‘രാജ്യ’ത്തിനു വേണ്ടിയുള്ള ജനാധിപത്യ വേട്ടകൾ

ഇതുവരെ നമ്മുടെ ഭരണകൂടങ്ങളുടെ സമീപനം ജനങ്ങളെ മുഴുവൻ വിശ്വസിക്കുകയും ദേശസ്നേഹികളായി പരിഗണിക്കുകയുമായിരുന് നു. എന്നാൽ, ഇപ്പോൾ ‘രാജ്യ’ത്തിന് അവരെ സംശയമായിരിക്കുന്നു- മുഴുവൻ പൗരന്മാരും കള്ളപ്പണ ഇടപാടുകൾ നടത്തുന്നവരും വ ിധ്വംസക പ്രവൃത്തികളിൽ ഏർപ്പെടുന്നവരുമാണോ എന്ന്. അവരുടെ സ്വകാര്യ വ്യവഹാരങ്ങളെ എപ്പോഴും നിരീക്ഷിക്കേണ്ടിവരും വിധം സങ്കീർണമാണ് രാജ്യത്തി​െൻറ അഖണ്ഡാവസ്ഥയെന്നും. ഇതുവരെ ഭരണഘടനാപരമായി എല്ലാ പൗരന്മാരും കുറ്റം തെളിയും വരെ ന ിരപരാധികളും സ്വതന്ത്രരുമായിരുന്നു. നിയമപരമായി ഒരു സർക്കാർ ഏജൻസിക്കും പൗരജീവിതത്തിനുമേൽ ബലാൽക്കാരമായി കടന്ന ുകയറാൻ അവകാശമില്ലായിരുന്നു. അധികാരിവർഗങ്ങൾക്കും സർക്കാർ അന്വേഷണവിഭാഗങ്ങൾക്കും ജനങ്ങളുടെ സ്വകാര്യതകളിലേക്ക് ഒളിനോട്ടം നടത്തി വിവരങ്ങൾ മോഷ്​ടിക്കാൻ ലഭ്യമായ സോപാധികാധികാരത്തെ ദുർവിനിയോഗം ചെയ്​തേ സാധ്യമാകുമായിരുന്നുള്ളൂ.

ഇനിമുതൽ യഥേഷ്​ടം ഭരണകൂടത്തിനും അവരുടെ ഏജൻസികൾക്കും ഒളിവും തെളിവുമില്ലാതെ പൗരന്മാരുടെ സ്വകാര്യതകളിലേക്ക് കടന്നുകയറാം. വിവരങ്ങൾ പിടിച്ചെടുക്കാം. അതു നൽകാൻ വിസമ്മതിക്കുന്നവരെ തടവിലിടാം. കാരണം, കഴിഞ്ഞ വ്യാഴാഴ്ച രാത്രി ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബ ഒപ്പിട്ട അസാധാരണ ​ഗസറ്റ് വിജ്ഞാപനത്തിലൂടെ എല്ലാ പൗരന്മാരും പ്രതിസ്ഥാനത്താണ്. അവരുടെ സ്വകാര്യതകളിൽ രാജ്യത്തിന് ഹാനികരമായി ഒന്നുമില്ലെന്ന് പത്തു സർക്കാർ ഏജൻസികൾക്കുമുന്നിൽ എപ്പോഴും തെളിയിക്കാൻ ബാധ്യതപ്പെട്ടവരാണ്.

രാജ്യസുരക്ഷ ഉറപ്പുവരുത്താനാണ് ഏതു കമ്പ്യൂട്ടറും സ്മാർട് ഫോണും അവയിലെ ഉള്ളടക്കങ്ങളും പരിശോധിക്കാൻ നിരുപാധികം അനുവാദം നൽകിയതെന്നാണ് കേന്ദ്രസർക്കാർ ഭാഷ്യം. 2009 ൽ യു.പി.എ സർക്കാർ കൊണ്ടുവന്ന ഐ.ടി ആക്​ട്​ ചട്ടഭേദഗതിയുടെ തുടർച്ചയാണ്​ ഇൗ ഉത്തരവെന്നും അവർ വിശദീകരിക്കുന്നു. ഭരണഘടനാ വിരുദ്ധമെന്ന് വിലയിരുത്തപ്പെടുന്ന ഈ ഉത്തരവ് വരുന്നത്​ ലോക്​സഭ ചേരുന്ന സമയത്താണ്. എന്നിട്ടും, പാർലമ​െൻറിൽ വ്യവസ്ഥാപിത ചർച്ച നടത്തുകയോ ചുരുങ്ങിയ പക്ഷം മന്ത്രിസഭയിൽ കൂടിയാലോചിക്കുകയോ ചെയ്യാതെ ജനങ്ങളുടെ സ്വകാര്യതകളിലേക്ക് ഒളികാമറകൾ സ്ഥാപിക്കാൻ അധികാരം നൽകുന്ന ഉത്തരവ് ആരുടെ ‘രാജ്യസുരക്ഷ’ക്കു വേണ്ടിയാണ്? രാജ്യമെന്നത് ഭരണകൂടത്തി​െൻറ പര്യായമായി മാറിയിരിക്കുന്നു. അധികാരി വർഗത്തിനുനേ​െരയുള്ള വിമർശനങ്ങൾ രാജ്യദ്രോഹമായി വിലയിരുത്തപ്പെടുന്ന ഭൂരിപക്ഷ മേധാവിത്വത്തി​െൻറ ജനാധിപത്യ വേട്ടകളാണ് രാജ്യസുരക്ഷയുടെ പേരിൽ അരങ്ങുതകർക്കാൻ പോകുന്നത്.

രാജ്യത്തി​െൻറ പേരിൽ നടക്കുന്ന പൗരാവകാശ ധ്വംസനങ്ങളെ ചോദ്യംചെയ്യാനുള്ള ത്രാണി നിലവിൽ കോടതികൾക്കോ വ്യത്യസ്ത രാഷ്​ട്രീയ നേതൃത്വങ്ങൾക്കോ ഉണ്ടോ എന്ന ആശങ്കയും പ്രബലമാകുകയാണ്. സ്വകാര്യത പൗരൻമാരുടെ മൗലികാവകാശമാ​െണന്ന് പരമോന്നത കോടതി വിധി പ്രസ്താവിച്ച് വർഷം ഒന്ന് പൂർത്തിയാകും മു​േമ്പ ‘രാജ്യ’ത്തിനു മുന്നിൽ ഒളിക്കാൻ പൗരന്മാർക്ക് ഒരു രഹസ്യവും പാടില്ലെന്ന ഉത്തരവ് പുറത്തുവരുന്നത്. യഥാർഥത്തിൽ വിവരങ്ങൾ രഹസ്യമാക്കി വെച്ച് കോർപറേറ്റ് സേവ ചെയ്യുന്നത് ആരാണ്? റഫാൽ ആയുധ ഇടപാടിലെ കരാറുകൾ, നോട്ട് നിരോധനത്തിനുശേഷം ബാങ്കുകൾ നടത്തിയ സാമ്പത്തിക കൃത്രിമങ്ങൾ, അക്കാലത്ത് റിസർവ് ബാങ്കിലേക്ക് വന്ന പണത്തി​െൻറ വിശ്വാസ്യത, കോർപറേറ്റുകൾക്ക് വിട്ടുകൊടുത്ത നികുതിയിളവുകളുടെ വിവരങ്ങൾ, കള്ളപ്പണക്കാരുടെ കണക്ക്, വ്യാജ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവരെ കുറിച്ചുള്ള അന്വേഷണങ്ങൾ, സർക്കാർ ഉദ്യോഗ മേഖലകളിലും സൈനിക, അന്വേഷണ ഏജൻസികളിലും ദലിതുകൾക്കും ന്യൂനപക്ഷങ്ങൾക്കുമുള്ള പ്രാതിനിധ്യം തുടങ്ങി എന്തിന്, പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസയോഗ്യതയെ കുറിച്ചുള്ള നിജസ്ഥിതി വരെ എത്ര​യെത്ര വിവരങ്ങളാണ് രാജ്യതാൽപര്യത്തിന് ഹാനികരമെന്നുപറഞ്ഞ് ഭരണകൂടം രഹസ്യമാക്കിവെച്ചിരിക്കുന്നത്. സുപ്രീംകോടതിയെ പോലും രാജ്യസുരക്ഷയുടെ പേരിൽ തെറ്റിദ്ധരിപ്പിച്ച സർക്കാറാണ് ഇപ്പോൾ അതേ പേരിൽ പൗരന്മാരുടെ മൗലികാവകാശങ്ങൾ കവർന്നെടുക്കുന്നത്.

സി.ബി.ഐ മുൻ ജോയൻറ്​ ഡയറക്​ടർ ശാന്തനു സെൻ വ്യക്തമാക്കിയപോലെ ഉദ്യോഗസ്ഥ ഏജൻസികൾക്ക് ഏതു രഹസ്യവും കണ്ടെത്താൻ പുതിയ ഉത്തരവിലൂടെ എളുപ്പമാകുകയാണ്. ഒാരോ തവണയും അംഗീകാരത്തിനു സർക്കാറിനെ സമീപിക്കേണ്ട ആവശ്യമിനിയില്ല. അധികാരം നഷ്​ടപ്പെടാതിരിക്കാനും നഷ്​ടപ്പെട്ടാൽ അധോ അധികാരഘടനയെ (ഡീപ്​ എസ്​റ്റേറ്റ്​) ഉദ്യോഗസ്ഥ സ്വാധീനത്തിലൂടെ നിലനിർത്താനുമുള്ള തീവ്രശ്രമങ്ങളാണ് തിരക്കുപിടിച്ച ഉത്തരവിലൂടെ സംഘ് ആസൂത്രകർ ലക്ഷ്യംവെക്കുന്നത്. ഭൂരിപക്ഷ മേധാവിത്വം പുലർന്നുകാണാൻ മോഹിക്കുന്നവർക്ക്​ ഭരണകൂടത്തെ അഹമഹമികയാ പിന്തുണക്കുന്നതി​െൻറ പേരാണ് ദേശക്കൂറ്. അധികാര വർഗ താൽപര്യങ്ങൾക്ക് വിധേയപ്പെടലാണ് സുരക്ഷ. സർക്കാർ ചാരവലയത്തെ കുറിച്ചുള്ള ബോധ്യങ്ങളിൽ നിലയുറപ്പിച്ചുള്ള മൃദു വിയോജന കുറിപ്പിനുള്ള അവകാശമാണ് സ്വാതന്ത്ര്യം. ഉൾഭയം സൃഷ്​ടിക്കുന്ന മൗനമാണ് ശാന്തത. ഒറ്റ ഉത്തരവിലൂടെ അത് നടപ്പാക്കാൻ അവർക്ക് കഴിഞ്ഞിരിക്കുന്നു. എന്നിട്ടും, നാം വിശ്വസിക്കുന്നു, രാജ്യത്ത് അടിയന്തരാവസ്ഥയൊന്നും വന്നിട്ടില്ലെന്ന്. സ്വതന്ത്രമായി എഴുതാനും പറയാനും ഭരണാധികാരികളെ വിമർശിക്കാനുമുള്ള സർവതന്ത്ര സ്വാതന്ത്ര്യമുള്ള ദേശമാണ് നമ്മുടേതെന്ന്.

Tags:    
News Summary - Computer snooping issue-Opnion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.