പരിസ്ഥിതി ശാസ്ത്രജ്ഞരും കാലാവസ്ഥ നിരീക്ഷകരും മുന്നറിയിപ്പ് നൽകിയിരുന്നതിനെക്കാൾ കടുത്ത വേനൽക്കാലത്തിനാണ് ഇക്കുറി ഇന്ത്യ സാക്ഷ്യം വഹിച്ചത്. ഈയടുത്ത വർഷങ്ങൾവരെ തീവ്രകാലാവസ്ഥ അന്യമായിരുന്ന കേരളത്തിലുൾപ്പെടെ ഉഷ്ണതരംഗം ആഞ്ഞടിച്ചു, സൂര്യാതപവും നിർജലീകരണവും വേനൽകാലരോഗങ്ങളും മൂലം നിരവധി ജീവനുകൾ നഷ്ടപ്പെട്ടു. ഏറെ വൈകിമാത്രം പെയ്ത വേനൽമഴയാവട്ടെ മൺസൂൺ കാലത്തെ അനുസ്മരിപ്പിക്കുന്ന വെള്ളക്കെട്ട് പ്രളയഭീതിയും സൃഷ്ടിച്ചു.
അത്യുഷ്ണവും സൂര്യാഘാതവും ഉത്തരേന്ത്യയുടെ കാലാവസ്ഥ കലണ്ടറിൽ ഇടംപിടിച്ചിട്ട് പതിറ്റാണ്ടുകളായി, അതുപോലെതന്നെ അവ സൃഷ്ടിക്കുന്ന ദുരന്തങ്ങളും ജീവനഷ്ടങ്ങളും. ദുരൂഹമായ രീതിയിൽ ഏഴു ഘട്ടങ്ങളായി വലിച്ചുനീട്ടിയ തെരഞ്ഞെടുപ്പ് പ്രക്രിയ ഇത്തവണ അത്യുഷ്ണ കാലാവസ്ഥയുടെ ആഘാതം വർധിപ്പിച്ചു. ഏഴാം ഘട്ട തെരഞ്ഞെടുപ്പ് നടന്ന ജൂൺ ഒന്നിന് യു.പി, ബിഹാർ സംസ്ഥാനങ്ങളിൽ മാത്രം കുറഞ്ഞത് 18 പോളിങ് ഉദ്യോഗസ്ഥരാണ് കടുത്ത ചൂട് താങ്ങാനാവാതെ മരിച്ചത്. ഭക്ഷണവും അവശ്യവസ്തുക്കളും ഡെലിവറി ചെയ്യുന്ന തൊഴിലാളികൾ, കെട്ടുപണിക്കാർ, വഴിയോരക്കച്ചവടക്കാർ, തലക്ക് മീതെ ഇലക്കുട പോലുമില്ലാത്ത പതിനായിരക്കണക്കിന് ഭവനരഹിതർ എന്നിവരെല്ലാം കടുത്ത ചൂടിൽ വെന്തുനീറി.
ഒടുവിലിതാ ഉത്തരേന്ത്യയിലും മഴയെത്തിയിരിക്കുന്നു. കൊടും വരൾച്ചക്കും മഴക്കമ്മിക്കുമുള്ള ആശ്വാസമെന്നതിലേറെ മഴ വാർത്തയിൽ നിറയുന്നത് മഴയുടെ അകമ്പടിയായി വിവിധ ഉത്തരേന്ത്യൻ നഗരങ്ങളിൽ സംഭവിച്ച ദുരന്തങ്ങളുടെ പേരിലാണ്. രാജ്യതലസ്ഥാന നഗരിയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ മേൽക്കൂര ഇടിഞ്ഞുവീണ് ഒരാളുടെ ജീവൻ നഷ്ടപ്പെട്ടു. ആറുപേർക്ക് പരിക്കേറ്റു. വിമാന സർവിസുകളും തടസ്സപ്പെട്ടു. മധ്യപ്രദേശ് ജബൽപൂരിൽ ധുംന വിമാനത്താവളത്തിൽ സമാനമായുണ്ടായ ദുരന്തത്തിൽ തലനാരിഴക്കാണ് ആളുകളുടെ ജീവൻ രക്ഷപ്പെട്ടത്. ഡൽഹിയിലെ പ്രഗതി മൈതാൻ ടണലിൽ കനത്ത വെള്ളക്കെട്ട് മൂടിയതിനെതുടർന്ന് ഗതാഗതം പൂർണമായി നിർത്തിവെക്കേണ്ടിവന്നു. മറ്റൊരു വാർത്ത അയോധ്യയിൽനിന്നാണ്. നിർമാണത്തിനും പ്രചാരണത്തിനും ഔദ്യോഗിക സംവിധാനങ്ങളും കോടിക്കണക്കിന് രൂപയും നിർലോഭം ചെലവിട്ട അയോധ്യയിലെ റെയിൽവേ സ്റ്റേഷൻ വെള്ളത്തിൽ മൂടിയിരിക്കുന്നു. ബാബരി മസ്ജിദ് തകർത്ത ഭൂമിയിൽ നിർമിച്ച കൂറ്റൻ ക്ഷേത്രത്തിന്റെ മേൽക്കൂര ചോരുന്ന വിവരം മുഖ്യ പൂജാരി ആചാര്യ സത്യേന്ദ്രദാസ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തുകയുണ്ടായി. ക്ഷേത്രസുരക്ഷക്കായി നിയോഗിക്കപ്പെട്ട പൊലീസുകാരുടെ താമസസ്ഥലവും വെള്ളത്തിലായി. അവരുടെ സാധനസാമഗ്രികൾ ഒലിച്ചുപോകുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അതിലേറെ ദുരിതത്തിലാണ് പ്രദേശത്തെ സാധാരണക്കാരായ ജനങ്ങളുടെയും സന്യാസിമാരുടെയും ജീവിതം.
ഡൽഹി വിമാനത്താവളത്തിൽ ദൗർഭാഗ്യകരമായ ദുരന്തം നടന്നയിടം സന്ദർശിച്ചശേഷം മാധ്യമ പ്രവർത്തകരെക്കണ്ട കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു കിഞ്ജറാപു പ്രതികരിച്ചത് 2009ൽ നിർമിച്ച മേൽക്കൂരയാണ് തകർന്നുവീണത് എന്നാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഏതാനും മാസം മുമ്പ് ഉദ്ഘാടനം ചെയ്ത നിർമിതിയാണ് തകർന്നുവീണത് എന്ന പ്രതിപക്ഷ ആരോപണത്തെ ഖണ്ഡിക്കാനാണ് മന്ത്രി ഇതു പറഞ്ഞത്. എന്നാൽ, ജബൽപൂരിലെയും അയോധ്യയിലെയും കഥയെന്താണ്? ധുംന വിമാനത്താവളത്തിൽ 450 കോടി രൂപ മുടക്കി നിർമിച്ച ടെർമിനൽ മാർച്ച് മാസം പത്തിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. പണികൾ കൃത്യമായി പൂർത്തിയാവാനോ സുരക്ഷാപ്പിഴവുകൾ ഇല്ലെന്ന് ഉറപ്പുവരുത്താനോ കാത്തുനിൽക്കാതെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് മുമ്പായി തിരക്കിട്ട് നടത്തിയ ഉദ്ഘാടനമായിരുന്നു അത്. അപാരമായ ദൈവാനുഗ്രഹം കൊണ്ടു മാത്രമാണ് ഇവിടത്തെ അപകടത്തിൽ ആളപായം സംഭവിക്കാതിരുന്നതെന്ന് മേൽക്കൂര വീണ് തകർന്ന കാറിന്റെ ചിത്രം ഒരുമാത്ര കണ്ടാൽ ആർക്കും ബോധ്യമാവും.
വർഗീയ-രാഷ്ട്രീയ-വാണിജ്യ ലക്ഷ്യങ്ങളോടെ നടത്തിയ അശാസ്ത്രീയമായ അയോധ്യ നഗരനിർമാണ പദ്ധതി കടുത്ത പാരിസ്ഥിതിക പ്രശ്നങ്ങൾ ക്ഷണിച്ചുവരുത്തുമെന്ന് ഏറെ മുമ്പുതന്നെ പ്രദേശവാസികളും പരിസ്ഥിതി പ്രവർത്തകരും ചൂണ്ടിക്കാണിച്ചിരുന്നതാണ്. വീടുകളും ക്ഷേത്രങ്ങളും ഇടിച്ചുനിരത്തുകയും വയലുകളും നീർച്ചാലുകളും നികത്തുകയും ചെയ്തതാണ് പുതുക്കിപ്പണിത നഗരത്തെ ആദ്യ മഴയിൽതന്നെ വെള്ളത്തിൽ മുക്കിയത്. ക്ഷേത്ര പദ്ധതികൊണ്ട് നടത്തേണ്ട മുതലെടുപ്പുകളെക്കുറിച്ച് നടത്തിയ ആസൂത്രണ മിടുക്കിന്റെ ഒരു മാത്രപോലും ആയിരക്കണക്കിനാളുകൾ വന്നുനിറയുന്ന തീർഥാടന നഗരി നിർമാണം സംബന്ധിച്ച ആസൂത്രണത്തിൽ ഭരണകൂടം പുലർത്തിയില്ല.
കാലാവസ്ഥ മാറ്റം എന്ന ആഗോള പ്രതിഭാസം ഭീതിദമാം വിധം മുന്നേറവെ കൊടും ചൂടിന്റെയും പെരുമഴയുടെയും കാഠിന്യം കുറക്കുക എന്നത് ക്ഷിപ്രസാധ്യമായ സംഗതിയല്ല. ഭരണകൂടവും ജനങ്ങളും വ്യവസായ സംരംഭകരുമെല്ലാം ഒരേ മനസ്സാലെ ഒത്തുപിടിച്ചാൽ മാത്രമേ തെല്ലൊരാശ്വാസത്തിനെങ്കിലും വകയുള്ളൂ. മനുഷ്യജീവന് വിലകൽപിക്കാതെ, പ്രകൃതിയെയും പരിസ്ഥിതിയെയും മാനിക്കാതെ ലാഭമോഹത്താൽ മാത്രം കൈക്കൊള്ളുന്ന നയങ്ങളും നിലപാടുകളും അതിനനുസൃതമായ പ്രവർത്തനങ്ങളും കാലാവസ്ഥ മാറ്റത്തിന്റെ ദുരിതം കനപ്പിക്കുമെന്നതിൽ തരിമ്പ് സംശയം വേണ്ട. കഴിഞ്ഞ ദിവസങ്ങളിലെ ദുരന്തങ്ങളെങ്കിലും ഭരണകൂടത്തിന്റെ കണ്ണു തുറപ്പിച്ചിരുന്നുവെങ്കിൽ എത്ര നന്നായിരുന്നേനെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.