സംവരണത്തിൽ തട്ടിമുട്ടി മോദി-നിതീഷ് കൂട്ടുകെട്ട്


പതിനെട്ടാം ലോക്സഭയുടെ പ്രഥമ സമ്മേളനത്തിൽ രാഷ്ട്രപതിയുടെ പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചക്ക്, വിശിഷ്യാ രാഹുൽ ഗാന്ധി ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച പ്രസംഗത്തിന് മറുപടി പറയവേ, പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിപക്ഷത്തെയും കോൺഗ്രസിനെയും പരിഹസിക്കാൻ കിണഞ്ഞു ശ്രമിച്ചു. തുടർച്ചയായ മൂന്നാം തെരഞ്ഞെടുപ്പിലും നൂറ് തികക്കാൻ കഴിയാത്ത കോൺഗ്രസ് പാർട്ടി ബലത്തിന് മറ്റു പാർട്ടികളെ കൂടെ കൂട്ടി നടക്കുകയാണെന്നായിരുന്നു അതിലൊന്ന്. 240 ബി.ജെ.പി അംഗങ്ങൾക്ക് പുറമെ, 272 എന്ന മാന്ത്രിക സംഖ്യ തികക്കാൻ കൊച്ചു കൊച്ചു പാർട്ടികളുടെ കൂടി കനിവുതേടിയ സ്വാനുഭവം മറന്നാണ് മോദിയുടെ ഈ പരിഹാസമെന്നതാണ് തമാശ. ബി.ജെ.പി മുന്നണിക്ക് മുഖ്യബലം 16 സീറ്റുള്ള ആന്ധ്രപ്രദേശിലെ ടി.ഡി.പിയും 12 സീറ്റുള്ള ബിഹാറിലെ നിതീഷ് കുമാറിന്റെ ജനതാദൾ-യുവും ആണ്. ബിഹാറിലെ പിന്നാക്ക ജാതി സംബന്ധമായ രണ്ടു വിഷയങ്ങളിൽ ബി.ജെ.പി നിലപാടിന് നേർ വിപരീത സമീപനമാണ് ജെ.ഡി.യുവിന്‍റേത്. ജാതിസംവരണമാണ് അതിലൊന്ന്, രണ്ടാമത്തേത് ആ സംവരണത്തിനുതന്നെ 50 ശതമാനം പരിധി വെക്കരുത് എന്നതും. ഇതറിഞ്ഞു തന്നെ രാഷ്ട്രീയസഖ്യത്തിന് ഒരുമ്പെട്ട നിതീഷ് സംവരണത്തിൽ തട്ടി ഉടക്കിനുള്ള നീക്കമാണോ എന്ന് സംശയിപ്പിക്കുന്നതാണ് 65 ശതമാനം സംവരണം റദ്ദാക്കിയ പട്ന ഹൈകോടതിവിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനുള്ള ബിഹാർ സർക്കാറിന്‍റെ തീരുമാനം.

പിന്നാക്ക വിഭാഗങ്ങൾക്ക് ഗണ്യഭൂരിപക്ഷമുള്ള ബിഹാറിൽ ജനസംഖ്യാനുപാതിക സംവരണം വേണമെന്നും ജാതി തിരിച്ച ജനസംഖ്യ വിവരങ്ങളും ഉദ്യോഗങ്ങളിലെ അനുപാതവും കണ്ടെത്താൻ ജാതി സെൻസസ് അനിവാര്യമാണെന്നും ഏറെക്കാലം മുമ്പേ ഉന്നയിക്കപ്പെടുന്നതാണ്. ബിഹാറിലെ ഇപ്പോഴത്തെ ഭരണകക്ഷിയായ ജെ.ഡി.യുവും അവരോടൊപ്പം ഭരണം പങ്കിട്ട രാഷ്ട്രീയ ജനതാദളും (ആർ.ജെ.ഡി) അക്കാര്യം നടത്തിക്കാണിക്കുകയും ചെയ്തു-ചില്ലറ പരാതികളുയർന്നെങ്കിലും. ജാതി സെൻസസിനെതിരെ പട്ന ഹൈകോടതിയിൽ വന്ന ഹരജികൾ, ജാതിതിരിച്ചുള്ള സ്ഥിതിവിവരക്കണക്കുകളില്ലാതെ സ്റ്റേറ്റിന്‍റെ ആനുകൂല്യങ്ങൾ നീതിയുക്തമായി എങ്ങനെ വിതരണം ചെയ്യുമെന്നുചോദിച്ച് കോടതി തള്ളുകയുമുണ്ടായി. മറുഭാഗത്ത് ജാതി സെൻസസിനെ എന്നും എതിർത്തവരാണ് ബി.ജെ.പി. ആ നിലപാടിനെ തിരുത്താൻ നിതീഷ് കുമാർ നയിക്കുന്ന ജെ.ഡി.യു നേതൃത്വത്തിന് കഴിയുമോ? ഇല്ലെങ്കിൽ എന്ത് ഒത്തു തീർപ്പാകും നിതീഷും സഹകാരികളും ഇക്കാര്യത്തിൽ നടത്തുക?

എൻ.ഡി.എ മുന്നണിയിൽ അസ്വാരസ്യമുണ്ടാക്കിയേക്കാവുന്ന രണ്ടാമത്തെ മുഖ്യ വിഷയം പിന്നാക്ക സംവരണം വർധിപ്പിക്കാനും അത് മൊത്തം 50 ശതമാനത്തിൽ കൂടരുത് എന്ന സുപ്രീംകോടതി വിധി മറി കടക്കാനുമുള്ള ബിഹാർ സർക്കാറിന്‍റെ തന്നെ നടപടികളാണ്. 1992 ലെ പ്രസിദ്ധമായ ഇന്ദ്ര സാഹ്നി കേസിൽ സുപ്രീംകോടതിയുടെ ഒമ്പതംഗ ബെഞ്ചിന്‍റെ 6-3 ഭൂരിപക്ഷത്തിലുള്ള വിധിയാണ് സംവരണം പരമാവധി 50 ശതമാനമാക്കി നിജപ്പെടുത്തിയത്. വിധിയെ മറികടന്ന് ഒന്നാം എൻ.ഡി.എ സർക്കാർ 2019 ജനുവരിയിൽ സാമ്പത്തിക പിന്നാക്കാവസ്ഥയിലുള്ളവർക്ക് 10 ശതമാനം സംവരണം അനുവദിക്കുന്ന ബിൽ പാർലമെന്‍റിൽ അവതരിപ്പിച്ച് പാസാക്കി. ഇത് ചോദ്യം ചെയ്ത് സുപ്രീംകോടതിക്ക് മുമ്പാകെ വന്ന നാല്പതോളം ഹരജികൾ പരമോന്നത കോടതി വർഷങ്ങൾ വൈകിച്ച ശേഷം 2022 ലാണ് പരിഗണിച്ചതും വിധി പുറപ്പെടുവിച്ചതും. ഒമ്പതംഗ ബെഞ്ച് ദീർഘവും സമഗ്രവുമായ രീതിയിൽ പരിഗണിച്ച് പുറപ്പെടുവിച്ച വിധിയിലെ സംവരണം 50 ശതമാനത്തിൽ കവിയരുതെന്ന നിർണായകഭാഗം സാമ്പത്തിക സംവരണത്തെക്കുറിച്ച മറ്റു എതിർപ്പുകളോടൊപ്പം തള്ളിയത് വെറും 3-2 ഭൂരിപക്ഷത്തോടെയായിരുന്നുവെന്നതും കാണേണ്ടതുണ്ട്.

സംവരണം 50 ശതമാനമെന്ന ഇന്ദ്ര സാഹ്നി വിധിയിലെ പരിധി പിന്നാക്കക്കാർക്കുള്ള സംവരണത്തിന് മാത്രമാണ് ബാധകമെന്നും അതിനു പുറത്തുള്ള വിഭാഗങ്ങളുടെ സംവരണത്തിന് വിധി ബാധകമല്ലെന്നും 50 ശതമാനമെന്ന പരിധി തന്നെ അനിവാര്യമായ സാഹചര്യങ്ങളിൽ ഇളവ് ചെയ്യാമെന്നും 2022ൽ കോടതി പറഞ്ഞിരുന്നു. ഈ അനുകൂല സാഹചര്യങ്ങൾ കൂടി കണ്ടാണ് 65 ശതമാനം സംവരണം റദ്ദാക്കിയ പട്ന ഹൈകോടതിവിധിക്കെതിരെ സംസ്ഥാന സർക്കാർ ചൊവ്വാഴ്ച സുപ്രീംകോടതിയിൽ അപ്പീൽ ഫയൽ ചെയ്തിരിക്കുന്നത്. അതിപിന്നാക്കക്കാർക്ക് 18 ശതമാനത്തിൽ നിന്ന് 25 ശതമാനവും മറ്റു പിന്നാക്കക്കാർക്ക് 12ൽ നിന്ന് 18ഉം പട്ടിക ജാതി-പട്ടികവർഗക്കാർക്ക് യഥാക്രമം 16ൽ നിന്ന് 20 ഉം, ഒന്നിൽ നിന്ന് രണ്ടും ശതമാനവുമാക്കിയാണ് ബിഹാർ അധിക സംവരണം നടപ്പാക്കിയത്. ജാതി സർവേയിൽ ഈ വിഭാഗങ്ങൾ ജനസംഖ്യയുടെ 65 ശതമാനമാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ വർധന.

ബി.ജെ.പിയുടെ ഈ വിഷയത്തിലെ നിലപാട് വ്യക്തമാക്കേണ്ട ഒരവസരം വരുമെന്നുറപ്പില്ലെങ്കിലും കഴിഞ്ഞ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുസ്ലിംകൾക്ക് നൽകുന്ന സംവരണത്തെക്കുറിച്ച് വംശീയച്ചുവയോടെയുള്ള വിമർശനം മോദിയും സംഘവും നടത്തിയിരുന്നു. ‘മതത്തിന്റെ അടിസ്ഥാനത്തിൽ’ എന്ന മറയിട്ടായിരുന്നു ആ വിമർശനം. മതവിശ്വാസത്തിന്‍റെ അടിസ്ഥാനത്തിലുള്ള ചരിത്രപരമായ കാരണങ്ങളാലാണ് പിന്നാക്കാവസ്ഥ ഉണ്ടായതെന്ന സത്യം മറച്ചുവെച്ചുകൊണ്ടായിരുന്നു അത്. പിന്നാക്ക സമുദായാഭിമുഖ്യമുള്ള വിഷയങ്ങളിൽ ബി.ജെ.പിയും ജെ.ഡി.യുവും എത്രകാലം ഒത്തുപോകുമെന്നത് ഒരു ചോദ്യചിഹ്നമാണ്. ജെ.ഡി.യുവിനു മാത്രമല്ല, സംവരണ ശതമാനം വർധിപ്പിക്കാൻ ശ്രമിച്ച ആന്ധ്രയിലെ തെലുഗുദേശം പാർട്ടിക്കും ബി.ജെ.പിയുമായി ഇതേ വിഷയത്തിൽ മുഖാമുഖം നിൽക്കേണ്ടിവരും.

Tags:    
News Summary - Modi-Nitish partnership hit on reservation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.