രാജ്യസ്നേഹമെന്നാല്‍ അന്യദേശക്കാരോട് വെറുപ്പും വിദ്വേഷവും വെച്ചുപുലര്‍ത്തലാണെന്ന വിചാരവൈകൃതം ഭ്രാന്തായി മൂര്‍ച്ഛിച്ചതിന്‍െറ ഫലമാണ് പാകിസ്താന്‍ സിനിമാതാരം ഫവാദ് ഖാന്‍ അഭിനയിച്ച കരണ്‍ ജോഹറിന്‍െറ ‘ഏ ദില്‍ ഹേ മുശ്കില്‍’ എന്ന സിനിമയോട് തീവ്രവലതുപക്ഷ ചിന്താഗതിക്കാര്‍ പ്രകടിപ്പിച്ച എതിര്‍പ്പ്. അഭിനേതാക്കളുടെ കൂട്ടത്തില്‍ പാക് താരം കൂടിയുണ്ട് എന്ന ഒരൊറ്റ കാരണത്താല്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ല എന്ന മഹാരാഷ്ട്ര നവ നിര്‍മാണ്‍ സേന തലവന്‍ രാജ് താക്കറെയുടെ ദുശ്ശാഠ്യത്തിനു മുന്നില്‍ സംസ്ഥാന സര്‍ക്കാര്‍ കീഴടങ്ങിയതിന്‍െറ പേരില്‍ ലോകത്തിനു മുന്നില്‍ നാം നാണംകെട്ടു. ജമ്മു-കശ്മീരിലെ ഉറിയിലുണ്ടായ ഭീകരാക്രമണത്തിന്‍െറ പശ്ചാത്തലത്തില്‍ ഇന്ത്യ-പാക് ബന്ധം വഷളായ സാഹചര്യം മുതലെടുത്താണ് പാക്വിരുദ്ധ സമീപനത്തിലൂടെ വര്‍ഗീയത ആളിക്കത്തിക്കാന്‍ ജീവിതംതന്നെ ഉഴിഞ്ഞുവെച്ച പരേതനായ ബാല്‍ താക്കറെയുടെ പിന്‍തലമുറക്കാരന്‍, കരണ്‍ ജോഹറിന്‍െറ സിനിമയെ കയറിപ്പിടിച്ചത്.
മുംബൈയുടെ സാംസ്കാരിക പൈതൃകം ഉയര്‍ത്തിക്കാട്ടാനും ബോളിവുഡ് വ്യവസായത്തിന്‍െറ രാജ്യാതിര്‍ത്തികള്‍ മറികടന്നുള്ള വികാസം പ്രോത്സാഹിപ്പിക്കാനും ആര്‍ജവം കാട്ടുന്നതിനു പകരം രാജ് താക്കറെയുടെ തെരുവ് ഭീഷണിക്കു മുന്നില്‍ പത്തിമടക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ കാണിച്ച ഭീരുത്വം നമ്മുടെ ജനാധിപത്യ ഭരണസംവിധാനത്തിന്‍െറ ഭാവിയെക്കുറിച്ചുതന്നെ ഉത്കണ്ഠകള്‍ ഉയര്‍ത്തുന്നു. സിനിമാപ്രദര്‍ശനത്തിന് അനുമതി നല്‍കാന്‍ രാജ് താക്കറെ മുന്നോട്ടുവെച്ച മൂന്ന് ആവശ്യങ്ങളും മഹാരാഷ്ട്ര മുഖ്യമന്ത്രി നിര്‍ലജ്ജം സ്വീകരിച്ചെന്ന റിപ്പോര്‍ട്ട് ആത്യന്തിക ശക്തികള്‍ രാജ്യത്തിന്‍െറ രാഷ്ട്രീയ-സാംസ്കാരിക മേഖലകളെ എത്രകണ്ട് കീഴ്പ്പെടുത്തിക്കഴിഞ്ഞെന്ന മുന്നറിയിപ്പാണ് നല്‍കുന്നത്.
പാക് താരങ്ങളെ മേലില്‍ ഇന്ത്യന്‍ സിനിമകളില്‍ അഭിനയിപ്പിക്കാന്‍ പാടില്ളെന്നും വിവാദചിത്രം തുടങ്ങുന്നതിനുമുമ്പ് തിയറ്ററുകളില്‍ ഉറിയില്‍ കൊല്ലപ്പെട്ട വീരജവാന്മാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കണമെന്നും സൈനികക്ഷേമ ഫണ്ടിലേക്ക് കരണ്‍ ജോഹര്‍ അഞ്ചുകോടി രൂപ പ്രായശ്ചിത്തം നല്‍കണമെന്നുമാണത്രെ വ്യവസ്ഥ വെച്ചത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന മാധ്യസ്ഥ്യ ചര്‍ച്ചയില്‍ ഈ വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ ധാരണയായി എന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍, സിനിമാനിര്‍മാതാക്കളുടെ തലക്കുനേരെ തോക്കുചൂണ്ടി അഞ്ചുകോടി രൂപ പിടിച്ചുപറിച്ച സംഭവം നിശിതമായി വിര്‍മശിക്കപ്പെട്ടതോടെ, ബി.ജെ.പി നേതൃത്വം കരണംമറിച്ചില്‍ നടത്തിയിരിക്കുകയാണ്. ഇങ്ങനെ പിടിച്ചുപറിച്ചു വാങ്ങിയ പണം തങ്ങള്‍ക്കുവേണ്ട എന്ന സൈനികവൃത്തങ്ങളുടെ പ്രതികരണത്തിന്‍െറ ചുവടുപിടിച്ച് പ്രതിരോധ മന്ത്രി മനോഹര്‍ പരീകറും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസും മറ്റും കൈകഴുകി രക്ഷപ്പെടാനുള്ള തത്രപ്പാടിലാണിപ്പോള്‍.
ദേശസ്നേഹത്തിന്‍െറ കുപ്പായമിട്ട രാഷ്ട്രീയ ഗുണ്ടായിസത്തിനു മുന്നില്‍ തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടം മുട്ടുമടക്കുന്ന അവസ്ഥ ഇക്കൂട്ടര്‍ രാജ്യത്തെ എങ്ങോട്ടാണ് നയിക്കുന്നതെന്ന ഗൗരവതരമായ ചോദ്യമുയര്‍ത്തുന്നു. സംസ്ഥാനത്ത് ക്രമസമാധനം നിലനിര്‍ത്താനും ആവിഷ്കാരസ്വാതന്ത്ര്യം ഉറപ്പാക്കാനുമുള്ള പ്രാഥമിക ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ പരാജയപ്പെടുകയാണെങ്കില്‍ രാജിവെച്ച് ഒഴിയുകയാണ് വേണ്ടത്. ഏതെങ്കിലുമൊരു വിദേശതാരം അഭിനയിച്ചതിന്‍െറ പേരില്‍ ഒരു സിനിമ ഇവിടെ പ്രദര്‍ശിപ്പിക്കാന്‍ പാടില്ളെന്ന് പറയാന്‍ രാജ്താക്കറെക്ക് ആരാണ് അധികാരം നല്‍കിയത്? കരണ്‍ ജോഹറിനെപ്പോലുള്ള നൈപുണി തെളിയിച്ച ഒരു കലാകാരനോട് ഇമ്മട്ടിലാണോ രാജ്യം പെരുമാറേണ്ടത്? കലക്കും സാഹിത്യത്തിനും മാനവികതക്കുമൊന്നും അതിര്‍ത്തികളില്ളെന്നും രാഷ്ട്രീയക്കാരുടെ സങ്കുചിത താല്‍പര്യങ്ങള്‍ക്കപ്പുറമുള്ള വിശാലമായ വിഹായസ്സാണ് അവയുടെ കര്‍മമണ്ഡലമെന്നും തിരിച്ചറിയാനുള്ള വിവേകമെങ്കിലും ഭരണകൂടത്തിനു ഇല്ലാതാകുമ്പോഴാണ് ഇമ്മട്ടിലുള്ള വിവാദങ്ങള്‍ ഉയരാന്‍ ഇടവരുന്നത്.
മുംബൈ മഹാനഗരം കൊണ്ടുനടക്കുന്ന ലിബറല്‍ ചിന്താഗതിയുടെ കടക്ക് കത്തിവെച്ച ബാല്‍താക്കറെയുടെ ശപ്തപൈതൃകം ഇപ്പോഴും രാജ്യത്തെ വേട്ടയാടുന്നു എന്നത് ഖേദകരമാണ്. ഭരണകൂടത്തിന്‍െറ നയനിലപാടുകള്‍ നോക്കി കലാകാരന്മാര്‍ക്ക് തങ്ങളുടെ ആവിഷ്കാരങ്ങളെ രൂപപ്പെടുത്താന്‍ ഒരിക്കലുമാവില്ല. ഇന്ത്യന്‍ സിനിമയുടെ നല്ല മാര്‍ക്കറ്റാണ് പാകിസ്താന്‍. വിഭജനത്തിനു ശേഷവും സാംസ്കാരിക ആദാനപ്രദാനങ്ങള്‍ സജീവമായി തുടരുന്നതില്‍ അന്നാട്ടുകാരും അഭിമാനം കൊള്ളുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടുവര്‍ഷം മുമ്പ് പാകിസ്താന്‍ സന്ദര്‍ശിച്ച് പ്രധാനമന്ത്രി നവാസ് ശരീഫിന്‍െറ കുടുംബത്തിനു സമ്മാനങ്ങള്‍ നല്‍കിയ സൗഹൃദം പൂത്തുലഞ്ഞ കാലത്താണ് ഫവാദ് ഖാനെ കരണ്‍ ജോഹര്‍ സിനിമയിലേക്ക് ക്ഷണിച്ചത്. ഉറിയില്‍ ഭീകരര്‍ നമ്മുടെ ജവാന്മാരുടെ ജീവനെടുത്തതില്‍ ആ നടന്‍ എന്തു പിഴച്ചു?
അന്യദേശ വിദ്വേഷമാണ് രാജ്യസ്നേഹത്തിന്‍െറ ഉരകല്ല് എന്ന തെറ്റായ സങ്കല്‍പമാണ് കലാവിഷ്കാരങ്ങളിലേക്കുപോലും അതിര്‍ത്തിയിലെ വെറുപ്പും വിദ്വേഷവും കടത്തിവിടാന്‍ ചിലരെയെങ്കിലും പ്രേരിപ്പിക്കുന്നത്. ഇതുകൊണ്ടൊന്നും രാജ്യത്തിനോ രാജ്യവാസികള്‍ക്കോ ഒരു ഗുണവും കിട്ടാന്‍ പോകുന്നില്ളെന്ന് മാത്രമല്ല, ഇന്ത്യയുടെ യശസ്സിന് അപരിഹാര്യമായ പോറലേല്‍ക്കുന്നുണ്ടെന്ന് കൂടി അമരത്തിരിക്കുന്നവരെങ്കിലും തിരിച്ചറിയട്ടെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.