അഭൂതപൂർവമായ പ്രതിസന്ധിയിലൂടെ നീങ്ങുന്ന താലിബാൻ നിയന്ത്രിത അഫ്ഗാനിസ്താനിലെ സ്ഥിതിഗതികൾ ചർച്ചചെയ്യാൻ ഇന്ത്യയുടെ ദേശസുരക്ഷ ഉപദേഷ്ടാവ് അജിത് േഡാവൽ വിളിച്ചുേചർത്ത മേഖല രാജ്യങ്ങളിലെ സുരക്ഷ ഉപദേഷ്ടാക്കളോ സുരക്ഷ കൗൺസിൽ സെക്രട്ടറിമാരോ പങ്കെടുക്കുന്ന യോഗം ഇന്നും നാളെയുമായി ന്യൂഡൽഹിയിൽ നടക്കും. അഫ്ഗാനിൽ ഇന്ത്യയുടെ പങ്ക് നിഷേധാത്മകമാണെന്ന് ആരോപിച്ചുകൊണ്ട് പാകിസ്താൻ ദേശീയ സുരക്ഷ ഉപദേഷ്ടാവ് മുഈദ് യൂസുഫ് യോഗത്തിൽ പങ്കെടുക്കുകയില്ലെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു. ചൈനയും കാരണം വ്യക്തമാക്കാതെ വിട്ടുനിൽക്കുന്നു. എന്നാൽ, റഷ്യ, ഇറാൻ, കസാഖ്സ്താൻ, കിർഗിസ്താൻ, താജികിസ്താൻ, തുർക്െമനിസ്താൻ, ഉസ്ബകിസ്താൻ എന്നീ രാജ്യങ്ങളുടെ പ്രതിനിധികൾ ക്ഷണം സ്വീകരിച്ചിട്ടുണ്ട്. സുരക്ഷപ്രശ്നങ്ങൾക്കു പുറമെ അഫ്ഗാനിസ്താന് നൽകേണ്ട അടിയന്തര സഹായങ്ങളെക്കുറിച്ചും യോഗം ചർച്ചചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 50,000 ടൺ ഭക്ഷ്യധാന്യങ്ങളും മരുന്നും അഫ്ഗാനിസ്താനിേലക്കയക്കാൻ ഇന്ത്യ തയാറായിട്ടുണ്ടെങ്കിലും പാകിസ്താെൻറ നിസ്സഹകരണം മൂലം മുടങ്ങിക്കിടക്കുന്ന പശ്ചാത്തലത്തിലാണ് ഇന്നത്തെ യോഗം ചേരുന്നതെന്ന പ്രത്യേകതകൂടിയുണ്ട്.
വേൾഡ് ഫുഡ് പ്രോഗ്രാമിെൻറ ഡയറക്ടർ ഞായറാഴ്ച കാബൂൾ സന്ദർശിച്ചശേഷം പ്രതികരിച്ചതനുസരിച്ച് 'ഭൂമുഖത്തെ ഏറ്റവും മോശമായ മാനുഷിക പ്രതിസന്ധിയാണ് ആ രാജ്യം നേരിടാൻ പോവുന്നത്. 95 ശതമാനം ജനങ്ങൾക്കും വേണ്ടത്ര ഭക്ഷണം ലഭിക്കുന്നില്ല. അതോടൊപ്പം 23 ദശലക്ഷം മനുഷ്യർ പട്ടിണിയിലേക്ക് കുതിക്കുകയാണ്. അടുത്ത ആറു മാസത്തിനകം ഭൂമിയിലെ നരകംതന്നെ ആയിത്തീരും അഫ്ഗാനിസ്താൻ.' ശൈത്യം ആരംഭിച്ചിരിക്കെ മരംകോച്ചുന്ന തണുപ്പിനെ അതിജീവിക്കാൻ യാതൊന്നുമില്ലാത്ത പാവപ്പെട്ട അഫ്ഗാനികൾ കടുത്ത ജലക്ഷാമംകൂടി നേരിടുന്നു. ആദ്യമേ അബല, പോരാഞ്ഞ് ഗർഭിണിയും എന്ന പഴമൊഴിപോലെ കോവിഡ് മഹാമാരിക്ക് വാക്സിനേഷൻപോലും ആരംഭിക്കാനാവാെത ആരോഗ്യരംഗം അപ്പാടെ തകർന്നുകിടക്കുന്നു. 2022 മധ്യമാവുേമ്പാഴേക്ക് 97 ശതമാനം ജനങ്ങളും പട്ടിണിയുടെ ഇരകളാവും എന്നാണ് യു.എൻ.ഡി.പിയുടെ മുന്നറിയിപ്പ്.
ജനസംഖ്യയിൽ പകുതി ഇപ്പോൾതന്നെ മാനുഷിക സഹായം അത്യാവശ്യമുള്ളവരാണെന്ന് ഐക്യരാഷ്ട്ര സഭ അസിസ്റ്റൻറ് സെക്രട്ടറി ജനറൽ കന്നി വിഗ്നരാജ ചൂണ്ടിക്കാട്ടുന്നു. പ്രതിവർഷ ദേശീയ വരുമാനം വെറും 370 ഡോളറായ ഈ നാട് ലോകത്തിലെ ഏറ്റവും ദരിദ്രമായ രണ്ടാമത്തെ രാജ്യമാണ്. കുഞ്ഞുങ്ങളുടെ സ്ഥിതിയാണ് പരമദയനീയം. 35 ശതമാനം കുഞ്ഞുങ്ങളും മിനിമം തൂക്കത്തിനു താഴെയാണ് പിറന്നുവീഴുന്നതുതന്നെ. ഒരു പ്രധാന കാരണം 87 ശതമാനം ഗർഭിണികളും വീടുകളിലാണ് പ്രസവിക്കുന്നത് എന്നതാണ്. കടുത്ത യാഥാസ്ഥിതികരായ പുരുഷന്മാർ ഗർഭിണികളെ ആശുപത്രികളിലയക്കാൻ ഇഷ്ടപ്പെടുന്നില്ലെന്നതിനു പുറമെ ആശുപത്രികളുടെ എണ്ണവും നന്നേ കുറവാണ്.
നൂറുകണക്കിൽ കിലോമീറ്റർ യാത്രചെയ്താലേ ആശുപത്രികളിലെത്തൂ. എത്തിയാലോ പരിശീലനം സിദ്ധിച്ച സ്റ്റാഫോ ചികിത്സകരോ ഇല്ലതാനും. മൊത്തം കുട്ടികളിൽ 20 ശതമാനം പേർ കുടുംബത്തിെൻറ ആഹാരത്തിനുവേണ്ടി ജോലി ചെയ്യാൻ തയാറായവരാണ്. വീട്ടുജോലിയോ തെരുവിൽനിന്ന് പാഴ്വസ്തുക്കൾ പെറുക്കലോ ഷൂ പോളിഷോ അതുപോലുള്ള തൊഴിലുകളോ ആണ് കുട്ടികൾക്ക് ചെയ്യാനാവുക. അവിരാമമായ യുദ്ധങ്ങൾമൂലം അനാഥമായിത്തീർന്ന ബാല്യങ്ങളാണ് വലിയൊരു ശതമാനം. അവരെ സംരക്ഷിക്കാനോ വിദ്യാഭ്യാസം ചെയ്യിക്കാനോ ഫലപ്രദമായ സംവിധാനങ്ങളില്ല. പെൺകുട്ടികളുടെ ദുരിതം ഓർക്കാനേ പറ്റില്ല. എട്ടും പത്തും വയസ്സുള്ള പെൺകുട്ടികളെ ഹ്രസ്വകാലത്തേക്കെങ്കിലും കുടുംബം പോറ്റാൻവേണ്ടി വിദേശികൾക്ക് വിവാഹമെന്ന പേരിൽ വിൽക്കുകയാണ് മാതാപിതാക്കൾ. സർവസാധാരണമായ മൈൻ സ്ഫോടനങ്ങൾ മൂലം കൈയുംകാലും കണ്ണും മറ്റ് അവയവങ്ങളും നഷ്ടപ്പെട്ട കുട്ടികളുടെ സംഖ്യയും ഭീമമാണ്. ജീവിതമെന്ന ശിക്ഷ അനുഭവിച്ചുതീർക്കുകയല്ലാതെ അവരുടെ മുന്നിൽ മറ്റു മാർഗങ്ങളില്ല.
ഖത്തർ, യു.എ.ഇ, തുർക്കി പോലുള്ള ഏതാനും രാജ്യങ്ങളുടെ മാനുഷികസഹായം താലിബാൻ ഭരണകൂടത്തിന് ലഭിക്കുന്നുണ്ടെങ്കിൽപോലും കടലിൽ കായംകലക്കിയപോലെയാണതിെൻറ അവസ്ഥ. അടിയന്തര ദുരിതാശ്വാസത്തിന് അേമരിക്ക, റഷ്യയടക്കമുള്ള രാജ്യങ്ങൾ വാഗ്ദാനംചെയ്ത സഹായത്തിെൻറ പകുതിപോലും ഇതേവരെ ലഭിച്ചിട്ടില്ലെന്നാണ് യു.എൻ വൃത്തങ്ങൾ വെളിപ്പെടുത്തുന്നത്. അഫ്ഗാൻ സർക്കാറിന് നേരിട്ട് സഹായം നൽകിയാൽ താലിബാൻ ഭരണകൂടത്തെ അംഗീകരിച്ചു എന്ന വിമർശനവും തദനന്തര നടപടികളും ഭയപ്പെടുന്നതാണ് ഒരു മുഖ്യ തടസ്സം. യു.എസുമായുണ്ടാക്കിയ ദോഹ കരാർ താലിബാൻ ഇതേവരെ പാലിച്ചിട്ടില്ലെന്ന പരാതിയും ഉയരുന്നു.
വ്യവസ്ഥകൾ പാലിക്കാനും ആരുമായും സഹകരിക്കാനുമുള്ള സന്നദ്ധത താലിബാൻ ആവർത്തിക്കുന്നുണ്ടെങ്കിലും അവരെ വിശ്വാസത്തിലെടുക്കാൻ അധികപേരും തയാറല്ലെന്നതാണ് സങ്കീർണ പ്രശ്നം. അഫ്ഗാെൻറ ആഭ്യന്തര രംഗത്തുനിന്ന് പുറത്തുവരുന്ന വാർത്തകൾ കൂടുതൽ അലോസരമുണ്ടാക്കുന്നതാണുതാനും. ഐ.എസ് പോലുള്ള അതിതീവ്ര സംഘങ്ങളുടെ ആക്രമണഭീഷണി താലിബൻ സർക്കാർ നേരിടുന്നു. അങ്ങനെ സോവിയറ്റ് യൂനിയനും പിന്നെ മുജാഹിദ് ഗ്രൂപ്പുകളും അമേരിക്കയും ഒടുവിൽ താലിബാനും പങ്കുവഹിച്ച രക്തച്ചൊരിച്ചിൽ പരമ്പരയുടെ കിരാതശിക്ഷ അനുഭവിക്കുകയാണ് പാവപ്പെട്ട അഫ്ഗാൻ ജനത. ഐക്യരാഷ്ട്രസഭയും മാനുഷിക വികാരം തെല്ലെങ്കിലും വെച്ചുപുലർത്തുന്ന രാജ്യങ്ങളും മനുഷ്യാവകാശ പ്രസ്ഥാനങ്ങളുമെല്ലാം ചേർന്ന് ജീവച്ഛവങ്ങളായി ഇഞ്ചിഞ്ചായി മരണവക്ത്രത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഒരു ജനതയെ രക്ഷിക്കാൻ കൈകോർക്കുമെങ്കിൽ അതിനുള്ള സമയം വൈകിയിരിക്കുന്നു. സങ്കുചിത ദേശീയതാൽപര്യങ്ങൾ പ്രാഥമിക മാനുഷിക പരിഗണനകൾക്ക് തടസ്സമായിക്കൂടാ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.