കുഞ്ഞുങ്ങൾക്കും സ്ത്രീകൾക്കുംനേരെ നടക്കുന്ന അതിക്രമങ്ങളുടെ വാർത്തകൾ അവസാനിക്കുന്നില്ല. ആലുവയിൽ അഞ്ചുവയസ്സുകാരിയെ അതിഹീനമാംവിധം പീഡിപ്പിച്ച് കൊലപ്പെടുത്തിയത് ഇക്കൂട്ടത്തിൽ നാം അറിഞ്ഞ വാർത്തകളിൽ അവസാനത്തേത്. ഇനി അത്തരം സംഭവങ്ങളുണ്ടാവരുതേ എന്ന് ആശിക്കാം എന്നല്ലാതെ ഉറപ്പിക്കാനാവാത്ത അവസ്ഥ.
വീടകമെന്നോ വിദ്യാലയമെന്നോ പൊതുസ്ഥലങ്ങളിലെന്നോ പൊതുവാഹനങ്ങളിലെന്നോ വ്യത്യാസമില്ലാതെ അത്രയധികം സ്ത്രീവിരുദ്ധ അതിക്രമങ്ങളാണ് നമ്മുടെ രാജ്യത്ത് നടമാടുന്നത്. നാട് നടുങ്ങിയെന്നും പൊതുമനഃസാക്ഷി തേങ്ങിയെന്നുമെല്ലാം ആലങ്കാരികമായി പറയാറുണ്ടെങ്കിലും സത്യസന്ധമായിപ്പറഞ്ഞാൽ ഇത്തരം അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിന് കാര്യക്ഷമമായ എന്തെങ്കിലും പ്രവർത്തനങ്ങൾ രാജ്യത്ത് നടക്കുന്നുണ്ടോ? ഭരണകൂടമാവട്ടെ, നീതിപീഠമാവട്ടെ, നിയമപാലകരാവട്ടെ, മാധ്യമങ്ങളും പൊതുസമൂഹവുമാവട്ടെ ആത്മാർഥമായ രീതിയിൽ ഒരു കാൽവെപ്പെങ്കിലും നടത്തിയിട്ടുണ്ടോ, ഉണ്ടായിരുന്നുവെങ്കിൽ ഇവ്വിധത്തിൽ സ്ത്രീകളുടെ കരച്ചിലും ചോരപൊടിയുന്ന കുഞ്ഞുടലുകളും നിരന്തരം ആവർത്തിക്കപ്പെടുമായിരുന്നുവോ? ഏതെങ്കിലും രീതിയിൽ വാർത്താപ്രാധാന്യം നേടുന്ന സംഭവങ്ങൾ മാത്രമാണ് പൊതുസമൂഹത്തിനിടയിൽ ചർച്ചയാവുന്നതുപോലും. ഏതൊരു പരിഷ്കൃത സമൂഹത്തിെൻറയും ശിരസ്സ് നാണക്കേടുകൊണ്ട് താനേ കുനിഞ്ഞുപോകുന്ന മണിപ്പൂരിലെ സ്ത്രീവിരുദ്ധ ലൈംഗിക അതിക്രമത്തിെൻറ വിഡിയോ പുറത്തുവരുന്നതുവരെ അവിടത്തെ സ്ത്രീകളും കുഞ്ഞുങ്ങളും അഭിമുഖീകരിക്കുന്ന വെല്ലുവിളികളെക്കുറിച്ചും പ്രതിസന്ധികളെക്കുറിച്ചും സംസാരിക്കാൻ നമ്മുടെ ദേശീയ മാധ്യമങ്ങൾക്കുപോലും താൽപര്യമില്ലായിരുന്നു.
നാഷനൽ ക്രൈം റെക്കോഡ്സ് ബ്യൂറോയിൽ ലഭ്യമായ കണക്കുപ്രകാരം 2021 വർഷം മാത്രം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ബലാത്സംഗങ്ങളുടെ എണ്ണം 31677 ആണ്. അതായത്, ദിനംപ്രതി 86 എണ്ണം. ആ വർഷം രാജ്യത്ത് ഏറ്റവുമധികം സ്ത്രീവിരുദ്ധ അക്രമങ്ങൾ അരങ്ങേറിയത് ഉത്തർപ്രദേശിലാണ്. 2019 മുതൽ 2022 വരെയുള്ള മൂന്നു വർഷത്തിനിടെ രാജ്യത്തുനിന്ന് 13.13 ലക്ഷം സ്ത്രീകളെയും പെൺകുട്ടികളെയും കാണാതായി. ഏറ്റവുമധികം തിരോധാനങ്ങൾ നടന്നത് മധ്യപ്രദേശിൽനിന്ന്. കാര്യക്ഷമമായ ഭരണം നടക്കുന്ന സംസ്ഥാനങ്ങളെന്നും കാര്യപ്രാപ്തിയുള്ള മുഖ്യമന്ത്രി ഭരിക്കുന്ന നാട് എന്നുമൊക്കെ അവകാശവാദം മുഴക്കുന്ന രണ്ടു സംസ്ഥാനങ്ങളുടെ അവസ്ഥയാണിത്. സ്ത്രീകളും കുഞ്ഞുങ്ങളും സുരക്ഷിതരല്ലാത്ത നാട്ടിലെ എന്തു കാര്യക്ഷമതയെക്കുറിച്ചാണ് പുളകംകൊള്ളാനാവുക?
സ്ത്രീകളെയും കുഞ്ഞുങ്ങളെയും ആത്മാഭിമാനമുള്ള മനുഷ്യരായി അംഗീകരിക്കാനുള്ള മനസ്സില്ലായ്മ അഥവ, മനുഷ്യത്വമില്ലായ്മയാണ് ഓരോ പീഡനത്തിന്റെയും അതിക്രമത്തിന്റെയും മനുഷ്യക്കടത്തിെൻറയും ആദ്യകാരണം. അതിക്രമത്തിനിരയായതാരെന്നും കുറ്റവാളി ആരെന്നും നോക്കി മാത്രം ഉണരുന്ന ‘പൊതുമനഃസാക്ഷി’യും കാര്യക്ഷമമാവുന്ന നീതി-നിയമ വ്യവസ്ഥകളുമാണ് ഇത്തരം അതിക്രമങ്ങൾക്കെല്ലാം വളമാവുന്നത്.
ഏറ്റവും എളുപ്പത്തിൽ മനസ്സിലാക്കാൻ ചില ഉദാഹരണങ്ങൾ പറയാം. 2012ൽ ഡൽഹിയിൽ നടമാടിയ കൂട്ടബലാത്സംഗക്കൊലയെത്തുടർന്ന് രാജ്യമൊട്ടാകെ ഇളകി മറിഞ്ഞിരുന്നു, രാഷ്ട്രപതി ഭവനിലേക്കുപോലും മാർച്ച് നടന്നു. എന്നാൽ, 2020ൽ ഹാഥ്റസിൽ ഒരു ദലിത് യുവതി കൂട്ടബലാത്സംഗത്തെത്തുടർന്ന് കൊല്ലപ്പെട്ട സംഭവം ഇത്തരത്തിൽ രാജ്യത്തെ പിടിച്ചുകുലുക്കിയില്ല, സംഭവസ്ഥലം സന്ദർശിക്കാൻ പുറപ്പെട്ട മാധ്യമ-രാഷ്ട്രീയ പ്രവർത്തകരെ യു.എ.പി.എ ചുമത്തി ജയിലിലടക്കാൻ കാണിച്ച ശുഷ്കാന്തി പ്രതികൾക്കെതിരെ നടപടി സ്വീകരിക്കുന്നതിൽ ഭരണകൂടം സ്വീകരിച്ചില്ല. ജമ്മു -കശ്മീരിലെ കഠ്വയിൽ ബാലികയെ ബലാത്സംഗക്കൊലക്കിരയാക്കിയ കേസിലെ പ്രതികളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പ്രകടനംപോലും നടന്നു. വനിത ഗുസ്തി താരങ്ങളെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന ആരോപണം നേരിടുന്ന ബി.ജെ.പി പാർലമെൻറംഗത്തെയും പരിരക്ഷിച്ചു നിർത്തുന്നത് അതിശക്തമായ ഭരണകൂട-നിയമപാലക സംവിധാനങ്ങളാണല്ലോ. ഗുജറാത്ത് വംശഹത്യക്കിടെ അതിക്രൂര ലൈംഗിക അതിക്രമങ്ങളും കൊലപാതകങ്ങളും നടത്തിയവരെന്ന് കണ്ടെത്തി കോടതി ശിക്ഷിച്ച പ്രതികളെ ശിക്ഷയിൽ ഇളവുനൽകി മോചിപ്പിക്കുകയും സംസ്കാരികളെന്ന് ഉദ്ഘോഷിച്ച് സ്വീകരണമൊരുക്കുകയും ചെയ്തതും ഏറെ മുൻപല്ല. ഇതെല്ലാം നൽകുന്ന സന്ദേശമെന്താണ്?
കേരളവും സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും പേടിച്ചു മാത്രം സഞ്ചരിക്കാൻ കഴിയുന്ന നാടുകളിലൊന്നായി എണ്ണപ്പെടുന്നു എന്നു വരുന്നത് അത്യന്തം ഗൗരവതരമാണ്. ആലുവ സംഭവത്തിൽ പിടിയിലായ പ്രതി ഒരു ഇതരസംസ്ഥാനത്തൊഴിലാളിയാണെന്നതിനാൽ പൊതുജനരോഷം അതിശക്തമായിരുന്നു. പൊലീസിന് കൊടുക്കാതെ ജനങ്ങൾക്ക് വിട്ടുതരണമെന്നുപോലും ജനങ്ങൾ ആക്രോശിക്കുകയും മാധ്യമങ്ങൾ അത് പകർത്തി പ്രദർശിപ്പിക്കുകയും ചെയ്തു. സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിലെ സമസ്ത ജീവിതമേഖലകളിലും ഇടപെട്ട് പ്രവർത്തിച്ചുപോരുന്ന കുടിയേറ്റത്തൊഴിലാളികൾക്കെതിരെ നേരത്തേതന്നെ നിലനിൽക്കുന്ന മുൻവിധിയും വിദ്വേഷവും ആളിക്കത്തിക്കാൻ ആലുവയിലെ ദാരുണസംഭവം വഴിവെക്കും. പക്ഷേ, ആ തൊഴിലാളികളെ മുഴുവൻ ആട്ടിപ്പായിച്ചാൽ ഈ മണ്ണിൽ കുഞ്ഞുങ്ങളും സ്ത്രീകളും സുരക്ഷിതരായിരിക്കുമെന്ന് ആർക്കെങ്കിലും ഉറപ്പ് നൽകാനാകുമോ?
സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കുമെതിരായ അതിക്രമങ്ങൾ നിരന്തരം തുടരുന്ന നാട് അതേതുതന്നെയായാലും അപകടംപിടിച്ച ദേശമാണ്, അക്രമി ആരെന്നോ ആക്രമിക്കപ്പെട്ടതാരെന്നോ നോക്കാതെ ശക്തമായ നിയമം നടപ്പാക്കുകയേ ഈ ഗുരുതരാവസ്ഥക്ക് പരിഹാരമാർഗമുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.