മുന്നിലെത്തിയ ദുരന്തവും മുഖംതിരിക്കുന്ന രാഷ്ട്രങ്ങളും


ആസന്ന വിപത്തിന് മുന്നിലും നിസ്സംഗത പുലർത്തുന്ന രാഷ്ട്രനേതൃത്വങ്ങൾ; നേരിട്ട് അനുഭവിച്ച് തുടങ്ങിയിട്ടും ആ വിപത്തിനെപ്പറ്റി ജാഗ്രതയോ അവബോധംപോലുമോ തോന്നിത്തുടങ്ങാത്ത മനുഷ്യസമൂഹം-ഉഗ്രവേഗതയിൽ അടുത്തുകൊണ്ടിരിക്കുന്ന കാലാവസ്ഥാ വിനാശത്തോട് നാം കാണിക്കുന്ന അലംഭാവം ആത്മഹത്യാപരമാകുന്നു. യു.എൻ ആഭിമുഖ്യത്തിൽ ഈജിപ്തിലെ ശറമുശൈഖിൽ നവംബർ ഏഴു മുതൽ 18 വരെ നടക്കാൻപോകുന്ന കാലാവസ്ഥാ ഉച്ചകോടിക്ക് (കോപ് 27) മുമ്പായി പുറത്തുവന്ന റിപ്പോർട്ടുകൾ ശുഭവാർത്തയല്ല നൽകുന്നത്.

2015ലെ പാരിസ് ഉച്ചകോടി (കോപ് 21) തീരുമാനിച്ചിരുന്നത്, ആഗോളതാപം വ്യവസായവത്കരണത്തിന് മുമ്പത്തേതിലും 1.5 ഡിഗ്രി സെൽഷ്യസിലധികം ഉയരാൻ അനുവദിച്ചുകൂടാ എന്നായിരുന്നു. ഇതിൽ പരിമിതപ്പെടുത്താതിരുന്നാൽ തിരിച്ചുവരവില്ലാത്ത വിനാശത്തിലേക്ക് ഭൂമി കൂപ്പുകുത്തുമെന്നതുകൊണ്ട് 1.5 ഡിഗ്രി എന്ന പരിധി ഒത്തുതീർപ്പില്ലാത്ത ഒന്നാണെന്നും കണ്ടെത്തി. എന്നാൽ, കഴിഞ്ഞ ദിവസങ്ങളിൽ മൂന്ന് യു.എൻ ഏജൻസികൾ പുറത്തുവിട്ട പഠനഫലങ്ങൾ സൂചിപ്പിക്കുന്നത്, ഈ അലംഘനീയമായ പരിധി ലംഘിക്കപ്പെടും എന്നത്രെ.

1.5 ഡിഗ്രി കടന്ന്, നൂറ്റാണ്ട് ഒടുക്കത്തോടെ 2.8 ഡിഗ്രിയിലേക്കാണ് പോക്ക് എന്ന് യു.എൻ പരിസ്ഥിതി ഏജൻസി പറയുന്നു. കോപ് 21ൽ നിർണയിക്കുകയും കഴിഞ്ഞവർഷം ഗ്ലാസ്ഗോയിൽ നടന്ന കോപ് 26ൽ പുതുക്കുകയും ചെയ്ത ലക്ഷ്യങ്ങൾ നിറവേറിയാൽപോലും താപവർധന രണ്ടര ഡിഗ്രി കടക്കും എന്നതാണവസ്ഥ. ആ ലക്ഷ്യങ്ങളാകട്ടെ, രാഷ്ട്രങ്ങളുടെ ഇന്നത്തെ പോക്കനുസരിച്ച് അടുത്തൊന്നും നിറവേറാൻ പോകുന്നില്ല. ഗ്ലാസ്ഗോയിൽവെച്ച് ശപഥം ചെയ്ത് സ്വീകരിച്ച ലക്ഷ്യങ്ങളുടെ അടുത്തുപോലും രാജ്യങ്ങൾ എത്തിയിട്ടില്ലെന്ന് യു.എൻ ഫ്രെയിംവർക് കൺവെൻഷൻ റിപ്പോർട്ടും സ്ഥിരീകരിക്കുന്നു.

അന്തരീക്ഷത്തെ ചൂടുപിടിപ്പിക്കുന്ന മൂന്ന് ഹരിതഗൃഹവാതകങ്ങളുടെയും (നൈട്രസ് ഓക്സൈഡ്, കാർബൺ ​ൈഡ ഓക്സൈഡ്, മീഥൈൻ) നിർഗമനം വർധിക്കുകയാണെന്നും 2021ൽ അത് റെക്കോഡ് തോതിലെത്തിയെന്നുമാണ് വേൾഡ് മീറ്റിയറളോജിക്കൽ ഓർഗനൈസേഷന്റെ പഠനത്തിൽ കണ്ടത്. മറ്റനവധി റിപ്പോർട്ടുകളും തരുന്നത് ഇതേ ആപദ്സൂചന തന്നെ. വരാൻ പോകുന്നതിന്റെ മുന്നോടിയാണ് പോയവർഷം ലോകം അനുഭവിച്ച കൊടും ചൂടും വരൾച്ചയും പ്രളയവും കൊടുങ്കാറ്റുമെല്ലാം. ശക്തമായ നടപടി അതിവേഗം എടുത്തില്ലെങ്കിൽ സർവനാശമാകും ഫലമെന്ന് യു.എൻ സെക്രട്ടറി ജനറൽ ഗുട്ടെറസും വെട്ടിത്തുറന്ന് പറയുന്നു.

ശാസ്ത്രവും അനുഭവവും ഇങ്ങനെ നിരന്തരം ഓർമപ്പെടുത്തുമ്പോഴും രാഷ്ട്രനേതാക്കൾ കുറ്റകരമായ അലംഭാവമാണ് പുലർത്തുന്നത്. ചരിത്രത്തിലെ ഏറ്റവും കടുത്ത ചൂടാണ് ഇക്കൊല്ലം യൂറോപ്പടക്കം അനുഭവിച്ചത്. എന്നാൽ, ചൂടു കൂടാൻ പോകുന്നതേയുള്ളൂ എന്നും ഇന്നുള്ളവരുടെ ജീവിതത്തിലെ ഏറ്റവും ചൂടുകുറഞ്ഞ വർഷമായി ഇതു മാറുമെന്നും ശാസ്ത്രം മുന്നറിയിപ്പ് നൽകുമ്പോൾ തന്നെയാണ് പല രാജ്യങ്ങളും മലിനീകരണക്ഷമമായ ഫോസിൽ ഇന്ധനങ്ങളുടെ ഉപഭോഗം വർധിപ്പിക്കുന്നത്. പടിഞ്ഞാറൻ എണ്ണക്കമ്പനികൾ വൻ ലാഭമാണ് കൊയ്യുന്നത്. അതേസമയം, ദരി​ദ്രരാജ്യങ്ങളിലെ ജനകോടികൾ കാലാവസ്ഥാ ദുരിതങ്ങൾ കാരണം അഭയാർഥികളായിക്കൊണ്ടിരിക്കുന്നു. കിഴക്കനാഫ്രിക്ക പട്ടിണിയിലാണ്. അത്യുഷ്ണവും വരൾച്ചയും കാരണം ഭൂമിയുടെ 19 ശതമാനവും അടുത്ത 50 വർഷങ്ങളിൽ വാസയോഗ്യമല്ലാതാകുമെന്ന് ലോകബാങ്ക് മുന്നറിയിപ്പ് തന്നിട്ടുണ്ട്. പരിഹാരം വൈകുന്തോറും ലോകത്തെല്ലാവർക്കും (പ്രത്യേകിച്ച് ദരിദ്രർക്ക്) കനത്ത സാമ്പത്തിക നഷ്ടമാണുണ്ടാവുക എന്നും കണക്കുകൾ സൂചിപ്പിക്കുന്നു.

മലിനീകരണത്തിന് കൂടുതൽ കാരണക്കാരായ സമ്പന്നരാജ്യങ്ങൾക്കല്ല, കുറഞ്ഞ തോതിൽ മാത്രം മലിനീകരണം സൃഷ്ടിച്ച ദരിദ്രരാജ്യങ്ങൾക്കാണ് ഏറ്റവും കൂടുതൽ നഷ്ടവും ദുരിതവും എന്നതിനാൽ കാലാവസ്ഥാനീതി പ്രശ്നപരിഹാരത്തിന്റെ മർമമാണ്.1992 മുതൽ 2013 വരെ ആഗോളതലത്തിൽ കാലാവസ്ഥാദുരിതം മൂലമുണ്ടായ (30 ലക്ഷം കോടി ഡോളർ വരെ എത്താവുന്ന) നഷ്ടത്തിൽ കൂടുതലും ദരിദ്രരാജ്യങ്ങൾക്കാണ് സഹിക്കേണ്ടിവന്നത്. എന്നിട്ടും അവർക്ക് നഷ്ടപരിഹാരമായും നിർബന്ധ സഹായമായും നൽകുമെന്ന് സമ്പന്ന രാഷ്ട്രങ്ങൾ ഏറ്റ തുകകളുടെ പകുതിപോലും കൈമാറിയിട്ടില്ല. ഈ സാഹചര്യം കൂടിയാണ് കോപ് 27ന് സവിശേഷ പ്രാധാന്യം നൽകുന്നത്. പക്ഷേ, ഈ പ്രാധാന്യം പല രാഷ്ട്രനേതാക്കളും ഉൾക്കൊണ്ടിട്ടില്ല. പരിസ്ഥിതിക്ക് പ്രഥമപരിഗണന നൽകുമെന്നു പറഞ്ഞ് സ്ഥാനമേറ്റ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ഉദാഹരണം. തന്റെ പ്രതിബദ്ധത തെളിയിക്കാൻ കിട്ടിയ ആദ്യ അവസരമായ കോപ് 27ൽ പ​ങ്കെടുക്കില്ലെന്ന് മാത്രമല്ല, പരിസ്ഥിതി സൗഹൃദം പുലർത്തുന്ന ചാൾസ് രാജാവിനോടുപോലും പ​ങ്കെടുക്കേണ്ടതില്ലെന്ന് അദ്ദേഹം അറിയിച്ചു എന്നാണ് വാർത്ത.

കൂട്ടായ ശ്രമത്തിലൂടെ മാത്രമേ ഭൂമിയുടെ പ്രതിസന്ധി മാറ്റിയെടുക്കാനാകൂ. യു.എന്നും ശാസ്ത്രസമൂഹവും മുന്നിട്ടിറങ്ങുമ്പോഴും ലോകരാഷ്ട്രങ്ങൾ ഒരുമ കൈവെടിഞ്ഞ് സംഘർഷങ്ങളുടെ പാത തെരഞ്ഞെടുക്കുകയാണ്. അസഹനീയമായ ഉഷ്ണതരംഗങ്ങളോട് മല്ലിടാൻ വിധിക്കപ്പെട്ടവരാണ് ഇന്ന് ഭൂമിയിലുള്ള കുട്ടികളിൽ പകുതിയിലേറെ (56 കോടി). 2050ഓടെ മൊത്തം 202 കോടി കുട്ടികളിൽ എല്ലാവരും ആ അവസ്ഥയിലാകുമെന്ന് യൂനിസെഫ് പറയുന്നു. അവരെ ഓർത്തെങ്കിലും ഇന്നത്തെ മുതിർന്ന തലമുറ കുറെക്കൂടി ഉത്തരവാദിത്തബോധം കാണിക്കേണ്ടിയിരിക്കുന്നു.

മാലിന്യമുക്തമായ ബദൽ ഊർജ സ്രോതസ്സുകൾ വികസിപ്പിക്കുന്ന രംഗത്ത് നേരിയ പ്രതീക്ഷ ഇന്നുണ്ട്. യുക്രെയ്ൻ യുദ്ധപശ്ചാത്തലത്തിലുണ്ടായ ഇന്ധന പ്രതിസന്ധി, ബദൽ ഊർജത്തിലേക്ക് മാറാൻ പ്രേരണയാകുമെങ്കിൽ നല്ലത്. അതേസമയം, ഒത്തൊരുമ അനിവാര്യമായ ഈ ഘട്ടത്തിൽ പോലും ദേശരാഷ്ട്രങ്ങൾ പുലർത്തുന്ന സങ്കുചിതത്വവും യുദ്ധോത്സുകതയും കാലാവസ്ഥാ പരിഹാര ശ്രമങ്ങളെവരെ പിറകോട്ടടിപ്പിക്കാൻ പര്യാപ്തമാണുതാനും. ചുരുക്കത്തിൽ, ഈജിപ്തിൽ നടക്കാനിരിക്കുന്ന കാലാവസ്ഥാ ഉച്ചകോടിയുടെ വിജയം കാലാവസ്ഥാ നീതിയെയും രാഷ്ട്രനേതൃത്വങ്ങളുടെ പക്വതയെയും ആശ്രയിച്ചാണ് നിൽക്കുന്നത്. അതിന്റെ പരാജയമാകട്ടെ മനുഷ്യസമൂഹത്തിന് താങ്ങാനാവില്ല.

Tags:    
News Summary - Climate change and Cop 27

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-16 00:45 GMT