്ടെത്താനുള്ള യാത്രക്കിടെ ഈ മാസം 18ന് തിരുവനന്തപുരം എസ്.എ.പി ക്യാമ്പിലെ കോൺസ്റ്റബിൾ എസ്. ബാലു വള്ളം മുങ്ങിമരിച്ചത് അവസാനത്തെ ഉദാഹരണം. അതായത് കക്ഷി രാഷ്ട്രീയ ഭേദമന്യേ ഏതാണ്ടെല്ലാ പാർട്ടികളുടെയും പ്രതിഷേധ പ്രകടനങ്ങളിൽ കേൾക്കാറുള്ളതുപോലെ പൊലീസ് വെറും പുല്ലല്ല; നാട്ടിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ നിയുക്തരായ മഹനീയമായ ഒരു സംഘം തന്നെയാണ്. അധികാര ദുർവിനിയോഗത്തിന്റെയും അതിക്രമങ്ങളുടെയും ആയിരം കഥകൾ പറയാനുണ്ടെങ്കിലും പൊലീസ് സേന ചെയ്യുന്ന സേവനങ്ങളോട് നമുക്ക് മുഖം തിരിഞ്ഞു നിൽക്കാനാവില്ല. കോവിഡ് പ്രതിരോധത്തിന്റെ മറവിൽ കാണിച്ചു കൂട്ടിയ അമിതാധികാര പ്രയോഗങ്ങൾ മുന്നിലുള്ളപ്പോഴും കോവിഡ് മുന്നണിപ്പോരാളികളായി വർത്തിച്ച ആയിരക്കണക്കിന് പൊലീസ് സേനാംഗങ്ങളുടെ കർമവീര്യത്തെ, സഹജീവി സ്നേഹത്തെ, സേവനത്തെ നാം മാനിക്കുന്നു.
എന്നാൽ, കേരള പൊലീസിന്റെ ലോഗോയിൽ എഴുതി വെച്ചിരിക്കുന്ന 'മൃദു ഭാവെ ,ദൃഢ കൃത്യെ' (മൃദുവായ പെരുമാറ്റം, ദൃഢമായ കർമങ്ങൾ) എന്ന ആപ്തവാക്യത്തിന് മാത്രമല്ല, പൊലീസ് യൂനിഫോമണിഞ്ഞു നടക്കുന്ന ഓരോ വ്യക്തിക്കും അപവാദമായിരുന്നു ആറ്റിങ്ങലിൽ പൊതുജന മധ്യത്തിൽ വെച്ച് ഒരു ദലിത് ബാലികയെയും പിതാവിനെയും മോഷണക്കുറ്റം ആരോപിച്ച് പരസ്യ വിചാരണ നടത്തിയ സംഭവം. സ്ത്രീകൾക്കും കുട്ടികൾക്കും നീതിയും സൗകര്യവും ഉറപ്പാക്കുന്നതിൽ പ്രത്യേക ശ്രദ്ധപുലർത്താൻ ആവിഷ്കരിച്ച പിങ്ക് പൊലീസ് സംഘത്തിലെ ഉദ്യോഗസ്ഥയാണ് ഈ ചെയ്തിക്ക് നേതൃത്വം നൽകിയത്. ഐ.എസ്.ആർ.ഒയിലേക്ക് കൊണ്ടുപോകുന്ന കൂറ്റൻ വാഹനത്തിന്റെ അതിശയം കാണാനെത്തിയ കുട്ടി എത്ര അതിക്രമകരമാണീ ലോകം എന്ന സത്യമാണ് നേരിൽ കണ്ടത്. മോഷ്ടിച്ചിട്ടില്ലെന്നും നിരപരാധികളാണെന്നും പലവട്ടം പറഞ്ഞിട്ടും പേർത്തും പേർത്തും അപമാനിക്കുകയും കയർക്കുകയും ദേഹപരിശോധന നടത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന പൊലീസുദ്യോഗസ്ഥക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ പെൺകുട്ടിയുടെ ദൃശ്യങ്ങൾ മനസ്സാക്ഷി അവശേഷിക്കുന്ന ഓരോ മനുഷ്യരുടെയും വേദനയായി. മനസ്സിന് മുറിവേറ്റ കുട്ടി ഉറക്കത്തിൽ ഞെട്ടിയെണീക്കുന്നതും, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ കാക്കി യൂനിഫോം കണ്ടാൽ പോലും ഭയന്നു നിലവിളിക്കുന്നതും പതിവായി. ഓൺലൈൻ ക്ലാസിൽ പഠിക്കാനിരിക്കാൻ കഴിയാതെയായി. സംഭവത്തെക്കുറിച്ചന്വേഷിക്കാൻ നിയോഗിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥ ഈ അന്യായത്തെ വെള്ളപൂശുന്ന റിപ്പോർട്ടും സമർപ്പിച്ചു.
പൊലീസ് അതിക്രമങ്ങൾ സഹിച്ച് കരഞ്ഞു ജീവിക്കുന്ന അസംഖ്യം മനുഷ്യരിലൊരാളാവേണ്ടതില്ല തങ്ങളുടെ മകളെന്ന് തീരുമാനിച്ച് നിയമനടപടിയുമായി മുന്നോട്ടുപോയ കുടുംബം തീർച്ചയായുമൊരു സല്യൂട്ട് അർഹിക്കുന്നു. ഒപ്പം ഉത്തരവാദിത്ത നിർവഹണത്തിന് മുന്നോട്ടു വന്ന പട്ടികജാതി കമീഷനും. ബാലിക നേരിട്ട അതിക്രമത്തിന്റെ വ്യാപ്തി ബോധ്യമായ ഹൈകോടതി നഷ്ടപരിഹാരം നൽകണമെന്ന് നിർദേശിച്ചപ്പോൾ നിഷേധാത്മക സമീപനമാണ് സർക്കാർ പുലർത്തിയത്. പെണ്കുട്ടിയുടെ മൗലികാവകാശം ലംഘിക്കപ്പെട്ടിട്ടില്ലെന്നവകാശപ്പെട്ട സർക്കാർ നഷ്ടപരിഹാരം നല്കുന്നത് പൊലീസിനെ ബാധിക്കുമെന്നും വാദിക്കുന്നു.
കുറച്ചു വർഷങ്ങളായി പൊലീസ് വരുത്തുന്ന കഠിന വീഴ്ചകൾക്കെല്ലാം സർക്കാർ- കൂടുതൽ കൃത്യമായി പറഞ്ഞാൽ പൊലീസ് വകുപ്പ് കൈയാളുന്ന മുഖ്യമന്ത്രി പ്രതിരോധം തീർക്കുന്നത് നടപടിയെടുത്താൽ പൊലീസിനെ ബാധിക്കുമെന്നും അവരുടെ ആത്മവീര്യത്തിന് ക്ഷതമേൽക്കുമെന്നും പറഞ്ഞാണ്. മുഖ്യമന്ത്രി നേതൃത്വം നൽകുന്ന സർക്കാറും പൊലീസും സുരക്ഷ നൽകാനും സംരക്ഷിക്കാനും ബാധ്യസ്ഥമായ ജനങ്ങൾക്ക് ആത്മാഭിമാനം, മനോവീര്യം എന്നിത്യാദികളൊന്നുമില്ല എന്ന് അദ്ദേഹം ധരിച്ചുവെച്ചിട്ടുണ്ടോ?. പ്രതിപക്ഷ ബെഞ്ചിലിരിക്കവെ തങ്ങൾക്കിഷ്ടമില്ലാത്തതു ചെയ്തെന്നാരോപിച്ച് പൊലീസിനെതിരെ കടുത്ത ആക്ഷേപമുന്നയിക്കുകയും ഭരണത്തിലെത്തിയാൽ അവരുടെ അരുതായ്മകൾക്കെല്ലാം ന്യായം ചമക്കുകയും ചെയ്യുന്നതാണ് നിയമപാലക സേനാംഗങ്ങളെ നിയമലംഘകരായി ദുഷിപ്പിച്ച് ഏറാൻമൂളികളും സ്വാധീനമുള്ളവരുടെ ക്വട്ടേഷൻ സംഘങ്ങളുമാക്കി മാറ്റുക എന്ന് നമ്പർ വൺ കേരളത്തിന്റെ ആഭ്യന്തര മന്ത്രിയെ ആവർത്തിച്ച് ഓർപ്പെടുത്തേണ്ടി വരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.