ഒരു കാലഘട്ടത്തിൽ അധ്വാനിക്കുന്നവരുടെ പടനായകനായും സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിെൻറ അനിഷേധ്യ നേതാവായും 1975 ജൂണിൽ ഇന്ദിര ഗാന്ധി രാജ്യത്തിെൻറമേൽ അടിച്ചേൽപിച്ച അടിയന്തരാവസ്ഥയെ നെട്ടല്ലോടെ െവല്ലുവിളിച്ച അതികായനായും ജനമനസ്സുകളിൽ സ്ഥാനം നേടിയ ധീരയോദ്ധാവാണ് കഴിഞ്ഞ ദിവസം ലോകത്തോട് വിടചൊല്ലിയ ജോർജ് ഫെർണാണ്ടസ്. ദശാബ്ദക്കാലത്തോളം പൊതുജീവിതത്തിൽനിന്നകന്ന്, പുതുതലമുറക്ക് തികച്ചും അന്യനായി, സ്മൃതിനാശ രോഗത്തിനടിപ്പെട്ടുപോയതിനുശേഷമാണ് ഫെർണാണ്ടസിെൻറ തിരോധാനം. ഇന്ത്യയിലെ ഇടതുപക്ഷ രാഷ്ട്രീയത്തിെൻറ നെടുനായകരിൽ ഒരാളായി അംഗീകാരം നേടിയെടുത്തശേഷം രാഷ്ട്രീയ കരണംമറിച്ചിലിൽ തീവ്ര വലതുപക്ഷ കൂട്ടുകെട്ടിെൻറ രാജശിൽപിയായി പരിണമിക്കുകയും ഒടുവിൽ ആരാലും ഒാർമിക്കപ്പെടാതെ വിസ്മൃതിയിലാണ്ടുപോവുകയും ചെയ്ത വിചിത്ര വ്യക്തിത്വം എന്നാണ് അദ്ദേഹത്തെ കുറിച്ച് ഭാവി ചരിത്രകാരന്മാർ രേഖപ്പെടുത്തേണ്ടിവരുക.
ജീവിതാരംഭത്തിൽത്തന്നെ സാമ്പ്രദായികക്രമങ്ങളോട് കലഹിച്ചുകൊണ്ടാണ് യാഥാസ്ഥിതിക കത്തോലിക്ക കുടുംബത്തിൽ പിറന്ന ഇൗ മംഗളൂരുകാരെൻറ രംഗപ്രവേശം. മതപൗരോഹിത്യ പരിശീലനത്തിന് കുടുംബം നിയോഗിച്ച സെമിനാരിയോട് 18ാം വയസ്സിൽ വിടപറഞ്ഞ് മുംബൈയിലേക്ക് വണ്ടികയറിയ െഫർണാണ്ടസ് തെരുവുകളിൽ കൂലിപ്പണിയെടുത്ത് കഴിയവെ സോഷ്യലിസ്റ്റ് നേതാവ് രാം മനോഹർ ലോഹ്യയുടെ വിപ്ലവചിന്തകളിൽ ആകൃഷ്ടനായി ഒരേസമയം തൊഴിലാളി യൂനിയൻ സംഘാടകനും സോഷ്യലിസ്റ്റ് പോരാളിയുമായി വളരുകയും ഉയരുകയും ചെയ്യുകയായിരുന്നു. വ്യവസായ തൊഴിലാളികളുടെ അവകാശങ്ങൾക്കുവേണ്ടിയുള്ള നിരന്തര സമരങ്ങളിലൂടെ അധ്വാനിക്കുന്നവരുടെ ആവേശമായി മാറിയ അദ്ദേഹം 1967ലെ പൊതു തെരഞ്ഞെടുപ്പിൽ അന്നത്തെ തലമുതിർന്ന കോൺഗ്രസ് നേതാക്കളിൽ ഒരാളായ എസ്.കെ. പാട്ടീലിനെ മലർത്തിയടിച്ചതോടെ രാജ്യത്തിെൻറ പൊതുശ്രദ്ധയാകർഷിച്ചു. തീരെ ദുരിതപൂർണമായ സാഹചര്യങ്ങളിൽ പണിയെടുക്കേണ്ടിവന്ന റെയിൽവേ ജീവനക്കാരുടെ ആവശ്യങ്ങൾക്കും അവകാശങ്ങൾക്കും വേണ്ടി ആൾ ഇന്ത്യ റെയിൽവേമെൻസ് ഫെഡറേഷെൻറ പ്രസിഡൻറ് എന്ന നിലയിൽ അദ്ദേഹം നയിച്ച ദേശവ്യാപകമായ സമരം 20 ദിവസത്തോളം രാജ്യത്തെ തീവണ്ടി ഗതാഗതംതന്നെ സ്തംഭിപ്പിച്ചപ്പോൾ അത് ഇന്ത്യയിലെ തൊഴിൽസമരങ്ങളുടെ ചരിത്രത്തിൽ ഒരു നാഴികക്കല്ലായി മാറി.
എന്നാൽ, അതിലുപരി ഫെർണാണ്ടസിനെ ആധുനിക ഇന്ത്യയുടെ ചരിത്രം അടയാളപ്പെടുത്തുന്നത് 1976ൽ ഇന്ദിര ഗാന്ധി സർക്കാർ നടപ്പാക്കിയ അടിയന്തരാവസ്ഥയെ പരസ്യമായി വെല്ലുവിളിച്ചതിന് അദ്ദേഹത്തെ ജയിലിലടക്കുകയും 1977ൽ പ്രഖ്യാപിക്കപ്പെട്ട പൊതുതെരഞ്ഞെടുപ്പിൽ ജയിലിലിരുന്നുതന്നെ ലോക്സഭയിലേക്ക് മത്സരിച്ച് ബിഹാറിലെ മുസഫർപുർ മണ്ഡലത്തിൽനിന്ന് മൂന്നു ലക്ഷത്തിൽപരം േവാട്ടുകൾക്ക് വിജയിക്കുകയും ചെയ്ത സംഭവത്തിെൻറ പേരിലാണ്. തുടർന്ന് അധികാരമേറ്റ മൊറാർജി ദേശായി സർക്കാറിൽ വ്യവസായ മന്ത്രിയായി അവരോധിതനായ ജോർജ് ഫെർണാണ്ടസ് ബഹുരാഷ്ട്ര കുത്തകയായ കൊക്കകോളയെ നാടുകടത്തിയ നടപടിയിലൂടെ കൈയടി നേടിയെടുത്തു. 1989^1990 കാലഘട്ടത്തിൽ വി.പി. സിങ്ങിെൻറ കീഴിൽ റെയിൽവേ മന്ത്രിയാവാനും അദ്ദേഹത്തിന് അവസരമുണ്ടായി.
എന്നാൽ, അന്നേവരെയുണ്ടായിരുന്ന തെൻറ പ്രതിച്ഛായക്ക് മങ്ങലേൽപിച്ചുകൊണ്ട് ജോർജ് ഫെർണാണ്ടസ് ഇടതുപക്ഷ, മതേതര രാഷ്ട്രീയം കൈയൊഴിയുന്നതും പ്രഥമ സംഘ്പരിവാർ സർക്കാറിെൻറ രൂപവത്കരണത്തിന് വഴിയൊരുക്കുന്നതുമാണ് രാജ്യം കാേണണ്ടിവന്നത്. 1999ൽ അേദ്ദഹമാണ് 24 രാഷ്ട്രീയ പാർട്ടികളുടെ സഖ്യമായ എൻ.ഡി.എക്ക് രൂപംനൽകുന്നതും ബി.ജെ.പി നേതാവ് അടൽ ബിഹാരി വാജ്പേയിക്ക് രാജ്യത്തെ നയിക്കാൻ അവസരമൊരുക്കുന്നതും. വാജ്പേയി മന്ത്രിസഭയിൽ പ്രതിരോധ വകുപ്പിെൻറ ചുമതലവഹിക്കേ കാർഗിൽ യുദ്ധത്തിൽ രക്തസാക്ഷികളായ ജവാന്മാരുടെ ശവപ്പെട്ടി കുംഭകോണ അപവാദത്തിന് ശരവ്യനായി; തെഹൽക ഒാപറേഷനിലും അദ്ദേഹം വിവാദവിധേയനായി. 2004ലെ തെരഞ്ഞെടുപ്പിൽ സ്വന്തം സമത പാർട്ടി സീറ്റുകൊടുക്കാത്തതിനാൽ സ്വതന്ത്രനായി ജനവിധി തേടേണ്ടിവന്ന മുസഫർപുരിൽ തോൽവി ഏറ്റുവാങ്ങിയതോടെ അദ്ദേഹം രാഷ്ട്രീയത്തിൽത്തന്നെ നിർവീര്യനും നിഷ്പ്രഭനുമായി. രോഗശയ്യയിലായപ്പോൾ ഭാര്യ ലൈല ഉപേക്ഷിച്ചുപോയതും ജയ ജെയ്റ്റ്ലി പകരക്കാരിയായി വന്നതും അവർ തമ്മിലെ പോരാട്ടവുമൊക്കെ പിൽക്കാല സംഭവങ്ങൾ.
പാഠഭേദത്തോടെ ഇന്ത്യയിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിെൻറതന്നെ ഗതിയും ദുർഗതിയുമാണ് ഇവിടെ വായിച്ചെടുക്കേണ്ടത്. ഇന്ത്യൻ നാഷനൽ കോൺഗ്രസിൽനിന്നു മതേതരത്വത്തിെൻറയും സോഷ്യലിസത്തിെൻറയും പുരോഗമന ചിന്തയുടെയും പേരിൽ ഉരുവപ്പെട്ട സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന് വളരാനും ശക്തിപ്പെടാനും ജീവസ്സുറ്റ പ്രതിപക്ഷവും പിന്നീട് ഭരണപക്ഷവുമായി പരിണമിക്കാനും മികച്ച അവസരങ്ങളുണ്ടായിരുന്നു. ജവഹർലാൽ നെഹ്റുവിെൻറപോലും മാനസികമായ പിന്തുണ ഒരു ഘട്ടത്തിൽ സോഷ്യലിസ്റ്റ് ബ്ലോക്കിന് ലഭിക്കുകയും ചെയ്തിരുന്നു.
ജയപ്രകാശ് നാരായൺ, ആചാര്യ നരേന്ദ്രദേവ്, ആചാര്യ കൃപലാനി, അശോക് മേത്ത, രാം മനോഹർ ലോഹ്യ, രാജ്നാരായൺ, എച്ച്.വി. കമ്മത്ത്, ജോർജ് ഫെർണാണ്ടസ്, കർപുരി ഠാകുർ തുടങ്ങി നിതീഷ് കുമാർ വരെയുള്ള ഘടാഘടിയൻ നേതാക്കൾ നയിച്ച സോഷ്യലിസ്റ്റ് പ്രസ്ഥാനം ശിഥിലവും ക്ഷയോന്മുഖവും ഒടുവിൽ വിസ്മൃതവുമായത് തൻപോരിമയും തമ്മിൽത്തല്ലും അധികാരമോഹവും നിമിത്തമാണ്. വാർധക്യസഹജമായ രോഗം വേട്ടയാടുന്ന കോൺഗ്രസിന് ബദലായി ഉയരാൻ സോഷ്യലിസ്റ്റ് പ്രസ്ഥാനം രംഗത്തില്ലാതെ പോയതാണ് തദ്സ്ഥാനത്ത് തീവ്രഹിന്ദുത്വ പാർട്ടി അവരോധിതമാവാൻ വഴിയൊരുക്കിയതെന്ന് തിരിഞ്ഞുനോക്കുേമ്പാൾ ബോധ്യമാവും. ഇന്ത്യൻ ജനാധിപത്യത്തിെൻറ ഏറ്റവും കൊടിയ ശാപവും മതേതര രാഷ്ട്രീയത്തിെൻറ ഇൗ തകർച്ചതന്നെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.