2016 മാർച്ചിൽ യമൻ നഗരമായ ഏദനിൽനിന്ന് തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ മലയാളിയായ ഫാ. ടോം ഉഴുന്നാലിൽ ചൊവ്വാഴ്ച മോചിതനായത് ഇന്ത്യക്കാരെ പൊതുവെയും മലയാളികളെ വിശേഷിച്ചും ആഹ്ലാദിപ്പിക്കുന്ന വാർത്തയാണ്. സെലേഷ്യൻ സീറോ മലബാർ സഭയുമായി ബന്ധപ്പെട്ട് ബംഗളൂരുവിൽ പ്രവർത്തിച്ചുവരുന്ന പുരോഹിതനായിരുന്നു കോട്ടയം സ്വദേശിയായ ഫാ. ഉഴുന്നാലിൽ. സഭ നിർദേശ പ്രകാരമാണ് അദ്ദേഹം യമനിലേക്ക് പ്രവർത്തനം മാറ്റുന്നത്. അവിടെ മിഷനറീസ് ഓഫ് ചാരിറ്റി എന്ന, മദർ തെരേസ രൂപം കൊടുത്ത സംഘത്തിന് കീഴിലുള്ള വൃദ്ധസദനത്തിൽ വെച്ചാണ് അദ്ദേഹത്തെ തട്ടിക്കൊണ്ടുപോവുന്നത്. ഇന്ത്യക്കാരിയായ കന്യാസ്ത്രീ ഉൾപ്പെടെ 16 പേർ അന്നത്തെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഫാ. ഉഴുന്നാലിലിനെ തട്ടിക്കൊണ്ടുപോയ തോക്കുധാരികൾ അദ്ദേഹത്തെ വിട്ടുകിട്ടാൻ മോചനദ്രവ്യം ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. ഉഴുന്നാലിലിെൻറ ബന്ധുക്കളും സഭ അധികൃതരും സംസ്ഥാന സർക്കാരുമെല്ലാം മോചനക്കാര്യത്തിൽ കേന്ദ്രത്തിൽ സമ്മർദം ചെലുത്തിക്കൊണ്ടിരുന്നു. എന്നാൽ, മോചനം സാധ്യമാകാതെ മാസങ്ങൾ നീണ്ടുപോയതോടെ എവിടെയും ആശങ്ക പരക്കുകയായിരുന്നു. കേന്ദ്രം ഗൗരവത്തിൽ ഇടപെടുന്നില്ല എന്ന വിമർശനവും ചിലരെങ്കിലും ഉയർത്തി. ഉഴുന്നാലിലിെൻറ മോചനം ലക്ഷ്യംകാണാതെ പോവുന്നതിനിടെയാണ് ദുഃഖവെള്ളി ദിനത്തിൽ അദ്ദേഹം കുരിശിലേറ്റപ്പെടാൻ പോവുകയാണ് എന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ പരന്നത്. പക്ഷേ, ഏപ്രിലിൽ അദ്ദേഹത്തിേൻറതായ വിഡിയോ സന്ദേശം പുറത്തുവന്നു. അങ്ങേയറ്റം ക്ഷീണിതനായി കാണപ്പെട്ട ഫാദർ, വിഡിയോയിലൂടെ തെൻറ പ്രയാസങ്ങൾ ഇന്ത്യൻ ഭരണകൂടവുമായും വത്തിക്കാൻ അധികൃതരുമായും സഭ അധികാരികളുമായും പങ്കുവെക്കുകയായിരുന്നു. തട്ടിക്കൊണ്ടുപോയവരുമായി ബന്ധപ്പെടാനും മോചനത്തിനായി ഗൗരവത്തിൽ ഇടപെടാനും സർക്കാറോ സഭയോ വത്തിക്കാനോ ശ്രമിക്കുന്നില്ല എന്ന് അദ്ദേഹം പരാതി പറയുന്നുണ്ടായിരുന്നു. താനൊരു ഇന്ത്യക്കാരനായതുകൊണ്ടാണോ, ഇന്ത്യക്കാരെൻറ ജീവന് വില കുറവായതുകൊണ്ടാണോ തെൻറ മോചനക്കാര്യത്തിൽ ഇങ്ങനെയൊരു അലംഭാവമെന്നും വേദനയോടെ ഫാദർ വിഡിയോയിൽ ചോദിക്കുന്നുണ്ട്. വിഡിയോ പുറത്തുവന്ന ശേഷം അദ്ദേഹത്തിെൻറ മോചനത്തിനായുള്ള ശബ്ദങ്ങളും പരിശ്രമങ്ങളും വീണ്ടും ശക്തിപ്പെടുകയായിരുന്നു. അങ്ങനെ, അനിശ്ചിതത്വത്തിെൻറയും ഉത്കണ്ഠയുടെയും 18 മാസങ്ങൾക്കുശേഷം ചൊവ്വാഴ്ച ഫാദർ ഉഴുന്നാലിൽ ഒമാൻ തലസ്ഥാനമായ മസ്കത്തിൽ വിമാനമിറങ്ങിയിരിക്കുകയാണ്.
ഒമാൻ സർക്കാറിെൻറ നയതന്ത്ര നീക്കങ്ങളാണ് ഫാ. ഉഴുന്നാലിലിെൻറ മോചനത്തിന് പ്രധാനമായും വഴിയൊരുക്കിയിരിക്കുന്നത്. വത്തിക്കാൻ അധികൃതരും ഇന്ത്യൻ വിദേശ കാര്യ മന്ത്രാലയവും വിഷയത്തിൽ ഒമാൻ ഭരണകൂടവുമായി സംയോജിച്ച് കാര്യങ്ങൾ മുന്നോട്ട് നീക്കിയെന്നാണ് കരുതപ്പെടുന്നത്. തീവ്രവാദികൾക്ക് മോചനദ്രവ്യം നൽകിയതാണോ അതല്ല, മറ്റു വഴികളിലൂടെ മോചിപ്പിക്കുകയായിരുന്നോ തുടങ്ങിയ കാര്യങ്ങളൊന്നും പുറത്തുവന്നിട്ടില്ല. വിദേശ നാടുകളിലെ ബന്ദികളുടെ മോചനവുമായി ബന്ധപ്പെട്ട ഇത്തരം കാര്യങ്ങൾ എല്ലാം പുറത്തുവരാറുമില്ല.
വിദേശകാര്യ മന്ത്രാലയത്തെ സംബന്ധിച്ചിടത്തോളം ഏറെ തലവേദനയുണ്ടാക്കുന്നതും സങ്കീർണവുമായ ജോലിയാണ് അന്യരാജ്യത്ത് തടവിലാക്കപ്പെടുകയോ ബന്ദികളാക്കപ്പെടുകയോ ചെയ്യുന്ന നാട്ടുകാരുടെ മോചനമെന്നത്. അടുത്തകാലത്ത് തന്നെ യമന് പുറമെ, ലിബിയ, ഇറാഖ്, അഫ്ഗാനിസ്താൻ തുടങ്ങിയ പ്രശ്നകലുഷിതമായ പ്രദേശങ്ങളിൽ ഇന്ത്യക്കാർ ബന്ദികളാക്കപ്പെട്ട സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. വിദൂരമായ നാടുകളിൽ അങ്ങേയറ്റം സങ്കീർണമായ സാഹചര്യങ്ങളിൽ ബന്ദികളാക്കപ്പെടുന്നവരെ രക്ഷപ്പെടുത്തുകയെന്നത് ഏറെ ശ്രമകരമായ ജോലിയാണ്. വിദേശകാര്യ മന്ത്രാലയം ഈ വിഷയത്തിൽ അടുത്തകാലത്തായി അഭിനന്ദനീയമായ ഇടപെടുലുകൾ നടത്തിയിട്ടുണ്ട് എന്നതും യാഥാർഥ്യമാണ്. അതേസമയം, ഫാ. ഉഴുന്നാലിലിെൻറ മോചനം അനന്തമായി നീളുന്നത് വലിയ ആശങ്കയുണ്ടാക്കുകയും ചെയ്തിരുന്നു. ആ വിഷമകരമായ അധ്യായത്തിനും കഴിഞ്ഞ ദിവസം അന്ത്യമായിരിക്കുകയാണ്.
കലാപങ്ങളും ആഭ്യന്തര സംഘർഷങ്ങളും നടക്കുന്ന നാടുകളിലേക്ക് യാത്ര ചെയ്യുന്നതും അവിടങ്ങളിൽ ജോലിചെയ്യുന്നതുമായി ബന്ധപ്പെട്ട് വിദേശകാര്യ മന്ത്രാലയം സമയാസമയങ്ങളിൽ മുന്നറിയിപ്പുകളും നിർദേശങ്ങളും പുറപ്പെടുവിക്കാറുണ്ട്. എന്നാൽ, പലപ്പോഴും അത് വേണ്ടവിധം പാലിക്കപ്പെടാറില്ല. തൊഴിൽ റിക്രൂട്ടിങ് ഏജൻസികളാണ് ഔദ്യോഗിക നിർദേശങ്ങളെ അവഗണിച്ചും മറികടന്നും പ്രശ്ന പ്രദേശങ്ങളിലേക്ക് തൊഴിലാളികളെ എത്തിക്കുന്നത്. മറ്റൊന്ന്, സന്നദ്ധ സംഘടനകളാണ്. അവർ സാഹസികമായ ഉത്തരവാദിത്ത നിർവഹണം എന്ന നിലക്കാണ് ഇത്തരം പ്രദേശങ്ങളിലേക്ക് പോവുന്നത്. പക്ഷേ, എങ്ങനെയാണെങ്കിലും അവർ പ്രശ്നത്തിൽ അകപ്പെടുമ്പോൾ അവരുടെ സംരക്ഷണം ഭരണകൂടത്തിെൻറ ബാധ്യത തന്നെയാണ്. വിദേശ രാജ്യങ്ങളിൽ തൊഴിൽചെയ്യുന്ന ആയിരക്കണക്കിന് ഇന്ത്യക്കാർ പല നാടുകളിലായി ശരിയായതും തെറ്റായതുമായ കാരണത്താൽ ജയിലുകളിൽ കഴിയുന്നുണ്ട്. ഇത്തരം ആളുകളുടെ മോചനവും കേന്ദ്ര സർക്കാർ ഉത്തരവാദിത്തമായി ഏറ്റെടുക്കേണ്ടതാണ്. പക്ഷേ, അവരെക്കുറിച്ച കൃത്യമായ കണക്കുകൾപോലും സർക്കാറിെൻറ കൈവശമില്ലെന്നതാണ് യാഥാർഥ്യം. വിദേശത്ത് പോവുന്നവരുമായി ബന്ധപ്പെട്ട കൂടുതൽ ശാസ്ത്രീയമായ ഡാറ്റാ ബാങ്ക് ഉണ്ടാക്കേണ്ടതിെൻറ ആവശ്യകതയിലേക്കാണ് ഇത് വിരൽചൂണ്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.