കൊടും വിഷത്തിനെതിരെ സമാധാനത്തിന്റെ മധുരത്തേൻ

കേരളത്തെ മാത്രമല്ല, രാജ്യത്തെയാകെത്തന്നെ ഞെട്ടിച്ച ഘോരസംഭവമാണ് ഞായറാഴ്ച രാവിലെ 9.40ന് എറണാകുളം കളമശ്ശേരിയിലെ സാമ്രാ ഓഡിറ്റോറിയത്തിൽ യഹോവയുടെ സാക്ഷികൾ എന്ന ക്രൈസ്തവ വിഭാഗത്തിന്റെ പ്രാർഥനാസംഗമത്തിൽ നടന്നതെന്ന് എടുത്തുപറയേണ്ടതില്ല. സ്ത്രീകളും കുട്ടികളും വയോധികരുമെല്ലാമടങ്ങിയ രണ്ടായിരത്തിലധികം വരുന്ന ഭക്തജനത്തെ സംഭ്രാന്തരാക്കി പ്രാണനുംകൊണ്ട് ഓടിരക്ഷപ്പെടാൻ നിർബന്ധിച്ച ഐ.ഇ.ഡി സ്ഫോടനത്തിൽ ഇതിനകം മൂന്നുപേർ വെന്തുമരിച്ചു, അമ്പതോളം പേർ ചികിത്സയിലുമാണ്.

കേന്ദ്ര-സംസ്ഥാന ഏജൻസികൾ മണിക്കൂറുകൾക്കകം ആരംഭിച്ച അരിച്ചുപെറുക്കിയുള്ള അന്വേഷണം അതിജാഗ്രതയോടെ തുടരുകയാണിപ്പോഴും. ബോംബ് താൻതന്നെ നിർമിച്ച്, താൻതന്നെ പൊട്ടിച്ചതാണെന്ന പ്രതി ഡൊമിനിക് മാർട്ടിന്റെ വെളിപ്പെടുത്തൽ മുഖവിലക്കെടുക്കാൻ അന്വേഷണസംഘം തുടക്കത്തിൽ ശങ്കിച്ചുവെങ്കിലും അയാളെത്തന്നെ പ്രതിയാക്കി കേസെടുക്കുന്നതിലേക്കാണ് പഴുതടച്ചുള്ള ചോദ്യംചെയ്യലും സ്ഫോടകാവശിഷ്ടങ്ങളുടെ ലഭ്യതയും നയിച്ചത്.

മതിയായ ആസൂത്രണത്തിനും തയാറെടുപ്പിനും ശേഷമാണ് താൻ ഈ ഭയാനകകൃത്യം ചെയ്തതെന്ന് തുറന്നുപറഞ്ഞ പ്രതി, യഹോവയുടെ സാക്ഷികളോടൊപ്പം ഏറെനാൾ പ്രവർത്തിച്ചയാളാണ് താനെന്നും അവരുടെ ‘രാജ്യദ്രോഹപരമായ’ പ്രവൃത്തികളോടുള്ള രോഷമാണ് കടുംകൈക്ക് പ്രേരിപ്പിച്ചതെന്നും പറയുന്നു. പ്രതിയുടെ മൊഴികൊണ്ടുമാത്രം തൃപ്തിപ്പെടാതെ അയാളുടെ പിന്നിൽ മറ്റാരെങ്കിലുമുണ്ടോ, അയാൾക്ക് തീവ്രവാദ ബന്ധങ്ങളുണ്ടോ തുടങ്ങിയ ചോദ്യങ്ങൾക്ക് തൃപ്തികരമായ ഉത്തരങ്ങൾ തേടി എൻ.ഐ.എയും എൻ.എസ്.ജിയും കേരള പൊലീസിലെ പ്രത്യേക അന്വേഷണസംഘവും ഒരേസമയം സമഗ്രാന്വേഷണം തുടരുകയാണ്. അധികം വൈകാതെ സംഭവത്തിലെ ദുരൂഹതകൾക്ക് വിരാമമിട്ടുകൊണ്ട് യാഥാർഥ്യങ്ങൾ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് സർക്കാറുകളും ജനങ്ങളും.

അതേസമയം, അതിൽ കൂടുതൽ സ്ഫോടനാത്മകമായ രാഷ്ട്രീയ-സാമൂഹിക വിവാദങ്ങളും ആക്രമണ പ്രത്യാക്രമണങ്ങളും രാജ്യത്തും കേരളത്തിലും അരങ്ങുതകർക്കുന്നുണ്ട്. സംഭവം നടന്ന് മണിക്കൂറുകൾക്കകം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഡൽഹിയിലുണ്ടായിരുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ച് ഉത്കണ്ഠ രേഖപ്പെടുത്തുകയും ജാഗ്രത്തായ അന്വേഷണത്തെക്കുറിച്ചു ഓർമിപ്പിക്കുകയുമുണ്ടായി. എന്നാൽ, അന്വേഷണം തീർത്തും പ്രാഥമികഘട്ടത്തിൽ നിൽക്കെതന്നെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ തന്റെ കണ്ടെത്തലും പ്രതികരണവും അസന്ദിഗ്ധമായി രാജ്യത്തോട് പറഞ്ഞുകഴിഞ്ഞിരുന്നു.

‘ആഭ്യന്തരവകുപ്പിന്റെ ചുമതല വഹിക്കുമ്പോഴും അഴിമതിയാരോപണങ്ങളാൽ ഉപരോധിക്കപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്റെ ലജ്ജാകരമായ പ്രീണനനയത്തിന്റെ ഉദാഹരണമാണ് കളമശ്ശേരിയിലുണ്ടായത്. കേരളത്തിൽ തീവ്രവാദികളായ ഹമാസിന്റെ ജിഹാദിനുവേണ്ടിയുള്ള തുറന്ന ആഹ്വാനങ്ങൾ, നിരപരാധികളായ ക്രിസ്ത്യാനികൾക്കുനേരെ ആക്രമണങ്ങളും ബോംബ് സ്ഫോടനങ്ങളും നടക്കുമ്പോൾ മുഖ്യമന്ത്രി ഡൽഹിയിൽ ഇസ്രായേലിനെതിരെ പ്രതിഷേധിക്കുകയാണ്’ എന്നാണ് അദ്ദേഹം തട്ടിവിട്ടത്. ഇതേക്കുറിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയന് ‘കൊടുംവിഷം’ എന്ന് വിശേഷിപ്പിക്കേണ്ടിവന്നത്. നേരത്തേതന്നെ മനസ്സിൽ കൊണ്ടുനടക്കുന്ന കൊടും വർഗീയവിഷം വമിക്കാൻ കിട്ടിയ അവസരം പരമാവധി ശീഘ്രതയിൽ ഉപയോഗിക്കുകയായിരുന്നു തീവ്ര ഹിന്ദുത്വ ബ്രിഗേഡിലെ കേന്ദ്രമന്ത്രി എന്ന് പകൽവെളിച്ചം പോലെ വ്യക്തം.

ബോംബ് സ്ഫോടനവാർത്ത പുറത്തുവരേണ്ട നിമിഷംതന്നെ സംഘ്പരിവാർ ജിഹ്വകളും അവരുടെ പക്ഷത്ത് നിലയുറപ്പിച്ച ദൃശ്യ-സമൂഹ മാധ്യമങ്ങളും ‘ജിഹാദികൾ’ക്കെതിരായ യുദ്ധം ആരംഭിച്ചുകഴിഞ്ഞിരുന്നു. ഗസ്സയിലും ഫലസ്തീനിലും സയണിസ്റ്റ് ഭരണകൂടം കൊന്നൊടുക്കുന്ന സ്ത്രീകളോടും കുഞ്ഞുങ്ങളോടും സാധാരണ ജനങ്ങളോടുമുള്ള ഐക്യദാർഢ്യം കേരളത്തിലെ മനുഷ്യസ്നേഹികൾ ശക്തമായിത്തന്നെ പ്രകടിപ്പിക്കുന്നതിൽ ആദ്യമേ അസ്വസ്ഥരായിരുന്നല്ലോ അവർ. അതിനാലാണ് ആർ, എപ്പോൾ, എവിടെ എന്നുപോലും വ്യക്തമാവുന്നതിന് മുമ്പ് ഹമാസ് ഭീകരരോടൊപ്പം നിൽക്കുന്ന ‘ജിഹാദി’കൾക്കും ഇസ്രായേലിന്റെ കണ്ണിൽചോരയില്ലാത്ത മനുഷ്യക്കശാപ്പിനെ തുറന്നെതിർക്കുന്ന മതേതര പാർട്ടികൾക്കുമെതിരെ നിറംപിടിപ്പിച്ച നുണകളും പച്ചക്കള്ളങ്ങളും പ്രചരിപ്പിക്കാൻ അവർ ചാടിവീണത്. സത്യത്തിന്റെ സൂര്യനുദിച്ചിട്ടും അവരുടെ കണ്ണിലെ ഇരുട്ടിന് മാറ്റമില്ല.

ഗസ്സയിലും ഫലസ്തീനിലും നിലനിൽപിനുവേണ്ടി പൊരുതുന്ന ഹമാസിനെ അന്നാട്ടിലെ ജനങ്ങൾ തെരഞ്ഞെടുപ്പിൽ ബഹുഭൂരിപക്ഷത്തോടെ അധികാരത്തിലേറ്റിയതാണ്. ഹമാസിനെ ഭീകരസംഘടനയായി ഐക്യരാഷ്ട്രസഭ മുദ്രകുത്തിയിട്ടില്ല; ഇന്ത്യാ ഗവൺമെന്റും അത് ചെയ്തിട്ടില്ല. ഒക്ടോബർ ഏഴാം തീയതി ഹമാസ് നടത്തിയ ആക്രമണം ഭീകരകൃത്യമാണെന്നും ലോകത്തിലെ ഭൂരിപക്ഷരാജ്യങ്ങളും പ്രഖ്യാപിച്ചിട്ടില്ല.

ഈ സാഹചര്യത്തിൽ ഹമാസിനെ ഭീകരമുദ്ര കുത്താത്തവരെ മുഴുവൻ തീവ്രവാദികളെന്ന് വിളിച്ചുകൂവാൻ ആരാണ് തീവ്ര ഹിന്ദുത്വവാദികൾക്ക് അനുമതി നൽകിയത്? ഹമാസിന്റെ മുൻ നേതാവ് ഖാലിദ് മിശ്അൽ ഗസ്സയിലെ നിരപരാധികൾ അനുഭവിക്കുന്ന കൊടും പീഡനങ്ങളിലേക്ക് പൊതുശ്രദ്ധ ക്ഷണിച്ച് ചെയ്ത വിഡിയോ പ്രസംഗം മലപ്പുറത്തെ ശ്രോതാക്കളെ കേൾപ്പിച്ചവർ ഒരു കുറ്റവും ചെയ്തിട്ടില്ലെന്ന പൊലീസ് റിപ്പോർട്ടിന് ശേഷവും അന്ധമായ വർഗീയവിദ്വേഷം തുടരുന്നവരെയാണ് യഥാർഥത്തിൽ ചോദ്യം ചെയ്യേണ്ടത്.

ഏറ്റവുമൊടുവിൽ മുഖ്യമന്ത്രി വിളിച്ചുചേർത്ത സർവകക്ഷിയോഗം ‘ഒരു സമുദായത്തെ സംശയത്തോടെ കാണുന്നവർ നാട്ടിന്റെ പൊതുശത്രുക്കൾ’ എന്ന് ഐകകണ്ഠ്യേന പ്രഖ്യാപിച്ചത് എന്തുകൊണ്ടും അവസരോചിതമായി. സമാധാനവും സമുദായ സൗഹാർദവും എല്ലാനിലക്കും ശക്തിപ്പെടുത്തി മുന്നോട്ടുപോകുമെന്നും ഇക്കാര്യത്തിൽ കേരളം ഒറ്റക്കെട്ടാണെന്നും സർവകക്ഷിയോഗം അസന്ദിഗ്ധമായി വ്യക്തമാക്കിയതിനെ കലവറയില്ലാതെ സ്വാഗതം ചെയ്യാം. വെറുപ്പിന്റെ വ്യാപാരികളെ ഒറ്റപ്പെടുത്താം.

Tags:    
News Summary - kalamassery blast - madhyamam editorial

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.