ഇന്ത്യയിലെ വായുമലിനീകരണത്തെ ഡോണൾഡ് ട്രംപ് പരാമർശിച്ചത് വലിയ ചർച്ചക്ക് തിരികൊളുത്തി. യു.എസിലെ പ്രസിഡൻറ് സ്ഥാനാർഥികൾ തമ്മിൽ നടന്ന അവസാനവട്ട പരസ്യസംവാദത്തിൽ, കാലാവസ്ഥാ പ്രതിസന്ധി നേരിടാനുള്ള പദ്ധതികളെപ്പറ്റി ചോദിച്ചപ്പോഴാണ് ട്രംപ് ചൈന, റഷ്യ, ഇന്ത്യ എന്നീ രാജ്യങ്ങളിലെ പരിസ്ഥിതിദൂഷണം ചൂണ്ടിക്കാട്ടിയത്. ഇന്ത്യയിലെ വായു മലിനമാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.
പുറമേക്ക് ചങ്ങാത്തം ഭാവിക്കുേമ്പാഴും അകത്ത് ഇന്ത്യയോട് പുച്ഛമുള്ള സങ്കുചിത ദേശീയവാദിയാണ് ട്രംപെന്ന് പലരും വിമർശിച്ചു. അവസരത്തിനൊത്ത് നിറംമാറാൻ കഴിവുള്ളയാളാണ് ട്രംപ്. പക്ഷേ, പറഞ്ഞത് ട്രംപാണെങ്കിലും ഇന്ത്യയിലെ അന്തരീക്ഷ മലിനീകരണം അയഥാർഥമല്ല. ഡൽഹിപോലുള്ള വൻനഗരങ്ങളിൽ അത് ഗുരുതരംതന്നെയാണ്. വടക്കേ ഇന്ത്യൻനഗരങ്ങളിൽ വിശേഷിച്ചും, നവംബർ മുതൽ ഫെബ്രുവരി വരെയുള്ള ശൈത്യകാലത്ത് അന്തരീക്ഷ വായുവിലെ വിഷമാലിന്യം ആപത്കരമായ തോതിൽ വർധിക്കാറുണ്ട്.
ഡൽഹിയിലെ ചില ഭാഗങ്ങളിൽ വായുശുദ്ധിസൂചിക ഇപ്പോഴേ 'ഗുരുതര'മെന്ന തലത്തിലെത്തിക്കഴിഞ്ഞു. ട്രംപ് ഇന്ത്യയെ കുറ്റപ്പെടുത്തിയ ദിവസം ഡൽഹിയിലും പരിസരങ്ങളിലും അന്തരീക്ഷ ഗുണനിലവാരം 500ൽ 300 എന്ന 'അടിയന്തര' സ്ഥിതി പ്രാപിച്ചുകഴിഞ്ഞു. പി.എം 2.5 എന്നറിയപ്പെടുന്ന സൂക്ഷ്മവിഷവായുകണങ്ങളുടെ അളവിൽ, ഘനമീറ്ററിന് ഒരു മൈക്രോഗ്രാം എന്ന തോതിൽ വർധനവുണ്ടായാൽ അത് കോവിഡ് മരണം എട്ടു ശതമാനം അധികരിപ്പിക്കുമെന്ന് പഠനങ്ങൾ കാണിച്ചിട്ടുണ്ട്.
ഡൽഹിയിൽ പി.എം 2.5െൻറ തോത് ഏതാനും ആഴ്ചയായി ഘനമീറ്ററിന് 180 മുതൽ 300 വരെ മൈക്രോഗ്രാം വരുന്നുണ്ട്. ലോകാരോഗ്യ സംഘടന നിർണയിച്ച സുരക്ഷിത നിലവാരത്തിെൻറ പന്ത്രണ്ട് ഇരട്ടിയാണിത്. കോവിഡ് മഹാമാരി അന്തരീക്ഷ മലിനീകരണത്തിെൻറ സംഹാരശേഷിയും വർധിപ്പിക്കുന്നുണ്ട് എന്നർഥം. ഉയർന്ന അന്തരീക്ഷ മലിനീകരണം ശ്വാസകോശരോഗങ്ങൾക്കു മാത്രമല്ല, പ്രമേഹം, അമിത രക്തസമ്മർദം, ഹൃദ്രോഗം, ആസ്ത്മ തുടങ്ങി പല രോഗങ്ങൾക്കും ഇടയാക്കും. പി.എം 2.5 വിഷകണങ്ങൾ ഏറ്റവും കൂടുതൽ കണ്ടെത്താനായത് ഇന്ത്യയിലാണെന്ന് ബോസ്റ്റണിലെ ഒരു ഇൻസ്റ്റിറ്റ്യൂട്ട് ഈയിടെ വെളിപ്പെടുത്തി.
ഇന്ത്യയിൽ മലിനീകരണം ഗുരുതരമായ തോതിലാണെങ്കിലും അക്കാര്യം പറഞ്ഞ് കുറ്റപ്പെടുത്താൻ യു.എസിന് എന്തധികാരം എന്നും ചോദിക്കേണ്ടതുണ്ട്. കാലാവസ്ഥ പ്രതിസന്ധിക്കിടയാക്കുന്ന ഹരിതഗൃഹവാതകങ്ങൾ ഏറ്റവും കൂടുതൽ അന്തരീക്ഷത്തിലേക്ക് തള്ളുന്ന രണ്ടാമത്തെ രാജ്യം അമേരിക്കയാണ്; ചൈനക്കാണ് ഒന്നാം സ്ഥാനം. ആഗോള കാർബൺ ബജറ്റ് റിപ്പോർട്ടനുസരിച്ച് 2018ൽ ഇന്ത്യ 265 കോടി ടൗൺ മലിനവാതകങ്ങൾ പുറത്തുവിട്ടപ്പോൾ യു.എസിെൻറ മാലിന്യം 660 കോടി ടൺ ആയിരുന്നു.
പ്രതിശീർഷ മലിനീകരണത്തോതിൽ ഒന്നാംസ്ഥാനത്തുള്ള അമേരിക്കയുടേതിെൻറ എട്ടിലൊന്നു മാത്രമാണ് ഇന്ത്യയുടെ പങ്ക്. ഭൂമിയുടെ മൊത്തം അന്തരീക്ഷ വായു ദുഷിപ്പിക്കുന്നതിൽ മുൻപന്തിയിലുള്ള അമേരിക്ക, ഇന്ത്യയെ ചൂണ്ടി പരിഹസിക്കുന്നത് തികഞ്ഞ അസംബന്ധമാണ്. താൽക്കാലിക രാഷ്ട്രീയ ലാഭത്തിനുവേണ്ടി യാഥാർഥ്യത്തെ വക്രീകരിക്കുന്ന ഈ രീതിതന്നെയാണ് ഭൂമിയെ പ്രതിസന്ധിയിലാക്കിയ വിവിധ പ്രശ്നങ്ങളുടെ കാരണമെന്നുകൂടി ലോകം അറിയണം.
ഇന്ത്യയും യു.എസുമടക്കം കൂട്ടായി ശ്രമിച്ചുകൊണ്ട് പരിഹരിക്കേണ്ട അതിഗുരുതരമായ ഒരു പ്രശ്നത്തെപ്പറ്റി ചേരിതിരിഞ്ഞ് കുറ്റപ്പെടുത്തി ഉത്തരവാദിത്തമൊഴിയുന്നതുതന്നെ ദ്രോഹമാണ്. അന്തരീക്ഷത്തിന് അതിരുകളില്ല. അതിനാൽ, വൻതോതിൽ മലിനീകരണം നടത്തുന്ന സമ്പന്ന, വ്യവസായവത്കൃത രാഷ്ട്രങ്ങളുടെ ചെയ്തിക്ക് ദരിദ്രരാജ്യങ്ങൾ കൂടി വിലയൊടുക്കേണ്ടിവരുന്നു. ദുഃസ്ഥിതി പരിഹരിക്കുന്നതിൽ കൂടുതൽ ബാധ്യത വഹിക്കേണ്ടത് മലിനീകരണത്തിൽ കൂടിയ പങ്കുള്ള സമ്പന്ന രാഷ്ട്രങ്ങൾതന്നെയാണ്. ഈ ദിശയിൽ അപര്യാപ്തമെങ്കിലും സൃഷ്ടിപരമായ പദ്ധതി രൂപരേഖകൂടിയാണ് പാരിസ് കാലാവസ്ഥാ ഉടമ്പടി. വ്യവസായവത്കരണത്തിെൻറ മുമ്പുണ്ടായിരുന്നതിലും രണ്ടു ഡിഗ്രി സെൽഷ്യസിലധികം താപം ഉണ്ടായിക്കൂടാ എന്നതാണ് ഉടമ്പടിയുടെ ലക്ഷ്യം.
അതനുസരിച്ച് അമേരിക്ക ഏറ്റെടുത്ത കാര്യങ്ങൾ ട്രംപിനു കീഴിൽ നടപ്പായില്ലെന്നു മാത്രമല്ല, പാരിസ് ഉടമ്പടിയിൽനിന്നുതന്നെ ഒഴിയുന്ന നയമാണ് ആ രാജ്യം സ്വീകരിച്ചത്. പരിസ്ഥിതി സംബന്ധിച്ച 72 നിയന്ത്രണച്ചട്ടങ്ങൾ ഇതിനകം അവിടെ അട്ടിമറിച്ചു. ട്രംപിെൻറ ഈ സങ്കുചിത നയത്തിെൻറ അടിവേര് കിടക്കുന്നത് സങ്കുചിത ദേശീയതയിലാണ്. അന്താരാഷ്ട്ര താൽപര്യങ്ങളല്ല, ദേശീയ താൽപര്യങ്ങളാണ് താൻ ഉയർത്തിപ്പിടിക്കുന്നതെന്ന് ട്രംപ് ഊറ്റത്തോടെ പലതവണ പറഞ്ഞിട്ടുണ്ട്.
അമേരിക്കയിലെപ്പോലെ, സ്വന്തം നാട്ടിെൻറ മാത്രം താൽപര്യം നോക്കുന്ന തീവ്രദേശീയവാദികൾ മറ്റു രാജ്യങ്ങളിലും ഭൂമിയുടെ മൊത്തം അന്തരീക്ഷത്തിെൻറ ആരോഗ്യമല്ല ലക്ഷ്യമാക്കുന്നത്-മറിച്ച് സ്വന്തം നാട്ടിലെ വൻ കോർപറേറ്റുകളുടെയും യുദ്ധക്കൊതിയന്മാരുടെയും ലാഭമാണ്. മലിനീകരണം കുത്തനെ വർധിക്കുേമ്പാഴും ഇന്ത്യയിൽ കൽക്കരിപ്പാടങ്ങൾ തൽപര കക്ഷികൾക്ക് തീറെഴുതാൻ നീക്കമുണ്ടല്ലോ. വിഭാഗീയ ദേശീയതയുടെ പൊള്ളത്തരമാണ് കാലാവസ്ഥാ പ്രതിസന്ധി തുറന്നുകാട്ടുന്നത്. ആ പ്രതിസന്ധിക്ക് ഓരോ രാജ്യവും സ്വന്തം കാര്യം നോക്കലല്ല പരിഹാരം. ഭൂമി എല്ലാവരുടെയും വീടാണെന്ന തിരിച്ചറിവാണ്. ട്രംപ് മാത്രമല്ല മോദിയും മറ്റു നേതാക്കളും സാർവത്രിക കൂട്ടായ്മയിലേക്കും ആഗോള മാനവികതയിലേക്കും തിരിച്ചെത്തണമെന്ന ആഹ്വാനംതന്നെയാണ് ഭൂമി ഇന്നനുഭവിക്കുന്ന പ്രതിസന്ധി ഉയർത്തുന്നത്.ഇന്ത്യയിലെ വിഷവായുവും അതാണ് ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.