നിയമാവലിയിൽ എടുത്തുപറയാത്തതും എന്നാൽ, സർവാംഗീകൃതമായ സദാചാര്യമൂല്യമായി രാഷ്ട്രം പാലിച്ചുപോരുന്നതുമായ ചില അതിർവരമ്പുകളുണ്ട്. ഉത്തരവാദപ്പെട്ടവർതന്നെ അവ ലംഘിക്കുന്നത് ആശങ്കയുണ്ടാക്കുന്നു. അത്തരത്തിലൊരു കീഴ്വഴക്ക ലംഘനമാണ് അഭിജിത് ഗംഗോപാധ്യായ എന്ന (മുൻ) ജഡ്ജി കഴിഞ്ഞ ദിവസം ചെയ്തത്. കൽക്കത്ത ഹൈകോടതി ജഡ്ജിയായിരുന്നു ഗംഗോപാധ്യായ. കഴിഞ്ഞ ചൊവ്വാഴ്ച അദ്ദേഹം രാജി സമർപ്പിച്ചു. തൊട്ടുപിന്നാലെ ബി.ജെ.പിയിൽ ചേരാനുള്ള തീരുമാനം പ്രഖ്യാപിച്ചു. തീരുമാനം വിശദീകരിക്കേ അദ്ദേഹം ഇത്രകൂടി പറഞ്ഞു: ‘‘ബി.ജെ.പിയെ ഞാൻ സമീപിച്ചു; ബി.ജെ.പി എന്നെയും സമീപിച്ചു.’’ ജഡ്ജിയായിരിക്കെ പശ്ചിമ ബംഗാളിലെ തൃണമൂൽ കോൺഗ്രസ് സർക്കാറിനെ നിരന്തരം വിമർശിച്ചുവന്നിരുന്ന അദ്ദേഹം ആ സർക്കാറിന്റെ നടപടികൾക്കും തൃണമൂൽ കോൺഗ്രസ് പ്രവർത്തകർക്കുമെതിരെ നിരവധി തവണ അന്വേഷണങ്ങൾക്ക് ഉത്തരവിട്ടു. ഭരണകൂടത്തിന്റെ കൊള്ളരുതായ്മകൾക്ക് തടയിടാനുള്ള ധീരമായ ജുഡീഷ്യൽ ആക്ടിവിസമായി അന്ന് ഇതിനെ വിലയിരുത്തിയവരുണ്ട്. എന്നാൽ, നീതിബോധത്തേക്കാൾ രാഷ്ട്രീയചായ്വാണ് അദ്ദേഹത്തെ നയിച്ചതെന്ന് കരുതാൻ അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനം നിമിത്തമായിരിക്കുന്നു. സിറ്റിങ് ജഡ്ജിയായിരിക്കെതന്നെ ബി.ജെ.പിക്കാരെ താൻ സമീപിച്ചെന്നും ബി.ജെ.പിക്കാർ തന്നെ സമീപിച്ചെന്നും വെളിപ്പെടുത്തിയിരിക്കുന്നത് ഗംഗോപാധ്യായ തന്നെയാണ്. രാജിവെച്ച് നേരെ ബി.ജെ.പിയിൽ ചേർന്നുകൊണ്ട് അദ്ദേഹം തന്റെ മുൻ ജുഡീഷ്യൽ തീർപ്പുകളെ സംശയത്തിലാക്കിയിരിക്കുന്നു.
ഭരണനിർവഹണ വിഭാഗമായ സർക്കാറും (എക്സിക്യൂട്ടിവ്) അതിനെ നിയന്ത്രിക്കുന്ന പാർട്ടികളുമായി മാന്യമായ അകലം പുലർത്തേണ്ടവരാണ് നീതിന്യായ സംവിധാനമായ ജുഡീഷ്യറി. മുൻകാലങ്ങളിൽ ഇത് പാലിച്ചുപോന്നിട്ടുണ്ട്. അതിരുവിട്ട് ജുഡീഷ്യറിയുമായി അടുപ്പം കാണിക്കാതിരിക്കാൻ എക്സിക്യൂട്ടിവും ശ്രദ്ധിച്ചിരുന്നു. നീതിയും നിയമവും നടപ്പായാൽ പോരാ, നടപ്പാകുന്നുവെന്ന് ജനങ്ങൾക്ക് ബോധ്യപ്പെടുകയും വേണമല്ലോ. എന്നാൽ, ഈയിടെയായി ഔചിത്യത്തിനുമപ്പുറമെത്തുന്ന അടുപ്പം ഇവ രണ്ടും തമ്മിലുള്ളതായി കാണുന്നു. സുപ്രീംകോടതി സമുച്ചയം ഉദ്ഘാടനം ചെയ്തത് ആദ്യ പ്രധാനമന്ത്രി നെഹ്റുവാണ്; ആറു പതിറ്റാണ്ട് കാലം കോടതിക്കകത്തേക്ക് ഒരു പ്രധാനമന്ത്രിയും സന്ദർശകനായി പോകാതിരുന്നതും ജഡ്ജിമാർ മന്ത്രിമന്ദിരങ്ങളിൽ സന്ദർശനം നടത്താതിരുന്നതും, ഇരു വിഭാഗങ്ങളും തമ്മിൽ അകലം വേണമെന്ന ബോധ്യംകൊണ്ടുതന്നെയാണ്. ആ വഴക്കം, പക്ഷേ, 2018ൽ ലംഘിക്കപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി ചീഫ് ജസ്റ്റിസിന്റെ കോടതിയിൽ അപ്രതീക്ഷിത സന്ദർശനം നടത്തി.
റഫാൽ ഇടപാട് കേസ്, സി.ബി.ഐ തലപ്പത്ത് സർക്കാർ നടത്തിയ പാതിരാമാറ്റം തുടങ്ങിയ സർക്കാറിനെതിരായ കേസുകൾ ഇതേ കോടതിയുടെ പരിഗണനയിലിരിക്കെ ഇങ്ങനെ ഒരു സന്ദർശനം പാടില്ലായിരുന്നു എന്ന അഭിപ്രായം അന്ന് നിയമവൃത്തങ്ങൾ പ്രകടിപ്പിച്ചു. എന്നാൽ, ഔചിത്യഭംഗം കുറയുന്നതല്ല, കൂടുന്നതാണ് രാജ്യം പിന്നെ കണ്ടത്. ജുഡീഷ്യറി സർക്കാറിന് വഴങ്ങുന്നുവോ എന്ന ആശങ്കയുളവാക്കുന്ന വിധിതീർപ്പുകൾ വന്നു. റിട്ടയർമെന്റിനു ശേഷം ലഭ്യമാകാവുന്ന സർക്കാർ ഔദാര്യത്തിനു വേണ്ടി ജഡ്ജിമാർ തങ്ങളുടെ പവിത്രമായ ജോലിയിൽ സന്ധി ചെയ്യുന്നുണ്ടോ എന്ന സംശയം നിയമവൃത്തങ്ങളിൽ വരെ വളരുവോളം ഗവർണറുദ്യോഗങ്ങളും മറ്റും ജഡ്ജിമാരെ തേടിയെത്തി. അയോധ്യ കേസിൽ വിധി പറഞ്ഞവരിൽ ഒരാൾ രാജ്യസഭയിലും മറ്റൊരാൾ രാജ്ഭവനിലുമെത്തിയത് സർക്കാറിന്റെ ഔദാര്യത്തിലായിരുന്നല്ലോ.
ഇപ്പോൾ കാര്യങ്ങൾ അതിനുമപ്പുറത്തേക്ക് എത്തുന്നതിന്റെ ലക്ഷണമാവാം ഗംഗോപാധ്യായയുടെ രാഷ്ട്രീയ പ്രവേശനം. സർക്കാറിനെതിരായ കേസുകൾ കൈകാര്യം ചെയ്യേണ്ട സിറ്റിങ് ജഡ്ജിമാരായിരിക്കെ തന്നെ മന്ത്രിമാരെയും പ്രധാനമന്ത്രിയെയുമൊക്കെ സ്തുതിക്കാൻ മടിയില്ലാത്തവർ വർധിക്കുന്നു. സുപ്രീംകോടതി ജഡ്ജിമാരായിരുന്ന അരുൺ മിശ്രയും എം.ആർ. ഷായും മുതൽ ഗംഗോപാധ്യായ വരെ മോദിസ്തുതിയുടെ പേരിൽ വിവാദം സൃഷ്ടിച്ചവരാണ്. ഗ്യാൻവാപി പള്ളി കേസിൽ വിവാദ ഉത്തരവ് പുറപ്പെടുവിച്ച യു.പിയിലെ ജഡ്ജി രവികുമാർ ദിവാകർ യു.പി മുഖ്യമന്ത്രിയെ പ്രശംസിച്ചാണ് വാർത്ത സൃഷ്ടിച്ചത്. നിയമം ഇത് തടയുന്നില്ലായിരിക്കാം. എന്നാൽ, സ്വന്തം ജോലിയുടെ വിശ്വാസ്യതയും സ്വതന്ത്രസ്വഭാവവും നഷ്ടപ്പെടുത്തലാകുന്നുണ്ട് അത്. ജഡ്ജി സ്ഥാനമൊഴിഞ്ഞയാൾ രാഷ്ട്രീയത്തിലിറങ്ങുന്നത് തടയാനും നിയമമൊന്നുമില്ല. തടഞ്ഞില്ലെങ്കിലും രണ്ടിനുമിടക്ക് കുറച്ച് കാലതാമസം വേണ്ടതാണെന്ന അഭിപ്രായം നിയമജ്ഞർക്കുണ്ട്. എന്നാൽ, സർവിസിലിരിക്കെ പാർട്ടിക്കു വേണ്ടി വർത്തിക്കുന്നത് തടയാൻ അതുകൊണ്ടും കഴിയില്ലല്ലോ. അഭിജിത് ഗംഗോപാധ്യായ ബി.ജെ.പിയുടെ എതിർപാർട്ടിയെ വേട്ടയാടി; അവർക്കെതിരെ ജുഡീഷ്യൽ അധികാരം ഉപയോഗിച്ചു; സി.ബി.ഐ അന്വേഷണം പതിനാലെണ്ണവും അറസ്റ്റ് നാലെണ്ണവും നടത്താൻ പാകത്തിൽ വിവാദ ഉത്തരവുകളിറക്കി; ഒരു കേസ് പരിഗണിക്കുന്നതിനിടെ അതിനെപ്പറ്റി ടി.വി ചാനലിന് അഭിമുഖം നൽകി സുപ്രീംകോടതിയുടെ അതൃപ്തി ഏറ്റുവാങ്ങുക വരെ ചെയ്തു. ഇത്തരമൊരാൾ നൽകിയ വിധികളുടെ ന്യായവും നീതിയും സമൂഹത്തിന് ബോധ്യപ്പെടുമോ? ജുഡീഷ്യറിയുടെ സ്വതന്ത്രതയും വിശ്വാസ്യതയുമാണ് ഇത്തരം പ്രവണതകളിലൂടെ അപകടത്തിലാകുന്നത്. ഗൗരവത്തിലുള്ള ചർച്ചയും സുപ്രീംകോടതിയുടെ മാർഗനിർദേശവും ആവശ്യപ്പെടുന്നുണ്ട് ഇത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.