ഫെഡറൽ മൂല്യങ്ങളെ ഓർമപ്പെടുത്തിയ വിധി


നരേന്ദ്ര മോദി സർക്കാറിന്റെ 'സാമ്പത്തിക പരിഷ്കരണ' പരിപാടികളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു ചരക്കുസേവന നികുതി (ജി.എസ്.ടി) ഏർപ്പെടുത്താനുള്ള തീരുമാനം. 'ഒരു രാജ്യം, ഒരു നികുതി' എന്ന മനോഹര മുദ്രാവാക്യത്തിന്റെ അകമ്പടിയോടെ അവതരിപ്പിക്കപ്പെട്ട പുതിയ സംവിധാനം പല കാരണങ്ങളാൽ അമ്പേ പരാജയമായിരുന്നുവെന്ന് ആരും സമ്മതിക്കും. പ്രസ്തുത സംവിധാനത്തിലെ ഘടനപരമായ പാളിച്ചകൾക്കപ്പുറം, ജി.എസ്.ടിക്കു പിന്നിലെ രാഷ്ട്രീയ അജണ്ടകളും ഏറെ അപകടകരമായിരുന്നു. സംസ്ഥാനങ്ങളുടെ ധനവിനിയോഗാവകാശങ്ങളിലേക്കുള്ള കേന്ദ്രത്തിന്റെ ഏകപക്ഷീയമായ കടന്നുകയറ്റം കൂടിയാണ് ഏകീകൃത നികുതി സംവിധാനം ഏർപ്പെടുത്തുകവഴി മോദി സർക്കാർ ലക്ഷ്യമിട്ടത്. അതിൽ അവർ വിജയിക്കുകയും ചെയ്തു. കേരളമടക്കമുള്ള ബി.ജെ.പി ഇതര കക്ഷികൾ ഭരിക്കുന്ന 'പ്രതിപക്ഷ സംസ്ഥാന'ങ്ങളാണ് ഈ 'സാമ്പത്തിക പരിഷ്കാര'ത്തിന്റെ കെടുതികൾ ഏറ്റവും കൂടുതൽ അനുഭവിച്ചത്.

രാഷ്ട്രീയമായി എതിർചേരിയിൽ നിൽക്കുന്ന സംസ്ഥാനങ്ങളെ വരുതിയിലാക്കാനുള്ള മികച്ചൊരായുധമായാണ് പലപ്പോഴും ജി.എസ്.ടി എന്ന സംവിധാനത്തെ കേന്ദ്രം ദുരുപയോഗപ്പെടുത്തിയത്. നീതിയുക്തമായി ലഭിക്കേണ്ട കുടിശ്ശികയും നഷ്ടപരിഹാരവും യഥാസമയം നൽകാതെ, ഇടഞ്ഞുനിൽക്കുന്ന സംസ്ഥാനങ്ങളെ കേന്ദ്രം പലകുറി വട്ടംകറക്കി. അതുകൊണ്ടുതന്നെ, ദൈനംദിന ചെലവുകൾക്കുപോലും കേന്ദ്രത്തിന്റെ മുന്നിൽ കൈനീട്ടേണ്ട ഗതികേടിലായി കേരളമടക്കമുള്ള സംസ്ഥാനങ്ങൾ. കഴിഞ്ഞ അഞ്ച് വർഷമായി തുടരുന്ന ഈ സാമ്പത്തിക ഫാഷിസത്തിനെതിരെ ഒടുവിൽ പരമോന്നത നീതിപീഠം ശബ്ദിച്ചിരിക്കുന്നു. ചരക്കുസേവന നികുതി സംബന്ധിച്ച നിയമനിർമാണത്തിന് കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും തുല്യ അവകാശമാണെന്നും കേന്ദ്ര-സംസ്ഥാന മന്ത്രിമാർ ഉൾപ്പെട്ട ജി.എസ്.ടി കൗൺസിലിന്റെ ശിപാർശകൾക്ക് ഉപദേശക സ്വഭാവം മാത്രമാണുള്ളതെന്നും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വിധിച്ചിരിക്കുന്നു.

ജി.എസ്.ടിയിലെ അനാവശ്യ കേന്ദ്ര ഇടപെടലിനെതിരെ 2020 ജനുവരിയിൽ ഗുജറാത്ത് ഹൈകോടതി ഒരു വിധി പുറപ്പെടുവിച്ചിരുന്നു. വിദേശ സ്ഥാപനം വിദേശ ഷിപ്പിങ് കമ്പനി വഴി ഇന്ത്യയിലേക്ക് കൊണ്ടുവരുന്ന ചരക്കുകൾക്ക് ജി.എസ്.ടി ബാധകമാക്കി കേന്ദ്രം വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. എന്നാൽ, അതിലെ പല വ്യവസ്ഥകളും ഭരണഘടനവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈകോടതി വിജ്ഞാപനം റദ്ദാക്കിയത്. ഇതിനെതിരെ സമർപ്പിച്ച കേന്ദ്രത്തിന്റെ അപ്പീൽ തള്ളിയാണ് ഇപ്പോൾ സുപ്രീംകോടതിയുടെ ചരിത്രപരമായ വിധി വന്നിരിക്കുന്നത്. കേവല സാങ്കേതികതകൾക്കപ്പുറം, രാജ്യത്തിന്റെ ഫെഡറൽ മൂല്യങ്ങളെ ഓർമപ്പെടുത്തുന്നുവെന്നതാണ് ഈ വിധിയുടെ പ്രാധാന്യം. ഫെഡറൽ വ്യവസ്ഥയിൽ ഏതെങ്കിലുമൊരു സ്ഥാപനത്തിന് മറ്റൊന്നിന്റെ മേൽ കൂടുതൽ അധികാരം കൈയാളാൻ കഴിയില്ലെന്ന് പരമോന്നത നീതിപീഠം ഓർമപ്പെടുത്തുന്നുണ്ട്.

കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഒരുമിച്ച് സഹകരണാടിസ്ഥാനത്തിൽ പ്രവർത്തിക്കുമ്പോഴേ ഒരു സങ്കൽപമെന്നതിനുപരി ഫെഡറൽ മൂല്യങ്ങൾ യാഥാർഥ്യമാവുകയുള്ളൂ. ജി.എസ്.ടിയുടെ കാര്യത്തിലും ഇത് ബാധകമാണ്. ജി.എസ്.ടിയിൽ നിയമനിർമാണത്തിന് രണ്ടുകൂട്ടർക്കും അവകാശമുണ്ട്. അങ്ങനെ രൂപം നൽകപ്പെടുന്ന നിയമങ്ങളിൽ പരസ്പരം പൊരുത്തക്കേടുണ്ടായാൽ, പാർലമെന്റ് പാസാക്കിയ നിയമത്തിന് പ്രാധാന്യമോ മുൻഗണനയോ നൽകണമെന്ന് സുപ്രീംകോടതി വ്യക്തമാക്കുമ്പോൾ, തീർച്ചയായും അത് കേന്ദ്രത്തിനുള്ള തിരിച്ചടി തന്നെയാണ്. ഇത്തരം നിയമ നിർമാണങ്ങൾ ജി.എസ്.ടി കൗൺസിലിന്റെ നിർദേശങ്ങൾക്ക് വിധേയമായിരിക്കണമെന്ന് നിർബന്ധമില്ലെന്നും ഉത്തരവിലുണ്ട്. അഥവാ, കഴിഞ്ഞ അഞ്ച് വർഷമായി നിലനിൽക്കുന്ന കേന്ദ്രത്തിന്റെയും ജി.എസ്.ടി കൗൺസിലിന്റെയും അകാരണമായ അപ്രമാദിത്വത്തിനാണ് കോടതി തടയിട്ടിരിക്കുന്നത്.

തീർച്ചയായും, നീതിപീഠത്തിന്റെ ഇടപെടൽ കേരളമടക്കമുള്ള പ്രതിപക്ഷ സംസ്ഥാനങ്ങൾക്ക് നൽകുന്ന ആശ്വാസം ചില്ലറയല്ല. മേൽസൂചിപ്പിച്ചതുപോലെ, പല സന്ദർഭങ്ങളിലും കേന്ദ്രത്തിന്റെ ദയാവായ്പിനായി കോടതിവിധിയുടെ പശ്ചാത്തലത്തിൽ കാത്തിരിക്കേണ്ടിവരില്ല. ഒപ്പം, കേന്ദ്ര സർക്കാറിനും ഹിന്ദുത്വ ഫാഷിസ്റ്റുകൾക്കും കനത്ത രാഷ്ട്രീയ തിരിച്ചടികൂടിയാണ് ഈ വിധിയെന്ന കാര്യത്തിലും സംശയമില്ല. വാസ്തവത്തിൽ, ഭരണഘടനയിലെ 246എ, 279എ എന്നീ അനുച്ഛേദങ്ങളെ വ്യാഖ്യാനിക്കുക മാത്രമാണ് ഈ കേസിൽ കോടതി ചെയ്തിരിക്കുന്നത്. ജി.എസ്.ടി നിയമനിർമാണത്തിന് പാർലമെന്റിനും സംസ്ഥാന നിയമസഭകൾക്കും അധികാരം നൽകുന്നതാണ് ഒന്നാമത്തേത്; ജി.എസ്.ടി കൗൺസിലിന്റെ അധികാരം സംബന്ധിച്ച വിശദാംശങ്ങളാണ് രണ്ടാമത്തേത്.

ഈ രണ്ട് വകുപ്പുകളും പരിശോധിക്കുമ്പോൾ കേന്ദ്രത്തിനും സംസ്ഥാനത്തിനും ഒരേ അധികാരമാണെന്ന നിഗമനത്തിലെത്താൻ കോടതിക്ക് അധികം പ്രയാസപ്പെടേണ്ടിവന്നില്ല. ഈ സാഹചര്യത്തിലാണ്, കേന്ദ്ര റവന്യൂ സെക്രട്ടറിയുടെ പ്രതികരണം പ്രസക്തമാകുന്നത്. കേന്ദ്രത്തിനു സമാനമായ അധികാരം സംസ്ഥാനങ്ങൾക്കുമുണ്ടെന്ന് ശരിതന്നെ; പക്ഷേ, അതാരും ഇക്കാലമത്രയും ഉപയോഗിച്ചില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. അഥവാ, 'പ്രതിപക്ഷ സംസ്ഥാനങ്ങൾ' കേന്ദ്രത്തിനെതിരെ പ്രതിഷേധിക്കുമ്പോഴും ഇങ്ങനെയൊരു പഴുതിനെക്കുറിച്ച് ആലോചിച്ചതേയില്ല എന്നുതന്നെ കരുതേണ്ടിവരും. അങ്ങനെയെങ്കിൽ, ഇനിയെങ്കിലും ആ സാധ്യത ഉപയോഗപ്പെടുത്തൂ എന്നൊരു ആഹ്വാനംകൂടി ഈ കോടതി വിധിയിൽ നിന്ന് വായിച്ചെടുക്കാം. അതേസമയം, ഇത്രയും കാലം കൈപ്പിടിയിലൊതുക്കിയ അധികാരം വിട്ടുനൽകാനും കേന്ദ്രം തയാറായേക്കില്ല. ജി.എസ്.ടി കൗൺസിലിന് 'ഉപദേശക' ദൗത്യം മാത്രമേയുള്ളൂവെന്നാണല്ലൊ കോടതി നിരീക്ഷണം. ഈ നിരീക്ഷണത്തെയും അതുവഴി കോടതി വിധിയെയും മറികടക്കാൻ, ജി.എസ്.ടി കൗൺസിലിന്റെ നിർദേശങ്ങളും തീരുമാനങ്ങളും അന്തിമമാകും വിധമുള്ളൊരു നിയമനിർമാണത്തിന് കേന്ദ്രം മുതിർന്നാൽ അത്ഭുതപ്പെടേണ്ടതില്ല.

Tags:    
News Summary - GST Case: Judgment reminiscent of federal values

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-16 00:45 GMT