സമാനതകളില്ലാത്ത പ്രതിസന്ധിയുടെ നിലയില്ലാക്കയത്തിലാണ് നമ്മുെട രാജ്യത്തിെൻറ സാമ്പത്തികാവസ്ഥയെന്ന് ഒടുവിൽ കേന്ദ്രസർക്കാറും സമ്മതിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം, കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വർത്തമാന ഇന്ത്യ അകപ്പെട്ട സാമ്പത്തികപ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു.
നടപ്പുസാമ്പത്തികവർഷത്തിെൻറ ആദ്യപാദത്തിൽ മൊത്തം ആഭ്യന്തര ഉൽപാദനം (ജി.ഡി.പി), കഴിഞ്ഞവർഷം ഇതേ കാലത്തേക്കാൾ 23.9 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞവർഷം ഇതേപാദത്തിൽ അഞ്ചു ശതമാനത്തിനു മുകളിൽ വളർച്ചയുണ്ടായിരുന്നിടത്താണ് ഇത്രയും വലിയ തകർച്ച സംഭവിച്ചിരിക്കുന്നത്.
1996ൽ, ത്രൈമാസ ജി.ഡി.പി കണക്കുകളെടുക്കാൻ തുടങ്ങിയശേഷം ഇത്രയും ഭീമമായ ഇടിവുണ്ടായിരിക്കുന്നത് ഇതാദ്യമായാണ്. കാർഷിക മേഖലയിലുണ്ടായ നാമമാത്ര വളർച്ച മാറ്റിനിർത്തിയാൽ, മറ്റെല്ലാ രംഗങ്ങളിലും തളർച്ചതന്നെയാണ് കാണിക്കുന്നത്. സാമ്പത്തികവളർച്ച സംബന്ധിച്ച് മോദി സർക്കാറിെൻറയും പരിവാരങ്ങളുടെയും നിരന്തരമായുള്ള വാചാടോപങ്ങൾക്കും അവകാശവാദങ്ങൾക്കും എത്രയോ അകലെയാണ് ഇന്ത്യൻ യാഥാർഥ്യമെന്ന് ഇൗ കണക്കുകൾ അടിവരയിടുന്നു. തീർച്ചയായും, പ്രതീക്ഷിച്ച തകർച്ചതന്നെയാണിത്; വിശേഷിച്ചും കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ. പേക്ഷ, അതുമാത്രമാണോ ഇൗ പതനത്തിെൻറ കാരണമെന്നുകൂടി ചർച്ചചെയ്യേണ്ട സമയമാണിത്.
ലോകത്തിെൻറ ഗതിവേഗങ്ങളെ കൊറോണ വൈറസ് പിന്നോട്ടടിപ്പിച്ചുവെന്നത് ആർക്കും നിഷേധിക്കാനാവില്ല. സർവ മേഖലകളിലും അതിെൻറ അനുരണനങ്ങൾ പ്രതിഫലിക്കുക സ്വാഭാവികമാണ്. അക്കാര്യം കോവിഡ് സ്ഥിരീകരിക്കപ്പെട്ട ആദ്യനാളുകളിൽതന്നെ അതത് മേഖലകളിലെ വിദഗ്ധർ പ്രവചിച്ചതുമാണ്.
വ്യവസായം, നിർമാണം, തൊഴിൽ, സേവനം, െഎ.ടി തുടങ്ങി ഒരു രാജ്യത്തിെൻറ സാമ്പത്തിക-വികസന ഭാഗധേയം നിർണയിക്കുന്നതിൽ പ്രധാനപ്പെട്ട മേഖലകളെയെല്ലാം എങ്ങനെയായിരിക്കും കോവിഡ്കാലം വരിഞ്ഞുമുറുക്കുക എന്നതിൽ ലോകരാഷ്ട്രങ്ങൾക്ക് അവ്യക്തതയുണ്ടായിരുന്നില്ല. പേക്ഷ, ആ മുന്നറിയിപ്പുകൾ നമ്മുടെ ഭരണകൂടം വേണ്ടത്ര ഗൗരവത്തിലെടുത്തോ എന്നതാണ് പ്രധാനപ്രശ്നം. ഏതാനും മണിക്കൂറുകൾമാത്രം സമയം നൽകി, നോട്ടുനിരോധനംപോലെ ഒരു 'രാത്രി പ്രഖ്യാപന'ത്തിലൂടെ കോടിക്കണക്കിന് ജനങ്ങളെ ലോക്ഡൗണിലേക്ക് തള്ളിവിട്ടുകൊണ്ടാണേല്ലാ മോദിസർക്കാർ കോവിഡിനെ പ്രതിരോധിക്കാനിറങ്ങിയതുതന്നെ.
അത്തരമൊരു സർക്കാറിെൻറ കൈവശം സമ്പദ്ഘടനയെ പിടിച്ചുനിർത്താനുള്ള എന്തു പ്രതിവിധിയാണുണ്ടാവുക? രാജ്യത്തിെൻറ സമ്പദ്ഘടനയെ പിടിച്ചുനിർത്തുന്നതിൽ പ്രധാനപങ്കുവഹിക്കുന്ന വ്യവസായ, നിർമാണ മേഖലകളിൽ യഥാക്രമം 39.3 ശതമാനവും 50.3 ശതമാനവുമാണ് ഇടിവ്. ഇത് ഒൗദ്യോഗിക കണക്കാണ്. രജിസ്റ്റർ ചെയ്യാത്ത ചെറുകിട സംരംഭങ്ങൾകൂടി കണക്കാക്കുേമ്പാൾ പിന്നെയും 20 ശതമാനം വർധിക്കും. ഇതേകാലത്ത് തൊഴിൽരഹിതരുടെ എണ്ണം 23 ശതമാനം കൂടിയതും ഇതോടൊപ്പം ചേർത്തുവായിക്കണം.
സാമ്പത്തികരംഗം ഇവ്വിധം പടുകുഴിയിലേക്ക് കൂപ്പുകുത്തിയപ്പോഴും ഭരണകൂടത്തിെൻറ ആർഭാടത്തിന് കുറവൊന്നുമില്ല; 16 ശതമാനമാണ് ഇക്കാലത്തെ അധികച്ചെലവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരുവിധ ആസൂത്രണവുമില്ലാതെ ഒരു പ്രതിസന്ധികാലത്തെ ഭരണകൂടം സമീപിച്ചതിെൻറ ദുരന്തഫലമാണിത്. ജി.20 രാജ്യങ്ങളിൽ ഇക്കാലത്ത് ഏറ്റവും വലിയ തകർച്ച നേരിട്ടതും മറ്റാരുമല്ല. ഇതര ദക്ഷിണേഷ്യൻ രാജ്യങ്ങൾപോലും നമ്മുടേതിനേക്കാൾ മികച്ച പ്രകടനം കാഴ്ചവെച്ച് വൻ സാമ്പത്തിക തകർച്ച ഒഴിവാക്കിയിരിക്കുന്നു.
കോവിഡ്കാലത്തിനു മുന്നേയുണ്ട് ഇന്ത്യയിൽ സാമ്പത്തിക പ്രതിസന്ധി. കോർപറേറ്റ് സേവയുടെയും അഴിമതിയുടെയും കറ പുരണ്ടിരുന്നുവെങ്കിലും 'മൻമോഹനോമിക്സി'ലൂടെ സാധ്യമായ സാമ്പത്തികഭദ്രത നിലനിർത്തുന്നതിൽ മോദിസർക്കാർ തുടക്കം മുതലേ പരാജയമായിരുന്നു. എന്നല്ല, സാമ്പത്തികപരിഷ്കരണം എന്നപേരിൽ നടപ്പാക്കിയ നോട്ടുനിരോധനവും ജി.എസ്.ടിയുമെല്ലാം സമ്പദ്ഘടനയെ െഎ.സി.യുവിൽനിന്ന് വെൻറിലേറ്ററിലെത്തിക്കാനേ ഉപകരിച്ചുള്ളൂ. കഴിഞ്ഞ നാലു പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ തൊഴിൽനഷ്ടം രേഖപ്പെടുത്തിയത് കഴിഞ്ഞ മൂന്നു വർഷങ്ങളിലാണ്. തൊഴിലില്ലാപ്പട പെരുകി രാജ്യമിപ്പോൾ പട്ടിണിയിലേക്ക് നീങ്ങുന്നതായും റിപ്പോർട്ടുകളുണ്ട്.
യു.പി.എ സർക്കാറിെൻറ കാലത്ത് 27 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽനിന്ന് കരകയറ്റിയ നമ്മുടെ രാജ്യമിപ്പോൾ ആഗോള പട്ടിണിസൂചികയിൽ നേപ്പാളിനും പാകിസ്താനുമൊക്കെ പിറകെ 102ാം സ്ഥാനത്താണുള്ളത്. അശാസ്ത്രീയമായ ലോക്ഡൗൺ സൃഷ്ടിച്ച പ്രതിസന്ധിമൂലം, രാജ്യത്തെ 55 ശതമാനം വീടുകൾ രണ്ടുനേരത്തെ ഭക്ഷണത്തിലേക്കു ചുരുങ്ങിയെന്ന് ഇൗയിടെ പുറത്തുവന്ന ഒരു സർവേഫലം വ്യക്തമാക്കിയിരുന്നു. പോയിപ്പോയി ആളുകൾക്കിേപ്പാൾ ആവശ്യത്തിന് ഭക്ഷണം കിട്ടുന്നില്ല എന്നുതന്നെയാണ് ഇതിൽനിന്ന് മനസ്സിലാകുന്നത്. ഗുരുതരമായ ഇൗ പ്രതിസന്ധിയെ അതിജീവിക്കാൻ സാമ്പത്തിക വിദഗ്ധരും പ്രതിപക്ഷവും മുന്നോട്ടുവെക്കുന്ന നിർേദശം താമസംവിനാ പരിശോധിക്കുകയാണ് സർക്കാർ ഉടനടി ചെയ്യേണ്ടത്.
സംസ്ഥാനങ്ങളുടെ ജി.എസ്.ടി കുടിശ്ശിക തീർപ്പാക്കുക, പൊതുവിതരണ സംവിധാനം ആറു മാസത്തേക്കെങ്കിലും പൂർണമായും സൗജന്യമാക്കുക, പ്രതിമാസം നിശ്ചിത തുക നൽകി ആളുകൾക്ക് നേരിട്ട് പണം ലഭിക്കുന്നതിനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തുക, തൊഴിലുറപ്പ് ദിനങ്ങൾ വർധിപ്പിക്കുക, ചെറുകിട വ്യവസായികൾക്കും സംരംഭകർക്കും വായ്പ മൊറേട്ടാറിയം പ്രഖ്യാപിക്കുക തുടങ്ങിയ നിർദേശങ്ങൾ ഇതിനകംതന്നെ പല കോണുകളിൽനിന്നും വന്നുകഴിഞ്ഞു. ഇതൊക്കെ തൽക്കാലത്തേക്ക് ചെലവ് വർധിപ്പിക്കുമെന്നത് നേരാണ്; റിസർവ് ബാങ്കിൽനിന്ന് കടമെടുത്തോ മറ്റോ പരിഹരിക്കാവുന്നതേയുള്ളൂ അത്. പ്രായോഗികവും ശാസ്ത്രീയവുമായ ഇത്തരം നിർദേശങ്ങേളാടുള്ള കേന്ദ്രത്തിെൻറ സമീപനം എത്രമേൽ ക്രിയാത്മകമായിരിക്കും എന്നതിനെ ആശ്രയിച്ചിരിക്കും നമ്മുടെ രാജ്യത്തിെൻറ ഭാവി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.