'ഇ​ഡി', തി​രി​ച്ചി​ടി

നാടിനെയും നാട്ടാരെയും പരിഭ്രാന്തരാക്കി കയറുപൊട്ടിച്ചോടുന്ന ഒരു കാളക്കൂറ്റന്റെ ഭാവമാണ് മോദിയുടെ ഇ.ഡിക്ക് (എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്). സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കാനുള്ള ഏജൻസിയാണെങ്കിലും, ഔദ്യോഗിക കൃത്യനിർവഹണത്തിനുപകരമിപ്പോൾ കേന്ദ്രസർക്കാറിനുവേണ്ടിയുള്ള ഒരുതരം ക്വട്ടേഷൻ പണിയിലാണ് ടി സംഘം. പ്രതിപക്ഷ സംസ്ഥാനങ്ങളിലെ സർക്കാറിനെയും അതിന്റെ ആളുകളെയും പരമാവധി ദ്രോഹിക്കുകയാണ് പരിപാടി. ഈ സംസ്ഥാനങ്ങളിലെ മന്ത്രിമാരോ എം.എൽ.എമാരോ വല്ല മുറുക്കാൻ കടയിലും കയറിയിട്ടുണ്ടെങ്കിൽ അതിന്റെ കണക്ക് സമർപ്പിക്കണമെന്ന് കാണിച്ച് നോട്ടീസ് അയക്കും, മറുപടിയില്ലെങ്കിൽ പിന്നെ അറസ്റ്റും കോലാഹലങ്ങളുമാകും.

നാണക്കേട് ഭയന്ന് പലരും കേന്ദ്രത്തിന് അടിയറവ് പറയും; പലരും കൂട്ടത്തോടെ അമിത് ഷായുടെ ചാക്കിൽ കയറും. മഹാരാഷ്ട്രയിലും മധ്യപ്രദേശിലും പശ്ചിമബംഗാളിലുമെല്ലാം പയറ്റിത്തെളിഞ്ഞ ഈ 'ഇഡി'വെട്ട് ഐഡിയ പേക്ഷ ഇക്കുറി ചെറുതായൊന്ന് പാളി, അതും കേരളത്തിൽ. മുക്രയിട്ട് ഭൂമികുലുക്കി വന്ന ഇ.ഡിയെ കയറിട്ട് പിടിച്ചുനിർത്തിയത് തോമസ് ഐസക് ആണ്.

ഒന്നാം പിണറായി സർക്കാർ അഞ്ചാം വർഷത്തിലേക്ക് കടന്നപ്പോൾ മുതൽതന്നെ, വല്ലതും തടയുമോ എന്നുനോക്കി ഇ.ഡിയും സി.ബി.ഐയുമൊക്കെ ഇവിടെ വട്ടമിട്ട് പറക്കുന്നുണ്ടായിരുന്നു. സ്വർണക്കടത്ത് കൈയോടെ പിടികൂടിയപ്പോഴാണ് കേന്ദ്ര'സംഘ'ത്തിന് മികച്ചൊരു എൻട്രി സാധ്യമായത്. അവരെയും കുറ്റം പറയാൻ കഴിയില്ല; മുഖ്യൻ മോദിജിക്ക് കത്തെഴുതി വരുത്തിയതാണെന്നുതന്നെ പറയണം. സ്വർണക്കടത്തിൽ തുടങ്ങിയ അന്വേഷണം 'ലൈഫ്' പദ്ധതിയടക്കം സർവ മേഖലയിലേക്കും വ്യാപിക്കുന്നതാണ് പിന്നെ കണ്ടത്. അന്നേ ഐസക്ക് ഇവരുടെ നോട്ടപ്പുള്ളിയാണ്. പേക്ഷ, പറഞ്ഞുനിൽക്കാൻ കഴിയുന്ന ഒരാരോപണം സഖാവിനുമേൽ ചാർത്താൻ കഴിയുന്നില്ലെന്നതായിരുന്നു പരിമിതി.

ഒടുവിൽ, അവർക്കത് കിട്ടി. ഐസക്കിന്റെ വജ്രായുധത്തിൽതന്നെ അവർ കയറിപ്പിടിച്ചു -കിഫ്ബി. സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി നിയമസഭ പാസാക്കിയ സംവിധാനമാണ് ED and KifB എന്ന ബോഡി കോർപറേറ്റ്. ബജറ്റിനു പുറത്ത് കടമെടുക്കാനുള്ള ഉടായ്പ് പരിപാടിയാണിതെന്ന് വിമർശിച്ചവരുണ്ട്; നേർച്ചപ്പെട്ടിയെന്ന് ടി ബോഡിയെ കളിയാക്കിയവരുമുണ്ട്. അതെന്തായാലും, ഈ നേർച്ചപ്പെട്ടിയിൽ കാശ് വീഴുമ്പോഴാണ് വികസനം വരുക.

പെട്ടിയിൽ പണം കുമിയാൻ മസാലബോണ്ട് സ്വീകരിക്കുന്നതിലും സഖാവ് തെറ്റുകാണുന്നില്ല. ലണ്ടൻ സ്റ്റോക് എക്സ്ചേഞ്ചിൽ പോയി 'മണി'യടിച്ചതൊക്കെ അതുകൊണ്ടാണ്. എല്ലാറ്റിനുമുപരി, കേന്ദ്രത്തിന്റെയും റിസർവ് ബാങ്കിെൻറയുമൊക്കെ നിയമം അത് ശരിവെക്കുന്നുമുണ്ട്. എന്നിട്ടും, നിർമല സീതാരാമൻ അടക്കമുള്ളവർക്ക് കലിതന്നെ. അതാണ് കേസ് ഇ.ഡിക്ക് വിടാൻ തീരുമാനിച്ചത്.

കിഫ്ബി ഇടപാട് ശരിയല്ലെന്നും അതിനാൽ ഉടൻ ഹാജരാകണമെന്നും കാണിച്ച് ആദ്യം ഒരു നോട്ടീസ് തൊടുത്തു. നോട്ടീസ് കിട്ടിയാൽ ആരും അറിയാതെ, പ്രത്യേകിച്ച് സിൻഡിക്കേറ്റ് മാധ്യമങ്ങൾ, നേരം വെളുക്കുംമുന്നേ ഇ.ഡി ആപ്പീസിൽ തലയിൽ മുണ്ടിട്ട് എത്തുന്നതാണ് മുന്നണിയുടെ കീഴ്വഴക്കം. സഖാവ് അത് ലംഘിച്ചു. അന്നേദിവസം ഇ.എം.എസ് പഠനകേന്ദ്രത്തിൽ ക്ലാസെടുക്കാനുള്ളതിനാൽ ഹാജരാകാൻ കഴിയില്ലെന്ന് മറുപടി നൽകി. ദിവസങ്ങൾക്കുശേഷം വീണ്ടും നോട്ടീസ്. ഹൈകോടതിയിലേക്ക് വെച്ചുപിടിച്ചു.

താൻ ചെയ്ത കേസെന്താണെന്നുപോലും പരാമർശിക്കാതെ, തന്റെയും കുടുംബത്തിന്റെയുമൊക്കെ സ്വത്തുവിവരങ്ങൾ തിരക്കുന്ന ഇ.ഡിയെ തിരിച്ചയക്കണമെന്നായിരുന്നു സഖാവിന്റെ ആവശ്യം. നൂറു ശതമാനവും ന്യായം ഐസക്കിന്റെ ഭാഗത്താണ്. പിന്നെയെന്തിന് ഈ നോട്ടീസ് എന്നായി കോടതി. ഇ.ഡിയുടെ വക്കീൽ നിന്ന് പരുങ്ങാൻ തുടങ്ങിയതോടെ കാര്യം ഏതാണ്ട് വ്യക്തമായി. തൽക്കാലം, ചോദ്യം ചെയ്യലിനൊന്നും ഹാജരാകേണ്ട. ഇ.ഡി ഒരടി പിന്നാക്കം മാറിയിരിക്കുകയാണിപ്പോൾ. അത് വർധിതവീര്യത്തോടെ കുതിച്ചുചാടാനാകുമോ എന്ന് കാത്തിരുന്നുകാണാം.

അല്ലെങ്കിലും 'കിഫ്ബി'യെ തൊട്ടാൽ ഐസക്കിന് പൊള്ളും. കേരള വികസനത്തിന് ഇടതുമുന്നണിക്കും സി.പി.എമ്മിനുമൊക്കെ കൃത്യമായ നയരേഖയുണ്ടാകാം. 'കിഫ്ബി'യില്ലെങ്കിൽ അതൊക്കെ വെറും കടലാസ് കഷണങ്ങൾ മാത്രമാണ്. സംസ്ഥാന വികസനത്തിനുള്ള അവസാന ബസാണിത്. ആ ബസ് വഴിയിൽനിന്നാൽ വികസനം സ്തംഭിക്കും. ഇക്കാര്യം കേന്ദ്രത്തിലിരിക്കുന്നവർക്ക് നന്നായറിയാം. കേരള വികസന മോഡലിനെ ഇല്ലാതാക്കാൻ അതിന്റെ 'നട്ടെല്ലാ'യ 'കിഫ്ബി'യെ തകർക്കുക എന്നതാണ് അവരുടെ അജണ്ട. അതുകൊണ്ടാണ്, ഇടക്കിടക്ക് കിഫ്ബിയെ കുത്താൻ പലവഴികളിൽ കേന്ദ്രമെത്തുന്നത്. മുമ്പ്, കിഫ്ബിയുടെ പ്രവർത്തനങ്ങളിൽ ഭരണഘടനപരമായ പ്രശ്നങ്ങളുണ്ടെന്ന് സി.എ.ജി റിപ്പോർട്ടെഴുതി.

സാധാരണ ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ സഭയുടെ മേശപ്പുറത്തുവെക്കുേമ്പാഴാണ് ജനമറിയുക. പക്ഷേ, അതിനൊന്നും കാത്തുനിൽക്കാതെ, ടി റിപ്പോർട്ടിന്മേലുള്ള വിമർശനവും മറുപടിയുമെല്ലാം സഖാവ് രണ്ടുമൂന്ന് വാർത്തസമ്മേളനങ്ങളിലൂടെ വെച്ചുവിളമ്പി. ശേഷം, സി.എ.ജിയുടെ കിഫ്ബിവിരുദ്ധ പരാമർശങ്ങൾ ഒഴിവാക്കി സഭയിൽ റിപ്പോർട്ട് വെക്കുകയും ചെയ്തു. അതാണ് ഐസക്. കിഫ്ബിക്കുവേണ്ടി ഏതറ്റം വരെയും പോകും.

പക്ഷേ, കിഫ്ബിയിലൂടെ ഐസക്ക് കേരളീയരെ കടക്കെണിയിൽ മുക്കി എന്നാണ് പ്രതിപക്ഷത്തിന്റെ വിമർശനം. ഈ വിമർശനത്തെ ഇടതുപാളയത്തിൽതന്നെയുള്ള ഐസക്കിന്റെ സുഹൃത്തുക്കളും ശരിവെക്കുന്നുണ്ട്. കൈയും കണക്കുമില്ലാതെ കടമെടുക്കാൻ കേരളത്തെ പഠിപ്പിച്ചത് ഐസക്കാണെന്നാണ് ഇക്കൂട്ടരുടെ വാദം. സംഗതി ശരിയാണ്. രണ്ടു പതിറ്റാണ്ടുമുമ്പ് കാൽലക്ഷം കോടി രൂപയായിരുന്ന സംസ്ഥാന പൊതുകടം ഇപ്പോൾ നാലുലക്ഷം കോടിയോടടുക്കുന്നു. നമുക്ക് അത്രയൊന്നും കടമില്ലെന്നാണ് സഖാവിന്റെ ഉറച്ച നിലപാട്. ആ വകയിൽ നാലഞ്ച് ലേഖനങ്ങളും ഫേസ്ബുക്ക് കുറിപ്പുകളും പുറത്തിറക്കിയിട്ടുണ്ട്. പ്രതിപക്ഷ നേതാവും അടങ്ങിയിരുന്നില്ല.

സഭക്കകത്തും പുറത്തും കടത്തിൽ മുങ്ങിത്താഴുന്ന കേരളത്തെടക്കുറിച്ച് സതീശനും കാര്യമായി സംസാരിച്ചു. കടക്കെണിയെക്കുറിച്ചുള്ള ചർച്ച നല്ല ചൂടോടെ മുന്നോട്ടുപോകുന്നതിനിടെയാണ് ഇ.ഡിയുടെ വരവ്. അതോടെ, ഐസക്കിനൊപ്പമായി സതീശൻ. 20 വർഷത്തെ നിയമസഭാ ജീവിതത്തിനുശേഷം, പഴയപോലെ എഴുത്തും ഗവേഷണവുമൊക്കെയായി കഴിഞ്ഞുകൂടുകയായിരുന്നു. കാൽനൂറ്റാണ്ട് പിന്നിട്ട ജനകീയാസൂത്രണ ചരിത്രമെഴുത്ത് ഫേസ്ബുക്കിൽ വൻഹിറ്റായിക്കൊണ്ടിരിക്കുകയായിരുന്നു. അതിനിടയിലാണ് ഇ.ഡിയുടെ പൊല്ലാപ്പ്. പക്ഷേ, അതൊന്നുംസഖാവിനെ ബാധിക്കുമെന്ന് തോന്നുന്നില്ല.

പോരാടാനുറച്ചാൽ പിന്നെ പിന്തിരിയില്ലെന്ന് നൂറു തരം. സഖാവിന്റെ ചരിത്രം അതാണ്. സ്വന്തം പാർട്ടിക്കകത്തുനിന്നുപോലും വിമർശനശരങ്ങൾ ഏറ്റുവാങ്ങിയിട്ടുണ്ട്; സി.എ.എ ചാരൻ എന്നുവരെ വിശേഷിപ്പിച്ചവരുണ്ട്. അതിനെയെല്ലാം അതിജീവിച്ചാണ് രാഷ്ട്രീയജീവിതം കാര്യമായ കേടുപാടുകളില്ലാതെ മുന്നോട്ടുനീക്കിയത്. അനുഭവത്തിന്റെ കരുത്തിൽ ഇ.ഡിയെയും നേരിടുമെന്ന് കരുതാം. 'ഇഡി'യെങ്കിൽ തിരിച്ചിടി എന്നതാണ് ഐസക്കിന്റെ നയം.

സപ്തതിയിലേക്ക് കടക്കുകയാണ്. മൂന്നു പതിറ്റാണ്ടായി പാർട്ടിയുടെ നേതൃത്വത്തിലുണ്ട്. നിലവിൽ കേന്ദ്രകമ്മിറ്റി അംഗമാണ്. 20 വർഷം എം.എൽ.എ; പത്തു വർഷം സംസ്ഥാന ധനകാര്യ മന്ത്രി. അമ്പതിലധികം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ലോകമൊട്ടുക്ക് സുഹൃത്തുക്കളുണ്ട്, അതിനപ്പുറം വലിയ സമ്പാദ്യത്തിന് സാധ്യതയില്ല.

Tags:    
News Summary - ED and Kiffb

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.