1936 ഏപ്രിൽ ഒന്നിന് രാജസ്ഥാനിലെ ചക്വാര ജില്ലയിൽ നടന്ന ഒരു സംഭവം അംബേദ്കർ ‘ജാതി ഉന്മൂലന’ത്തിൽ വിശദീകരിക്കുന്നുണ്ട്. ദേശാടനം കഴിഞ്ഞ് മടങ്ങിയെത്തിയ അവർണനായൊരു വിശ്വാസി അനുഷ്ഠാനങ്ങളുടെ ഭാഗമായി നാട്ടിലെ അവർണർക്കായി സദ്യയൊരുക്കി. നെയ്യുൾപ്പെടെയുള്ള രുചികരമായ വിഭവങ്ങളൊരുക്കിയാണ് നാട്ടുകാരെ സൽക്കരിച്ചത്. ആളുകൾ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ, നൂറുകണക്കിന് സവർണരായ ആളുകൾ കുറുവടിയുമായി അവിടേക്ക് ഒാടിവരുകയും നാട്ടുകാരെ മർദിക്കുകയും ചെയ്തു. ഭക്ഷണം പാതിവഴിയിൽ ഉപേക്ഷിച്ച് അശരണരായ ആ മനുഷ്യർ ഒാടിരക്ഷപ്പെട്ടു. ഭക്ഷണത്തോടൊപ്പം ‘ആർഭാട വിഭവ’മായ നെയ്യ് വിളമ്പിയതാണ് സവർണരെ പ്രേകാപിപ്പിച്ചതത്രെ. നെയ്യ് പോലുള്ള വിഭവങ്ങൾ സമൂഹത്തിലെ മേൽത്തട്ടിനു മാത്രമേ ഉപയോഗിക്കാവൂ എന്ന അലിഖിത നിയമം ലംഘിച്ചുവെന്നതാണ് ആ പാവങ്ങളുടെ മേൽ ചാർത്തിയ ‘കുറ്റം’. ആർെക്കങ്കിലും നെയ്യ് വാങ്ങാനുള്ള സാമ്പത്തികശേഷിയുണ്ടെങ്കിലും സവർണർക്കുനേരെയുള്ള ധിക്കാരമായി അത് കണക്കാക്കി അത്തരം ആർഭാടങ്ങൾ ഒഴിവാക്കണമെന്ന സന്ദേശമാണ് ആ കുറുവടി പ്രയോഗത്തിലൂടെ മേൽത്തട്ട് ജാതിക്കാർ നൽകിയതെന്ന് ഇൗ സംഭവം വിവരിച്ചശേഷം അംബേദ്കർ നിരീക്ഷിക്കുന്നു. സാമ്പത്തികവും രാഷ്ട്രീയവുമായ പുരോഗതി കൈവരിച്ചാലും ജാതീയത എന്ന ഭീകരസത്വത്തെ ഇല്ലായ്മ ചെയ്യാത്തിടത്തോളം അവർണർ ഇതുപോലെ അവർണരായിതന്നെ തുടരുമെന്ന് വ്യക്തമാക്കാൻകൂടിയാണ് അദ്ദേഹം ഇൗ സംഭവം വിവരിച്ചത്.
എട്ടു പതിറ്റാണ്ട് പിന്നിട്ടിട്ടും ‘ചക്വാര സംഭവം’ പല രൂപത്തിൽ ഇന്നും ആവർത്തിക്കുന്നുണ്ട്. ജാതീയത എന്ന ദുർഭൂതം അത്രമേൽ ഇന്ത്യൻ സമൂഹത്തെ വരിഞ്ഞുമുറുക്കിയിട്ടുണ്ട്. ആചാരബദ്ധമായ ജാതീയ ചിന്തകളിൽനിന്നുപോലും രാജ്യം ഇനിയും മുക്തമായിട്ടില്ല എന്നതിെൻറ നിരവധി ഉദാഹരണങ്ങൾ നമുക്ക് മുന്നിലുണ്ട്. കർണാടകയിലെ ചില ക്ഷേത്രങ്ങളിൽ, ബ്രാഹ്മണർ ഭക്ഷിച്ച ഇലയിൽ കീഴ്ജാതിക്കാർ ശയനപ്രദക്ഷിണം ചെയ്യുന്ന ആചാരം (മഡെ മഡെ സ്നാന) ഭാഗികമായെങ്കിലും നിർത്തലാക്കാൻ കോടതിക്ക് നേരിട്ട് ഇടപെടേണ്ടിവന്നു. ആധുനിക മനുഷ്യസമൂഹം പ്രാകൃതമെന്ന് വിലയിരുത്തി നിയമനിർമാണത്തിലൂടെ ഇത്തരത്തിലുള്ള പല ആചാരങ്ങളെ ഇല്ലായ്മ ചെയ്തിട്ടുണ്ട്. കൂടാതെ, ജാതിസംവരണത്തിലൂടെ സമൂഹത്തിെൻറ താഴെ തട്ടിലുള്ളവരെ മുഖ്യധാരയിലെത്തിക്കാനുള്ള ശ്രമങ്ങൾ ഒേട്ടറെ ന്യൂനതകളോടെയാണെങ്കിലും ഒരു പരിധി വരെയെങ്കിലും വിജയിച്ചിട്ടുമുണ്ട്. എങ്കിലും ജാതി സംബന്ധിച്ച സമൂഹത്തിെൻറ മനോഭാവത്തിൽ വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്നുതന്നെയാണ് പല ആനുകാലിക സാമൂഹിക ദൃശ്യങ്ങളും വ്യക്തമാക്കുന്നത്.
ഒഡിഷയിലെ പുരി ജഗന്നാഥ ക്ഷേത്ര സന്ദർശനത്തിനെത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദിനും ഭാര്യ സവിതക്കുമുണ്ടായ ദുരനുഭവം കേവലം സുരക്ഷാവീഴ്ച മാത്രമായി തള്ളാനാവില്ല. കഴിഞ്ഞ മാർച്ച് 18ന് ക്ഷേത്രത്തിലെത്തിയ അവരെ അവിടെയുണ്ടായിരുന്ന പൂജാരിമാർ തടയുകയായിരുന്നു. സംഭവത്തിൽ അതൃപ്തി അറിയിച്ചുള്ള ഒരു കത്ത് നൽകിയെന്നല്ലാതെ വിഷയത്തിൽ പരാതി നൽകാൻപോലും രാഷ്ട്രപതിഭവൻ തയാറായില്ലെന്ന് പ്രത്യേകം ശ്രദ്ധിക്കണം. രാജ്യത്തെ പ്രഥമ പൗരനുണ്ടായ ഇൗ തിക്താനുഭവത്തെ പതിവ് അന്വേഷണത്തിനു വിട്ടുകൊടുക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്. അഥവാ, വർണവ്യവസ്ഥയിൽ അധിഷ്ഠിതമായ ആചാരങ്ങൾക്കു മുന്നിൽ രാജ്യത്തെ പ്രഥമ പൗരനുപോലും തലകുനിക്കേണ്ടിവരുന്നു. വഹിക്കുന്ന പദവികളും സമൂഹത്തിന് നൽകുന്ന സേവനങ്ങളുമൊന്നുമല്ല, ജനിച്ചുവീണ ജാതി തന്നെയാണ് ഇപ്പോഴും സാമൂഹികമേൽക്കോയ്മയുടെ മാനദണ്ഡമെന്ന് സാരം.
20ാം നൂറ്റാണ്ടിെൻറ തുടക്കം മുതൽതന്നെ സാമൂഹിക നവോത്ഥാന പ്രസ്ഥാനങ്ങൾ ഉഴുതുമറിച്ച മലയാള മണ്ണും ജാതീയതയുടെ ദുർഗന്ധങ്ങളിൽനിന്ന് മുക്തമല്ല. തെരഞ്ഞെടുപ്പ് കാലത്ത്, രാഷ്ട്രീയ കക്ഷികൾ ജാതി സംഘടനകളുടെ കാര്യാലയങ്ങളിൽ കയറിയിറങ്ങുന്നത് പതിവ് പ്രചാരണ പരിപാടി മാത്രമായിരിക്കുന്നു. അതുകൊണ്ടുതന്നെ ഇത്തരം ജാതിശക്തികളുടെ സമ്മർദങ്ങൾക്ക് പലപ്പോഴും തെരഞ്ഞെടുക്കപ്പെട്ട സർക്കാറുകൾക്ക് വഴങ്ങേണ്ടിവന്നിട്ടുണ്ട്. സാമുദായിക സംവരണത്തിെൻറ അടിസ്ഥാന തത്ത്വങ്ങളെപ്പോലും കാറ്റിൽപറത്തി തിരുവിതാംകൂർ ദേവസ്വം ബോർഡിൽ മുന്നാക്ക സംവരണം ഏർപ്പെടുത്തിയതൊക്കെ ഇൗ ജാതി സമ്മർദത്തിെൻറ ഫലമായാണ്. ഇടതുസർക്കാർ വലിയ തോതിൽ കൊട്ടിഘോഷിച്ച അബ്രാഹ്മണ പൂജാരി നിയമനം പ്രത്യക്ഷത്തിൽ പുരോഗമനം എന്നു തോന്നുമെങ്കിലും അവർണരെ ‘ബ്രാഹ്മണരാ’ക്കുന്ന ചെപ്പടിവിദ്യയായിട്ടാണ് ആ നീക്കത്തെ പല സാമൂഹികശാസ്ത്ര ഗവേഷകരും നിരീക്ഷിച്ചിട്ടുള്ളത്. മലയാളിയുടെ മനോഘടനയിലൂം ജാതീയത നിലനിൽക്കുന്നുണ്ട്. ഏതാനും വർഷങ്ങൾക്കുമുമ്പ്, ഉന്നത പദവിയിൽനിന്ന് വിരമിച്ച ഒരു ദലിത് ഉദ്യോഗസ്ഥൻ ഇരുന്ന മുറി ചാണകം തളിച്ച് ‘ശുദ്ധീ’കരിച്ച സംഭവം നാം മറന്നുകൂടാ. ഇപ്പോഴിതാ, രാജ്യത്തിെൻറ അഭിമാനം വാനോളം ഉയർത്തിയ ഹിമ ദാസ് എന്ന അത്ലറ്റിെൻറ ജാതി തിരയുന്ന തിരക്കിലാണ് മലയാളികൾ.
കഴിഞ്ഞയാഴ്ച ഫിൻലൻഡിൽ നടന്ന അണ്ടർ 20 ലോക ചാമ്പ്യൻഷിപ്പിൽ 400 മീറ്റർ ഒാട്ടമത്സരത്തിൽ ഹിമ ദാസ് സ്വർണം നേടിയിരുന്നു. ചരിത്രത്തിൽ ആദ്യമായാണ് ഒരിന്ത്യക്കാരി ഇൗ നേട്ടം സ്വന്തമാക്കുന്നത്. ഹിമയുടെ സുവർണ നേട്ട വാർത്ത പുറത്തുവന്നതുമുതൽ ആളുകൾ ഗൂഗ്ൾ പോലുള്ള ഇൻറർനെറ്റ് സേർച് എൻജിനുകളിൽ തിരഞ്ഞത് ഹിമയുടെ ജാതിയായിരുന്നു. ഗൂഗ്ൾ അനലറ്റിക്സ് റിപ്പോർട്ട് അനുസരിച്ച് ഏറ്റവും കൂടുതൽ പേർ ജാതി അന്വേഷിച്ചത് കേരളത്തിൽനിന്നാണ്. തൊട്ടുപിന്നിൽ ബംഗാളും. രണ്ടു വർഷം മുമ്പ് റിയോ ഒളിമ്പിക്സിൽ സിംഗ്ൾസ് ബാഡ്മിൻറണിൽ ഇന്ത്യയുടെ പി.വി. സിന്ധു വെള്ളി നേടിയപ്പോഴും മലയാളി ആദ്യം ഗൂഗ്ളിൽ അവരുടെ ജാതി തിരയുകയായിരുന്നു. ഹിമയും സിന്ധുവുമൊക്കെ സ്വപ്രയത്നത്താൽ എത്തിപ്പിടിച്ച നേട്ടങ്ങൾ ആഘോഷിക്കപ്പെടുന്നത് ജാതി നോക്കിയാണെന്നു വരുേമ്പാൾ, 80 വർഷം മുമ്പത്തെ ‘ചക്വാര’യിൽതന്നെയാണ് നാം ഇപ്പോഴും നിലയുറപ്പിച്ചിരിക്കുന്നതെന്നാണ് അത് അർഥമാക്കുന്നത്. ഇൗ മനോഘടനയിൽ എങ്ങനെയാണ് നാം മുന്നോട്ടുപോവുക?
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.