കേന്ദ്രം ഭരിക്കുന്ന മുന്നണിയായ ദേശീയ ജനാധിപത്യ സഖ്യത്തിലെ (എൻ.ഡി.എ) ഏറ്റവും പഴയ സഖ്യകക്ഷിയാണ് പഞ്ചാബ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ശിരോമണി അകാലി ദൾ (എസ്.എ.ഡി). കേന്ദ്ര മന്ത്രിസഭയിലെ ഏക എസ്.എ.ഡി പ്രതിനിധി, ഭക്ഷ്യ സംസ്കരണ മന്ത്രി ഹർസിമ്രത് കൗർ ബാദൽ വ്യാഴാഴ്ച അവരുടെ രാജി പ്രഖ്യാപിച്ചു. എന്നാൽ, എസ്.എ.ഡി മുന്നണിയിൽതന്നെ തുടരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എസ്.എ.ഡി മുന്നണിയിൽനിന്ന് പിൻവാങ്ങിയാലും നിലവിലെ അവസ്ഥയിൽ അത് ദേശീയ രാഷ്ട്രീയത്തെ ബാധിക്കാനൊന്നും പോകുന്നില്ല. അതേ സമയം, പഞ്ചാബ് രാഷ്ട്രീയത്തിൽ എസ്.എ.ഡി ഇല്ലാതെ ബി.ജെ.പിക്ക് ഒന്നും ചെയ്യാനും കഴിയില്ല. കേന്ദ്രസർക്കാർ അവതരിപ്പിച്ച കർഷകരുമായി ബന്ധപ്പെട്ട മൂന്ന് നിയമനിർമാണങ്ങളാണ് എസ്.എ.ഡിയെ പ്രകോപിപ്പിച്ചത്.
ഫാർമേഴ്സ് െപ്രാഡ്യൂസ് േട്രഡ് ആൻഡ് കോമേഴ്സ് ബിൽ, ദ ഫാർമേഴ്സ് എംപവർമെൻറ് ആൻഡ് െപ്രാട്ടക്ഷൻ എഗ്രിമെൻറ്, ദ എസൻഷ്യൽ കമോഡിറ്റീസ് അമെൻഡ്മൻറ് ബിൽ എന്നിവയാണ് വിവാദമായ നിയമനിർമാണങ്ങൾ. പേരു കേൾക്കുമ്പോൾ കർഷകർക്ക് ഏറെ ഗുണപ്രദമെന്ന് തോന്നുന്നതാണ് ഇവ മൂന്നും. എന്നാൽ, ഇതിൽ ആദ്യത്തെ ബിൽ സവിശേഷമായി കർഷകർക്ക് േദ്രാഹം ചെയ്യുന്നതാണ് എന്നാണ് കർഷക സംഘടനകൾ വിമർശിക്കുന്നത്. കാർഷിക ഉൽപന്നങ്ങൾക്ക് നിലവിലുള്ള മിനിമം താങ്ങുവില ക്രമേണ ഇല്ലാതാക്കാനുള്ള അടവുകൾ ഉൾക്കൊള്ളുന്നതാണ് ബില്ലിലെ വ്യവസ്ഥകൾ എന്ന് അവർ ആരോപിക്കുന്നു. താങ്ങുവില എടുത്തുകളയുമെന്നോ തുടരുമെന്നോ ബില്ലിൽ പ്രത്യേകിച്ചൊന്നും പറയുന്നില്ല. കർഷകരിൽനിന്ന് ഉൽപന്നം നേരിട്ട് ശേഖരിക്കുന്ന അംഗീകൃത ഏജൻസിയാണ് എ.പി.എം.സി (അഗ്രികൾചറൽ േപ്രാഡ്യൂസ് മാർക്കറ്റ് കമ്മിറ്റി). സർക്കാർ നിശ്ചയിക്കുന്ന താങ്ങുവില നൽകിയാണ് ഇവർ കർഷകരിൽനിന്ന് ഉൽപന്നം ശേഖരിക്കുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ കർഷകർ ഈ ഏജൻസി വഴിയാണ് ഉൽപന്നങ്ങൾ വിറ്റഴിക്കുന്നത്. എന്നാൽ, കാർഷികോൽപന്നങ്ങൾ ശേഖരിക്കുന്നതിൽ എ.പി.എം.സിക്കുള്ള കുത്തക എടുത്തുകളയുന്നതാണ് ഫാർമേഴ്സ് േപ്രാഡ്യൂസ് േട്രഡ് ആൻഡ് കമേഴ്സ് ബിൽ. ഇത്, ക്രമേണ താങ്ങുവില സമ്പ്രദായം തന്നെ അവസാനിപ്പിക്കുന്നതിലേക്ക് എത്തുമെന്നാണ് കർഷക സംഘടനകൾ ആരോപിക്കുന്നത്. ബി.ജെ.പിയുടെ നിയമനിർമാണരീതികളെ പരിശോധിക്കുന്ന ആർക്കും ഈ ആരോപണത്തെ തള്ളിക്കളയാൻ പറ്റില്ല. മുസ്ലിംകളുടെ പൗരത്വം എടുത്തുകളയുമെന്ന് പ്രഖ്യാപിച്ചുകൊണ്ടല്ല അവർ പൗരത്വ ബിൽ അവതരിപ്പിച്ചത്. എന്നാൽ, അവരുടെ ലക്ഷ്യം അതായിരുന്നു എന്ന് എല്ലാവർക്കും അറിയാം. അതുതന്നെയാണ് കർഷക ബില്ലിെൻറ കാര്യത്തിലും സംഭവിക്കാൻ പോവുന്നത്.
പാർലമെൻറിലെ മൃഗീയഭൂരിപക്ഷം ഉപയോഗിച്ച് തങ്ങളുദ്ദേശിക്കുന്ന ഏതു നിയമവും എങ്ങനെയും ചുട്ടെടുക്കാമെന്നാണ് ബി.ജെ.പി പലപ്പോഴും വിചാരിക്കുന്നത്. പൗരത്വസമരം ആ വിചാരത്തിന് വലിയ തിരിച്ചടി നൽകിയിരുന്നു. ഇപ്പോൾ, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ് അടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഉയർന്നുവരുന്ന കർഷകരോഷവും ബി.ജെ.പിയുടെ വ്യാമോഹങ്ങൾക്കുള്ള തിരിച്ചടിയാണ്. റോഡുകളും നഗരചത്വരങ്ങളും സ്തംഭിപ്പിച്ച് അവിടങ്ങളിലെല്ലാം കർഷകസമരങ്ങൾ ഉയരുകയാണ്. പൗരത്വ സമരത്തിലെന്ന പോലെ പ്രത്യേകിച്ച് ഏതെങ്കിലും രാഷ്ട്രീയപാർട്ടിയുടെ ആഹ്വാനത്തിലൂടെ രൂപംകൊണ്ടതല്ല ഈ പ്രക്ഷോഭങ്ങളെന്നതും ശ്രദ്ധിക്കേണ്ടതാണ്. കർഷകരുടെ യഥാർഥ രോഷമാണ് ഈ സമരങ്ങളിലൂടെ പ്രതിഫലിക്കുന്നത്.
ഉത്തരേന്ത്യയിലുയരുന്ന കർഷകരോഷത്തെ മനസ്സിലാക്കാനും അതിന് രാഷ്ട്രീയ പിന്തുണ നൽകി വലിയ പ്രക്ഷോഭമാക്കി വളർത്താനും പ്രതിപക്ഷത്തിന് സാധിക്കുമോ എന്നത് കാത്തിരുന്നു കാണണം. കോൺഗ്രസ്, എ.എ.പി, സി.പി.എം തുടങ്ങിയ പാർട്ടികൾ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, ഈ സമരത്തെ ഏറ്റെടുത്ത് കൂടുതൽ മൂർത്തമായ തരത്തിലേക്ക് കൊണ്ടുപോകാനുള്ള നേതൃശേഷിയും ഭാവനയും കോൺഗ്രസിനുണ്ടോ എന്നത് സംശയമാണ്.
തെരുവുകളിൽ കർഷക പ്രക്ഷോഭം കത്തിയാളവെ തന്നെ പാർലമെൻറ് വളപ്പിൽ നടന്ന മറ്റൊരു സമരവും ശ്രദ്ധിക്കേണ്ടതാണ്. സംസ്ഥാനങ്ങൾക്കുള്ള ജി.എസ്.ടി നഷ്ടപരിഹാര കുടിശ്ശിക നൽകാത്ത കേന്ദ്രസർക്കാർ നിലപാടിനെതിരെ കോൺഗ്രസ്–സി.പി.എം ഇതര പ്രതിപക്ഷ സംഘടനകളുടെ എം.പിമാർ വ്യാഴാഴ്ച പാർലമെൻറ് വളപ്പിൽ നടത്തിയ പ്രതിഷേധമായിരുന്നു അത്. സംസ്ഥാനങ്ങളുടെ സാമ്പത്തികസ്വാശ്രയത്വത്തെ തകർക്കുന്നതാണ് അടിസ്ഥാനപരമായി ജി.എസ്.ടി. അതിലെതന്നെ വ്യവസ്ഥകളുടെ ഭാഗമായ നഷ്ടപരിഹാര കുടിശ്ശികപോലും സംസ്ഥാനങ്ങൾക്ക് നൽകാതെ പിടിച്ചുവെച്ചിരിക്കുകയാണ് കേന്ദ്രം. തൃണമൂൽ കോൺഗ്രസ്, എൻ.സി.പി, സമാജ്വാദി പാർട്ടി, എ.എ.പി, ടി.ആർ.എസ്, ഡി.എം.കെ, ശിവസേന, ആർ.ജെ.ഡി തുടങ്ങിയ പാർട്ടികളുടെ പ്രതിനിധികളാണ് പ്രതിഷേധം സംഘടിപ്പിച്ചത്. കോൺഗ്രസിെൻറ അസാന്നിധ്യം ഇതിലും ശ്രദ്ധിക്കേണ്ടതാണ്. രാജ്യത്തെ അനുദിനം പാതാളത്തിലേക്ക് നയിക്കുന്ന ഒരു ഭരണകൂടത്തിനെതിരെ സ്വാഭാവികമായി ഉയർന്നുവരുന്ന സമരങ്ങളുടെ ഭാഗമാകാൻപോലും മുഖ്യ പ്രതിപക്ഷ പാർട്ടിക്ക് സാധിക്കുന്നില്ലെങ്കിൽ അത് സങ്കടകരമാണ്.
Latest Video:
:
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.