2021 നവംബറിൽ, കേരളത്തിലെ ആദിവാസി മേഖലകളിൽ ശിശുമരണം പതിവിലും കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ, വിഷയം പഠിക്കാൻ സംസ്ഥാന സർക്കാർ നിയമസഭ സമിതിക്ക് രൂപം നൽകി. ആദിവാസി ജനവിഭാഗങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനും മറ്റുമായി കോടിക്കണക്കിന് രൂപ ചെലവഴിച്ചിട്ടും എന്തുകൊണ്ട് ആ ജനത ഇപ്പോഴും ദുരിതക്കയത്തിൽ കഴിയുന്നുവെന്ന അന്വേഷണമായിരുന്നു ലക്ഷ്യം; അതിന്റെ ഭാഗമായി സമിതി അട്ടപ്പാടിയിലെ ഏതാനും ആദിവാസി ഊരുകളും (പ്രകൃതി) അവിടത്തെ സർക്കാർ ആശുപത്രിയുമൊക്കെ സന്ദർശിച്ചു. 2022 ഫെബ്രുവരി ഒമ്പതിന് സമർപ്പിച്ച ​അന്വേഷണ റിപ്പോർട്ട് അവസാനിക്കുന്നത് ഇങ്ങനെയാണ്: ‘‘ക​​ഴി​​ഞ്ഞ എ​​ട്ടു വ​​ർ​​ഷ​​ത്തി​​നി​​ടെ വി​​വി​​ധ കേ​​ന്ദ്ര-​​സം​​സ്ഥാ​​ന പ​​ദ്ധ​​തി​​ക​​ൾ​​ക്കാ​​യി അ​​ട്ട​​പ്പാ​​ടി​​യി​​ൽ ചെ​​ല​​വ​​ഴി​​ച്ച​​ത് 250 കോ​​ടി​​യി​​ല​​ധി​​കം രൂ​​പ​​യാ​​ണ്. ആ​​ളോ​​ഹ​​രി കണക്കെടുത്താൽ മു​​ക്കാ​​ൽ ല​​ക്ഷം രൂ​​പ ​​വരുമിത്. ഇ​​ത്ര​​യൊ​​ക്കെ ചെ​​ല​​വ​​ഴി​​ച്ചി​​ട്ടും വിവിധ കാരണങ്ങളാൽ ആ​​ദി​​വാ​​സി ജീ​​വി​​തത്തിൽ കാര്യമായ പുരോഗതി കാണുന്നില്ല.’’ ഈ റിപ്പോർട്ട് ഇപ്പോൾ ഓർക്കാൻ കാരണമുണ്ട്​. അന്നത്തെ നിയമസഭാ സമിതിയുടെ അധ്യക്ഷൻ ഒ.ആർ. കേളു നിലവിലെ സംസ്ഥാന പട്ടികജാതി, പട്ടികവർഗ മന്ത്രിയാണ്. ഞായറാഴ്ച മ​ന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തശേഷം അദ്ദേഹം ആദ്യമായി മാധ്യമങ്ങളോട് സംസാരിച്ചതും ആദിവാസി ക്ഷേമം മുൻനിർത്തിയായിരുന്നു. കാര്യങ്ങൾ വിശദമായി പഠിച്ച് ആവശ്യമായ നടപടികളിലേക്ക് കടക്കുമെന്ന് പ്രഖ്യാപിച്ച അദ്ദേഹം, പട്ടികവർഗക്കാരു​ടെ ചികിത്സ സഹായം ഓൺലൈൻ വഴിയാക്കാൻ ഉത്തരവിടുകയും ചെയ്തു. ആ അർഥത്തിൽ മന്ത്രിയുടെ തുടക്കം ഗംഭീരമായി എന്നു പറയാം. എന്നാൽ, ഇത്തരം ചട്ടപ്പടി കാര്യങ്ങളിലൂടെ മാത്രമായി മുന്നോട്ടുപോകുന്നതുകൊണ്ട്​ എത്ര കണ്ട്​ ഗുണം എന്നു ആലോചിക്കേണ്ടിയിരിക്കുന്നു. സംസ്ഥാനത്തെ ആദിവാസി ജനത അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരിതങ്ങളുടെയും പ്രയാസങ്ങളുടെയും ഏറക്കുറെ സമഗ്രമായൊരു റിപ്പോർട്ട് അദ്ദേഹം കൈകാര്യം ചെയ്യുന്ന വകുപ്പി​ൽ പൊടിപിടിച്ച് കിടക്കുന്നുണ്ട്. ആ റിപ്പോർട്ടിലെ നിർദേശങ്ങൾ പൂർണമായും നടപ്പിലാക്കാൻ മന്ത്രിക്ക് ബാധ്യതയുണ്ട്.

അ​​ട്ട​​പ്പാ​​ടി​​യി​​ലെ 80 ശ​​ത​​മാ​​ന​​ത്തോ​​ളം പേ​​രും മ​​തി​​യാ​​യ പോ​​ഷ​​കാ​​ഹാ​​രം കി​​ട്ടാ​​തെ ര​​ക്ത​​ക്കു​​റ​​വി​​നാ​​ൽ വി​​ള​​ർ​​ച്ച ബാ​​ധി​​ച്ച​​വ​​രാണെന്ന് നിയമസഭാ സമിതി റിപ്പോർട്ടി​ന്റെ തുടക്കത്തിൽത്തന്നെ പറയുന്നു- അട്ടപ്പാടിയുടെ ആരോഗ്യാവസ്ഥയിലേക്ക് കൃത്യമായി വിരൽചൂണ്ടുന്നതാണ് ഈ പ്രസ്താവം. എന്തുകൊണ്ട് അവിടെ ശിശുമരണം സംഭവിക്കുന്നുവെന്നതിന് മറ്റു കാരണങ്ങൾ അന്വേഷിക്കേണ്ടതില്ലാത്തവിധം വ്യക്തമാണ് കാര്യങ്ങൾ. മേഖലയിലെ ഗോ​​ത്ര​​വി​​ഭാ​​ഗ​​ങ്ങ​​ളെ വം​​ശ​​ഹ​​ത്യ​​യി​​ലേ​​ക്ക് ന​​യി​​ക്കു​​ന്ന മറ്റൊരു പ്ര​​ധാ​​ന കാ​​ര​​ണ​​ങ്ങ​​ളി​​ലൊ​​ന്ന് സി​​ക്കി​​ൾ​​സെ​​ൽ അ​​നീ​​മി​​യ എ​​ന്ന മാ​​ര​​ക​​മാ​​യ ജ​​നി​​ത​​ക രോ​​ഗ​​മാ​​ണ്. 2020ൽ, കേ​​ര​​ള​​ത്തി​​ലെ ഏ​​താ​​നും ആ​​രോ​​ഗ്യ​​ പ്ര​​വ​​ർ​​ത്ത​​ക​​ർ അ​​ട്ട​​പ്പാ​​ടി​​യി​​ലെ അ​​രി​​വാ​​ൾ രോ​​ഗ​​ത്തെ​​ക്കു​​റി​​ച്ചും പോ​​ഷ​​കാ​​ഹാ​​ര​​ക്കു​​റ​​വി​​നെ​​ക്കു​​റി​​ച്ചും ന​​ട​​ത്തി​​യ പ​​ഠ​​നം ഇ​​ന്റ​​ർ​​നാ​​ഷ​​ന​​ൽ ജേ​ണ​ൽ ഓ​​ഫ് ക​​ണ്ടം​​പ​​റ​​റി പീ​​ഡി​​യാ​​ട്രി​​ക്സി​​ൽ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചി​​രു​​ന്നു. അ​​ട്ട​​പ്പാ​​ടി​​യി​​ലെ തി​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട 25 അം​​ഗ​​ൻ​​വാ​​ടി​​ക​​ൾ കേ​​ന്ദ്രീ​​ക​​രി​​ച്ച് നടത്തിയ പഠനത്തിൽ ഇവിടത്തെ 65 ശ​​ത​​മാ​​നം ആ​ദി​​വാ​​സി കു​​ട്ടി​​ക​​ളും അ​​രി​​വാ​​ൾ രോ​​ഗല​​ക്ഷ​​ണ​​ങ്ങ​​ളു​​ള്ള​​വ​​രാ​​ണെ​​ന്ന് ഈ ​​പ​​ഠ​​നം സാ​​ക്ഷ്യ​​പ്പെ​​ടു​​ത്തു​​കയുണ്ടായി. ഇത്രയും ഭീതിദമായ അവസ്ഥയെ നിസ്സംഗതയോടെയാണ് സർക്കാർ നോക്കിക്കാണുന്നത്. കഴിഞ്ഞ പത്ത് വർഷമായി ഇവിടെ അരിവാൾ രോഗം തിരിച്ചറിയുന്നതിനുള്ള സ്ക്രീനിങ് പോലും നടന്നിട്ടില്ലെന്ന് കേളു കമ്മിറ്റി റിപ്പോർട്ട് തന്നെ സമ്മതിക്കുന്നുണ്ട്. മന്ത്രിയുടെ മണ്ഡലമായ മാനന്തവാടിയിലും ഇതുതന്നെയാണ് അവസ്ഥ. അരിവാൾ രോഗ ചികിത്സമേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് രാജ്യം സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുന്ന കാലംകൂടിയാണിത്. ആരോഗ്യ മേഖലയിൽ വലിയ മാതൃകകളും പാരമ്പര്യവും അവകാശപ്പെടുന്ന കേരളത്തെ സംബന്ധിച്ച് ഇത്തരം നവചികിത്സാ സ​ങ്കേതങ്ങളെ സ്വാംശീകരിക്കുക അസാധ്യമല്ല. ആദിവാസി മേഖലകളിൽ ജ​​നി​​ത​​ക പ​​രി​​ശോ​​ധ​​ന ന​​ട​​ത്താ​​നും മറ്റുമുള്ള സൗ​​ക​​ര്യ​​മു​​ള്ള സ്പെ​​ഷാ​​ലി​​റ്റി ലാ​​ബു​​ക​​ൾ സ്ഥാ​​പി​​ക്കു​​ക, വി​​വാ​​ഹി​​ത​​രാ​​കു​​ന്ന​​തി​​നുമു​​മ്പ് യു​​വ​​തീ ​​യു​​വാ​​ക്ക​​ൾ​​ക്ക് ജ​​നി​​ത​​ക പ​​രി​​ശോ​​ധ​​ന നി​​ർ​​ബ​​ന്ധ​​മാ​​ക്കു​​ക, എ​​ല്ലാ​​വ​​ർ​​ക്കും രോ​​ഗ​​നി​​ർ​​ണ​​യം ന​​ട​​ത്തു​​ക, രോ​​ഗം സ്ഥി​​രീ​​ക​​രി​​ച്ച​​വ​​രു​​ടെ ചി​​കി​​ത്സ​​ക്കാ​​യി മ​​ജ്ജ മാ​​റ്റി​​വെ​​ക്ക​​ൽ, ര​​ക്തം മാ​​റ്റ​​ൽ എ​​ന്നി​​വ​​ക്കു​​ള്ള സൗ​​ക​​ര്യ​​ങ്ങ​​ൾക്കായി സജ്ജീകരണങ്ങൾ ഏർപ്പെടുത്തുക തുടങ്ങിയ മാർഗങ്ങളിലൂടെ ഈ അപകടത്തിൽനിന്ന് ആദിവാസികളെ വലിയ അളവിൽ രക്ഷപ്പെടുത്താനാകും. ഇക്കാര്യങ്ങളെല്ലാം രണ്ടുവർഷം മു​മ്പേ കണ്ടുപിടിച്ച മന്ത്രി അത് നടപ്പാക്കാനുള്ള ഇച്ഛാശക്തി കാണിക്കണം.

ആദിവാസി ക്ഷേമത്തിനായി പ്രഖ്യാപനങ്ങളും വാഗ്ദാനങ്ങളുമെല്ലാം ഒരുപാടുണ്ടായിട്ടുണ്ടെങ്കിലും അതിൽ പത്ത് ശതമാനംപോലും നടപ്പാക്കപ്പെട്ടിട്ടില്ല എന്നതാണ് നേര്. ഇക്കാര്യത്തിൽ ഭരണകൂട-ഉദ്യോഗസ്ഥ മാഫിയയുടെ അഴിമതി വലിയൊരു ഘടകമായി നിലനിൽക്കുന്നു. പത്തു വർഷം മുമ്പ് തുടങ്ങിയ ജനനി ജന്മരക്ഷാ പദ്ധതിയും കമ്യൂണിറ്റി കിച്ചനുമെല്ലാം ഇന്നിപ്പോൾ കടലാസ് പദ്ധതികളായി മാറിയിരിക്കുന്നു. ആദിവാസികളുടെ പോഷകാഹാരക്കുറവ് പരിഹരിക്കാനായി തുടങ്ങിയ മില്ലറ്റ് പദ്ധതിയാകട്ടെ, അഴിമതിയിൽ മുങ്ങുകയും ചെയ്തു. ഇക്കാര്യങ്ങളിൽ അടിയന്തരമായ ഭരണകൂട ഇടപെടൽ ഉണ്ടാവേണ്ടതുണ്ട്. മറുവശത്ത്, ആദിവാസികൾക്ക് അവകാശപ്പെട്ട ഭൂമി വൻ മാഫിയകൾ കൈയടക്കിക്കൊണ്ടിരിക്കുന്നു. 1947ൽ, 99 ശതമാനം ആദിവാസികളുണ്ടായിരുന്ന അട്ടപ്പാടിയിൽ ഇപ്പോഴത് 40 ശതമാനത്തോളമാണ്. കുടിയേറ്റത്തിന്റെ വ്യാപ്തി ഇതിൽനിന്ന് വ്യക്തം. ആദിവാസി ഭൂമി തട്ടിയെടുക്കാൻ ട്രസ്റ്റുകളുടെ മറവിൽ ഭൂമാഫിയ ശ്രമിക്കുന്നുവെന്ന് കഴിഞ്ഞദിവസം റവന്യൂ മന്ത്രി നിയമസഭയിൽ തുറന്നുസമ്മതിച്ചതും ഇതോടു ചേർത്തുവായിക്കാവുന്നതാണ്. ചുരുക്കത്തിൽ, മന്ത്രി ഒ.ആർ. കേളുവിന് മുന്നിലുള്ളത് പട്ടികവർഗത്തിന്റെ അതിജീവനത്തിന്റെ തന്നെ പ്രശ്നങ്ങളാണ്. അക്കാര്യത്തിൽ അദ്ദേഹത്തിന് ക്രിയാത്മകമായി ഇടപെടാനാവട്ടെയെന്ന് ആശംസിക്കുന്നു.

Tags:    
News Summary - Madhyamam Editorial 2024 June 26

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.