അധിനിവേശ ഭീകരതകളിൽ പുതിയ പരീക്ഷണങ്ങളും ആവിഷ്കാരങ്ങളും നടത്തിവരുന്ന രാജ്യമാണ് ഇസ്രായേൽ. ഭരണത്തിൽ ആരു മാറിവന്നാലും ഫലസ്തീനികൾക്കെതിരായ അതിക്രമങ്ങൾ മാറ്റമില്ലാതെ തുടരുന്നു എന്നതാണ് സയണിസ്റ്റ് രാജ്യത്തിന്‍റെ സവിശേഷതകളിലൊന്ന്. അവിഹിതമായി അനുവദിച്ചുകിട്ടിയ രാജ്യം മറ്റുള്ളവരുടെ പരമാധികാരത്തിന്‍റെ നെഞ്ചിൽ പ്രതിഷ്ഠിക്കുക മാത്രമല്ല, ഒട്ടകത്തിനു തമ്പിൽ ഇടംകൊടുത്ത അറബിയുടെ നിസ്സഹായതയിലേക്കു ഫലസ്തീനികളെ തള്ളിവിടുകയാണ് അവർ ചെയ്തുവരുന്നത്. തങ്ങളുടെ സ്വപ്നഭൂമിയിലേക്ക് അധിനിവേശത്തെ വിപുലപ്പെടുത്താൻ എല്ലാ അന്താരാഷ്ട്ര നിയമങ്ങളും സാമാന്യമര്യാദകളുമൊക്കെ കാറ്റിൽപറത്തുന്നു. അധിനിവിഷ്ട ഫലസ്തീനിൽ അനധികൃതമായി തുടരുന്ന കോളനിനിർമാണം ഇതിന്‍റെ ഭാഗമാണ്. ഇന്നോളം കൈയേറിയ ഭൂമിയിൽനിന്ന് ഒരിഞ്ചും പിന്മാറിയിട്ടില്ല എന്നുതന്നെയല്ല, പിന്നെയും പിന്നെയും അധിനിവേശത്തിന്‍റെ വിസ്തൃതി അവർ വർധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഏറ്റവുമൊടുവിൽ വെർച്വൽലോകത്തേക്കും ഈ വെട്ടിപ്പിടിത്തം വിപുലപ്പെടുത്താനുള്ള ഒരുക്കത്തിലാണ്. തങ്ങൾക്കു ഹിതകരമല്ലാത്ത ഉള്ളടക്കങ്ങൾ ലോകത്തിനു കിട്ടാതെ നോക്കുകയാണ് 'ഫേസ്ബുക്ക് ബിൽ' അവതരണത്തിലൂടെ ഇസ്രായേൽ.
ബിൽ ഫേസ്ബുക്കിന്റെ പേരിലാണെങ്കിലും ഗൂഗ്ൾ, ട്വിറ്റർ, ഇൻസ്റ്റഗ്രാം തുടങ്ങി എല്ലാ മാധ്യമങ്ങളെയും സയണിസ്റ്റ് രാഷ്ട്രത്തിന്‍റെ വരുതിയിൽ നിർത്തുന്ന വിധത്തിലാണ് പുതിയ നിയമം തയാറാകുന്നത്. യൂസർ രജിസ്ട്രേഷൻ, പേ വാൾ സംവിധാനങ്ങളിൽപോലും സ്റ്റേറ്റിന്റെ നിയന്ത്രണം സാധ്യമാക്കും. അതോടെ, ഇസ്രായേലിന് ഹാനികരമെന്നു തോന്നുന്ന ഇന്‍റർനെറ്റിലെ ഏത് ഉള്ളടക്കവും തടസ്സപ്പെടുത്താൻ കഴിയും. കഴിഞ്ഞ അഞ്ചു വർഷത്തോളമായി അവരുടെ പരിഗണനയിലുള്ള ബിൽ 2018ൽ ഏതാണ്ട് പാസായെന്നുറപ്പിച്ചതായിരുന്നു. പക്ഷേ, അവസാനനിമിഷം അന്നത്തെ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പിടിച്ചുവെച്ചു. ആവിഷ്കാരസ്വാതന്ത്ര്യത്തിനു പൂർണമായി കൂച്ചുവിലങ്ങിടുകയും മാധ്യമങ്ങളുടെ മുഖംപൊത്തുകയും ചെയ്യുന്ന നിയമം പിന്നീട് ബൂമറാങ്ങായി തിരിച്ചടിക്കുമോ എന്ന ഭീതിയിലാണ് നെതന്യാഹു പിറകോട്ടടിച്ചത്. ഫലസ്തീനികളുടെ വായടക്കാനുള്ള നിയമം എതിരാളികൾ തന്‍റെ വാ മൂടിക്കെട്ടാൻ ഉപയോഗപ്പെടുത്തുമോ എന്നായിരുന്നു രാഷ്ട്രീയ പ്രതിയോഗിയായ ജിദിയോൻ സാർ കൊണ്ടുവന്ന ബില്ലിനെക്കുറിച്ച നെതന്യാഹുവിന്‍റെ ആധി. ഇപ്പോൾ നെതന്യാഹു മാറി ന്യൂ റൈറ്റ് പാർട്ടി അധികാരത്തിൽ വരുകയും ജിദിയോൻ സാർ നീതിന്യായമന്ത്രിയും ഉപപ്രധാനമന്ത്രിയുമാവുകയും ചെയ്തതോടെ പഴയ ബിൽ പൊടിതട്ടിയെടുത്ത് മന്ത്രിതല സമിതിയുടെ അംഗീകാരം വാങ്ങിയിരിക്കുന്നു.
ജനാധിപത്യക്രമത്തിൽ കേട്ടുകേൾവിയില്ലാത്ത അതിക്രമനിയമമാണ് നടപ്പാക്കാൻ പോകുന്നത് എന്നതിന് നെതന്യാഹുവിന്‍റെ പിന്മാറ്റംതന്നെ മതിയായ തെളിവാണ് എന്നാണ് പൗരാവകാശപ്രവർത്തകർ പറയുന്നത്. ഒരു അന്യായക്കാരന്‍റെ പരാതിയിൽ ന്യായം കണ്ടെത്തുന്ന ജഡ്ജിക്ക് ഓൺലൈനിലെ ഉള്ളടക്കം നീക്കംചെയ്യാൻ ഉത്തരവിടാനുള്ള അധികാരമുണ്ട് എന്നാണ് നിയമത്തിൽ പറയുന്നത്. ഓൺലൈൻ മാധ്യമത്തിന് രാജ്യാതിർത്തികൾ ബാധകമല്ലെന്നതിനാൽ, പരാതിയുടെ പരിധി സംബന്ധിച്ചും വ്യക്തതയില്ല. എന്നിരിക്കെ, ഇത് തികഞ്ഞ അരാജകത്വത്തിലേക്കു നയിക്കുമെന്ന വിമർശനത്തിൽ കഴമ്പുണ്ട്.
ഫലസ്തീനികളുടെ ശബ്ദം ലോകത്തിനു മുന്നിൽ എത്താതിരിക്കാൻ ബദ്ധശ്രദ്ധ പുലർത്തുകയാണ് ഇസ്രായേൽ. ജിദിയോൻ സാർ 2016ൽ ഫേസ്ബുക്ക് ബിൽ അവതരിപ്പിച്ചശേഷം സർക്കാർ പ്രായോഗികനീക്കങ്ങൾ തുടങ്ങിയിരുന്നു. ആ വർഷം ഇസ്രായേലിന്‍റെ സൈബർ യൂനിറ്റ് 2421 ഫലസ്തീൻ വിഷയങ്ങൾ നീക്കംചെയ്യാൻ സമൂഹമാധ്യമ സ്ഥാപനങ്ങൾക്ക് അപേക്ഷ സമർപ്പിച്ചു. അതു ക്രമത്തിൽ വർധിച്ചുവരുകയും കഴിഞ്ഞ വർഷാവസാനം ഇരുപതിനായിരത്തിലെത്തുകയും ചെയ്തു. സ്വാതന്ത്ര്യത്തിനും നീതിക്കും പൊരുതുന്ന ഫലസ്തീനികളെയും സഹകാരികളെയും നിശ്ശബ്ദമാക്കാൻ ഇസ്രായേലും ഫേസ്ബുക്കും തമ്മിൽ 2016 സെപ്റ്റംബറിൽ ധാരണയിലെത്തിയിരുന്നു. തദടിസ്ഥാനത്തിൽ നിലവിൽതന്നെ ഫലസ്തീനികൾ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കങ്ങൾ കത്രിക്കുകയും ചിലത് നിശ്ശേഷം ഒഴിവാക്കുകയും ചെയ്യുന്നുണ്ട്. ഇസ്രായേലിലെയും ഫലസ്തീനിലെയും മനുഷ്യാവകാശപ്രശ്നങ്ങൾ അനാവരണം ചെയ്യുന്ന ഉള്ളടക്കങ്ങളാണ് ഫേസ്ബുക്ക് 'കൊന്നു'കളയുന്നത്. ദേശസുരക്ഷയുടെ പേരുപറഞ്ഞ് ഏത് അത്യാചാരത്തെയും ന്യായീകരിച്ചുവരുന്ന ഇസ്രായേൽ സമൂഹമാധ്യമ അധിനിവേശത്തിനും അതേ ന്യായംതന്നെയാണ് പറയുന്നത്. ഇക്കാര്യത്തിൽ സമൂഹമാധ്യമ സ്ഥാപനങ്ങൾ ഇസ്രായേലിനോട് കവിഞ്ഞ രാജഭക്തി കാണിക്കുന്നുണ്ട്. ഫലസ്തീനികൾക്കെതിരായ വംശീയ അജണ്ടയിൽ അവർക്കും താൽപര്യമുണ്ട് എന്നതുതന്നെ കാരണം. അതിനാൽ ഫലസ്തീൻ വാർത്തകളിലും വീക്ഷണങ്ങളിലും നിലവിലുള്ള നിരീക്ഷണവും സെൻസർഷിപ്പും ഇനിമേൽ കൂടുതൽ തീവ്രതരമാകുകയേയുള്ളൂ. വിമർശകരെയും രാഷ്ട്രീയപ്രതിയോഗികളെയും ഒളികൺ നിരീക്ഷണത്തിൽ നിർത്തി ചിത്രവധത്തിനും നിർമൂലനത്തിനും ഇരയാക്കുന്ന പെഗസസ് പോലുള്ള സൈബർ ചാരശൃംഖല വികസിപ്പിച്ചെടുത്തത് ഇസ്രായേലാണ്. ഇന്ത്യയടക്കമുള്ള രാഷ്ട്രങ്ങളിൽ ഇത് ദുരുപയോഗം ചെയ്യപ്പെട്ടു. കാലങ്ങളായി ഫലസ്തീനിലെ അധിനിവേശവിരുദ്ധ പോരാട്ടത്തെ നിർവീര്യമാക്കാൻ ഇസ്രായേൽ ഉപയോഗിച്ചുപോന്നതായിരുന്നു ഇത്. നാനാതരത്തിലുള്ള മനുഷ്യാവകാശ അതിക്രമങ്ങളുടെ പരീക്ഷണശാലയായി ഫലസ്തീനെ ഉപയോഗിക്കുന്ന ഇസ്രായേലിന്‍റെ പുതിയ ചുവടായ സമൂഹമാധ്യമ മാരണനിയമം അവരെ കമ്പോടു കമ്പ് പിന്തുടരുന്ന ഇന്ത്യയെ എപ്പോൾ കീഴ്പ്പെടുത്തുന്നു എന്നു കാത്തിരുന്നാൽ മതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.