പുൽവാമ ഭീകരാക്രമണം സൃഷ്ടിച്ച നടുക്കത്തിൽനിന്ന് രാഷ്ട്രം ഇനിയും മുക്തമാ യിട്ടില്ല. ലോകത്തെതന്നെ അതീവ സുരക്ഷാജാഗ്രതയിലുള്ള പ്രദേശത്ത് സുസജ്ജമായ സേനാവ്യ ൂഹത്തിെൻറ പ്രയാണത്തിനിടെ പട്ടാപ്പകൽ ഇത്ര വലിയൊരു അത്യാഹിതം സംഭവിച്ചതെങ്ങനെ എ ന്ന അന്ധാളിപ്പും അതുണ്ടാക്കുന്ന ആപച്ഛങ്കയുമാണെങ്ങും. ധീരജവാന്മാരുടെ രക്തസാക്ഷ് യം വൃഥാവിലാവില്ലെന്നും ആഭ്യന്തരസുരക്ഷയെ പ്രതിരോധത്തിലും പ്രതിക്കൂട്ടിലുമാക്കാനുള്ള ശ്രമം അനുവദിക്കില്ലെന്നുമുള്ള പ്രധാനമന്ത്രിയുടെ അസന്ദിഗ്ധമായ പ്രസ്താവന രാജ്യം ഒന്നടങ്കം ഏറ്റെടുത്തിരിക്കുന്നു. ശനിയാഴ്ച ന്യൂഡൽഹിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് വിളിച്ചുചേർത്ത സർവകക്ഷി സമ്മേളനം ഇക്കാര്യത്തിൽ ഭരണകൂടം സ്വീകരിക്കുന്ന നടപടികൾക്ക് സർവാത്മനാ പിന്തുണ പ്രഖ്യാപിച്ചു. ഇൗ സന്ദിഗ്ധഘട്ടത്തിൽ സമയവും സന്ദർഭവും മറന്നുള്ള വൈകാരികവിക്ഷോഭങ്ങളും ഉന്മാദപ്രകടനങ്ങളും കാര്യങ്ങൾ കൂടുതൽ വഷളാക്കുകയേയുള്ളൂ എന്ന തിരിച്ചറിവ് പൗരബോധത്തിെൻറ പ്രാഥമികപാഠമാണ്.
രാഷ്്ട്രത്തിെൻറ പ്രതിരോധശേഷിയെ വെല്ലുവിളിച്ച ആക്രമണത്തിന് സൗകര്യമൊരുക്കുന്ന പാകിസ്താനെതിരെ ഇന്ത്യ ശക്തമായ നീക്കങ്ങൾക്ക് തുടക്കമിട്ടിരിക്കുന്നു. നയതന്ത്ര ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി പ്രതിഷേധവും താക്കീതും അറിയിച്ചു. വ്യാപാരബന്ധത്തിലെ അതിപ്രിയ രാഷ്ട്രപദവി റദ്ദാക്കി. അതിർത്തി കടന്ന ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാക് നീക്കത്തിനെതിരെ അന്താരാഷ്ട്രതലത്തിൽ സമ്മർദം ഉയർത്തുന്നതിലും ഇന്ത്യ വിജയിച്ചു. അമേരിക്കയും ചൈനയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയ നിലപാടുകൾ നമ്മുടെ നിലപാടിനുള്ള അംഗീകാരമാണ്. അതേസമയം, പുൽവാമ ദുരന്തത്തിെൻറ പശ്ചാത്തലത്തിൽ താടി കത്തുേമ്പാൾ ബീഡിക്ക് തീകൊളുത്തുന്ന തരം ദുഷ്ടനീക്കങ്ങളും കാണാതിരുന്നുകൂടാ. പാകിസ്താൻ പിന്തുണയിൽ പ്രവർത്തിക്കുന്ന ജയ്ശെ മുഹമ്മദാണ് പുൽവാമയിലെ ഭീകരാക്രമണത്തിനു പിന്നിലെന്ന് അവരും അന്വേഷണ ഏജൻസികളും സ്ഥിരീകരിച്ചതാണ്. അതു മുൻനിർത്തിയാണ് ശക്തമായ തിരിച്ചടി ഇന്ത്യ പ്രഖ്യാപിച്ചതും. എന്നാൽ, ഇൗ ആക്രമണത്തെ തുടർന്ന് കശ്മീരികൾക്കെതിരായ വികാരമുണർത്തി വംശവെറിയും വർഗീയതയും ആളിക്കത്തിക്കാനുള്ള കുത്സിതനീക്കം സജീവമാണ്. തീവ്രദേശീയതയുടെ മറപിടിച്ച് സംഘ്പരിവാർ സംഘടനകളാണ് ഇതിനു മുന്നിൽ. പുൽവാമയിലെ ആക്രമണത്തിനു തൊട്ടുടനെ ജമ്മുവിൽ കശ്മീരികൾക്കു നേരെ വ്യാപകമായ കൊള്ളയും കൊള്ളിവെപ്പും അരങ്ങേറി.
സഹായത്തിനു സേനയെ വിളിച്ചപ്പോൾ അനങ്ങിയില്ല എന്നല്ല, അന്യായക്കാരെ അപായപ്പെടുത്തുമെന്ന ഭീഷണിയാണ് അവരിൽനിന്നുയർന്നത്. ദുരന്തത്തിെൻറ തൊട്ടുടനെ നടന്ന ക്ഷിപ്രപ്രതികരണമല്ല ഇതെന്ന് രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ കശ്മീരികളെ ‘നാടു കടത്താൻ’ കൊണ്ടുപിടിച്ചു നടക്കുന്ന ശ്രമങ്ങൾ തെളിയിക്കുന്നു. കശ്മീരികളിൽ ഭൂരിഭാഗവും തീവ്രവാദവും ഭീകരതയും അംഗീകരിക്കുന്നില്ല എന്നതിന് കഴിഞ്ഞ തെരഞ്ഞെടുപ്പുതന്നെ തെളിവ്. ഇക്കാര്യം കേന്ദ്രസർക്കാറും സംഘ്പരിവാറുമൊക്കെ ഉയർത്തിക്കാട്ടിയതാണ്. സംഘർഷങ്ങളിൽനിന്നൊഴിഞ്ഞ് തൊഴിലും വിദ്യാഭ്യാസവും കുടുംബജീവിതവും സുരക്ഷിതമായി മുന്നോട്ടുകൊണ്ടുപോകാനായി തദ്ദേശീയരിൽ പലരും താഴ്വര വിട്ട് ജമ്മുവിലേക്കും മറ്റ് ഇന്ത്യൻ നഗരങ്ങളിലേക്കും കുടിയേറിയിട്ടുണ്ട്. തീവ്രവാദത്തെ നിർവീര്യമാക്കുന്ന ഇൗ പ്രവണത പ്രോത്സാഹജനകമാണ്. ഇവരെയാണിപ്പോൾ വംശവെറിയുടെ പേരിൽ ഉന്നംവെക്കുന്നത്. ഡെറാഡൂണിൽ കശ്മീരി വിദ്യാർഥികളെ കൈയേറ്റം ചെയ്തു. ബിഹാറിൽ വ്യാപാരികൾക്കെതിരെ ആക്രമണങ്ങൾ നടന്നു. വിനോദയാത്രയും കച്ചവടവുമൊക്കെ മാറ്റിവെച്ച് കശ്മീരിനെയും കശ്മീരികളെയും ബഹിഷ്കരിക്കാനുള്ള ആഹ്വാനങ്ങൾ സംഘ്പരിവാർ പ്രഭൃതികൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു. അങ്ങനെ ഇന്ദിരവധത്തിനു ശേഷം സിഖ് സമൂഹത്തിനെതിരെ ഉയർത്തിക്കൊണ്ടുവന്ന വംശവെറിക്കു സമാനമായി കശ്മീർ ജനതയെ ‘ഒറ്റപ്പെടുത്തി ശിക്ഷിക്കാൻ’ വർഗീയശക്തികൾ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്. ഇത് ആത്യന്തികമായി രാജ്യത്തിന് േദാഷമേ ചെയ്യൂ എന്ന് സിഖ് വംശഹത്യയുടെ അനുഭവം നമ്മെ പഠിപ്പിച്ചതാണ്. കശ്മീർ പ്രശ്നം അപരിഹാര്യമായി തുടരുന്നതിെൻറ കാരണങ്ങളിലൊന്നായി യു.പി.എ ഗവൺമെൻറ് കാലത്തെ ദിലീപ് പദ്ഗോങ്കർ കമ്മിറ്റിയും ഇപ്പോഴത്തെ മാധ്യസ്ഥ്യനായ ദിനേശ്വർ ശർമയും ഗവർണർ സത്യപാൽ മലിക്കുമൊക്കെ ചൂണ്ടിക്കാണിച്ചത് അന്നാട്ടുകാരുടെ അപരവത്കരണമാണ്. ഇപ്പോൾ പുൽവാമയുടെ പേരിൽ അതിതീവ്ര ദേശീയോന്മാദം സൃഷ്ടിക്കാനുള്ള ശ്രമം ഇൗ അപരവത്കരണത്തിന് ആക്കംകൂട്ടുകയേയുള്ളൂ. അതിലെ അപകടം കശ്മീരിലെ മുഖ്യധാര രാഷ്ട്രീയനേതൃത്വം ഉറക്കെ വിളിച്ചുപറയുന്നുണ്ട്.
ദൗർഭാഗ്യകരമായ ദുരന്തത്തെ കക്ഷിരാഷ്ട്രീയവത്കരിക്കരുതെന്ന് എല്ലാ പാർട്ടികളും ആഹ്വാനം ചെയ്തതാണ്. എന്നാൽ, സംഭവത്തെ തെരഞ്ഞെടുപ്പ് പ്രചാരണായുധമാക്കാൻ വ്യഗ്രത പൂണ്ട വിധത്തിലാണ് ബി.ജെ.പിയുടെ നീക്കം. ഭീകരാക്രമണത്തിെൻറ പശ്ചാത്തലത്തിൽ എല്ലാ രാഷ്ട്രീയപരിപാടികളും റദ്ദാക്കിയതായി പ്രഖ്യാപിച്ചതാണ് ബി.ജെ.പി. അതേസമയം, ദുരന്തത്തിെൻറ തൊട്ടടുത്ത ദിനങ്ങളിൽ യു.പിയിലും മഹാരാഷ്ട്രയിലുമൊക്കെ കോടികളുടെ വൻകിട പദ്ധതികളുടെ നിർമാണോദ്ഘാടനങ്ങൾ നിർവഹിച്ചു നടന്ന പ്രധാനമന്ത്രി ഭീകരാക്രമണത്തെ അപലപിക്കാനും തിരിച്ചടിക്ക് ആഹ്വാനം നൽകാനും മാത്രമല്ല, പുതിയ സാഹചര്യത്തെ കേന്ദ്രത്തിൽ ബി.ജെ.പി ഉറച്ച ഭരണത്തിന് വോട്ടുതേടാനുള്ള ഉപാധിയാക്കുകയും ചെയ്യുന്നു. ജവാന്മാരുടെ അന്തിമോപചാര ചടങ്ങുകളും വിലാപയാത്രയും സ്വന്തം കേമത്തം പകർത്താനും തെരഞ്ഞെടുപ്പ് റോഡ് ഷോ ആക്കി മാറ്റാനും എം.പിമാരും മന്ത്രിമാരും കൊണ്ടുപിടിച്ചു ശ്രമിക്കുന്നു. പ്രതിസന്ധിയുടെ പ്രതിവിധി പ്രഖ്യാപിക്കേണ്ട പ്രധാനമന്ത്രി എല്ലാം സൈനികർക്കറിയാം എന്നു പറഞ്ഞ് അവെര ഭരമേൽപിച്ച് ഒഴിയുന്നതോടെ ദേശഭക്തിയുടെ മറപിടിച്ച് വംശീയവെറിയിൽ ഉറഞ്ഞുതുള്ളുന്ന അണികൾ തെരുവുകൾ കൈയടക്കുന്നു.രാജ്യത്തിെൻറ െഎക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കാനുള്ള അക്ഷീണയത്നത്തിന് ജീവൻ ബലിനൽകേണ്ടിവന്നവരാണ് നമ്മുടെ ധീരജവാന്മാർ. അതിെൻറ പേരിൽ രാജ്യത്തെ ആഭ്യന്തരശൈഥില്യത്തിലേക്ക് തള്ളിവിടുന്നവരും വിലകുറഞ്ഞ രാഷ്ട്രീയനേട്ടത്തിനു വേണ്ടി ദുരന്തത്തെ ദുരുപയോഗം ചെയ്യുന്നവരും രക്തസാക്ഷികളെ അപമാനിക്കുകയാണ് എന്നു തിരിച്ചറിയേണ്ടിയിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.