അമേരിക്കയെ ഭരിക്കുന്നത് ഇസ്രായേലോ?



മനുഷ്യാവകാശലംഘനങ്ങളുടെ മഹോത്സവങ്ങൾക്കിടെ ഇക്കൊല്ലത്തെ മനുഷ്യാവകാശദിനമെത്തി. അതിന്റെ തലേന്ന്, ഡിസംബർ ഒമ്പതിന്, മറ്റൊരു യു.എൻ ദിനംകൂടി ആചരിക്കപ്പെട്ടു. ‘വംശഹത്യ തടയാനും അത് ചെയ്യുന്നവരെ ശിക്ഷിക്കാനും’ ഉദ്ദേശിച്ച് നിലവിൽവന്ന യു.എൻ ജനസൈഡ് കൺവെൻഷന്റെ 75ാം വാർഷികമായിരുന്നു അന്ന്.

ഗസ്സയിലെ വംശഹത്യ 75ാം ദിവസത്തോടടുക്കുന്ന അതേ ദിവസം യു.എൻ ആ വംശഹത്യ തടയാനല്ല, തുടരാനാണ് തീരുമാനിച്ചത്. അപൂർവമായി മാത്രം പ്രയോഗിക്കാറുള്ള പ്രത്യേകാധികാരമുപയോഗിച്ച് യു.എൻ സെക്രട്ടറി ജനറൽ വിളിച്ചുചേർത്ത രക്ഷാസമിതി യോഗത്തിൽ മൊത്തം 15 അംഗ രാജ്യങ്ങളിൽ 13ഉം ഗസ്സയിൽ വെടിനിർത്തലിനനുകൂലമായി വോട്ട് ചെയ്തു. ബ്രിട്ടൻ വിട്ടുനിന്നു. അമേരിക്ക എന്ന ഒരേയൊരു രാഷ്ട്രം എതിരായി വോട്ട് ചെയ്തു. ഗസ്സയിലെ വംശഹത്യ തുടരുന്നു എന്ന് ഉറപ്പുവരുത്തി ആ യു.എസ് വീറ്റോ.

ഐക്യരാഷ്ട്രസഭയുടെ അനേകം പ്രമാണങ്ങൾക്കെതിരെ, ലോകത്തെ മഹാഭൂരിപക്ഷം ജനങ്ങളുടെ പ്രഖ്യാപിത താൽപര്യത്തിനെതിരെ, സ്വന്തം രാഷ്ട്രീയ ഭാവിപോലും പണയപ്പെടുത്തിക്കൊണ്ട് പ്രസിഡന്റ് ജോ ബൈഡൻ (നാട്ടുകാർ അദ്ദേഹത്തെ ഇപ്പോൾ വിളിക്കുന്നത് ജനസൈഡ് ജോ എന്നാണ്) ഇത്ര വലിയ ഇസ്രായേൽ വിധേയത്വം പ്രകടിപ്പിച്ചത് അമേരിക്കക്കാരെത്തന്നെയും അമ്പരപ്പിച്ചിരിക്കുന്നു. യു.എന്നിൽ അമേരിക്ക അതിന്റെ പൈശാചിക വീറ്റോ പ്രയോഗിച്ചത് അന്നാട്ടിലെ ഡെമോക്രാറ്റുകളിൽ 80 ശതമാനത്തിന്റെയും റിപ്പബ്ലിക്കന്മാരിൽ 56 ശതമാനത്തിന്റെയും അഭിപ്രായത്തിന് എതിരായിട്ടാണെന്ന് സർവേകൾ കാണിക്കുന്നു.

സിവിലിയന്മാരെ കൊല്ലാതെ നോക്കണമെന്ന് കഴിഞ്ഞ ദിവസം യു.എസ് സ്റ്റേറ്റ് സെക്രട്ടറി ബ്ലിങ്കൻ ഇസ്രായേലിനോട് പരസ്യമായി ആവശ്യപ്പെട്ടത് ലോകത്തെ ബോധ്യപ്പെടുത്താനുള്ള നാടകം മാത്രമായിരുന്നു എന്നും ഈ വംശഹത്യയിൽ സജീവ പങ്കാളിയാണ് അമേരിക്ക എന്നും ഇപ്പോൾ വ്യക്തമായി.

അമേരിക്കയുടെ വിദേശകാര്യ വകുപ്പ് ഇസ്രായേൽ യുദ്ധകാര്യ വകുപ്പിന്റെ ഉപഘടകമായി എന്ന വിമർശനം അസ്ഥാനത്തല്ല. അമേരിക്കൻ ജനതയുടെ അഭിലാഷങ്ങൾക്കും അഭിപ്രായങ്ങൾക്കും മുകളിൽ ഇസ്രായേലിലെ സയണിസ്റ്റ് ലോബിയുടെ നയങ്ങൾക്ക് പ്രാമുഖ്യം കിട്ടുന്നുണ്ട്.

ബൈഡൻ ഭരണകൂടത്തിലെ അനേകം പ്രധാനികൾ അമേരിക്കൻ ഇസ്രായേൽ പബ്ലിക് അഫയേഴ്സ് കമ്മിറ്റി (അയ്പക്)യോട് കൂറുപുലർത്തുന്നവരാണ്. അമേരിക്കയിലെയും ഇസ്രായേലിലെയും പ്രമുഖന്മാർക്ക് പങ്കുള്ള ആയുധനിർമാണ കമ്പനികൾക്കുവേണ്ടി പടക്കോപ്പുകൾ പരീക്ഷിക്കാൻ ഫലസ്തീൻ ജനതയെ ഉപയോഗിക്കുന്നതായി ആരോപണം മുമ്പേ ഉള്ളതാണ്. ഇത്തവണ വ്യാപകമായി നാശവും കൂട്ടമരണവും സൃഷ്ടിക്കാൻ പോന്ന നിർമിത ബുദ്ധി പ്രയോഗംകൂടി ഗസ്സയിൽ നടത്തുന്നതായി ഇസ്രായേലിലെ ഹീബ്രു മാഗസിനായ ‘ലോക്കൽ കാൾ’ അടക്കം റിപ്പോർട്ട് ചെയ്തത് ഈയിടെയാണ്.

രക്ഷാസമിതിയിൽ വീറ്റോ പ്രയോഗിച്ചതിനു തൊട്ടുപിന്നാലെ അസാധാരണമായ മറ്റൊരു നടപടികൂടി ബൈഡൻ സർക്കാർ സ്വീകരിച്ചു. 13,000 ടാങ്ക് ഷെല്ലുകൾ ഇസ്രായേലിന് അടിയന്തരമായി അയച്ചുകൊടുക്കാൻവേണ്ടി അമേരിക്കൻ കോൺഗ്രസിനെ മറികടക്കാനുള്ള പ്രത്യേക ചട്ടം ബൈഡൻ പ്രയോഗിച്ചു. സാധാരണ നിലക്ക് ഇത്തരം ആയുധക്കൈമാറ്റം കോൺഗ്രസിന്റെ പ്രത്യേക പരിഗണനക്കും അനുമതിക്കും ശേഷമേ പാടുള്ളൂ. ചുരുങ്ങിയത് 20 ദിവസമെങ്കിലും എടുക്കുന്ന ഈ ജനാധിപത്യ പ്രക്രിയയെ മറികടന്നത്, ആഗോള സമ്മർദം കാരണം വെടിനിർത്തലിന് നിർബന്ധിതമാകുന്നതിനു മുമ്പ് കഴിയുന്നത്ര ആയുധപരീക്ഷണവും കൂട്ടക്കൊലയും നടത്തണമെന്ന താൽപര്യംകൊണ്ടല്ലെങ്കിൽ മറ്റെന്താണ്?

ഒരു ഭാഗത്ത് ഇസ്രായേലിന് യഥേഷ്ടം നിരുപാധികമായി ആയുധങ്ങൾ നൽകുകയും മറുഭാഗത്ത് സിവിലിയന്മാരെ കൊല്ലരുതെന്ന് ആ രാഷ്ട്രത്തോട് ഉപദേശിച്ചിട്ടുണ്ടെന്ന് പറയുകയും ചെയ്യുന്നതിലെ കാപട്യം അറപ്പുണ്ടാക്കുന്നത്ര പ്രകടമാണ്. കോൺഗ്രസിനെ മറികടന്ന് ഇപ്പോൾ ഇസ്രായേലിന് കൊടുക്കുന്നത് പത്തരക്കോടി ഡോളറിന്റെ ഷെല്ലുകളാണ്. ഇതുകൂടാതെ ഇപ്പോൾ കോൺഗ്രസിന്റെ പരിഗണനയിലുള്ള 50 കോടി ഡോളറിന്റെ ആയുധദാനം തീരുമാനിക്കപ്പെടാൻ പോകുന്നു. മൊത്തം 1400 കോടി ഡോളറിന്റെ ആയുധക്കച്ചവടമാണത്രെ ബൈഡൻ ഉദ്ദേശിക്കുന്നത്.

ഈ ആയുധങ്ങൾകൊണ്ട് ഇസ്രായേൽ എന്താണ് ചെയ്യുന്നതെന്ന് അറിയാത്തയാളുകളല്ല അമേരിക്കൻ ഭരണകൂടത്തിന്റെ തലപ്പത്തുള്ളത്. താനൊരു സയണിസ്റ്റാണെന്ന് തുറന്നുസമ്മതിച്ച ബൈഡനും അദ്ദേഹത്തിന്റെ കൂട്ടാളികളും 9600ഓളം കുഞ്ഞുങ്ങളുടെ കൊലയിൽ പങ്കാളികളാണ്; മൊത്തം 20,000ത്തിലേറെ സിവിലിയന്മാർ ഗസ്സയിൽ മാത്രം കൊല്ലപ്പെട്ടു, ഇതും പോരാ എന്ന വാശിയിലാണവർ.

ഗസ്സക്കാരെ അങ്ങോട്ടുമിങ്ങോട്ടും ആട്ടിപ്പായിക്കുന്ന ഇസ്രായേലാകട്ടെ എല്ലായിടവും ബോംബിട്ട് നിരപ്പാക്കുന്നു. സമീപകാലത്ത് തുല്യത കാണാനാവാത്ത ഈ കൂട്ടക്കശാപ്പിനും വംശഹത്യക്കും മറ്റു യുദ്ധക്കുറ്റങ്ങൾക്കും ഇസ്രായേലിനെ സജീവമായി സഹായിക്കുകവഴി അമേരിക്ക അതിന്റെ തനിനിറം വെളിപ്പെടുത്തിയിരിക്കുന്നു. ഇസ്രായേലിന്റെ പ്രധാനമന്ത്രി അമേരിക്കയുടെകൂടി ഭരണാധികാരിയായെങ്കിൽ ഗസ്സയല്ല ലോകം മുഴുവനുമാണ് പേടിക്കേണ്ടത്.

Tags:    
News Summary - israel america palestine editorial

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-16 00:45 GMT