കഴിഞ്ഞ വർഷം ആഗസ്റ്റ് അഞ്ചിന് കേന്ദ്രസർക്കാർ റദ്ദാക്കിയ സംസ്ഥാനത്തിെൻറ പ്രത്യേകപദവി തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾ തുടരുമെന്ന ദൃഢപ്രതിജ്ഞയുമായി ജമ്മു-കശ്മീരിലെ ബി.ജെ.പി ഇതര മുഖ്യധാരാ രാഷ്ട്രീയകക്ഷികൾ വീണ്ടും രംഗത്തുവന്നിരിക്കുന്നു. ഭരണഘടനയുടെ 370, 35 എ വകുപ്പുകൾ റദ്ദാക്കാനിടയുണ്ടെന്ന അഭ്യൂഹങ്ങൾക്കിടെ കഴിഞ്ഞവർഷം ആഗസ്റ്റ് നാലിന് മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയുടെ ഗുപ്കർ റോഡിലെ വസതിയിൽ യോഗംചേർന്ന പ്രമുഖ രാഷ്ട്രീയകക്ഷികൾ, പ്രത്യേകപദവി കവർന്നെടുക്കാൻ അനുവദിക്കുകയില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. ഇൗ പ്രമേയം ഒരിക്കൽ കൂടി ഉൗന്നിപ്പറഞ്ഞിരിക്കുകയാണ് കഴിഞ്ഞദിവസം ഫാറൂഖ് അബ്ദുല്ലയുടെ അധ്യക്ഷതയിൽ യോഗംചേർന്ന പ്രധാന ആറു രാഷ്ട്രീയകക്ഷികൾ. ഒരു വർഷത്തോളം ജയിലിലും വീട്ടുതടങ്കലിലുമായി കഴിഞ്ഞിരുന്ന നേതാക്കളിൽ ഫാറൂഖ് അബ്ദുല്ല, മകൻ ഉമർ അബ്ദുല്ല എന്നിവരടക്കമുള്ള ചിലരെ വിട്ടയച്ചിരുന്നു.
ജനത്തെ സ്വാധീനിക്കുകയും ജനവികാരത്തെ വഴിതിരിച്ചുവിടുകയും ചെയ്യുമെന്ന ന്യായത്തിന്മേലായിരുന്നു കഴിഞ്ഞ വർഷം കശ്മീരിെൻറ പ്രത്യേകപദവി എടുത്തുകളഞ്ഞയുടൻ കേന്ദ്രത്തിലെ ബി.ജെ.പി സർക്കാർ മുഖ്യധാരാ രാഷ്ട്രീയനേതാക്കളെ മൊത്തം ജയിലിലേക്കും വീട്ടുതടവിലേക്കും തെളിച്ചത്. പിന്നീട് അവരിൽ ചിലരെ വിട്ടയക്കുേമ്പാഴും ഇത്തരമൊരു ഉപാധി മുന്നിൽവെച്ചിരുന്നു. പുറത്തിറങ്ങിയ ഫാറൂഖും ഉമറും ആദ്യമാദ്യം മൗനം പാലിച്ചത്, സമ്പൂർണ സംസ്ഥാനപദവി (370ാം വകുപ്പ് പുനഃസ്ഥാപിക്കുകയല്ല) ലഭിക്കുംവരെ തെരഞ്ഞെടുപ്പിൽനിന്ന് വിട്ടുനിൽക്കുമെന്ന് ഉമർ അബ്ദുല്ല ഇൗയിടെ പ്രഖ്യാപിച്ചത്, എല്ലാവർക്കും ബദലായെന്ന് അവകാശപ്പെട്ട് പുതിയ രാഷ്ട്രീയപാർട്ടിയുമായി ഇറങ്ങിയ െഎ.എ.എസുകാരൻ ഷാ ഫൈസൽ രാഷ്ട്രീയം വിെട്ടറിഞ്ഞ് വീണ്ടും െഎ.എ.എസിലേക്ക് മടങ്ങുമെന്ന് അറിയിച്ചത് -ഇതെല്ലാം കശ്മീരിനെ വരുതിയിലാക്കാനുള്ള കേന്ദ്രശ്രമം ജയം കാണുന്നതിെൻറ ലക്ഷണങ്ങളായി എണ്ണുന്നതിനിടെയാണ് രണ്ടാം ഗുപ്കർ പ്രഖ്യാപനത്തിലൂടെ നാഷനൽ കോൺഫറൻസ്, പി.ഡി.പി, കോൺഗ്രസ് തുടങ്ങി ആറു കക്ഷികൾ 370ാം വകുപ്പിെൻറ പുനഃസ്ഥാപനമെന്ന ആവശ്യവുമായി ഇറങ്ങിത്തിരിച്ചിരിക്കുന്നത്. ജമ്മു-കശ്മീരിലെ സമാധാനകാംക്ഷികളായ ജനങ്ങൾക്ക് ഇത് പരീക്ഷണത്തിെൻറയും പീഡാനുഭവത്തിെൻറയും സമയമാണ്. അതിനാൽ, ഭരണഘടനയും സമയാസമയങ്ങളിൽ രാഷ്ട്രനേതാക്കൾ നൽകിയ വാഗ്ദാനങ്ങളും ഉറപ്പുനൽകിയ ജമ്മു-കശ്മീരിെൻറ പ്രത്യേകപദവി പുനഃസ്ഥാപിച്ചുകിട്ടാൻ കൂട്ടായി യത്നിക്കുമെന്നാണ് രണ്ടാം ഗുപ്കർ പ്രഖ്യാപനം. ജമ്മു-കശ്മീരിെൻറ സ്വത്വവും സ്വയംഭരണാവകാശവും പ്രത്യേകപദവിയും പ്രതിരോധിക്കാൻ ഏത്ആക്രമണത്തിനും ഭീഷണിക്കും എതിരിട്ടും ഒറ്റക്കെട്ടായി രംഗത്തിറങ്ങുമെന്നും രാഷ്ട്രീയമായ അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവെക്കുമെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്.
ജമ്മു-കശ്മീരിലെ രാഷ്ട്രീയപാർട്ടികൾക്കു മുന്നിൽ സംസ്ഥാനത്തിെൻറ പ്രത്യേകപദവി അടിയറവെച്ചുകൊണ്ടുള്ള രാഷ്ട്രീയം നടപ്പില്ലെന്നതിനാൽ ഗുപ്കർ പ്രഖ്യാപനത്തിൽ അസ്വാഭാവികതയൊന്നുമില്ല. പാകിസ്താനോടു ചേരാനോ സ്വതന്ത്രമായി നിൽക്കാനോ ഉള്ള വിഘടനവാദങ്ങളെ തള്ളിക്കളഞ്ഞവരാണ് ജമ്മു-കശ്മീരിലെ മുഖ്യധാരാ രാഷ്ട്രീയകക്ഷികൾ. എന്നാൽ, സംസ്ഥാനത്തിെൻറ പ്രത്യേകപദവിയും സ്വയംനിർണയാവകാശവും ഒാരോ കശ്മീരിയും ജന്മാവകാശമായി കൊണ്ടുനടക്കുന്നതാണ്. 'കശ്മീരിയത്ത്' എന്ന സ്വത്വപ്രഖ്യാപനത്തിൽ കശ്മീരിെൻറ പ്രത്യേക സംസ്കൃതിയും ആചാരവിശേഷങ്ങളും മാത്രമല്ല, അത് നിലനിർത്താനുള്ള അധികാരാവകാശവും കൂടി ഉള്ളടങ്ങിയിട്ടുണ്ട്്. അത് കൈയൊഴിയുന്നവർ ന്യൂഡൽഹിയുടെ (കേന്ദ്രസർക്കാറിെൻറ) പറ്റുകാരും കശ്മീരിെൻറ ഒറ്റുകാരുമായാണ് ഗണിക്കപ്പെടുന്നത്.
എന്നാൽ, ന്യൂഡൽഹിയിലെ അധികാരകേന്ദ്രങ്ങൾക്ക് രാഷ്ട്രവിരുദ്ധരായ വിഘടനവാദികളും ഇന്ത്യയോടു ചേർന്നുനിന്നുതന്നെ സ്വയംനിർണയാവകാശം ചോദിക്കുന്നവരും തമ്മിൽ വ്യത്യാസമൊന്നുമില്ലെന്നാണ് മട്ട്. ഇൗ പ്രത്യേകാധികാരാവശ്യം നാഗാലൻഡിനു പൂർത്തീകരിച്ചുകൊടുക്കുന്നതിൽ മോദി സർക്കാറിന് തെല്ലും വിഷമമില്ലെന്നുവരുേമ്പാൾ കശ്മീരിനെ വെറുമൊരു രാഷ്ട്രീയപ്രശ്നം എന്നതിനൊപ്പമോ അതിൽ കൂടുതലോ വംശീയപ്രശ്നംകൂടിയായി അവർ കാണുന്നു എന്നാണർഥം. കശ്മീരിലെ വിഘടനവാദി നേതാക്കളെയും മുഖ്യധാരാ രാഷ്ട്രീയകക്ഷികളെയും ഒരേനിലയിലാണ് ബി.ജെ.പി വീക്ഷിക്കുന്നതെന്ന് കഴിഞ്ഞവർഷത്തെ അവരുടെ അറസ്റ്റ് മുതൽ ഇപ്പോൾ രണ്ടാം ഗുപ്കർ പ്രഖ്യാപനത്തെ പാക് ചായ്വായി വിശേഷിപ്പിക്കുന്നതുവരെയുള്ള സംഭവവികാസങ്ങൾ തെളിയിക്കുന്നു. 370ാം വകുപ്പ് ദുർബലപ്പെടുത്തിയ ശേഷം കേന്ദ്രസർക്കാർ ചെയ്ത ഏറ്റവും വലിയ വിഡ്ഢിത്തമായിരുന്നു ആ തീരുമാനം.
ജമ്മു-കശ്മീരിെൻറ പ്രത്യേകപദവി എടുത്തുകളയുേമ്പാൾ പൂർണസംസ്ഥാന പദവിയും തെരഞ്ഞെടുക്കപ്പെട്ട സർക്കാറുമായി വൈകാതെ പുതിയ കശ്മീർ ഉദയം ചെയ്യുമെന്ന് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമെല്ലാം പ്രഖ്യാപിച്ചതാണ്. എന്നാൽ, മണ്ഡലപുനർനിർണയവും മറ്റുമായി തെരഞ്ഞെടുപ്പ് അടുത്തവർഷത്തേക്കു നീളുമെന്നാണ് ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനപ്രസംഗത്തിൽ പ്രധാനമന്ത്രി പ്രസ്താവിച്ചത്. കശ്മീരിനെ സൈനികനിയന്ത്രണത്തിലാക്കുകയും ഭീകരവാദികളെയും അങ്ങെന സംശയിക്കുന്ന സിവിലിയന്മാരെയും വേട്ടയാടുന്നതു തുടരുകയും ചെയ്യുകയല്ലാതെ സമാധാന, ജനാധിപത്യപ്രക്രിയ ഇനിയും എങ്ങനെ ആരംഭിക്കും എന്നതിനെക്കുറിച്ച് കേന്ദ്രത്തിന് ഒരു നിശ്ചയവുമില്ലെന്നാണ് ഇന്നോളമുള്ള സംഭവവികാസങ്ങൾ തെളിയിക്കുന്നത്. വിഘടനവാദി സായുധസംഘങ്ങൾ ബി.ജെ.പി പ്രവർത്തകരെ വേട്ടയാടാൻ തുടങ്ങിയതോടെ അവർക്ക് പ്രത്യേകസംരക്ഷണം േഹാട്ടലുകളിലും മറ്റുമായി ഏർപ്പെടുത്തിയിരിക്കുകയാണ് സർക്കാർ.
ഇക്കാര്യത്തിൽ തികഞ്ഞ അസംതൃപ്തിയിലായ പാർട്ടി അണികൾ പ്രതിഷേധ ധർണവരെ നടത്തി. കശ്മീർ കാര്യങ്ങൾ നോക്കാനേൽപിച്ച ആർ.എസ്.എസ് നേതാവ് റാം മാധവ് കഴിഞ്ഞദിവസം ശ്രീനഗറിലെത്തിയെങ്കിലും അണികളെ സമാശ്വസിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. അതിനിടെയാണ് പ്രധാന രാഷ്ട്രീയകക്ഷികളുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാടു പ്രഖ്യാപനം. അതിെൻറ ഭാവി എന്തുതന്നെയാകെട്ട, കശ്മീരിെൻറ മണ്ണ് സൈനിക ബൂട്ടിനടിയിൽ അമർത്തിപ്പിടിച്ചുനിൽക്കുേമ്പാഴും താഴ്വരയുടെ മനസ്സുപിടിക്കാൻ മോദി സർക്കാറിന് ഇനിയും ബഹുദൂരം പോകാനുണ്ട് എന്നാണ് അയഞ്ഞും മുറുകിയും തുടരുന്ന താഴ്വരയിലെ രാഷ്ട്രീയം തെളിയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.