പശുവിനെ രക്ഷിക്കാനെന്ന പേരിൽ മനുഷ്യരെ വളഞ്ഞിട്ട് തല്ലിക്കൊല്ലുന്നതിൽ മുന്നിൽ നടക്കുന്ന സംസ്ഥാനമാണ് രാജസ്ഥാൻ. പെഹ്ലുഖാൻ മുതൽ ഉമർ ഖാൻ വരെയുള്ളവരെ കൊന്നുതള്ളിയ സ്വന്തം പാർട്ടി ക്രിമിനലുകളെ പശുരക്ഷക പരിവേഷം നൽകി കേസും ശിക്ഷയുമില്ലാതെ രക്ഷപ്പെടുത്തിക്കൊടുക്കുന്നതിൽ പ്രതിബദ്ധത തെളിയിക്കുന്ന വസുന്ധര രാജെ സിന്ധ്യയുടെ ബി.ജെ.പി ഭരണകൂടം വാഴുന്ന നാട്. സംസ്ഥാനത്തെ ജനത്തിനു മുഴുവൻ കുടിക്കാനുള്ള വെള്ളം വേണ്ട അളവിൽ തരപ്പെടുത്തിക്കൊടുക്കാൻ ഭരണത്തിൽ ഇത്ര കിടന്നിട്ടും കഴിഞ്ഞിട്ടില്ലെങ്കിലും പശുക്ഷേമത്തിന് ഒരു മന്ത്രിയെ വെക്കുന്ന രാജ്യത്തെ ആദ്യസംസ്ഥാനമായി പേരെടുത്തു രാജസ്ഥാൻ. ഇങ്ങനെയൊക്കെ മനുഷ്യനെക്കാൾ പശുവിനു മുന്തിയ പരിഗണന നൽകുന്നൊരു ഗോഭക്തരുടെ നാട്ടിൽ ഗോമാതാക്കൾക്ക് എല്ലാം ശുഭം, മംഗളം എന്നായിരിക്കുമല്ലോ പൊതുധാരണ. എന്നാൽ, സർവ ധാരണകളെയും തിരുത്തിയെഴുതുന്ന സംഘ്പരിവാർ ഭരിക്കുന്ന രാജസ്ഥാനിൽ പശുക്കടത്തുകാരെ കൊന്നുതള്ളുന്നതൊഴിച്ചാൽ പശുക്ഷേമം വെറും പാഴ്വാക്കായി മാറുന്നുവെന്നാണ് വാർത്ത.
മനുഷ്യരെ കൊന്നും പശുവിനെ കാക്കുമെന്നു പ്രതിജ്ഞയെടുത്തവർ ഗോമാതാക്കളെ കുടിയിരുത്താൻ ഗോശാലകൾ പണിതീർക്കുകയായിരുന്നു ആദ്യം. അലഞ്ഞുതിരിയുന്ന പശുക്കളെയും കാളകളെയുമൊക്കെ അങ്ങോട്ട് ആട്ടിത്തെളിച്ചു. ഗോപാലകരായി ജീവനക്കാരെയും നിയമിച്ചു. എല്ലാം കൊട്ടിഘോഷിച്ചായിരുന്നു. എന്നാൽ, ഇൗ പശുഭക്തി പ്രകടനം അവിടെ അവസാനിക്കുകയായിരുന്നുവെന്ന് പെഹ്ലുഖാൻ കൊല്ലപ്പെട്ട ആൽവാറിൽനിന്നു 160 കിലോമീറ്റർ അപ്പുറമുള്ള ഹിേങ്കാണിയ ഗോശാലയിലെ പിടിപ്പുകേടുകളെക്കുറിച്ചു വന്ന റിപ്പോർട്ടുകൾ വ്യക്തമാക്കി. പശുപാലകർക്ക് അർഹമായ വേതനമില്ലെന്നല്ല, കാലികളുടെ കുത്തേറ്റ് പരിക്കു പറ്റിയവരെ ശുശ്രൂഷിക്കാനുള്ള പ്രാഥമികമര്യാദ പോലും അധികൃതർ കാണിക്കുന്നില്ല എന്നാണു പരാതി.
ഇതിെൻറ പേരിൽ രണ്ടു തവണ ജീവനക്കാർ സമരത്തിനിറങ്ങുകയും ചെയ്തു. ഹിേങ്കാണിയ ഗോശാലയിൽ 13,166 പശുക്കളെ നോക്കാൻ 240 ജീവനക്കാരാണുള്ളത്. പശുരക്ഷ വകുപ്പും മന്ത്രിയുമുണ്ടായിട്ടും ഒടുവിൽ ഗോശാലകളുടെ സംരക്ഷണം സ്വകാര്യ ഏജൻസികളെ ഏൽപിച്ചിരിക്കുകയാണ് സർക്കാർ. 70 രൂപ വീതം പശുക്കൾക്കും 35 രൂപ വീതം കിടാങ്ങൾക്കും സർക്കാർ വക സഹായമുണ്ട് ഏജൻസിക്ക്. കാലിത്തീറ്റ ഭക്തർ കൊണ്ടുവന്നു കൊടുക്കും. പാലുൽപന്നങ്ങളടക്കമുള്ളവ വിറ്റുകിട്ടുന്ന പണം മുഴുവൻ ഏജൻസിക്ക്. എല്ലാം ചെയ്തുകൊടുത്തിട്ടും ഏജൻസി തടിച്ചുകൊഴുക്കുകയല്ലാതെ പശുക്കളും ജീവനക്കാരും മെലിഞ്ഞുണങ്ങുകയാണെന്നാണ് വസ്തുത. കഴിഞ്ഞവർഷം ഒരൊറ്റ മാസം മാത്രം അഞ്ഞൂറോളം പശുക്കൾ ഒരു ഗോശാലയിൽ മാത്രം ചത്തുപോയ പശ്ചാത്തലത്തിലാണ് ഇങ്ങനെ സ്വകാര്യ ഏജൻസികളെ സംരക്ഷണത്തിന് ഏൽപിച്ചത്.
എന്നാൽ, സംഘ്പരിവാറിെൻറ ആക്രമണോത്സുകരാഷ്ട്രീയത്തിന് വളമൊരുക്കുകയെന്നല്ലാതെ മറ്റൊരു ധർമവും ഇൗ ഗോപാലദൗത്യത്തിന് നിർവഹിക്കാനില്ലെന്നാണ് പശുക്കളുടെ ദൈന്യാവസ്ഥ വിളിച്ചുപറയുന്നത്. കഴിഞ്ഞ നാലു വർഷത്തിനിടെ രാജസ്ഥാനിൽ ആയിരത്തിലേറെ പശുക്കൾ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഭക്ഷിച്ചു ചത്തുപോയിരിക്കുന്നു. പോളിത്തീൻ ബാഗുകളടക്കമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ തിന്ന് ഹൃദയം സ്തംഭിച്ചു ചാവുകയാണ് പശുക്കളെന്നു മൃഗസംരക്ഷണ വിദഗ്ധർ പറയുന്നു. പുറത്തു അലഞ്ഞുതിരിഞ്ഞു നടക്കുന്ന പശുക്കളും കാലികളുമാണ് ഇങ്ങനെ ചാവുന്നത്. ചത്തതിൽ ചിലതിനെ വയറുകീറി പരിശോധിച്ചപ്പോൾ 35 കിലോ പ്ലാസ്റ്റിക് വരെ കണ്ടെടുത്ത അനുഭവമുണ്ടെന്നു പറയുന്നത് പശുക്ഷേമ മന്ത്രി ഒാതാറാം ദേവസിതന്നെയാണ്.
അങ്ങാടികളിൽ കുമിഞ്ഞുകൂടുന്ന പ്ലാസ്റ്റിക് അടങ്ങിയ മാലിന്യങ്ങൾ നിർമാർജനം ചെയ്യാനോ ജനത്തിനു ശല്യമില്ലാത്ത വിധം സംസ്കരിക്കാനോ ഗവൺമെൻറ് പദ്ധതിയൊരുക്കിയിട്ടില്ല. അതുപോലെ, ആയിരക്കണക്കിന് പശുക്കൾ തെരുവിൽ അലഞ്ഞുതിരിയുകയല്ലാതെ ഗോശാലകളിൽ അവയെ പുനരധിവസിപ്പിക്കാനുള്ള ശ്രമം ഇതുവരെ വേണ്ടത്ര വിജയത്തിലെത്തിയിട്ടില്ല. പശുസംരക്ഷണത്തിനായി സംസ്ഥാനം ഏതാണ്ടെല്ലാ സേവനമേഖലകളിലും സെസ് പിരിക്കുന്നുണ്ട്. എന്നിട്ടും അവയുടെ സംരക്ഷണത്തിന് വ്യവസ്ഥാപിതമാർഗങ്ങളൊരുക്കാനായിട്ടില്ല. സ്വച്ഛ്ഭാരത് എന്ന ശുചീകരണദൗത്യം ബി.ജെ.പി പെരുമ്പറയടിച്ചു കൊണ്ടുനടക്കുേമ്പാഴും അത് നടപ്പാക്കാനുള്ള ഒരു ശ്രമവും സംസ്ഥാന ഭരണകൂടത്തിെൻറ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. അതിെൻറ ശിക്ഷകൂടിയാണ് ഗോമാതാക്കൾ അവയുടെ സ്വന്തം സംസ്ഥാനത്ത് ഇപ്പോൾ വാങ്ങിക്കൊണ്ടിരിക്കുന്നത്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാറിന് ഒന്നും ചെയ്യാനില്ലെന്നാണ് പശുക്ഷേമ മന്ത്രിയുടെ നിലപാട്. ജനം പ്ലാസ്റ്റിക് ഉപയോഗം നിയന്ത്രിച്ചാലല്ലാതെ ഗോക്കളെ രക്ഷപ്പെടുത്താനാവില്ലെന്ന് അദ്ദേഹം പറയുന്നു.
എന്നാൽ, തെരുവുകൾ ചീഞ്ഞുനാറുന്നത് സ്വച്ഛഭാരത സ്വപ്നത്തെക്കുറിച്ചു വാചാലമാകുന്ന പാർട്ടിക്കു ഭൂഷണമോ എന്ന ചോദ്യത്തിന് അദ്ദേഹത്തിനും മറുപടിയൊന്നുമില്ല. ജനമനസ്സുകളിൽ പരവിദ്വേഷവും പകയും ആളിക്കത്തിക്കാനുള്ള തീപ്പൊരികളായി ഉപയോഗിക്കാവുന്ന വിഷയമെന്നതിലപ്പുറം ശുചിത്വഭാരതമെന്ന യഥാർഥ ലക്ഷ്യമോ പശുക്ഷേമമോ ഒന്നും സംഘ്പരിവാറിെൻറ അജണ്ടയിലില്ല. തങ്ങൾക്കു പിടിക്കാത്തവരെയൊക്കെ കാലിപിടിത്തക്കാരും മാട്ടിറച്ചി തീറ്റക്കാരുമായി അധിക്ഷേപിച്ച് ആർക്കും എപ്പോഴും എവിടെയും തല്ലിക്കൊല്ലാവുന്ന പരുവത്തിലേക്ക് മാറ്റിയെടുക്കുക മാത്രമാണ് സംഘ്പരിവാർ ലക്ഷ്യം. രാമക്ഷേത്രം മുതൽ ഗോസംരക്ഷണം വരെ തീക്കൊള്ളിയാക്കാനുള്ള ഇത്തരം കരുക്കൾ മാത്രം. പശുവിെൻറ പേരും പറഞ്ഞ് തങ്ങൾ ആഭ്യന്തരശത്രുക്കളായി അടയാളപ്പെടുത്തിയവരെ കശാപ്പു ചെയ്തും വംശവെറിയുടെ വിദ്വേഷരാഷ്ട്രീയം വളർത്തണമെന്നേ ഹിന്ദുത്വ രാഷ്ട്രീയത്തിനുള്ളൂ. രാജസ്ഥാനിൽ മാത്രമല്ല, രാജ്യത്ത് ബി.ജെ.പി ഭരിക്കുന്ന മുഴുവൻ സംസ്ഥാനങ്ങളിലും ഗോസംരക്ഷണം ദയനീയമായി പരാജയപ്പെടുന്നുവെന്നുതന്നെയാണ് അനുഭവം. പശു ചത്താലെന്ത്? അതിെൻറ പേരിൽ തങ്ങളുണ്ടാക്കിയെടുത്ത വംശവിദ്വേഷത്തിെൻറ പുളി അണികൾക്ക് നഷ്ടപ്പെടാതെ നോക്കാൻ ബി.ജെ.പിക്കും സംഘ്പരിവാറിനുമറിയാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.