ഏഴരപ്പതിറ്റാണ്ടുമുമ്പ് ഗാന്ധിജിക്കുനേരെ നാഥുറാം ഗോദ്സെ ഉതിർത്ത ആ മൂന്നു വെടിയുണ്ടകൾ ഇന്ന് അനേകമായി പെരുകി രാഷ്ട്രഗാത്രത്തിനുനേരെ ഓങ്ങിനിൽക്കുന്നു. ആ തിരകൾ അന്നും ഇന്നും സംസ്കാരമുള്ള സമൂഹത്തിനു മുന്നിൽ ഒരു തിരഞ്ഞെടുപ്പ് സമർപ്പിക്കുന്നുണ്ട്. ശാന്തിയുടെയും നന്മയുടെയും പുരോഗതിയുടെയും വഴിയോ അതോ ഹിംസയുടെയും വെറുപ്പിന്റെയും നാശത്തിന്റെയും വഴിയോ? ഗാന്ധിജിയുടെ ആദർശം ലളിതമായിരുന്നു. രാജ്യമെന്നാൽ അതിലെ എല്ലാ മനുഷ്യരുമാണ്; എല്ലാവരുടേതുമാണ് രാജ്യം. ബഹുസ്വരത കരുത്താണ്. ഏക സംസ്കാരം അടിച്ചേൽപിക്കുന്ന ഭിന്നിപ്പല്ല, വൈവിധ്യങ്ങളെ ഉൾക്കൊള്ളുന്നതിലൂടെ കൈവരുന്ന ഒരുമയാണ് രാജ്യപുരോഗതിയുടെ അടിസ്ഥാനം. വംശീയതയുടെയും വർണവെറിയുടെയും അപകടങ്ങളെപ്പറ്റി അദ്ദേഹവും ജാതീയതയെന്ന ജീർണതയെപ്പറ്റി അംബേദ്കറും നൽകിയ മുന്നറിയിപ്പുകൾ രാജ്യം മനസ്സിലാക്കി. വിശ്വമാനവികതയിലൂന്നിയ ധാർമികത സ്വതന്ത്ര ഇന്ത്യയുടെ കൊടിയടയാളമായി. ദേശീയതയെന്നാൽ അതിരുതിരിച്ച ഭൂമിയല്ലെന്നും സാംസ്കാരിക വൈജാത്യങ്ങളുടെ പാരസ്പര്യമാണെന്നും ഇന്ത്യ തിരിച്ചറിഞ്ഞു. വിഭജനമെന്ന മഹാദുരന്തത്തിന്റെ മുറിപ്പാടുകൾ മറികടന്ന് രാജ്യം ശാസ്ത്ര, വിദ്യാഭ്യാസ, സാമൂഹിക മേഖലകളിൽ കുതിച്ചുചാട്ടം തുടങ്ങി. വലിയ സാമ്പത്തിക ശക്തിയായി വളർന്നുതുടങ്ങി. രാജ്യാന്തരവേദികളിൽ ഗാന്ധിയുടെ ഇന്ത്യ വിശ്വശാന്തിയുടെ ദൂതനായി വിലയിരുത്തപ്പെട്ടു. ഗാന്ധിജി ചിന്തിയ രക്തം രാഷ്ട്രത്തിന്റെ ഐക്യത്തിനും നിശ്ചയദാർഢ്യത്തിനും കരുത്തേകി.
എന്നാൽ, ആ മൂന്നു വെടിയുണ്ടകൾക്കു പിന്നിലെ കൈകളും അവയെ ചലിപ്പിച്ച തത്ത്വശാസ്ത്രവും മനസ്സുകളിൽ വെറുപ്പിന്റെ വിത്തുകൾ പാകിക്കൊണ്ടിരുന്നു. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കാതെ ബ്രിട്ടീഷ് ഭരണത്തിന് പിന്തുണ നൽകിയവർ സ്വതന്ത്ര ഭാരതത്തെ സ്വന്തമാക്കാൻ ശ്രമം തുടങ്ങി. ജനക്ഷേമമായിരുന്നു ഗാന്ധിയുടെ ലക്ഷ്യമെങ്കിൽ, അദ്ദേഹത്തെ കൊന്നവർ ലക്ഷ്യമാക്കിയത് അധികാരമാണ്. കോൺഗ്രസ് ഭരണത്തിലും കോൺഗ്രസിതര ഭരണത്തിലും ഭിന്നിപ്പിന്റെ ശക്തികൾ പ്രവർത്തനനിരതരായി. മതമൈത്രിക്കുവേണ്ടി സത്യഗ്രഹം നടത്തിയ ഗാന്ധിയുടെ നാട്ടിൽ പിന്നെ ആരാധനാ സ്വാതന്ത്ര്യത്തിന് ഭീഷണികളുയർന്നു; സ്നേഹദൂതുമായി തെരുവുകൾ താണ്ടിയ മനുഷ്യന്റെ നാട്ടിൽ പിന്നീട് വെറുപ്പിന്റെ രഥമുരുണ്ടു. അഹിംസയുടെ ആചാര്യനെ രാജ്യം അവഗണിച്ചതോടെ ആൾക്കൂട്ടങ്ങൾ കൊലവിളി നടത്തി; അധികാരികൾ മൗനസമ്മതം നൽകി. പരസ്പരവിശ്വാസം ഊട്ടിയുറപ്പിക്കാൻ ജീവിതം ഹോമിച്ച മഹാത്മാവിന്റെ നാട് അപരവത്കരണത്തിന്റെ പോർക്കളമായി. അതിനുവേണ്ടി ഗാന്ധി ഘാതകർക്ക് മാന്യത ചാർത്തിത്തുടങ്ങി. സ്വാതന്ത്ര്യത്തിനായുള്ള ദേശീയ പ്രസ്ഥാനത്തിൽ സ്ഥാനമില്ലാത്തവർ, ഗാന്ധിയെ മാറ്റാനും ഗാന്ധി ഘാതകരെ പകരം പ്രതിഷ്ഠിക്കാനും തുടങ്ങി. ഗാന്ധി സ്മൃതിയിൽ ഗോദ്സെയുടെ പേര് പറയുന്നത് വിലക്കി. ജനപ്രതിനിധി സഭകളിലെത്തിയ കുറ്റവാളികൾ ഗോദ്സെക്ക് രാജ്യസ്നേഹിപ്പട്ടം നൽകി. രാജസ്ഥാനിൽ ബി.ജെ.പി സർക്കാർ പാലത്തിന് ഗോദ്സെയുടെ പേരിട്ടു. മഹാരാഷ്ട്രയിൽ കോൺഗ്രസ് സർക്കാർ പ്രമുഖ റോഡിന് സവർക്കറുടെ പേരിട്ടു. ഗുജറാത്തിൽ ഗാന്ധിജി സ്ഥാപിച്ച സർവകലാശാലക്കടുത്ത് സവർക്കറുടെ പ്രതിമ വെച്ചു. പാർലമെന്റിലടക്കം ഗാന്ധി ഘാതകർക്ക് മാന്യത ചാർത്തപ്പെടുന്നു. ഗാന്ധിജിയെയും ഗോദ്സെയെയും തുല്യപദവിയോടെ കാണുന്ന ‘ഗാന്ധി, ഗോദ്സെ- ഏക് യുദ്ധ്’ എന്ന ചിത്രം കഴിഞ്ഞ ദിവസം ഇറങ്ങി. മഹാരാഷ്ട്രയിൽ ഉപമുഖ്യമന്ത്രിയുടെ ഭാര്യ പറഞ്ഞുവെച്ചു: ‘ഇന്ത്യക്ക് രണ്ടു രാഷ്ട്രപിതാക്കളുണ്ട്; ഒന്ന് ഗാന്ധി, മറ്റേത് മോദി’. ഗാന്ധിജിയെ അരികുകളിലേക്ക് തള്ളുന്ന മുറക്ക് സാധാരണക്കാരും ദരിദ്രരും ദലിതുകളും ന്യൂനപക്ഷങ്ങളുമെല്ലാം അവഗണിക്കപ്പെട്ടു. ഒരൊറ്റ മുസ്ലിം എം.പിയും ഇല്ലെന്നത് ബഹുമതിയായി കാണുന്ന ബി.ജെ.പി ഗാന്ധിജി ഉയർത്തിപ്പിടിച്ച ഉൾക്കൊള്ളലിന്റെ രാഷ്ട്രീയത്തിന്റെ എതിർപക്ഷമാണ്. ഗാന്ധിക്കുനേരെ 75 വർഷം മുമ്പ് ഉതിർന്ന ഉണ്ടകളുടെ ഏതു ഭാഗത്താണ് തങ്ങളെന്ന് എല്ലാവർക്കും വിലയിരുത്താൻ സമയമായിരിക്കുന്നു.
ഗോദ്സെ ഉന്നമിട്ടത് ഗാന്ധി എന്ന മനുഷ്യനെയല്ല, അദ്ദേഹത്തിന്റെ ആദർശത്തെയാണ്. ഇന്ന് ഗാന്ധിയെ ഉയർത്തിക്കാട്ടുമ്പോഴും അദ്ദേഹത്തിന്റെ ആദർശങ്ങളെ തമസ്കരിക്കാൻ ശ്രമം നടക്കുന്നു. പ്രധാനമന്ത്രി മോദി 2019ൽ, ഗാന്ധിജിയുടെ 150ാം ജന്മവാർഷികത്തിൽ ഒരു ലേഖനം ന്യൂയോർക് ടൈംസിൽ എഴുതിയിരുന്നു. മതസൗഹാർദത്തിനുവേണ്ടി ജീവൻ വെടിഞ്ഞ മഹാത്മാവിന്റെ ആ സ്വഭാവവിശേഷത്തെപ്പറ്റി അതിൽ ഒന്നും പറയാതെ വിട്ടത് ശ്രദ്ധിക്കപ്പെട്ടു. ഇന്ന്, ആ രക്തസാക്ഷിത്വത്തെ രാജ്യം ഓർക്കുമ്പോൾ നാം മനസ്സിലാക്കേണ്ടത് മനുഷ്യരിൽ നന്മ വറ്റിയിട്ടില്ല എന്നാണ്. വെറുപ്പ് വമിക്കുന്ന ശക്തികൾ ജനങ്ങളുടെ അജ്ഞത മുതലെടുക്കുന്നു എന്നത് ശരിയാണ്. അറിവില്ലാത്ത കുറെപേർ വിദ്വേഷ രാഷ്ട്രീയത്തിൽ പെട്ടുപോകുന്നുണ്ട്. എങ്കിലും ഗാന്ധി കാണിച്ചുതന്ന ഒരുമയുടെ രാഷ്ട്രീയത്തിന് ഇനിയും വിജയിക്കാനാകും. അതിന്, രണ്ട് വിരുദ്ധ രാഷ്ട്രീയങ്ങളെ വേറിട്ടു മനസ്സിലാക്കണമെന്നു മാത്രം. ഗാന്ധിത്തൊപ്പിയിട്ടതുകൊണ്ടോ ഗാന്ധിയെ പേരിനുമാത്രം ഓർക്കുന്നതുകൊണ്ടോ അദ്ദേഹത്തിന്റെ പക്ഷക്കാരാകില്ല. സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം, ഒരുമ, ലാളിത്യം തുടങ്ങിയ അദ്ദേഹത്തിന്റെ ആദർശങ്ങൾക്കുവേണ്ടി പ്രവർത്തിക്കേണ്ടതുണ്ട്. വെറുപ്പിന്റെ രാഷ്ട്രീയത്തെ തിരിച്ചറിഞ്ഞ്, ഉറക്കെ അതിനെതിരെ സംസാരിക്കുന്നവരാകണം. വിദ്വേഷത്തിന്റെ വെടിയുണ്ടകൾ ചീറിപ്പായുമ്പോൾ മൗനം പാലിക്കുന്ന ‘ശുദ്ധന്മാർ’, അറിയാതെ ഗോദ്സെയെയാണ് സഹായിക്കുന്നത്. ഓർക്കുക, സ്വാതന്ത്ര്യ സമരത്തോടു മുഖംതിരിച്ച സവർക്കറെയും ഗോദ്സെയെയുമല്ല ഹിന്ദുക്കളിലെ തന്നെ ഭൂരിപക്ഷം പിന്തുടർന്നത്- സകലരെയും ഉൾക്കൊള്ളുന്ന സ്വാതന്ത്ര്യത്തിനായി പൊരുതിയ ഗാന്ധിജി എന്ന ഹിന്ദുവിനെയാണ്. ഹിന്ദുക്കൾ അന്ന് ഹിന്ദുത്വത്തെ വരിച്ചിരുന്നെങ്കിൽ ഇന്ത്യ സ്വാതന്ത്ര്യം നേടില്ലായിരുന്നു. നമുക്ക് നഷ്ടപ്പെടുന്ന സ്വാതന്ത്ര്യവും സ്വാസ്ഥ്യവും വീണ്ടെടുക്കാനും ഗാന്ധിജിയുടെ മാർഗമാണ് യുക്തം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.