ജഡ്ജിമാരെ നിയമിക്കാനുള്ള സുപ്രീംകോടതി കൊളീജിയത്തിൽ കേന്ദ്രസർക്കാർ പ്രതിനിധിയെ ഉൾപ്പെടുത്തണമെന്ന് കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനോട് രേഖാമൂലം ആവശ്യപ്പെട്ടതോടെ ഹിന്ദുത്വസർക്കാറിന്റെ ഉള്ളിലിരിപ്പ് മറനീക്കി പുറത്തുവന്നിരിക്കുകയാണ്. കൊളീജിയത്തിന് സുതാര്യതയും ഉത്തരവാദിത്തവുമുണ്ടാകാൻ കേന്ദ്ര സർക്കാറിന്റെ പ്രതിനിധികൾ അതിൽ വേണമെന്നാണ് നിയമമന്ത്രിയുടെ ആവശ്യം.

ഹൈകോടതി കൊളീജിയത്തിൽ സംസ്ഥാന സർക്കാറിന്റെ പ്രതിനിധിയും വേണമെന്ന് കത്തിലുണ്ട്. കേസുകളുടെ ആധിക്യംകൊണ്ട് വീർപ്പുമുട്ടുകയും വൈകിയെത്തുന്ന നീതി, നീതിനിഷേധത്തിന് തുല്യമാണെന്ന തത്ത്വം കാലങ്ങളായി ലംഘിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ കൊളീജിയം അന്തിമ തീരുമാനമെടുത്തയച്ച പരിമിത പട്ടികയിൽപോലും തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ടുപോവുന്ന കേന്ദ്രസർക്കാറിന്റെ നയം ആലോചിച്ചുറച്ച് കൈക്കൊണ്ടതുതന്നെയാണെന്നും ഇപ്പോൾ വ്യക്തമായിരിക്കുന്നു. 2022 നവംബർ 25 വരെ രാജ്യത്തെ 24 ഹൈകോടതികളിൽ 331 ന്യായാധിപന്മാരുടെ ഒഴിവുകൾ നികത്തപ്പെടാതെ തുടരുകയായിരുന്നു. അതിലേക്ക് 148 ജഡ്ജിമാരുടെ പേരുകൾ കൊളീജിയം ശിപാർശ ചെയ്തിട്ടും അംഗീകാരം നീട്ടിക്കൊണ്ടുപോവുകയാണ് കേന്ദ്രസർക്കാർ ചെയ്തത്.

ഈ വിളംബത്തിന്റെ സാക്ഷാൽ പ്രചോദനം എന്തെന്ന് പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ‘‘നിലവിൽ കൊളീജിയത്തിലുള്ള ജഡ്ജിമാർ മാറുന്നതുവരെ കാത്തിരിക്കുകയാണ് കേന്ദ്രം. അതുകൊണ്ടാണ് സുപ്രീംകോടതിയിലുണ്ടാവാത്ത തരത്തിൽ ആവർത്തിച്ചയച്ചിട്ടും ജഡ്ജി നിയമന ശിപാർശകൾ വെച്ചുതാമസിപ്പിച്ച് ഒടുവിൽ മടക്കി അയക്കുന്നത്. വിരമിക്കുന്ന ജഡ്ജിമാർക്കു പകരം ജഡ്ജിമാർ വന്ന് കൊളീജിയത്തിലെ സമവാക്യം മാറുന്നതോടെ പഴയ തീരുമാനം പുനഃപരിശോധിക്കുമെന്ന കണക്കുകൂട്ടലിലാണിത്.’’ പ്രശാന്ത് ഭൂഷണിന്റെ അഭിപ്രായം അറ്റോണി ജനറൽ വെങ്കിട്ടരമണയുടെ എതിർപ്പിനെ മറികടന്ന് ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ ശരിവെക്കുകയും ചെയ്തിരുന്നു.

യഥാർഥത്തിൽ 2014ൽതന്നെ ജഡ്ജിമാരുടെ നിയമനത്തിനുള്ള കൊളീജിയം സമ്പ്രദായം അവസാനിപ്പിക്കാനും പകരം ദേശീയ ന്യായാധിപ നിയമന കമീഷൻ രൂപവത്കരിക്കാനും 99ാം ഭരണഘടന ഭേദഗതി ബില്ലിലൂടെ മോദി സർക്കാർ ശ്രമിച്ചിരുന്നതാണ്. ജഡ്ജിമാരെ ജഡ്ജിമാർതന്നെ നിയമിക്കുന്നതിലെ അനൗചിത്യവും ജഡ്ജിമാരുടെ നിയമനത്തിൽ നടക്കുന്നതായി ആരോപിക്കപ്പെട്ട അനഭിലഷണീയ പ്രവണതകളും അവസാനിപ്പിക്കാനുള്ള നീക്കമെന്ന നിലയിൽ പ്രതിപക്ഷവും ബില്ലിനെ പിന്തുണക്കുകയുണ്ടായി. അപ്രകാരം ഭരണഘടനാ ഭേദഗതിക്കാവശ്യമായ പിന്തുണ ലഭിച്ചതിനാൽ അത് പാസാവുകയും ചെയ്തു. പക്ഷേ, പുതിയ നിയമനിർമാണം അസാധുവും ഭരണഘടനാവിരുദ്ധവുമാണെന്ന് സുപ്രീംകോടതി ഭരണഘടന ബെഞ്ച് വിധി പ്രഖ്യാപിച്ചതോടെ ആ ശ്രമം പരാജയപ്പെട്ടു. അതേസമയം, ജഡ്ജിമാരുടെ നിയമനകാര്യത്തിൽ കൊളീജിയത്തിന്റെ ശിപാർശ സുപ്രീംകോടതി വെബ്സൈറ്റിൽ പരസ്യപ്പെടുത്താൻ പരമോന്നത കോടതി തീരുമാനിക്കുകയും ചെയ്തു.

കൊളീജിയം സംവിധാനത്തിന് അതിന്റേതായ ന്യൂനതകളുണ്ട്. സ്വതന്ത്രവും നീതിപൂർവകവും കുറ്റമറ്റതുമായ ന്യായാധിപ നിയമനവും സ്ഥലംമാറ്റങ്ങളുമാണ് നടക്കുന്നതെന്ന് സമ്മതിച്ചുകൊടുക്കാൻ നിർവാഹമില്ലാത്ത ചിലതെല്ലാം കഴിഞ്ഞകാലത്ത് നടന്നിട്ടുമുണ്ട്. പക്ഷേ, അപ്രമാദിത്വം അവകാശപ്പെടാവുന്ന ഒരു ബദൽ സംവിധാനത്തിന്റെ അഭാവത്തിൽ താരതമ്യേന മെച്ചപ്പെട്ട നിലവിലെ കൊളീജിയം വ്യവസ്ഥ തുടരുകതന്നെയാവും അഭികാമ്യം. അതുകൊണ്ടാണ് ദീർഘദൃഷ്ടിയും ആർജവവും നീതിതൽപരരുമായ മുൻ ജഡ്ജിമാരും നിയമജ്ഞരും അതിനനുകൂലമായി നിലകൊള്ളുന്നതും. തീവ്രഹിന്ദുത്വശക്തികൾ കേന്ദ്രഭരണം പിടിച്ചശേഷം സ്വീകരിച്ചുകൊണ്ടിരിക്കുന്ന ഓരോ നടപടിയും മതനിരപേക്ഷ ജനാധിപത്യ വിശ്വാസികളെ ആശങ്കയിലകപ്പെടുത്തുന്നതും രാജ്യത്തെ സമാധാനാന്തരീക്ഷത്തെ കലുഷമാക്കുന്നതുമാണെന്ന് പറയാതെവയ്യ. പരമോന്നത കോടതിപോലും നിർബന്ധത്തിനോ സമ്മർദത്തിനോ ഭയത്തിനോ വഴങ്ങുന്നുണ്ടെന്ന തോന്നൽ ശക്തിപ്പെടുന്ന സാഹചര്യങ്ങളാണ് നിലവിൽ.

മതഭ്രാന്തരായ കർസേവകർ തരിപ്പണമാക്കിയ ബാബരി മസ്ജിദ് സ്ഥിതിചെയ്ത സ്ഥലം ഒരുവിധ ന്യായമോ തെളിവോ അവരുടെ ഭാഗത്തില്ലെന്ന് ബോധ്യപ്പെട്ടശേഷവും കേവലം വികാരം മാനിച്ച് ഹിന്ദുത്വർക്ക് വിട്ടുകൊടുത്തതും ജമ്മു-കശ്മീരിന് പ്രത്യേക പദവി അനുവദിക്കുന്ന ഭരണഘടനയുടെ 370ാം വകുപ്പ് മരവിപ്പിച്ച് സാധാരണ സംസ്ഥാനപദവിപോലും നിഷേധിച്ചതിനെതിരെ നാളിതുവരെ മൗനമവലംബിച്ചതും കറൻസി റദ്ദാക്കൽ നടപടിയുടെ തിക്തഫലങ്ങൾ രാജ്യം വേണ്ടുവോളം അനുഭവിച്ചശേഷവും അതേപ്പറ്റി സൂചിപ്പിക്കുകപോലും ചെയ്യാതെ കേന്ദ്രസർക്കാർ നടപടിയെ ശരിവെച്ചതും നേരത്തേ ഡൽഹി വർഗീയകലാപത്തിൽ നിഷ്ക്രിയരായി നിന്ന പൊലീസിനെ വിമർശിച്ച ഡൽഹി ഹൈകോടതി ജഡ്ജിയെ മണിക്കൂറുകൾക്കകം സ്ഥലംമാറ്റിയതും ഉൾപ്പെടെ പല കാര്യങ്ങളും അനീതിപരമെന്ന് ചൂണ്ടിക്കാട്ടാനുണ്ടെങ്കിലും ഇപ്പോഴും ഒട്ടൊക്കെ സ്വാതന്ത്ര്യവും നീതിദീക്ഷയും നിലനിർത്തുന്ന ഈ സംവിധാനത്തെ അപ്പടി വിഴുങ്ങാനുള്ള അപകടകരമായ നീക്കങ്ങളെ തുറന്നപലപിക്കാതെ വയ്യ.

ഏറ്റവുമൊടുവിൽ ഉപരാഷ്ട്രപതി ധൻഖർ സുപ്രീംകോടതിയേക്കാൾ പാർലമെന്റിനാണ് അധികാരം എന്ന് വളച്ചുകെട്ടില്ലാതെ തട്ടിമൂളിച്ചപ്പോൾ കേന്ദ്രസർക്കാറിന്റെ ഉള്ളിലിരിപ്പ് മറയില്ലാതെ പുറത്തുവന്നു. ഈ സാഹചര്യത്തിൽ സ്വതന്ത്രവും നിഷ്പക്ഷവുമായ നീതിന്യായ വ്യവസ്ഥയും സംവിധാനവും എന്തു വിലകൊടുത്തും സംരക്ഷിക്കാനാണ് ജനാധിപത്യവിശ്വാസികൾ മുന്നിട്ടിറങ്ങേണ്ടത്.

Tags:    
News Summary - Editorial on Law Minister Rijiju’s letter to CJI, Supreme Court Collegium

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.