മലപ്പുറം ജില്ലയിലെ താനൂർ സ്വദേശിയായ ജൈസലിനെ നാം എന്താണ് വിശേഷിപ്പിക്കേണ്ടത്? പ്രളയക്കയത്തിലകപ്പെട്ട എത്രയോ പേർക്ക് മരണമുഖത്തുനിന്ന് ജീവിതത്തിലേക്കുള്ള ‘ചവിട്ടുപടി’യായി ആ മനുഷ്യൻ. താനൂരിൽനിന്ന് കിലോമീറ്ററുകൾ അകലെ വേങ്ങരയെ പ്രളയജലം വിഴുങ്ങിയെന്നറിഞ്ഞപ്പോൾ ഒാടിയെത്തി കടൽത്തൊഴിലാളിയായ ജൈസലും കൂട്ടുകാരും. ഉയരം കൂടിയ പ്ലാസ്റ്റിക് ബോട്ടുകളിലേക്ക് കയറിപ്പറ്റാൻ പ്രയാസപ്പെടുന്ന സ്ത്രീകളെയും കുട്ടികളെയും കണ്ട ജൈസലിന് ഒരു നിമിഷം പോലും ആലോചിക്കേണ്ടിവന്നില്ല; രണ്ടടിയിലേറെ ഉയരമുള്ള വെള്ളത്തിൽ മുട്ടുകുത്തിക്കിടന്ന് സ്വയമൊരു ‘ചവിട്ടുപടി’യായി മാറി അയാൾ.
ശാസ്ത്രീയമായ കായികാഭ്യാസം ആർജിച്ച സൈനികെൻറ മെയ്വഴക്കത്തോടെ ആ യുവാവ് അവസാനത്തെ ആളെയും സുരക്ഷിത സ്ഥലത്തെത്തിച്ചു. ജൈസലിെൻറ മുതുകിൽ ചവിട്ടി ആളുകൾ ബോട്ടിൽ കയറുന്നതിെൻറ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുേമ്പാഴേക്കും ജീവെൻറ നിലവിളി കേട്ട മറ്റിടങ്ങളിലേക്ക് അയാൾ തോണിതുഴഞ്ഞെത്തിയിരുന്നു. മഴക്കെടുതിയിലും വെള്ളപ്പൊക്കത്തിലും കുടുങ്ങിപ്പോയ പതിനായിരങ്ങളെ ജീവിതത്തിലേക്ക് കൈപിടിച്ച നൂറുകണക്കിന് കടൽത്തൊഴിലാളികളിലൊരാളാണ് ജൈസൽ. ഉൗരും പേരുമറിയാത്ത അങ്ങനെ എത്രയോ പേരെ ഇക്കഴിഞ്ഞ നാളുകളിൽ നാം കണ്ടു. തിരിച്ചറിയപ്പെടുേമ്പാഴേക്കും ദുരന്തമുഖത്തെ ആ മാലാഖമാർ കൺമുന്നിൽനിന്ന് ഒാടിമറയുകയും ചെയ്തു.
കേരളത്തെ പ്രളയത്തിൽനിന്ന് രക്ഷിക്കാൻ കേന്ദ്രസേനയെത്തുന്നതു സംബന്ധിച്ച വിവാദങ്ങൾ നടക്കുേമ്പാഴാണ്, ആരും ക്ഷണിക്കാതെ സ്വന്തം ബോട്ടുകളുമായി ഇൗ കടൽത്തൊഴിലാളികൾ കരകവിഞ്ഞ പമ്പയുടെയും പെരിയാറിെൻറയും ഒാളങ്ങളെ ഭേദിച്ചെത്തി മരണമുനമ്പിലെ ജീവെൻറ രക്ഷകരായി മാറിയത്. പലരും വിശേഷിപ്പിച്ചതുപോലെ കേരളത്തിെൻറ സ്വന്തം സൈന്യമായി മാറുകയായിരുന്നു അവർ. കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ, ഒമ്പതു ലക്ഷത്തിനടുത്ത് ആളുകളെ സുരക്ഷിത സ്ഥലങ്ങളിലെത്തിച്ചെന്നാണ് ഒൗദ്യോഗിക വിവരം. ഇതിൽ നല്ലൊരു ഭാഗവും കടൽത്തൊഴിലാളികളുടെ ശ്രമഫലമായി സാധ്യമായതാണ്. ആർത്തലക്കുന്ന കടലോളങ്ങൾക്കുമേൽ പ്രതിരോധം തീർത്ത് ജീവിതം മുന്നോട്ടുേപാകുന്ന ഇക്കൂട്ടരുടെ ഇച്ഛാശക്തിയും ആത്മാർഥതയും ഇല്ലായിരുന്നെങ്കിൽ ഇൗ ദുരന്തത്തെ ഇവ്വിധം നമുക്ക് നിയന്ത്രിച്ചു നിർത്താനാകുമായിരുന്നില്ല. രക്ഷാപ്രവർത്തനത്തിലെ അവരുടെ സാന്നിധ്യം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ എടുത്തുപറഞ്ഞത് അതുകൊണ്ടുകൂടിയായിരിക്കാം.
സ്തുത്യർഹമായ ഇൗ സേവനത്തിന് സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. കടൽത്തൊഴിലാളികൾ മാത്രമല്ല, ഒൗദ്യോഗിക സേവകർക്കു പുറമെ കേരളം ഒന്നടങ്കം രക്ഷാപ്രവർത്തനത്തിെൻറ ഭാഗമായി എന്നതും ശ്രദ്ധേയമാണ്. സന്നദ്ധ സംഘടനകളും ക്ലബുകളും വിദ്യാർഥികളും ആരോഗ്യ പ്രവർത്തകരും സോഷ്യൽ മീഡിയ ഗ്രൂപ്പുകളുമെല്ലാം അണിനിരന്നതോടെ, വൻവിപത്തിലേക്ക് വഴിമാറുമായിരുന്ന ഒരു ദുരന്തത്തെ ഏറ്റവും ചുരുങ്ങിയ നിമിഷത്തിൽ പിടിച്ചുകെട്ടാനായി. മുെമ്പങ്ങുമില്ലാത്ത വിധം സൈബർ സ്പേസ് പുലർത്തിയ ജാഗ്രത പ്രത്യേകം എടുത്തുപറയേണ്ടതാണ്. ഒറ്റപ്പെട്ടുകിടക്കുന്നവരെ കണ്ടെത്താനും ഭക്ഷണസാധനങ്ങളടക്കമുള്ള ദുരിതാശ്വാസ വസ്തുക്കൾ ആവശ്യമുള്ളിടത്തേക്ക് എളുപ്പത്തിൽ എത്തിക്കുന്നതിനും സഹായകമായത് സോഷ്യൽ മീഡിയ ഇടപെടലുകളിലൂടെയാണ്. അങ്ങനെ കടൽത്തൊഴിലാളികളുടെ പാരമ്പര്യ നാട്ടറിവുകളും ജി.പി.എസ് പോലുള്ള സാേങ്കതിക വിദ്യയിലൂടെ സ്വായത്തമായ അറിവുകളും സമ്മേളിച്ചപ്പോഴാണ് വേഗത്തിലുള്ള രക്ഷാപ്രവർത്തനം സാധ്യമായത്.
അധികാരികളും രാപ്പകലില്ലാതെ നാടിനൊപ്പം നിന്നു. ദുരന്തനിവാരണ അതോറിറ്റിയുടെ ചെയർമാൻ കൂടിയായ മുഖ്യമന്ത്രി തന്നെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ദുരന്തമുഖത്തുള്ളവർക്ക് ധൈര്യവും ആത്മവിശ്വാസവും പകരുകയെന്ന പ്രാഥമിക കർത്തവ്യം സർക്കാർ വിജയകരമായി നിറവേറ്റി. പ്രളയത്തിലകപ്പെട്ടവർക്ക് എത്രയും വേഗത്തിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കാൻ സാധിച്ചതാണ് യഥാർഥത്തിൽ മരണനിരക്ക് കുറക്കാൻ കാരണമായത്. 5600ലധികം ക്യാമ്പുകളാണിേപ്പാൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്. ഏഴര ലക്ഷത്തോളം പേർ ഇൗ ക്യാമ്പുകളിൽ കഴിയുന്നുവെന്നാണ് പ്രളയം കെട്ടടങ്ങിത്തുടങ്ങുേമ്പാഴുള്ള അവസ്ഥ.
മുഖ്യമന്ത്രിതന്നെ വ്യക്തമാക്കിയതുപോലെ, ഇനി ദുരിതാശ്വാസത്തിെൻറ നാളുകളാണ്. ക്യാമ്പുകളിലും വീട്ടിലേക്ക് മടങ്ങിപ്പോയവർക്കും വെള്ളവും വൈദ്യുതിയും ഭക്ഷണവും ഉറപ്പുവരുത്തുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തിരിക്കുന്നു. ആരോഗ്യ, തദ്ദേശ വകുപ്പുകളുടെ മേൽനോട്ടത്തിൽ ശുചീകരണത്തിനും മറ്റുമായി പ്രത്യേക പദ്ധതിക്കും രൂപംകൊടുത്തിട്ടുണ്ട്. എത്രയും വേഗത്തിലുള്ള പുനർനിർമാണം ഇതിലുടെ സാധ്യമാകുമെന്നു തന്നെയാണ് പ്രതീക്ഷിക്കേണ്ടത്. പുനർനിർമാണത്തിെൻറ അടുത്ത ഘട്ടത്തിലും ജൈസലിനെ പോലുള്ള പതിനായിരക്കണക്കിന് മാലാഖമാർ അവിടെ ഒാടിയെത്തുമെന്നുറപ്പാണ്. കാരണം, മലയാളിയുടെ മാനവികതയുടെ അതിരില്ലാത്ത കാഴ്ചകൾ ലോകത്തിനു മുന്നിൽ അത്രമേൽ തുറന്നുവെച്ചിട്ടുണ്ട് ഇൗ ദുരന്ത ദിനങ്ങൾ. ‘നാം ഒറ്റക്കെട്ടാണ്, അതിജീവിക്കുകതന്നെ ചെയ്യും’ എന്നായിരുന്നുവല്ലോ നമ്മുടെ പ്രതിജ്ഞവാചകം. ഇൗ കെട്ടകാലത്തും ഇങ്ങനെയൊരു െഎക്യബോധം സാധ്യമായെങ്കിൽ, പ്രതീക്ഷയുടെ വെട്ടങ്ങൾ ഇനിയും അണഞ്ഞിട്ടില്ല എന്നുതന്നെയാണ് കരുതേണ്ടത്. വ്യാജപ്രചാരകരും പൂഴ്ത്തിവെപ്പുകാരുമൊക്കെ ചിലയിടങ്ങളിലെല്ലാം തലപൊക്കിയെങ്കിലും അതിനെയെല്ലാം നിഷ്പ്രഭമാക്കാൻ ഇൗ െഎക്യത്തിലൂടെ കേരളത്തിന് സാധിച്ചിട്ടുണ്ട്.
ഇനിയുള്ളത് ജാഗ്രതയുടെകൂടി കാലമാണ്. പകർച്ചവ്യാധിപോലുള്ള മറ്റു ദുരന്തങ്ങളിലേക്ക് ജനങ്ങൾ എടുത്തെറിയപ്പെടുക എന്നത് ലോകത്തെല്ലായിടത്തുമുള്ള പ്രളയാനന്തര അനുഭവമാണ്. ഇവിടെയും അതിനുള്ള സാധ്യത തള്ളിക്കളയാനാകില്ല. അതുകൊണ്ടുതന്നെ, ആരോഗ്യ മേഖലയിലുള്ളവർ ഇറങ്ങിപ്രവർത്തിക്കേണ്ട സമയമാണ് വരുംദിവസങ്ങളിൽ. ദുരിതാശ്വാസത്തിനുള്ള സർക്കാർ കർമപരിപാടികളിൽ ആരോഗ്യത്തിന് പ്രത്യേകം പദ്ധതി തയാറാക്കിയിട്ടുണ്ടെങ്കിലും ദുരന്തഘട്ടത്തിൽ സംഭവിച്ചതുപോലുള്ള ജനകീയ ഇടപെടലുകൾ ഇവിടെയും ആവശ്യമാണ്. ക്യാമ്പുകളിൽ ഡോക്ടർമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും സാന്നിധ്യം ഉറപ്പുവരുത്തുക, ആവശ്യമായ മരുന്നുകൾ എത്തിക്കുക, താളംതെറ്റിയ ആരോഗ്യ പ്രതിരോധ യജ്ഞങ്ങൾ പുനഃസ്ഥാപിക്കുക തുടങ്ങി ഒേട്ടറെ കാര്യങ്ങൾ അടിയന്തരമായി ചെയ്താൽ ഇൗ പ്രതിസന്ധിയെക്കൂടി നമുക്ക് മറികടക്കാവുന്നതേയുള്ളൂ. അതുവഴി, ഒരു ജനത ഇവിടെ അതിജയിച്ചിരിക്കുന്നുവെന്ന് നമുക്ക് ലോകത്തോട് സാഭിമാനത്തോടെ വിളിച്ചുപറയാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.