വംശഹത്യക്ക് ഇന്ത്യൻ ആയുധങ്ങളോ?

ഗസ്സയിലെ ഇസ്രായേലി യുദ്ധം റമദാൻ പ്രമാണിച്ച് താൻ നിർത്തിച്ചതിനെപ്പറ്റി ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ അവിശ്വസനീയമായ അവകാശവാദമുന്നയിച്ചിരുന്നു. അവിശ്വസിച്ചവർപോലും അന്ന് ആ വാക്കുകളിൽ സത്യസന്ധതയില്ലായ്മ ആരോപിച്ചിരുന്നില്ല. എന്നാൽ, പിന്നീട് അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്തുവിട്ട അന്വേഷണ റിപ്പോർട്ട് വെളിപ്പെടുത്തുന്ന വിവരങ്ങൾ ഇന്ത്യക്കോ ഇന്ത്യയുടെ പ്രധാനമന്ത്രിക്കോ ഒട്ടും അഭിമാനകരമല്ല. കുരുതിയിൽ പങ്കാളിത്തം, ഉന്നതതലത്തിൽ കാപട്യം എന്നീ ആരോപണങ്ങൾക്ക് ശക്തിപകരുന്ന വിവരങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുന്നു.

മോദി തെരഞ്ഞെടുപ്പുകാല പൊയ്‍വാക്കുകൾ ഉതിർത്ത അതേ നാളുകളിൽ, ഗസ്സയിൽ കുഞ്ഞുങ്ങളുടെ അടക്കം കൂട്ടക്കശാപ്പിന് ഉപയോഗിച്ച ആയുധങ്ങളിൽ ഇന്ത്യ ഇസ്രായേലിന് നൽകിയവയും ഉൾപ്പെടും എന്നാണ് റിപ്പോർട്ട്. ആയുധങ്ങൾ മാത്രമല്ല, ഡ്രോണുകളും സ്ഫോടകങ്ങളുമൊക്കെ ‘മെയ്ഡ് ഇൻ ഇന്ത്യ’യായി വംശഹത്യയിൽ പ​ങ്കെടുത്തു, പ​ങ്കെടുക്കുന്നു. വംശഹത്യാ കുറ്റത്തിന് ലോകകോടതി ഇസ്രായേലിനെതിരെ നിയമനടപടികൾ തുടങ്ങിയിരിക്കെ ലോകതലത്തിൽ ഇന്ത്യയുടെ യശസ്സിന് ഇത് ഏൽപിക്കുന്ന പരിക്ക് ചെറുതല്ല.

മേയ് 15ന് സ്പാനിഷ് തുറമുഖത്തടുപ്പിക്കാൻ തുനിഞ്ഞ ചരക്കുകപ്പലിൽ ഇസ്രായേലിലേക്കുള്ള ആയുധങ്ങളാണെന്നറിഞ്ഞതോടെ അതിനെ തടഞ്ഞുവെക്കാൻ നീക്കങ്ങളുണ്ടായി. അത് മനസ്സിലാക്കിയ കപ്പൽ ഉടനെ സ്ഥലംവിടുകയായിരുന്നു. ആ കപ്പലിലുണ്ടായിരുന്നത് ഇന്ത്യയിൽനിന്നുള്ള ആയുധങ്ങളാണെന്ന് പിന്നീട് വെളിപ്പെട്ടു. ചെന്നൈയിൽനിന്ന് നിറച്ച ആയുധങ്ങളുമായി അത് ഒടുവിൽ എത്തിയത് കുരുതി നടക്കുന്ന ഗസ്സയുടെ 30 കിലോമീറ്റർ അടുത്താണ്. 20 ടൺ റോക്കറ്റ് എൻജിൻ, 12.5 ടൺ സ്ഫോടക റോക്കറ്റുകൾ, 1500 കിലോഗ്രാം സ്ഫോടകങ്ങൾ തുടങ്ങി, ഗസ്സയിലെ വിശന്നുവലഞ്ഞ കുഞ്ഞുങ്ങളെ വിരുന്നൂട്ടാൻ വിഭവങ്ങളുമായി കപ്പലെത്തിയ നേരത്തെപ്പറ്റിയാണ് യുദ്ധം താൻ നിർത്തിവെപ്പിച്ചു എന്ന് മോദി പറഞ്ഞത്.

പിന്നീട് ചെന്നൈയിൽനിന്നുള്ള മറ്റൊരു ചരക്കുകപ്പലിന് സ്​പെയിൻ തുറമുഖത്തിൽ പ്രവേശനം നിഷേധിക്കപ്പെട്ടു; ഇസ്രായേലിലേക്കുള്ള ആയുധങ്ങളാണതിൽ എന്നതായിരുന്നു കാരണം. യുദ്ധമല്ല സമാധാന ചർച്ചകളാണ് യുക്രെയ്നിലും ഗസ്സയിലും ആവശ്യമെന്ന് നിരന്തരം പറഞ്ഞുകൊണ്ടിരുന്ന ഇന്ത്യ ഇസ്രായേലിന് കുറേക്കാലമായി ആയുധങ്ങൾ നൽകുന്നുണ്ടെന്ന സംശയം ബലപ്പെടുത്തുന്നതാണ് ഇതെല്ലാം. ഇസ്രായേലിലെ എൽബിറ്റ് കമ്പനിയുമായി അദാനി ഗ്രൂപ് ചേർന്നുണ്ടാക്കിയ അദാനി എൽബിറ്റ് അഡ്വാൻസ്ഡ് സിസ്റ്റംസ് ഇന്ത്യ ലിമിറ്റഡ് നിർമിക്കുന്ന യുദ്ധക്കോപ്പുകൾ ഏറെയും ഇസ്രായേലിന് പ്രത്യേകമായി ഉദ്ദേശിച്ചുള്ളവയാണ്. ഗസ്സയിലെ നുസൈറാത്തിലുള്ള യു.എൻ അഭയാർഥി ക്യാമ്പിൽ ഇസ്രായേലി പോർവിമാനങ്ങൾ വർഷിച്ച ചില മിസൈലുകളിൽ ‘മെയ്ഡ് ഇൻ ഇന്ത്യ’ എന്ന മുദ്ര കണ്ടെത്തിയപ്പോൾ അതെല്ലാം കുറേ മുമ്പ് അയച്ചതാകാമെന്ന വിശദീകരണമാണ് പുറത്തുവന്നത്. എന്നാൽ, ഗസ്സ വംശഹത്യ തുടങ്ങിയതിനുശേഷവും ഇസ്രായേലിന് ഇന്ത്യ ആയുധങ്ങൾ അയക്കുന്നുണ്ടെന്നാണ് ഇപ്പോൾ റിപ്പോർട്ടുകളിൽനിന്ന് മനസ്സിലാകുന്നത്. ഇസ്രായേലുമായി വർഷങ്ങളായി ഇന്ത്യ നിലനിർത്തുന്ന രഹസ്യബന്ധവും ഇടപാടുകളും ഇപ്പോഴത്തെ ആയുധ കയറ്റുമതി അനിവാര്യമാക്കുന്നുണ്ടെന്ന് മാധ്യമങ്ങൾ നടത്തിയ അന്വേഷണങ്ങൾ കാണിക്കുന്നുവത്രെ. ഇന്ത്യ മിലിട്ടറി ഹാർഡ് വെയർ ഏറ്റവും കൂടുതൽ വാങ്ങുന്ന രാജ്യങ്ങളിൽ നാലാം സ്ഥാനമുണ്ട് ഇസ്രായേലിന്. ഇസ്രായേൽ എയ്റോ സ്​പേസ് ഇൻഡസ്ട്രീസിൽനിന്ന് ഏറ്റവും കൂടുതൽ യുദ്ധക്കോപ്പ് വാങ്ങുന്ന വിദേശരാജ്യം ഇന്ത്യയാണ്. ഇത്തരം സൈനിക ധാരണകളുടെ ഭാഗം തന്നെയാണത്രെ ഇന്ത്യ അങ്ങോട്ടയക്കുന്ന ആയുധങ്ങളും. (ഇന്ത്യൻ പൗരന്മാരെ രഹസ്യ നിരീക്ഷണം നടത്താനുപയോഗിച്ച പെഗസസ് ചാര സോഫ്റ്റ്​വെയർ ഇസ്രായേലിൽനിന്ന് ഇന്ത്യ വാങ്ങിയതും ഇതിന്റെ ഭാഗമാണെന്ന് ‘ന്യൂയോർക് ടൈംസ്’ പറയുന്നു)

മിത്രങ്ങൾ കുറഞ്ഞുകൊണ്ടിരിക്കുന്ന ഇസ്രായേലിന് ഇന്ത്യയുടെ സഹായം വിലപ്പെട്ടതാണ്. എന്നാൽ, ഇന്ത്യക്ക് ഇത് വൻതോതിൽ നഷ്ടം വരുത്തുന്നുണ്ട്. വംശഹത്യക്ക് ലോക കോടതിതന്നെ കേസെടുക്കുന്ന വേളയിൽ, യുദ്ധക്കുറ്റങ്ങൾക്ക് യു.എൻ അടക്കം അനേകം കേന്ദ്രങ്ങളുടെ ആരോപണം നേരിടുന്ന സമയത്ത്, ഇസ്രായേലിലേക്ക് ഇതിനെല്ലാംവേണ്ടി ആയുധമയക്കുന്നത് കുറ്റത്തിൽ പങ്കാളിയാകലാണ്. നയ​തന്ത്രരംഗത്ത് ഇന്ത്യയുടെ സൽപേരിനും വിശ്വാസ്യതക്കും ഈ ഇടപാട് ഏൽപിക്കുന്ന ക്ഷതവും ഗുരുതരമാണ്.

കൂടിയാലോചനയുടെ മാർഗം തേടണമെന്ന ആഹ്വാനങ്ങളും ഫലസ്തീനുമായുള്ള സൗഹൃദ​ത്തെപ്പറ്റി വായ്ത്താരികളും മുഴക്കുമ്പോൾതന്നെ ഗോപ്യമായി അക്രമിരാഷ്ട്രത്തിന് ആയുധങ്ങൾ നൽകുന്ന രാജ്യം എന്ന പദവി, ഇന്ത്യ വർഷങ്ങളായി സമ്പാദിച്ച ആഗോള സ്വീകാര്യതയാണ് ഇല്ലാതാക്കുന്നത്. ഇന്ത്യൻ ജനതയുടെ പൊതുവികാരവും ഭരണകൂടത്തിന്റെ രാജ്യാന്തര ഇടപാടുകളും തമ്മിലെ അന്തരം കൂടി ഇവിടെ പ്രകടമാകുന്നുണ്ട്. കോർപറേറ്റ് സൗഹൃദങ്ങൾക്ക് ജനാധിപത്യ മൂല്യങ്ങളെക്കാൾ വിലകൽപിക്കുമ്പോൾ അത് രാജ്യത്തിന്റെ അടിസ്ഥാന നിലപാടിനെയാണ് അട്ടിമറിക്കുന്നത്. ഈ വിഷയം ആഗോളതലത്തിൽ ചർച്ചയായിരിക്കെ ഇന്ത്യയുടെ വിദേശകാര്യ വകുപ്പ് നിലപാട് വിശദീകരിക്കേണ്ടതുണ്ട്. ഒരു പാർലമെന്ററി സമിതിയുടെ പരിശോധനക്ക് വിധേയമാക്കേണ്ട ഗൗരവം ഇതിനുണ്ട്.

Tags:    
News Summary - Indian weapons for genocide?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.