നിർമിത ബുദ്ധി (എ.ഐ) രംഗത്ത് ആഗോള സഹകരണം ലക്ഷ്യമിട്ട് 2020ൽ തുടങ്ങിയ ഗ്ലോബൽ പാർട്ണർഷിപ് ഓൺ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (ജി-പേ) അതിന്റെ ഒടുവിലത്തെ ഉച്ചകോടി ന്യൂഡൽഹിയിൽ ഡിസംബർ 12,13, 14 ദിവസങ്ങളിൽ നടത്തി. ഇന്ത്യ ആതിഥേയത്വം വഹിച്ച ഉച്ചകോടി ഉത്തരവാദിത്തപൂർണമായ എ.ഐ ഉപയോഗം ഉറപ്പുവരുത്താനുള്ള തീരുമാനം ആവർത്തിച്ചുറപ്പിച്ചാണ് പിരിഞ്ഞത്. നിർമിതബുദ്ധി രാജ്യസുരക്ഷ മുതൽ വ്യക്തി സ്വകാര്യതവരെ അപകടത്തിലാക്കുമ്പോൾ അന്താരാഷ്ട്ര ധാരണകളും സഹകരണവും അത്യാവശ്യമാണെന്ന ബോധ്യത്തിൽ നിന്നാണ് ഈ സംരംഭത്തിന്റെ പിറവി. ആശങ്കകളെ സാധൂകരിക്കുന്നതാണ് സമീപകാല സംഭവങ്ങൾ. അതിവിസ്തൃതമായ ഡേറ്റകൾ അതിവേഗം കൈകാര്യം ചെയ്ത് പുതിയ ഡേറ്റ സൃഷ്ടിക്കാൻ കഴിവുള്ള എ.ഐയെ മനുഷ്യനന്മക്ക് ഉപയുക്തമാക്കാനാവും. പുതിയ ആന്റിബയോട്ടിക് ഔഷധങ്ങൾ കണ്ടെത്താനും മറ്റും അത് ഉപയോഗിക്കപ്പെടുന്നുണ്ട്. എന്നാൽ, ഗൗരവപ്പെട്ട ദോഷങ്ങൾ വരുത്താൻകൂടി എ.ഐക്ക് കഴിവുണ്ട്. സ്വകാര്യതക്ക് ഇതിനകംതന്നെ അത് ഭീഷണി ഉയർത്തിക്കഴിഞ്ഞു.
രാജ്യാതിർത്തികൾ ബാധകമല്ലാത്ത ചാരവൃത്തിയിൽ ഇന്ന് ഏറ്റവും ആപത്കരമായ പുതുമുഖം എ.ഐയാണ്. ഇന്ത്യയിലടക്കം പ്രതിപക്ഷ നേതാക്കളുടെയും മാധ്യമപ്രവർത്തകരുടെയും ഫോണുകളിൽ കടന്നുകയറിയ പെഗസസ് ചാരന് ഭരണപക്ഷത്തിന്റെ ഒത്താശയോടെ ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ശേഷിയുണ്ടെങ്കിൽ, ഭരണകൂടങ്ങൾ പോലുമറിയാതെ ചാരപ്പണി നടത്തുന്ന വേറെ എ.ഐ സൂത്രങ്ങൾ രാജ്യസുരക്ഷതന്നെ തകർക്കും. വ്യക്തികളുടെ സ്വകാര്യത വലിയ അളവിൽ നഷ്ടമായിക്കഴിഞ്ഞ സാഹചര്യത്തിലേക്കാണ് മാരകശേഷിയോടെ ഇപ്പോൾ എ.ഐ വരുന്നത്. ഡേറ്റയിൽ മായംചേർക്കാനുള്ള കഴിവാണ് മറ്റൊന്ന്. സത്യവും അസത്യവും തമ്മിൽ വേർതിരിച്ചറിയാനാവാത്ത വിധത്തിൽ വ്യാജങ്ങൾ പടച്ചുവിടാൻ എ.ഐക്ക് കഴിയുന്നു എന്നുമാത്രമല്ല, കുട്ടികൾക്കുപോലും വ്യാജവാർത്തയും വ്യാജ ദൃശ്യങ്ങളും ഉണ്ടാക്കി ലോകമെങ്ങും പരത്താൻ അത് കഴിവ് നൽകുന്നുണ്ട്. ഡീപ് ഫേക്ക് വിഡിയോകൾ ഇതിനകംതന്നെ അവയുടെ സാധ്യതകൾ എത്ര ഭീതിജനകമാണെന്ന് തെളിയിച്ചുകഴിഞ്ഞു.
അപരിമിതമായ വിവരം ഉണ്ടായിരിക്കുകയും അത് പ്രയോഗിക്കുന്നതിൽ മൂല്യബോധം ഒട്ടും ഇല്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യമാണ് എ.ഐയിലൂടെ വന്നുചേരുന്നത്. വിവിധ കമ്പനികൾ രൂപപ്പെടുത്തുന്ന എ.ഐ മാതൃകകളുടെ ഘടനയും പ്രവർത്തനരീതിയും ഒരളവോളം നിഗൂഢവും അതാര്യവുമാണ്. പകർപ്പവകാശ ലംഘനവും മനുഷ്യന്റെ അന്തസ്സിനും സ്വകാര്യതക്കും വരുത്തുന്ന ഹാനിയും വ്യാജ നിർമിതികളും എല്ലാം ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഇന്നത്തെ അവസ്ഥയിൽ കമ്പനികളെ നിയന്ത്രിക്കാനോ ശരിയായി നയിക്കാനോ പോന്ന എ.ഐ ചട്ടങ്ങൾ ഇല്ല. കോവിഡ് വൈറസ് എവിടെ, എങ്ങനെ പിറന്നു എന്ന് ആർക്കുമറിയില്ലെങ്കിലും അതിന്റെ പ്രഹരശേഷിയും വ്യാപ്തിയും എല്ലാവരുമറിഞ്ഞതാണ്. എ.ഐയുടെ കാര്യത്തിലും സുതാര്യതയില്ലായ്മയാണ് ഒരു ഭീഷണി.
ഓർക്കാപ്പുറത്ത് ചാടിവന്ന് ആക്രമിക്കാവുന്ന അജ്ഞാത ശത്രുവെപ്പോലെ ഒളിവിൽ എത്ര നിർമിത നാശകാരികളുണ്ടെന്ന് ആർക്കുമറിയില്ല. അതുകൊണ്ടാണ്, മഹാമാരികൊണ്ടോ ആണവയുദ്ധം മൂലമോ കാലാവസ്ഥാ അട്ടിമറി കാരണമോ വംശനാശം ഉണ്ടാകാമെന്നതുപോലെ ഇനി എ.ഐ കൊണ്ടും ആ സർവനാശം ഉണ്ടായിക്കൂടെന്നില്ലെന്ന് ചില ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നത്. ആഗോളതലത്തിൽ അടിയന്തരമായി പൊതുധാരണയും മാർഗരേഖയും രൂപപ്പെടുത്തേണ്ടതുണ്ട് എന്നർഥം. ജനാധിപത്യ സംവിധാനങ്ങൾക്ക്, ആവശ്യമായ മേൽനോട്ട അവകാശം ലഭ്യമാക്കുന്ന നയം ഉണ്ടായേ തീരൂ. ആപത്കരമായ ഗവേഷണ സംരംഭങ്ങൾക്ക് കടിഞ്ഞാണിടാൻ നിയമം വേണം. എ.ഐ ഉപകാരപ്രദമായ കാര്യങ്ങൾക്ക് മാത്രമേ ഉപയോഗപ്പെടുത്തൂ എന്ന് ഉറപ്പുവരുത്താൻ കഴിയണം.
ആപത്കാരികളായ എ.ഐ മാതൃകകളെ തീവ്രം, മിതം എന്നെല്ലാം തരംതിരിക്കാൻ കഴിഞ്ഞാൽ അവയെ പ്രതിരോധിക്കുക കൂടുതൽ പ്രായോഗികമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചകോടിയിൽ നിർദേശിച്ചു. ശരിയാണത്. നിർഭാഗ്യവശാൽ അതിതീവ്രമെന്നും അത്യാപത്കരമെന്നും മുദ്രയടിക്കേണ്ടതില്ലാത്തവിധം രൗദ്രത തെളിയിച്ച പെഗസസിന്റെ കാര്യത്തിൽ അദ്ദേഹത്തിന്റെ സർക്കാർ ജാഗ്രതയല്ല കാണിച്ചത്. പെഗസസ് എന്ന ഡിജിറ്റൽ ചാരനെപ്പറ്റി ആപ്പിൾ കമ്പനി ഐഫോൺ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി; അതിനു പിന്നാലെ ‘ന്യൂയോർക് ടൈംസ്’ പത്രം പ്രസിദ്ധപ്പെടുത്തിയ അന്വേഷണ റിപ്പോർട്ടിൽ ഇസ്രായേലിൽനിന്ന് ഇന്ത്യ ഗവൺമെന്റ് 2017ൽ ആയുധങ്ങളും ചാരവിദ്യകളും വാങ്ങിയതായി അറിയിച്ചു. സമാനമായ വെളിപ്പെടുത്തലുകളിൽ മറ്റു ജനാധിപത്യരാജ്യങ്ങൾ സുതാര്യമായ അന്വേഷണം നടത്തിയപ്പോൾ, ഇവിടെ മോദി സർക്കാർ മൗനം കൊണ്ട് എല്ലാം മറച്ചുപിടിച്ചു. ആ ചാരവിദ്യകളുടെ വ്യാപ്തി എത്രത്തോളമെന്ന് ഇന്നും രാജ്യത്തിനറിയില്ല.
ഇപ്പോഴത്തെ ഗസ്സ കടന്നാക്രമണത്തിൽ ഇസ്രായേൽ എ.ഐ നിയന്ത്രിത ആയുധങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന റിപ്പോർട്ടാണ് മറ്റൊരു പ്രത്യക്ഷ അപായസൂചന. ബോംബിടേണ്ട സ്ഥാനങ്ങൾ നിർണയിക്കുന്നതിനും മറ്റും എ.ഐ ഉപയോഗിക്കുന്നതുകൊണ്ടാണ് ഇത്ര കുറഞ്ഞ ദിവസംകൊണ്ട് ഇത്ര വ്യാപകവും മാരകവുമായ നാശം വിതക്കാനാകുന്നതത്രെ. പക്ഷേ, കൊല്ലപ്പെടുന്നവരിൽ മിക്കവാറും എല്ലാവരും സിവിലിയന്മാരാണുതാനും. ചാരപ്പണിക്കും യുദ്ധത്തിനും രാജ്യങ്ങൾതന്നെ എ.ഐയെ ഉപയോഗപ്പെടുത്തുമ്പോൾ എന്തുതരം ധാരണയും ചട്ടങ്ങളുമാണ് ആഗോളതലത്തിൽ രൂപപ്പെടുത്താനാവുക എന്ന ചോദ്യം ബാക്കിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.