സമ്പദ്​രംഗം: കണക്കും നേരനുഭവവും



ഇന്ത്യയുടെ മൊത്തം ദേശീയോൽപാദനത്തിൽ വളർച്ചയുടെ (ജി.ഡി.പി) ലക്ഷണം കണ്ടുതുടങ്ങിയതായി ദേശീയ സ്​ഥിതിവിവര കാര്യാലയം (എൻ.എസ്​.ഒ) ശുഭവാർത്ത നൽകുന്നു. ചരക്ക്​, സേവന നികുതി (ജി.എസ്​.ടി) വരുമാനം വർധന കാണിക്കുന്നതായി ധനമന്ത്രാലയം അറിയിക്കുന്നു. കഴിഞ്ഞ ഒരു വർഷം, ജൂൺ മാസമൊഴിച്ചാൽ, ഓരോ മാസവും ഒരു ലക്ഷം കോടി രൂപ ജി.എസ്​.ടി ഇനത്തിൽ പിരിഞ്ഞുകിട്ടിയത്​ രാജ്യത്തി​െൻറ ദ്രുതഗതിയിലുള്ള കരകയറലി​െൻറ അടയാളമാണ്​ എന്നാണ്​ പറയുന്നത്​. രാജ്യം ഒരു തിരിച്ചുവരവി​െൻറ പാതയിലാണെന്ന്​ പലരും അവകാശപ്പെടുന്നു. പ്രതിസന്ധികളുടെ നടുക്കയത്തിൽ നട്ടംതിരിയുന്ന ജനതക്ക്​ ആശ്വാസവും പ്രതീക്ഷയും നൽകാൻ നടത്തുന്ന ശ്രമങ്ങളെ കുറ്റപ്പെടുത്തേണ്ടതില്ല. വർധിതമായ ആത്​മവിശ്വാസം നാടി​െൻറ സാമ്പത്തിക പ്രവർത്തനത്തിന്​ ഊർജമാകുമെന്നും ആശിക്കുക.

അതേസമയം, ഈ കണക്കുകൾ മാത്രം മുന്നിൽവെച്ച്​ തീരുമാനങ്ങളും നയങ്ങളും രൂപപ്പെടുത്തു​േമ്പാൾ സൂക്ഷിച്ചേ പറ്റൂ. കാരണം, ഔദ്യോഗികമായി പുറത്തുവിടുന്ന കണക്കുകൾ കഥ മുഴുവൻ പറയുന്നില്ല. ഉദാഹരണത്തിന്​, ജി.ഡി.പി ഈ സാമ്പത്തിക വർഷത്തി​െൻറ ഒന്നാംപാദത്തിൽ 20.1 ശതമാനം വളർന്നു എന്നത്​ ശരിയാകുന്നത്​ കഴിഞ്ഞ വർഷം ഇതേകാലത്തെ അവസ്​ഥയുമായി തട്ടിച്ചുനോക്കു​േമ്പാഴാണ്​. കഴിഞ്ഞ വർഷമാക​ട്ടെ അതിദയനീയമായിരുന്നു സാമ്പത്തിക നില. കോവിഡിന്​ മുമ്പത്തെ സ്​ഥിതിയുമായി താരതമ്യപ്പെടുത്തിയാൽ വളർച്ച ഇപ്പോഴും ആയിത്തുടങ്ങിയില്ല എന്നു പറയേണ്ടിവരും: 2019 ഏപ്രിൽ-ജൂണിലെ ജി.ഡി.പി നിലയിൽനിന്ന്​ ഒമ്പതു ശതമാനം കുറവ്​. മാത്രമല്ല, ഇക്കൊല്ലം തന്നെ ജനുവരി-മാർച്ച്​ പാദത്തിൽനിന്ന്​ 16.9 ശതമാനം കുറവ്​. ജി.എസ്​.ടി വരുമാനം കോവിഡിന്​ മുമ്പുണ്ടായിരുന്നതിലും 14 ശതമാനം കൂടുതലാണ്​. പക്ഷേ, അവിടെയും ഒരു മറുപക്ഷമുള്ളത്​, കോവിഡിന്​ മുമ്പത്തെ (2019-20) സാമ്പത്തിക നിലയും നികുതിവരുമാനവും മോശമായിരുന്നു എന്നതാണ്​. നോട്ടുനിരോധനവും ജി.എസ്​.ടി നടപ്പാക്കിയതിലെ അപാകതയുമെല്ലാം സൃഷ്​ടിച്ച കഠിനമായ ഞെരുക്കത്തിന്​ അയവുണ്ടായി എങ്കിലും സാമ്പത്തിക സുസ്​ഥിതിയുടെ സാക്ഷ്യമല്ല ഈ ജി.എസ്​.ടി കണക്കും.

മറ്റൊരു പ്രശ്​നം, കഴിഞ്ഞ ഏതാനും വർഷങ്ങളായി സർക്കാർ കണക്കുകൾപോലും വിശ്വസനീയമല്ല എന്നതത്രെ. പ്രതിമാസ നികുതിദായകരുടെ എണ്ണം വർധിച്ചതായി ധനമന്ത്രി അവകാശപ്പെടുന്നുണ്ട്​; അതേസമയം പ്രതിമാസ റി​ട്ടേൺ കണക്ക്​ എന്തുകൊണ്ടോ രഹസ്യമാക്കിവെക്കുന്നു. 2021 ​ഫെബ്രുവരിയോടെ, ആ വിവരം പുറത്തുവിടുന്ന പതിവു നിർത്തി. കണക്കുകളിൽ ഒളിച്ചുകളി നടക്കുന്നു എന്ന സംശയമുയർത്തുന്നതാണ്​ ഇത്തരം അതാര്യത. സംസ്​ഥാനങ്ങളിൽനിന്നുള്ള ജി.എസ്​.ടി വരുമാനക്കണക്കുകളും ചിലതു​ മാത്രമാണ്​ പരസ്യപ്പെടുത്തിയിട്ടുള്ളത്​. ജി.ഡി.പി 20.1 ശതമാനംവർധന എന്ന കണക്ക്​ മനോവിലാസം മാത്രമാണെന്നു​ പറയുന്നത്​ 'ഇന്ത്യ റേറ്റിങ്​സി'ലെ സാമ്പത്തിക വിദഗ്​ധൻ ഡോ. ദേവേന്ദ്രകുമാർ പാന്ത്​ ആണ്​.

അടിസ്​ഥാന സൗകര്യ വികസനത്തിനും മറ്റുമായി പൊതു ആസ്​തി സേവനങ്ങൾ വിൽപനക്ക്​ വെക്കുന്ന (മോണിറ്റൈസേഷൻ പൈപ്പ്​ലൈൻ) തീരുമാനവും തൽസ്​ഥിതി പ്രത്യാഘാതങ്ങൾ സംബന്ധിച്ച കൃത്യമായ കണക്കുകൾ വെച്ചല്ല. കൃത്യമായ കണക്കുകൾ ആസൂത്രണത്തി​ന്‍റെയും വിലയിരുത്തലി​ന്‍റെയും ആധാരമാണെന്നിരിക്കെ അവ മറച്ചുപിടിക്കുന്ന ശൈലി ഉപേക്ഷിക്കണ​െമന്ന്​ 108 ആഗോള പ്രശസ്​തരായ സാമ്പത്തിക വിദഗ്​ധർ 2019ൽ പരസ്യമായി ആവശ്യപ്പെട്ടിരുന്നു. കോവിഡ്​ നിയന്ത്രണത്തിലായാലും സാമ്പത്തിക പുനർനിർമാണത്തിലായാലും ​െതറ്റായ കണക്കുകൾ ഉപയോഗിക്കുന്നത്​ സ്വയം പരാജയ​െപ്പടുത്തലാണ്​. കണക്കുകൾ മറച്ചുപിടിക്കുന്നതുമൂലം ഇന്ത്യയുടെ സ്​ഥിതിവിവരങ്ങൾക്ക്​ വിശ്വാസ്യത നഷ്​ടപ്പെടുന്നുണ്ടെന്ന്​ കഴിഞ്ഞവർഷം സാമ്പത്തിക വിദഗ്​ധൻ​ പ്രണബ്​ സെൻ ചൂണ്ടിക്കാട്ടിയിരുന്നു.

ജി.ഡി.പി. വളർച്ച സാമ്പത്തിക സൂചകമാകാമെങ്കിലും അത്​ ജനങ്ങളുടെ ക്ഷേമത്തി​ന്‍റെ നേർച്ചിത്രമല്ല. സാധാരണക്കാരുടെ ക്രയശേഷിയും മതിയായ തൊഴിലവസരങ്ങളും സാമ്പത്തിക അസമത്വം പരിധിക്കുള്ളിൽ നിൽക്കുന്നതുമെല്ലാമാണ്​ ജനക്ഷേമത്ത​ി​​ന്‍റെ കണ്ണാടി. ഇവസംബന്ധിച്ച്​ ലഭ്യമായ കണക്കുകൾ നല്ല ചിത്രമല്ല നൽകുന്നത്​. സെൻറർ ഫോർ മോണിറ്ററിങ്​ ഇന്ത്യൻ ഇക്കോണമി (സി.എം.ഐ.ഇ) മേധാവി മഹേഷ്​ വ്യാസി​ന്‍റെ കണക്കനുസരിച്ച്​ കഴിഞ്ഞ ജൂലൈയിൽ മാത്രം 32 ലക്ഷം പേർക്കാണ്​ ഇന്ത്യയിൽ ജോലി നഷ്​ടമായത്​. കോവിഡ്​ തുടങ്ങിയശേഷം ഒരു കോടി പേർക്ക്​ സ്​ഥിരമായ ശമ്പള ജോലി നഷ്​ടപ്പെട്ടു. ജി.ഡി.പി വളർച്ചയെന്നാൽ ഗ്യാസ്​, ഡീസൽ, പെട്രോൾ വർധനവാണെന്നത്​ ഇന്നു തമാശയല്ല. ഇനി വിമാനത്താവളങ്ങളും റോഡുകളുമടക്കം സ്വകാര്യ മുതലാളിമാർക്ക്​ കൂടുതൽ ചൂഷണത്തിനായി വിട്ടുകൊടുക്കു​േമ്പാൾ ഇന്നുള്ള കടുത്ത അസമത്വം പിന്നെയും കൂടും.

ഇന്നുതന്നെ, രാജ്യത്തി​ന്‍റെ 77 ശതമാനം പത്തുശതമാനം പേരുടെ കൈവശമാണെന്ന്​ 'ഓക്​സ്​ഫാം' കണക്കുണ്ട്​. കഴിഞ്ഞ പതിറ്റാണ്ടിൽ ഇവിടെ ശതകോടീശ്വരരുടെ സ്വത്ത്​ പത്തിരട്ടിയായി. സാധാരണക്കാരിൽ മഹാഭൂരിപക്ഷത്തിന്​ ചെറിയ അസുഖത്തിന്​ ചികിത്സാ ചെലവുപോലും താങ്ങാനാവുന്നില്ല. ഇന്ത്യയിൽ സെക്കൻഡിൽ രണ്ടുപേർ എന്നതോതിൽ ദാരിദ്ര്യത്തിലേക്ക്​ തള്ളപ്പെടുന്നു എന്നതും അരലക്ഷംപേർക്ക്​ പ്രതിദിനം തൊഴിലില്ലാതാകുന്നു എന്നതും ഇതിനിടയിൽ പെട്രോൾ, ഗ്യാസ്​ നികുതിവഴി 23 ലക്ഷംകോടി രൂപ സർക്കാർ ഈടാക്കിയെന്നതും ഏതാനും അതിസമ്പന്നർക്ക്​ ധനം വർധിക്കുന്നു എന്നതുമെല്ലാം കണക്കുകളാണ്​. ജി.ഡി.പി അച്ചടിച്ച അക്കങ്ങളെങ്കിൽ ഇതൊക്കെ അനുഭവങ്ങളാണ്​.

Tags:    
News Summary - Economy: Accounting and direct experience

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-16 00:45 GMT