ഊർജസുരക്ഷക്ക് മാറിച്ചിന്തിക്കാം




യുക്രെയ്ൻ സംഘർഷം യൂറോപ്പിനെ മാത്രമല്ല ബാധിച്ചിരിക്കുന്നത് എന്നത് എടുത്തുപറയേണ്ടാത്തവിധം വ്യക്തമാണ്. വിദ്യാഭ്യാസ-സാമൂഹിക സുരക്ഷിതത്വത്തിന് അത് ഏൽപിക്കുന്ന പരിക്ക് വലുതാണ്; അത്രതന്നെ ഗുരുതരമാണ് സാമ്പത്തികരംഗത്തെ ആഘാതം. കോവിഡിന്റെയും ഒമിക്രോൺ വകഭേദത്തിന്റെയും ഫലമായി ആഗോള സമ്പദ്‍രംഗത്ത് നേരത്തേ മുരടിപ്പുണ്ട്. 2022ലെ വളർച്ച 4.4 ശതമാനമായി ഇടിയുമെന്ന് അന്താരാഷ്ട്ര നാണയനിധി (ഐ.എം.എഫ്) ജനുവരിയിലേ പറഞ്ഞുവെച്ചിരുന്നു. അതിനു പിന്നാലെയാണ് യുക്രെയ്ൻ പ്രശ്നം മൂർച്ഛിച്ച് യുദ്ധത്തിലെത്തിയത്. ഇതു സാമ്പത്തിക രംഗത്തെ ഉയിർത്തെഴുന്നേൽപ് വീണ്ടും പ്രതിസന്ധിയിലാക്കിയിരിക്കുന്നു. സാമ്പത്തിക പ്രതിസന്ധിയുടെ മർമസ്ഥാനത്തുള്ളതാകട്ടെ, ഊർജരംഗത്ത് ഉണ്ടായിരിക്കുന്ന അരക്ഷിതാവസ്ഥയും. സംഘർഷത്തിലെ രണ്ടുപക്ഷവും എണ്ണയെയും പ്രകൃതിവാതകത്തേയും ആയുധമാക്കിയിരിക്കുകയാണ്. ഒരുവശത്ത് റഷ്യയിൽനിന്ന് ഇന്ധനം വാങ്ങരുതെന്ന് അമേരിക്കയും യൂറോപ്പും നിഷ്കർഷിക്കുന്നു-റഷ്യക്കെതിരായ ഉപരോധത്തിന്റെ മുനയാണ് ഇന്ധനം വാങ്ങുന്നതിനുള്ള ഈ വിലക്ക്. മറുഭാഗത്ത്, പ്രകൃതിവാതക ആവശ്യങ്ങളുടെ 40 ശതമാനം നിറവേറ്റാൻ യൂ​േറാപ്പ് തങ്ങളെ ആശ്രയിക്കേണ്ടിവരുന്നു എന്നറിയാവുന്ന റഷ്യ, ശത്രുപക്ഷത്തുള്ളവർക്ക് ഇന്ധനം വിൽക്കുന്നത് നിർത്തിവെക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു. ഉപരോധം പൂർണവും കാര്യക്ഷമവുമാക്കാൻ പറ്റാത്തവിധം പല രാജ്യങ്ങളും ഇന്ധനത്തിന് തങ്ങളെ ആശ്രയി​ക്കേണ്ടിവരുന്നുണ്ടെന്ന് റഷ്യക്കറിയാം. ഇനി രണ്ടും കൽപിച്ച് ഉപരോധം ഏർപ്പെടുത്തിയാലാകട്ടെ, ലോകം കടുത്ത ഊർജപ്രതിസന്ധി നേരിടേണ്ടിവരും. പ്രതിസന്ധിയുടെ ചൂട് ഇന്ധനവില വഴി ലോകമെങ്ങും പരന്നു തുടങ്ങിയിട്ടുണ്ടുതാനും.

ഈ പ്രതിസന്ധി ഒരവസരം കൂടിയാണ് എന്നതാണ് ഇതിന്റെ നല്ല വശം. എണ്ണയെയും വാതകത്തേയും ആയുധവത്കരിക്കാൻ ഇരുപക്ഷത്തിനും കഴിയുന്നത്, ലോകം അത്രമേൽ ഈ ഇന്ധനങ്ങളെ ആശ്രയിക്കുന്നു എന്നതുകൊണ്ടാണ്. റഷ്യയുടെ സാമ്പത്തിക മേഖലയുടെ നട്ടെല്ലാണ് എണ്ണ-വാതക വ്യാപാരം. അതിൽ തൊടുകവഴി മർമത്തുതന്നെയാണ് മറുപക്ഷം പ്രഹരിക്കുന്നത്. എന്നാൽ, മറുപക്ഷം ഈ ഇന്ധനങ്ങളെ ആശ്രയിക്കുവോളം കാലം ആ പ്രഹരത്തിന് മാരകശേഷി ഉണ്ടാകില്ലെന്ന് റഷ്യ മനസ്സിലാക്കുന്നു. ആശ്രിതത്വമാണ് പ്രശ്നമെന്നർഥം. ഈ ആശ്രിതത്വം തന്നെയാണ്, ഭൂമിയെ മൊത്തം ഗുരുതരമായി ഗ്രസിച്ചുകഴിഞ്ഞ കാലാവസ്ഥപ്രതിസന്ധിയുടെയും അടിസ്ഥാനം. ചുരുക്കിപ്പറഞ്ഞാൽ, മുമ്പേ ഫോസിൽ-എണ്ണ-ഗ്യാസ് ഇന്ധനങ്ങളിൽനിന്ന് മോചനം നേടണമെന്ന് നിശ്ചയിച്ചുകഴിഞ്ഞ ലോകത്തിന്, യുക്രെയ്ൻ യുദ്ധം അതിനുള്ള വർധിതപ്രചോദനമാണ്. അസ്ഥിരവും മലിനീകരണക്ഷമവുമായ ഊർജനയത്തിന് പകരം പുതുക്കാവുന്ന (renewable) ഊർജരൂപങ്ങളിലേക്ക് എത്രയും വേഗം ചുവടുമാറ്റണമെന്നാണ് ആഗോളതാപനവും യുക്രെയ്ൻ യുദ്ധവും ഉറക്കെ ആവശ്യപ്പെടുന്നത്. മുമ്പ് ഞങ്ങൾ ചൂണ്ടിക്കാട്ടിയപോലെ, ഐക്യരാഷ്ട്രസഭക്ക് കീഴിലുള്ള, കാലാവസ്ഥമാറ്റം സംബന്ധിച്ച സമിതി (ഐ.പി.സി.സി)യുടെ ഒടുവിലത്തെ റിപ്പോർട്ട് നൽകുന്ന വ്യക്തമായ സൂചന, ബദൽ ഇന്ധനങ്ങളിലേക്കുള്ള മാറ്റം മുമ്പ് തീരുമാനിച്ചതിനേക്കാൾ വേഗത്തിൽ നടക്കണമെന്നാണ്. യുക്രെയ്ൻ അതിന് അടിവരയിടുന്നു എന്നുമാത്രം. പരിഹാരം സ്പഷ്ടം: അടിയന്തരമായി, ഇനിയൊട്ടും അമാന്തിക്കാതെ, നവീകരണക്ഷമമായ ഊർജത്തിലേക്ക് മാറുക.

നിർഭാഗ്യവശാൽ, താൽക്കാലിക പ്രയാസങ്ങൾ എടുത്തുകാട്ടി വിപരീതദിശയിലേക്ക് വലിക്കുകയാണ് എണ്ണ ലോബികൾ. കാലാവസ്ഥ ഉച്ചകോടിയിൽ കടുത്ത തീരുമാനമെടുക്കാതിരിക്കാൻ സമ്മർദം ചെലുത്തിയ എണ്ണക്കമ്പനികൾ യുക്രെയ്ൻ പ്രതിസന്ധിയും അവരുടെ വിനാശകമായ കച്ചവടത്തിനായി ഉപയോഗിക്കുകയാണ്. എണ്ണവില ഉയരുന്നു; അതിനനുസരിച്ച് എണ്ണ ഉൽപാദനം കൂട്ടണം എന്നാണ് അവരുടെ വ്യാജവാദം. എണ്ണക്കും ഗ്യാസിനും പകരം ബദൽ രീതികളിലേക്ക് മാറുകയാണ് ഇപ്പോഴത്തേക്കും എന്നത്തേക്കുമുള്ള പരിഹാരം എന്ന വസ്തുത മറച്ചുവെക്കാനാണ് ശ്രമം. അതിന് ഫലമുണ്ടാകുന്നുമുണ്ട്. കാലാവസ്ഥ അജണ്ടക്ക് വിരുദ്ധമായി ജർമനി എൽ.പി.ജിക്കായി കൂടുതൽ പണം മുടക്കുകയാണ്; റഷ്യൻ വാതകത്തിന് പകരമെന്നുപറഞ്ഞ് അമേരിക്ക യൂറോപ്പിന് അവരുടെ പ്രകൃതി വാതകം വിൽക്കുകയാണ്. ബ്രിട്ടൻ വേണ്ടെന്നുവെച്ചിരുന്ന ഉത്തരസമുദ്ര പ്രദേശത്തെ എണ്ണ-ഗ്യാസ് ഖനനവുമായി മുന്നോട്ടുപോവുകയാണ്; അവരും കൂടുതൽ പണം ഫോസിൽ ഇന്ധനത്തിന് മുടക്കുന്നു. കാലാവസ്ഥ പ്രതിസന്ധി തീർക്കാൻ ക്രിയാത്മ പങ്കാളിത്തം വഹിക്കുമെന്ന് ഉറപ്പുപറഞ്ഞിട്ടുള്ള രാഷ്ട്രമാണ് ഇന്ത്യ. പുതുക്കാവുന്ന ഊർജ രീതികളിൽ നാം ധാരാളം മുതൽ മുടക്കിയിട്ടുമുണ്ട്. എന്നാൽ, ഇതിനൊപ്പംതന്നെ, ഏറ്റവും കൂടുതൽ മലിനീകരണം സൃഷ്ടിക്കുന്ന കൽക്കരിയിൽ വമ്പിച്ച നിക്ഷേപം നടത്തുകയെന്ന വിരോധാഭാസവും നമ്മിൽ നിന്നുണ്ടാകുന്നു. ഝാർഖണ്ഡിലെ ഗൊണ്ടൽപുര കൽക്കരിപ്പാടം ഖനനം ചെയ്യാൻ ചുറ്റുമുള്ള ഗ്രാമങ്ങളുടെ കടുത്ത എതിർപ്പ് വകവെക്കാതെ അദാനി ഗ്രൂപ്പിന് അനുമതി നൽകിയിരിക്കുന്നു. എത്രയും വേഗം ബദൽ ഊർജത്തിലേക്ക് മാറേണ്ട ലോകരാഷ്ട്രങ്ങൾ, വ്യാജവാദങ്ങളുയർത്തി പഴയരീതി തുടരുന്നുവെങ്കിൽ അതിനർഥം അറിഞ്ഞുകൊണ്ട് വിനാശത്തെ വിളിച്ചുവരുത്തുന്നു എന്നാണ്.

Tags:    
News Summary - Energy assurance requires new thinking

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.